Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്കി ചാൻ ചിത്രങ്ങളെ ഇൻഷുറൻസ് കമ്പനികൾക്ക് പേടി!

jacki-chan

ഇരുപത്തിമൂന്നു വർഷം മുൻപ് ഹോളിവുഡ് താരമായ സിൽവസ്റ്റർ സ്റ്റാലന്റെ വീട്ടിൽ വച്ചാണു ജാക്കി ചാൻ ആദ്യമായി ഒരു ഓസ്കർ ഫലകം കണ്ടത്. കയ്യിലെടുത്തു നോക്കിയപ്പോൾ അതുപോലെ ഒരെണ്ണം തനിക്കും വേണമെന്നായി ആഗ്രഹം. പക്ഷേ, അടിപിടിയും തമാശയുമായി നടക്കുന്ന ഒരു നടന് ആരു കൊടുക്കാനാണ് ഓസ്കർ?

അഞ്ചു ദശകത്തോളം സിനിമയിൽ ഇടിയും തൊഴിയുമായി നടന്ന് എല്ലുകൾ കുറെ ഒടിഞ്ഞതു മിച്ചം. പക്ഷേ, ഇപ്പോൾ അറുപത്തിരണ്ടാം വയസ്സിൽ, ആഗോള നായകനു ഹോളിവുഡിന്റെ ഓണററി ഓസ്കർ. സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനകൾക്കുള്ള ആദരം.

ഹോളിവുഡിലെ ഗവണേസ് അവാർഡ്സിന്റെ വാർഷിക പുരസ്കാരമായാണു ജാക്കി ചാൻ അടക്കം നാലു ചലച്ചിത്രപ്രതിഭകൾക്ക് ഓണററി ഓസ്കർ നൽകിയത്. റഷ് അവറിൽ ജാക്കി ചാന്റെ സഹനായകനായിരുന്ന ക്രിസ് ടക്കറും വിഖ്യാത ഹോളിവുഡ് നടൻ ടോം ഹാൻക്സും ചേർന്നാണു പുരസ്കാരം സമ്മാനിച്ചത്.

ബ്രൂസ്‌ ലീ സൂപ്പർതാരമായി നിറഞ്ഞുനിന്ന ഹോങ്കോങ് ചലച്ചിത്രലോകത്തേക്കു കടന്നുവരുമ്പോൾ ജാക്കി ചാനു പ്രായം 17. എൺപതുകൾ മുതൽ സിനിമയിൽ സജീവമായ ജാക്കി ചാൻ എൺപതുകളിലാണു ആഗോളനായകനായത്. ബ്രൂസ്‌ ലീക്കുശേഷം ഹോളിവുഡ് പ്രേക്ഷകരുടെ മനം കവർന്ന ഏക ചൈനീസ് നടൻ.

Jackie Chan - Top 10 Injurys

ബ്രൂസ്‌ ലീയുടെ ‘ഫിസ്‌റ്റ് ഓഫ് ഫ്യൂരി’യിലും ‘എന്റർ ദ് ഡ്രാഗണി’ലും സ്‌റ്റണ്ട് നടനായി ജാക്കി ചാൻ അഭിനയിച്ചിരുന്നു. പിന്നീട് ബ്രൂസ്‌ ലീയുടെ അകാലമരണത്തിനുശേഷം സിനിമാലോകം ഒരു ആയോധനകലാവീരനായ നായകനെ അന്വേഷിച്ചുകൊണ്ടിരിക്കെയാണു ജാക്കി ചാൻ ശ്രദ്ധേയനായത്. ബ്രൂസ്‌ ലീക്കു പകരക്കാരൻ എന്ന മട്ടിലാണ് അക്കാലത്തു പലരും ജാക്കി ചാനെ കണ്ടത്.
എന്നാൽ ലീയുടെ നായകന്മാർ കർക്കശക്കാരും ഉയർന്ന ധാർമികബലമുള്ളവരുമാണ്. ചാൻ കഥാപാത്രങ്ങൾ നല്ലമനസ്സുള്ള സാധാരണക്കാരും കുറച്ചൊക്കെ മണ്ടന്മാരുമാണ്. നായകന്റെ വിജയം പലപ്പോഴും സുഹൃത്തിന്റെയോ കാമുകിയുടെയോ കുടുംബത്തിന്റെയോ പിന്തുണയോടെയായിരിക്കും.

സംഘട്ടനരംഗങ്ങളിലും ചാൻശൈലി വ്യത്യസ്‌തമാണ്. നീണ്ടുനിവർന്ന കരങ്ങളോടെയാണു ലീ എതിരാളികളെ നേരിടുക; ജാക്കി ചാൻ ആകട്ടെ കൈകൾ എപ്പോഴും ശരീരത്തോടു ചേർത്തുവയ്‌ക്കും, തല്ലാൻ അറിയാത്ത ആളെപ്പോലെ. സംഘട്ടനരംഗങ്ങളിലെ അതിസാഹസികത മൂലം ഒട്ടേറെത്തവണ പരുക്കേറ്റിട്ടുണ്ട്. ഒരിക്കൽ തലയ്‌ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റു. ജാക്കി ചാൻ ചിത്രങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഇൻഷുറൻസ് കമ്പനികൾ സാധാരണ വിമുഖത കാട്ടാറുണ്ട്; അമേരിക്കയിൽ പ്രത്യേകിച്ചും. ഷൂട്ടിങ്ങിനിടെ പരുക്ക് ഏറെക്കുറെ ഉറപ്പാണെന്നതു തന്നെ കാരണം. സ്വന്തം സിനിമയുടെ തീം സോങ്ങുകൾ അദ്ദേഹം തന്നെയാണു പാടാറ്.

