Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാർമയുണ്ടോ ഇൗ മുഖം ?

Follow Facebook
renji=panicker-interview

ഒരു പക്ഷെ മലയാളത്തിലെ ജനപ്രിയ ഡയലോഗുകളുടെ കണക്കെടുത്താൽ ഒന്നാമതതെത്തുക ‘ഓർമയുണ്ടോ ഇൗ മുഖം?’ ആവും. അതു മാത്രമോ? മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു പിടി അല്ല ഒരുപാട് തീപ്പൊരി ഡയലോഗുകൾ എഴുതിയ രൺജി പണിക്കർ. തിരക്കഥാരചയിതാവായുള്ള ആദ്യ അവതാരത്തിനും സംവിധായകനായുള്ള രണ്ടാം അവതാരത്തിനും ശേഷം അദ്ദേഹം ഇപ്പോൾ അഭിനേതാവായി മലയാള സിനിമയിൽ‌ തിളങ്ങുന്ന അദ്ദേഹം മനോരമ ഒാൺലൈനൊപ്പം.

അഭിനയിക്കാൻ‌ വൈകിപ്പോയി എന്നു തോന്നുന്നുണ്ടോ ?

വൈകിപ്പോയി എന്ന് തോന്നണമെങ്കിൽ എനിക്ക് നേരത്തെ മുതൽ അഭിയനയിക്കണം എന്ന തീരുമാനം ഉള്ളയാളായിരിക്കണം. ഒരു തീരുമാനത്തിന്റെ ഭാഗമായി അഭിനയിച്ച ഒരു വൃക്തിയല്ല ഞാൻ. 25 വർഷമായിട്ട് സിനിമയിലുണ്ട്. അതിനുമുമ്പ് സിനിമ പത്ര പ്രവർത്തന രംഗത്തുണ്ടായിരുന്നു. ഞാനുള്ള മേഖലയിലൊരു തുടർച്ചപോലെയാണ് എനിക്ക് ഇൗ അഭിനയം എന്ന് പറയുമ്പോൾ തോന്നുന്നത്. മുമ്പ് അഭിനയിക്കണമെന്നുണ്ടായിരുന്നെങ്കിൽ എന്റെ ഏതെങ്കിലുമൊക്കെ സിനിമകളിൽ വളരെ കാര്യമായ വേഷം ചെയ്യാമായിരുന്നു. അതിനുള്ള ധൈര്യം എനിക്കില്ലായിരുന്നു.

തിരക്കഥാ എഴുത്തിന്റെ ഭ്രാന്തിനിടയ്ക്ക് വേറെയൊന്നും ചിന്തിക്കാൻ പറ്റില്ല. ഞാൻ തിരക്കഥയെഴുതുന്നത് ഷൂട്ടിങ്ങ് നടക്കുന്നതിന് സാമാന്തരമായിട്ടാണ്. അതിനിടയ്ക്ക് ഷാജി ഒരിക്കൽ അഭിനയിക്കാൻ വിളിച്ചിട്ടുണ്ട്, മാഫിയയിൽ. ഞാനതിലൊരു വേഷവും ചെയ്തിട്ടുണ്ട് . പിറ്റേ ദിവസത്തേയ്ക്കുള്ള സീൻ എഴുതാനുള്ളതിനാൽ ഷാജിയെ നല്ല ചീത്തപറഞ്ഞുകൊണ്ടാണ് അതിൽ അഭിനയിച്ചത്. അഭിനയിക്കാന്‍ വൈകിപ്പോയോ എന്ന് ചോദിച്ച് ഇപ്പോൾ എനിക്ക് ഫെയ്സ്ബുക്കിൽ ചില മെസേജുകൾ വരാറുണ്ട്. എവിടെയായിരുന്നു ഇത്രയും കാലം എന്നൊക്കെ ചോദിച്ച്. അതൊക്കെ ഇഷ്ടം കൊണ്ട് ആൾക്കാര്‍ പറയുന്നതാണ്. ഒരു കാൽക്കുലേറ്റഡ് മൂവ് അല്ലാത്തതിനാൽ വൈകിയെന്ന് തോന്നിയിട്ടില്ല.

തിരക്കഥാകൃത്തിൽ നിന്ന് അഭിനേതാവാകുമ്പോൾ ?

