Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളക്കാർ മാത്രം മതിയോ സർ, ഓസ്കറിൽ ?

hollywood-stars ഹോളിവുഡ് താരങ്ങൾ

തുടർച്ചയായ രണ്ടാം വർഷവും ഓസ്കർ പുരസ്കാര നാമനിർദേശങ്ങളിൽ കറുത്തവർഗക്കാരില്ല. ഓസ്കർ പുരസ്കാര നാമനിർദേശങ്ങളിൽ കറുത്തവർഗക്കാരായ അഭിനേതാക്കളെ പൂർണമായും തഴഞ്ഞതിൽ ഹോളിവുഡിൽ പ്രതിഷേധം. ഓസ്കർ നിശ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ജോർജ് ക്ലൂണി, സ്പൈക്ക് ലീ അടക്കം ഹോളിവുഡിലെ പ്രമുഖരും രംഗത്തെത്തി. ഓസ്കർനിശയുടെ അവതാരകനായ ക്രിസ് റോക്കിനുമേൽ ആ സ്ഥാനമൊഴിയാനും സമ്മർദമേറി.

തുടർച്ചയായ രണ്ടാം വർഷവും ഓസ്കർപുരസ്കാര നാമനിർദേശങ്ങളിൽ അഭിനേതാക്കളുടെ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട 20 പേരിൽ ഒരാളു പോലും കറുത്തവർഗക്കാരനല്ലാത്തതാണു പ്രശ്നമായത്. മികച്ച സംവിധായകരുടെ പട്ടികയിലും കറുത്തവർഗക്കാരില്ല.

പ്രമുഖ പൗരാവകാശ പ്രവർത്തകനും യുഎസ് പ്രസിഡന്റിന്റെ ഉപദേശകനുമായ അൽ ഷാർപ്ടൺ രൂക്ഷ വിമർശനമാണു ഓസ്കർ ഭരണസമിതിക്കെതിരെ നടത്തിയത്. പുരോഗമനപരവും ഉദാരവുമായ സമീപനങ്ങളുടെ കാര്യത്തിൽ ഹോളിവുഡിന് കാപട്യം മാത്രമേയുള്ളു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാമനിർദേശപ്പട്ടികയിൽ മുഴുവനും വെള്ളക്കാരായതു ഹോളിവുഡിലെ വൈവിധ്യമില്ലായ്മയ്ക്കു തെളിവാണ്. ഇതിനെതിരെ നേരിട്ടുള്ള നടപടിയാണു വേണ്ടത്, വെറും വർത്തമാനമല്ല– അൽ ഷാർപ്ടൺ പറഞ്ഞു.

ഇദ്രിസ് എൽബ (ബീറ്റ്സ് ഓഫ് നോ നേഷൻ), ബെനീഷ്യോ ഡെൽ തോറോ (സിസേറിയോ), വിൽ സ്മിത്ത് (കൺകഷൻ), മൈക്കിൾ ബി. ജോർദാൻ (ക്രീഡ്) എന്നീ പ്രമുഖനടൻമാർ ഇത്തവണ ഒഴിവാക്കപ്പെട്ടു. ഇത്തവണ ഏറ്റവും കൂടുതൽ നാമനിർദേശം നേടിയ ദ് റവറന്റിലും മാഡ് മാക്സ് ഫ്യൂരി റോഡിലും വെള്ളക്കാരായ നടന്മാരാണു മുഖ്യകഥാപാത്രങ്ങൾ.

വിമർശനം വ്യാപകമായ സാഹചര്യത്തിൽ 26ന് ഓസ്കർ ഭരണസമിതി യോഗം ചേരുന്നുണ്ട്. ഭരണസമിതിയിൽ എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കാൻ അംഗത്വസമ്പ്രദായം നവീകരിക്കാനും സാധ്യതയുണ്ട്. 88–മതു ഓസ്കർ നിശ ഫെബ്രുവരി 28നാണ്.