Jackie Chan's injuries

എത്രവലിയ സമ്മാനം കിട്ടുമ്പോഴും ജാക്കി ചാൻ നന്ദി പറയുന്നതു ലോകമെമ്പാടുമുള്ള ആരാധകർക്കാണ്. കൗമാരക്കാരും കുട്ടികളും സ്ത്രീകളുമാണു ആരാധകരേറെയും. താൻ കുട്ടികൾക്ക് ഒരു മാതൃകയാകാൻ ആഗ്രഹിക്കുന്നുവെന്നു ജാക്കി ചാൻ പറയാറുള്ളതു വെറുതേയല്ല. വില്ലൻ വേഷങ്ങൾ വേണ്ടെന്നുവച്ചത് അതുകൊണ്ടാണ്. ‘റഷ് അവറി’ൽ ജാക്കി ചാന്റെ കഥാപാത്രം തെറിപറയുന്ന ഭാഗങ്ങളെല്ലാം ഇതുമൂലം ഒഴിവാക്കേണ്ടിവന്നു.

ചൈനക്കാരെ ദുഷ്‌ടന്മാരും മണ്ടന്മാരുമായി പരിഹസിക്കുന്ന കഥകൾ നിറഞ്ഞ ഹോളിവുഡിൽ വീരനായകനായതാണു ജാക്കി ചാന്റെ വലിയ വിജയം. ആക്‌ഷനു ഹാസ്യത്തിന്റെ മേമ്പൊടി ചാർത്തിയതാണു ജാക്കി ചാന്റെ വ്യത്യസ്‌തത. സ്‌റ്റണ്ടും ഹാസ്യവുമില്ലാതെ ഒരു സിനിമയിലേ ജാക്കി ചാൻ അഭിനയിച്ചിട്ടുള്ളൂ, ‘ഓൾ ദ് ഫാമിലി’ (1975). ആ ചിത്രത്തിൽ നഗ്നനായി പ്രത്യക്ഷപ്പെടുന്ന രംഗവുമുണ്ട്. ഹോങ്കോങ്ങിൽ നിർമിച്ച ‘സ്‌നേക്ക് ഇൻ ദി ഈഗിൾസ് ഷാഡോ’ (1978) ആണു ജാക്കി ചാനെ ശ്രദ്ധേയനാക്കിയ ആദ്യചിത്രം. പിന്നാലെ എത്തിയ ‘ഡ്രങ്കൻ മാസ്‌റ്റർ’ ഹോളിവുഡിലും വിജയിച്ചു. ആദ്യ ഹോളിവുഡ് സംരംഭം ‘ബാറ്റിൽ ക്രീക്ക് ബ്രോൾ’ 1980ൽ പുറത്തിറങ്ങി.

എൺപതുകളിലും തൊണ്ണൂറുകളിലും ജാക്കി ചാൻ അഭിനയിച്ച ‘പൊലീസ് സ്‌റ്റോറി’യും ‘റഷ് അവറും’ ഹോളിവുഡിൽ സൂപ്പർഹിറ്റുകളായി. ‘റംബിൾ ഇൻ ദ് ബ്രോൻക്‌സ്’ (1995) ആഗോളവിജയം നേടിയതോടെ ഹോളിവുഡിൽ താരപദവി ഉറച്ചു. ‘ഷാങ്‌ഹായി നൂൺ’ (2000), ‘റഷ് അവർ രണ്ടാം ഭാഗം’ (2001), ‘ഷാങ്‌ഹായി നൈറ്റ്‌സ്’ (2003) എന്നിവ വിജയിച്ചെങ്കിലും ഹോളിവുഡ് ശൈലിയോടുള്ള പൊരുത്തക്കേടു മൂലം ജാക്കി ചാൻ പിന്നീടു സ്വന്തം നിർമാണക്കമ്പനി ഉണ്ടാക്കി.

Jackie Chan receives an Honorary Award at the 2016 Governors Awards

നടൻ, ആയോധനകലാവിദഗ്‌ധൻ, ആക്‌ഷൻ കൊറിയോഗ്രഫർ, തിരക്കഥാകൃത്ത്, സിനിമാ നിർമാതാവ് തുടങ്ങി വിവിധനിലകളിൽ വിജയം നേടിയ ജാക്കി ചാൻ ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടൻമാരിലൊരാളാണ്. തന്റെ വരുമാനത്തിന്റെ പകുതിയും ജീവകാരുണ്യപദ്ധതികൾക്കായി നീക്കിവച്ച നടനെത്തേടി ഒടുവിൽ ആദരവിന്റെ ഓസ്കറും. പുതിയ സ്വപ്നങ്ങൾ കാണാൻ ആരാധകർക്ക് ഇതും പ്രചോദനമാകും.