ഒരു ലോ പ്രൊഫൈല്‍ ജീവിതമായിരുന്നു എന്റേത്. പൊതു ദൃഷ്ടിയിൽപ്പെടാതെ ജീവിക്കാൻ ശീലിച്ച ഒരാളായിരുന്നു ഞാന്‍. അതുെകാണ്ട് എന്നെ തിരിച്ചറിയാതെ ഇരുന്നു എന്ന് പറയുന്നതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. പക്ഷേ, ഇപ്പോൾ ആളുകൾ എവിടെവച്ചു കണ്ടാലും തിരിച്ചറിയുന്നു. പ്രത്യേകിച്ച് നസ്രിയയുടെ അച്‌ഛനായിട്ട് അഭിനയിച്ചതുകാരണം കൊച്ചു കുട്ടികൾ മുതലുള്ള ആളുകൾ കൂടുതൽ തിരിച്ചറിയുന്നു. പേരുകൊണ്ട് അറിയുമായിരുന്ന ആളുകൾ ഇൗ സിനിമകളിലൂടെ തിരിച്ചറിയുന്നു എന്നുള്ളത് പുതിയൊരു പ്രത്യേകതയാണ്.

Watch Full Video Interview- Part 1

ഒാം ശാന്തി ഒാശാനയിലെ മത്തായി ഡോക്ടർ ജനിച്ചത് ?

ജൂഡും മിഥുനും കൂടി വീട്ടിൽ വന്നിട്ട് കഥ പറഞ്ഞു, ഇതാണ് മത്തായി ഡോക്ടർ എന്ന് പറഞ്ഞപ്പോൾ എന്നെക്കൊണ്ട് ഇത് പറ്റില്ല എന്നാണ് ഞാൻ ആദ്യം പറഞ്ഞത്. ‘‘ഇങ്ങനെയൊരു ആളായി മാറാന്‍ എനിക്ക് പറ്റില്ല, എന്റെ ഒരു ബോഡി ലാഗ്വേജ് പോലും ഇങ്ങനത്തെ ഒരു കഥാപാത്രത്തിന് പറ്റിയതല്ല’’. എന്ന് പറഞ്ഞപ്പോൾ ജൂഡ് പറഞ്ഞത്. ‘‘അതൊന്ന‌ും സാർ പ്രശ്നമാക്കെണ്ട, ഞങ്ങൾ സാറിനെ അങ്ങനെയാക്കിക്കൊള്ളാം. സാറ് ഒന്നും പേടിക്കെണ്ട ’’. എന്നെ അ‌ങ്ങനെയാക്കി എടുത്തത് ജൂഡ് എന്ന് പറയുന്ന സംവിധായകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഞാന്‍ പ്രവർത്തിക്കാൻ തയാറായത് കൊണ്ടും. എന്നെ ഞാൻ പൂർണ്ണമായും മാറ്റിവച്ച് മത്തായി ഡോക്ടർ എന്ന വളരെ ല‌ളിതമായ ഒട്ടും ഭാരമില്ലാത്ത കഥാപാത്രമായി മാറാൻ സംവിധായകൻ സഹായിച്ചതുകൊണ്ടുമാണ്. ഞാൻ അതായി മാറിയത്. ‌‌ ഞാൻ നടക്കുമ്പോള്‍ വളരെ സ്റ്റിഫായിരിക്കും. എന്റെ നോട്ടം വളരെ ഷാര്‍പ്പും. അതൊന്നും വേണ്ട സാർ ഇങ്ങനെ നോക്കിയാലും, ചിരിച്ചാലും മതി എന്നൊക്കെ പറഞ്ഞിട്ട് നമ്മളെ അതാക്കിമാറ്റിയത് ജൂഡ് എന്ന് പറയുന്ന സംവിധായകന്റെ മാത്രം പരിശ്രമമാണ്. മിഥുന്റെ കോൺട്രിബ്യൂഷനും ഉണ്ട്. കാറ്റ് കുത്തിവിട്ട് നമ്മളെ ഒരു സാധാരണ മനുഷ്യനാക്കി മാറ്റുന്ന മാജിക്ക് നല്ലപോലെ അറിയാവുന്ന ആളാണ് ജൂ‍ഡ് എന്ന സംവിധായകൻ. ഞാന്‍ രൺജി പണിക്കരാണ് , സംവിധായകനാണ് എന്നൊരു ജാഡയിലിരുന്നുന്നിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ഞാൻ പൂർണ്ണമായിട്ടും സംവിധായകന് എന്നെ വിട്ടുകൊടുത്തു. ഞാെനാരു കുഴപ്പക്കാരനാണെന്ന് ഒന്നും ജൂഡിനുമില്ലായിരുന്നു. ജൂഡിന് ആവശ്യമുള്ളതെന്താണെന്ന് ചിരിച്ചു കൊണ്ട് പറയുകയും അത് എന്റെ എന്നിൽ നിന്ന് വാങ്ങിച്ചെടുക്കുകയും ചെയ്തു. ആ കഥാപാത്രം ഞാനല്ലാത്ത മറ്റൊരു വൃക്തിയായിട്ട് മാറിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായിട്ടും ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകന് എന്നെ അങ്ങനെ മെരുക്കാൻ കഴിഞ്ഞതുകൊണ്ടാണ്.

