Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗത്തെ ഞാൻ നേരിടും

mamta മംമ്ത

മംമ്ത അന്നും ഇന്നും സന്തോഷവതിയാണ്. കാൻസർ രണ്ടു തവണ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോഴും വിവാഹജീവിതം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നപ്പോഴുമൊക്കെ ധൈര്യമായി അതിനെയെല്ലാം അവർ നേരിട്ടു. സഹതാപം പിടിച്ചു പറ്റാൻ ശ്രമിക്കാതെ അതിനോടൊക്കെ പൊരുതി വിജയിച്ചു. ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും അതിനെ നേരിട്ടതിനെപ്പറ്റിയും മംമ്ത സംസാരിക്കുന്നു.

സംഗീതമോ അഭിനയമോ ഇഷ്ടം ?

പാട്ടിനോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. വല്ലാത്തൊരു ഇഷ്ടം. പല ലാംഗ്വേജസിലെ പാട്ട് പാടിനോക്കുക എന്റെ ഹോബിയായിരുന്നു. ചെറുപ്പം മുതൽ എല്ലാ പാട്ടിന്റേയും വരികൾ എഴുതിയെടുക്കാറുണ്ട്. ചെറുപ്പത്തിലായിരുന്നു പാട്ടിൽ കുറേക്കൂടി ഇൻവോൾവ്ഡ് ആയത്. സിനിമയിൽ വന്നതിനുശേഷം കുറച്ചുകൂടി മാറ്റം വന്നു റെക്കോർഡിങ് സ്റ്റുഡിയോയിൽ പോകുമ്പോൾ മാത്രം പാടും. വീട്ടിൽ മൂളിപ്പാട്ട് പാടുന്നത് കുറഞ്ഞു. ഇന്റർനാഷണൽ മ്യൂസിക് കേൾക്കുന്നത് ഇന്ത്യയിൽ വന്നതിനു ശേഷം കുറച്ചു കുറഞ്ഞു. പക്ഷേ ഇപ്പോൾ പല തരത്തിലുള്ള ഇന്ത്യൻ വെസ്റ്റേൺ, ഇന്ത്യൻ ഫ്യൂഷൻ മ്യൂസിക് കേൾക്കുന്നുണ്ട്. പല തരത്തിലുള്ള സിനിമകൾ കാണാനുള്ള അവസരവും ഇപ്പോഴാണ് കിട്ടുന്നത്.

ഡാഡി മമ്മി മംമ്ത പാടിയതാണെന്ന് അങ്ങനെ ആർക്കുമറിയില്ലല്ലോ ?

വില്ലിനുവേണ്ടി റെക്കോർഡ് ചെയ്യുന്നതിന്റെ രണ്ട് വർഷം മുമ്പാണ് ചിരഞ്ജീവി സാറിന്റെ അവസാന സിനിമയ്ക്കുവേണ്ടി പാടിയത്. ആ ഫിലിം തെലുങ്കിൽ വലിയ ഹിറ്റായിരുന്നു. അതിനു ശേഷമാണ് ആ ഗാനം തമിഴിൽ ദേവി ശ്രീ പ്രസാദ് സാർ വില്ലിനുവേണ്ടി റെക്കോർഡ് ചെയ്യാൻ പറയുന്നത്. അതോടെ ഈ പാട്ട് ഇന്റർനാഷണൽ ഫേയ്മസ് ആയി. ഡാഡി മമ്മി എന്ന പാട്ട് പലരും സ്റ്റേജിൽ പാടി ക്രെഡിറ്റ് എടുത്തിട്ടുണ്ട്. എന്റെ ഫ്രണ്ട് തന്നെ കുറേ സ്റ്റേജിൽ പാടിയിട്ട് അവസാനം പറയേണ്ടി വന്നിട്ടുണ്ട് ഇത് മംമ്‌താ മോഹൻദാസാണ് പാടിയത് എന്ന്.

മംമ്ത എപ്പോഴും സന്തോഷവതിയാണല്ലോ ?

