Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തവണ ഡികാപ്രിയോ ഓസ്കർ നേടും: കേറ്റ് വിൻസ്‌ലെറ്റ്

dicaprio-kate ഡികാപ്രിയോ, കേറ്റ് വിൻസ്‌ലെറ്റ്

ഹോളിവുഡിന്റെ സൂപ്പർതാരം ലിയനാർഡോ ഡികാപ്രിയോ ഇത്തവണ ഓസ്കർ സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ. മൂന്ന് തവണ മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിലും ആ സുവർണപുരസ്കാരം ഇതുവരെ സ്വന്തമാക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിട്ടില്ല.

എന്നാൽ ഇത്തവണ ഡികാപ്രിയോ ഓസ്കർ നേടുമെന്നാണ് അടുത്തസുഹൃത്തും ടൈറ്റാനിക് നായികയുമായ കേറ്റ് വിൻസ്‌ലെറ്റ് പറയുന്നത്. ‘ഇത്തവണ അദ്ദേഹത്തിന് ലഭിക്കും, എനിക്ക് മാത്രമല്ല എല്ലാവർക്കും അദ്ദേഹത്തിന് ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. കേറ്റ് പറഞ്ഞു.

എന്നെ സംബന്ധിച്ച് ഇത്തവണത്തെ ഓസ്കർ കുറച്ചു ബുദ്ധിമുട്ട് ഏറിയതാണ്, ലിയോക്ക് പുറമെ ഞാൻ തന്നെ അഭിനയിച്ച സ്റ്റീവ് ജോബ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മൈക്കൽ ഫാസ്ബെൻഡർക്കും മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ വർഷം ലിയോ സ്വന്തമാക്കുമെന്നാണ് തോന്നുന്നത്. കേറ്റ് പറഞ്ഞു.

ടൈറ്റാനിക്കിലൂടെ ലോകസിനിമാപ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറിയ താരങ്ങളാണ് ഡികാപ്രിയോയും കേറ്റും. റെവലൂഷണറി റോഡ് എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി ഒരുമിച്ച് എ‌ത്തിയത്.

അലജാന്ദ്രോ ഗോൺസാലസ് ഇനാരിറ്റൊ ഒരുക്കിയ ദ് റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള നോമിനേഷൻ ഡികാപ്രിയോയെ തേടിയെത്തിയിരിക്കുന്നത്. 12 നോമിനേഷനുകളാണ് റെവനന്റിന് ലഭിച്ചിരിക്കുന്നത്. സ്റ്റീവ് ജോബ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കർ നോമിനേഷനുമായി കേറ്റും മത്സരത്തിലുണ്ട്.