ഒാരോ മനുഷ്യൻ പോസിറ്റീവും നെഗറ്റീവും ഒരുപോലെ ഉണ്ടാകാറുണ്ട്. ജീവിതത്തിൽ എല്ലാ കാര്യവും പോസിറ്റീവായിട്ടാണ് ഞാൻ കാണുന്നത്. അഡാപ്റ്റ് ചെയ്ത് പോകാനുള്ള കേപ്പബിലിറ്റിയും മെച്യൂരിറ്റിയും എനിക്കുണ്ട്. അതേ മെച്യൂരിറ്റി തന്നെ എന്നെ ബാക്ക്ഫയർ ചെയ്തിട്ടുണ്ട്. എങ്ങനെയുള്ള മെച്യൂരിറ്റിയും എക്സിപീരിയൻസും ഉള്ള ആൾക്കാരുമായിട്ട് ഇടപഴകുന്നതെന്ന് വളരെ വ്യക്തമായിട്ട് ഇപ്പോൾ മനസിലാക്കുന്നു. എപ്പോഴും ഹാപ്പിയാണ്. എന്ത് വേദനയുണ്ടെങ്കിലും, വിഷമമുണ്ടെങ്കിലും, ബുദ്ധിമുട്ടുണ്ടെങ്കിലും, കഷ്ടപ്പാടുണ്ടെങ്കിലും വളരെ ഈസിയായി ഉപേക്ഷിക്കുമായിരുന്നു. സിനിമ അതിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അത് മനസിലാക്കിയത് ആരോഗ്യപരമായ കാരണത്താൽ കുറച്ചുനാൾ സിനിമയിൽ നിന്നും മാറിനിന്നപ്പോഴാണ് മനസിലായത് ദിവസവും ചെയ്യുന്ന ജോലി എനിക്ക് എത്രമാത്രം സന്തോഷം തരുന്നു എന്നുള്ളത്.

രോഗം ജീവിതത്തെ മാറ്റിയോ ?

ഏകദേശം ഒന്നര വർഷം മുഴുവനായും വീട്ടിലായിരുന്നു. ചികിത്സയുടെ ഭാഗമായിട്ട്. ആ ഒന്നര വർഷത്തിനിടയിൽ ഒരുപാട് തീരുമാനങ്ങൾ ‌എടുത്തിട്ടുണ്ട്. എന്റെ വിവാഹജീവിതം പരാജയമായിരുന്നു. നമ്മുടെ ജീവിതം പൂർണമാകാൻ ആഗ്രഹിക്കുമ്പോഴാണ് കംപാനിയൻഷിപ് വേണമെന്നു തോന്നുന്നത്. ഞാൻ ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്ത് ഒരു സപ്പോർട്ട് വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരുപാട് സപ്പോർട്ട് പേരന്റ്സിന്റെ അടുത്ത് നിന്ന് കിട്ടുന്നുണ്ട്. അതുപോലെ എന്റെ ഫാമിലി മെമ്പേഴ്സിന്റെ സപ്പോർട്ടും ഉണ്ടായിരുന്നു. എന്റെ രോഗത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞത് രോഗം പൂർണമായും മാറാൻ സാധ്യതയില്ല. ഈ രോഗം കൺട്രോൾ ചെയ്യാൻ പറ്റും. ഒരു പക്ഷേ ഈ രോഗം തിരിച്ചുവന്നേയ്ക്കാം. സമയം പ്രോഗ്രസ് ചെയ്യുന്നുണ്ട്. റിസേർച്ച് പ്രോഗ്രസ് ചെയ്യുന്നുണ്ട്. മരുന്നുകൾ പ്രോഗ്രസ് ചെയ്യുന്നുണ്ട്. തിരിച്ചുവരവിനുള്ള പ്രതീക്ഷ നഷ്ടപ്പെട്ടപ്പെട്ടപ്പോൾ എല്ലാവരുമായിട്ട് അകലം കാണിച്ചു. എന്റെ പേരന്റ്സ് ഉൾപ്പെടെ. എനിക്ക് സ്വന്തം സന്തോഷം തോന്നുന്ന സമയത്ത് എന്റെ ഫാമിലിയുടെ അടുത്ത് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നു. നമ്മുടെ മനസിന് ആരോഗ്യമില്ലെങ്കിൽ ശരീരത്തിനും ആരോഗ്യമില്ല. ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. ഇപ്പോൾ ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും അടുത്തിരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷം മാത്രമേ കാണാൻ പറ്റുന്നുള്ളൂ.

രോഗവും അഭിനയവും ?

സിനിമയിൽ വന്നപ്പോൾ എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഫാമിലി ഫിലിംസ് ചെയ്യുന്ന ഡയറക്ടേഴ്സിന്റെ കൂടെ ജോലി ചെയ്യാൻ കുറേ വർഷങ്ങൾ സാധിച്ചില്ല. നല്ല റോളിനായി കാത്തിരുന്നു. ദൈവത്തിന്റെ അനുഗ്രഹമില്ലായിരുന്നെങ്കിൽ ‘കഥ തുടരുന്നു’ ചെയ്യാൻ സാധിക്കില്ലായിരുന്നു. 2009–ൽ രോഗം തുടങ്ങിയതിനുശേഷം ആറുമാസത്തെ ചികിത്സയ്ക്കുശേഷം ആരുമറിയാതെ ആ ഫിലിമിൽ ജോയ്ൻ ചെയ്തു. ഒരുപാട് പേരുടെ മനസിലുള്ള, ഒരു പ്രത്യേക വേഷത്തിൽ മാത്രമേ കാണാൻ പറ്റുകയുള്ളൂ എന്ന വിശ്വാസം മാറ്റിയ ഒരു പടമായിരുന്നു കഥ തുടരുന്നു. ഒത്തിരി സന്തോഷത്തോടെ ചെയ്ത പടമായിരുന്നു അത്.

പാസഞ്ചറിലെ അനുരാധയെക്കുറിച്ച് ?

രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിൽ പാസഞ്ചർ എന്ന സിനിമ ‌ചെയ്യുന്നത്. പാസഞ്ചറിന്റെ സ്റ്റോറി രഞ്ജിത്ത് പറഞ്ഞ് തന്നത് വളരെ ക്രിസ്പ് ആയിട്ടാണ്. അപ്പോൾ തോന്നി മലയാള സിനിമ മാറിത്തുടങ്ങിയോ. എനിക്ക് കഥ ഇഷ്ടപ്പെട്ടു. ഇതിൽ പാട്ടില്ല, രണ്ടു മണിക്കൂർ കൊണ്ട് പടം തീരും. അങ്ങനെയാണ് പാസഞ്ചർ ചെയ്തത്. വീണ്ടും രഞ്ജിത്തുമായി വർക്ക് ചെയ്തത് ‘വർഷം’ സിനിമയിലായിരുന്നു. ഏഴു ദിവസത്തെ വർക്കേ ഉണ്ടായിരുന്നുള്ളൂ. ശരിക്കും എൻജോയ് ചെയ്ത ഒരു ക്യാരക്ടർ. ആയിരുന്നു. വർഷം സിനിമയിലെ ചെറിയ വേഷമായിരുന്നെങ്കിലും ആളുകൾ സ്വീകരിച്ചു. രഞ്ജിത്തിന്റെ കൂടെ വർക്ക് ചെയ്യാനും സന്തോഷമായിരുന്നു.

രാജമൗലിയുടെ ചിത്രത്തിലെ അനുഭവം ?

എന്റെ ആദ്യത്തെ തെലുങ്കു ഫിലിമിന്റെ ഡയറക്ടറായിരുന്നു രാജമൗലി സാർ. യമഡോംഗ എന്ന ഫിലിമായിരുന്നു. ചലഞ്ചിങ് ആയിട്ടുള്ള റോളായിരുന്നു. തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചർച്ചചെയ്യപ്പെട്ട സിനിമയായിരുന്നു. ജീവിതത്തിൽ അതുവരെ സംസാരിച്ചിട്ടില്ലാത്ത ഭാഷയായിരുന്നു തെലുങ്ക്. യമഡോംഗയിൽ എന്റെ ഭാഷ നെല്ലൂരി ഭാഷയായിരുന്നു. ഭയങ്കര പ്രയാസമായിരുന്നു. രാജമൗലി സാർ പെർഫക്ഷനിസ്റ്റിന്റെ ആളാണ്. സാറിന്റെ കൂടെ വർക്ക് ചെയ്യാൻ ഭയങ്കര പ്രയാസമായിരുന്നു. കുറേ ഹാർഡ് വർക്ക് ചെയ്യണമായിരുന്നു യമഡോംഗ എന്ന മൂവിയിൽ വർക്ക് ചെയ്യാൻ. അതിൽ ഒരു ഡബിൾ റോൾ ക്യാരക്ടറായിട്ടായിരുന്നു. പടത്തിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞു. ഒരു കന്നഡപ്പടത്തിന്റെ ഷൂട്ടിങ്ങിലിരിക്കുമ്പോൾ രാജമൗലി സാർ വിളിച്ചു. മംമ്ത ഡബ്ബ് ചെയ്യാതെ പടം റിലീസ് ചെയ്യില്ല എന്നുപറഞ്ഞു. എനിക്ക് തെലുങ്ക് വശമില്ല. എനിക്കതറിയണ്ട. ഈ പടം ഡബ്ബ് ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെ ഡബ്ബ് ചെയ്തു.

മറക്കാത്ത ഷൂട്ടിങ് അനുഭവം ഏതാണ് ?

അത് അൻവർ എന്ന സിനിമയ്ക്കുവേണ്ടി മണാലിയിൽ ഷൂട്ടിന് പോയതാണ്. പോകുന്ന വഴിയിൽ കാർ ഐസിനകത്ത് താഴ്ന്നുപോയി. പാസ്പോർട്ടും ബാഗും എല്ലാം കാറിലായിരുന്നു. പൃഥ്വിരാജും കൂടെയുള്ളവരും കൂടി സാധങ്ങൾ എല്ലാം കാറിൽ നിന്നെടുത്തു. കറന്റോ വെള്ളമോ ഒന്നുമില്ലാത്ത സ്ഥലത്തായിരുന്നു ‘കണ്ണിനിമ നീളെ’ എന്ന മനോരഹമായ ഗാനം ഷൂട്ട് ചെയ്തത്. ന്യൂഡിൽസും മുട്ടയുമായിരുന്നു ആഹാരം. മെഴുകുതിരി വെട്ടത്തിൽ ആയിരുന്നു ഉറക്കം.

മമ്മൂക്കയുമായുള്ള അടുപ്പം ?

മമ്മൂക്കയോട് നല്ല ഒരു ബഹുമാനം ഉണ്ട്. ചില സഹപ്രവർത്തകർ പേഴ്സണൽ കാര്യങ്ങളൊക്കെ വളരെ ഫ്രാങ്ക് ആയിട്ട് ചോദിക്കും. മമ്മൂക്ക അങ്ങനെ എന്നോട് സംസാരിക്കാറുണ്ട്. എന്റെ ഓരോ കാര്യങ്ങൾ ചോദിക്കുമ്പോൾ എനിക്ക് ഭയങ്കര ബഹുമാനമാണ് തോന്നുന്നത്.

ദിലീപിന്റെ ഭാഗ്യനടിയാണോ ?

ജീവിതത്തിൽ ദിലീപുമായി ഒത്തിരി വ്യത്യാസമുണ്ട്. പേഴ്സണാലിറ്റിയിൽ തന്നെ. ദിലീപ് എപ്പോഴും തമാശ പറയുന്നു. ഞാൻ കൂടുതൽ ചിന്തിച്ച് പ്രയോഗിക്കുന്ന കൂട്ടത്തിലാണ്. വളരെ സന്തോഷത്തോടെ ആസ്വദിച്ചാണ് എല്ലാ സിനിമയും ചെയ്യുന്നത്. അതിന്റെ റിസൽട്ടാണ് സ്ക്രീനിൽ കാണുന്നതും. ടൂ കൺട്രീസിൽ രണ്ടു പേരുടേയും പേഴ്സണാലിറ്റീസ് വന്നിട്ടുണ്ട്. കുറേ സീനിൽ ഇംപ്രവൈസ് ചെയ്യാൻ പറ്റിയിട്ടുണ്ട്. റിയൽ ലൈഫിലെ ക്യാരക്ടർ ഈ സിനിമയിലേക്ക് കൊണ്ടുവരാൻ പറ്റുന്നുണ്ട്.

മംമ്തയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണ് ?

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്യാരക്ടർ ശ്യാം സാറിന്റെ അരികെ എന്ന സിനിമയിലെ അനുരാധയാണ്. ശ്യാം സാറിനും ഇഷ്ടപ്പെട്ട ഒരു ക്യാരക്ടർ ആണെന്ന് വിശ്വസിക്കുന്നു. അരികെ തിയറ്ററിൽ നന്നായി ഓടിയില്ലെങ്കിലും പിന്നീട് ഡിവിഡി വഴിയും ടിവിയിലൂടെയും പലരും കണ്ടപ്പോൾ അരികെയിലെ പെർഫോമൻസ് നല്ലതാണെന്ന് വിലയിരുത്തി.

ഇനി മംമ്തയുടെ പ്ലാൻസ് ?

ചാലഞ്ചിങ് റോൾസ് എടുക്കണമെന്ന് ആഗ്രഹമുണ്ട്. പുതിയ സംവിധായകരുടെയും പുതിയ നടന്മാരുടെയും കൂടെ അസോസിയേറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. വെറുതെ വന്നുപോകുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.