പഴയ തലമുറയിൽ നിന്ന് ന്യൂജനറേഷനിലെത്തുമ്പോൾ ?

ആരാ പറഞ്ഞത് ഞാൻ പഴയകാലത്തിന്റെ ആളാണെന്ന്. ഞാൻ എപ്പോഴും പുതിയ ജനറേഷനുമായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നയാളാണ്. സർക്കാർ സർവ്വീസിലായിരുന്നെങ്കിൽ ഇൗ വർഷം റിട്ടേയർമെന്റ് വന്നേനെ, അത് പോട്ടെ. എന്നെ സംബന്ധിച്ചിടത്തോളം ജനറേഷൻ ഗ്യാപ്പ് ഒരു പ്രശനമായിട്ട് തോന്നിയിട്ടില്ല. അവർക്ക് ഞാനിനി ഒരു മുതിര്‍ന്നയാളായതുകൊണ്ട് അല്ലെങ്കിൽ എന്റെ പേര് കേട്ടിട്ടോ എന്റെ സിനിമകള്‍ കണ്ടിട്ടോ ഒരു ബഹുമാനം തോന്നിയിരുന്നെങ്കിൽ ഞാൻ അത്തരം ബാരിയേഴ്സ് ഒക്കെ ഞാൻ ഒരു ദിവസം കൊണ്ട് ബ്രെയിക്ക് ചെയ്തു. ന്യൂ ജനറേഷനും ഞാനും തമ്മിൽ ഒരു ഗ്യാപ്പുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.

എഴുതിയ കഥാപാത്രങ്ങളെ പോലെ രൺജി പണിക്കറും ഗൗരവക്കാരനാണോ ?

ഞാൻ ഭയങ്കര ഗ‌ൗരവക്കാരനാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. ഞാനെഴുതിട്ടുള്ള കഥാപാത്രങ്ങളുടെ ഭാരം ഒരു അംശം എനിക്കു കല്‍പ്പിച്ചു കിട്ടിയിട്ടുണ്ട്. നെടുനീളന്‍ ഡയലോഗുകളുടെ കാലം കഴി‍ഞ്ഞു എന്നാണ് ഞാൻ വിലയിരുത്തുന്നത്. സിനിമയില്‍ നിന്ന് കിട്ടുന്ന ഫീഡ്ബാക്കും അതാണ്. എന്റെ സിനിമയിലെ നെടുനീളൻ ഡയലോഗുകൾ പുതിയ ജനറേഷനിലുള്ള‌യാളുകൾ കാണാതെ പഠിക്കുകയും അതിന്റെ പാരഡികള്‍ ഉണ്ടാക്കി സോഷ്യൽ മീഡിയിലും നിത്യജീവിതത്തിലും ഒക്കെ പ്രയോഗിക്കുന്നുണ്ട്. അത്തരം ഒരു ലെങ്തി ഡയലോഗ് സീക്വന്‍സിന്റെ അന്തരീക്ഷം ഇപ്പോൾ സിനിമയിലുണ്ടോ എന്ന് സംശയമുണ്ട്. ‌

രൺജി പണിക്കരുടെ സ്വഭാവത്തിന്റെ പോരായ്മകൾ എന്താണ് ?

ബേസിക്കലി ഞാനൊരു മടിയനാണ്. തിരിച്ചടി ഉണ്ടാകുമ്പോള്‍ എനിക്ക് ഭയങ്കര ഉൗർജം വരും. അതിനോട് മത്സരിക്കാനുള്ള വാശി ഉണ്ടായി വരും. അല്ലെങ്കിൽ ഞാൻ കംഫർട്ടബിളാണെങ്കിൽ ഞാൻ ഭയങ്കര മടിയനാണ്. ഇടവേളകളില്ലാത്തതല്ല എന്റെ പ്രശ്നം. എന്റെ ഒരു അടിസ്ഥാന സ്വഭാവത്തില്‍ ഏതോ ഒരു ജാതക ദോഷം കൊണ്ട് കടന്ന് കൂടിയ ഒരു മടിയാണ്. നല്ലൊരു പരിശ്രമിയല്ല. പരിശ്രമിക്കാതെ ഒരു നിവ‌ൃത്തിയില്ലാണ്ട് വന്നാൽ ഭയങ്കര പരിശ്രമിയാണ്. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ പരിശ്രമിക്കില്ല. അതാണ് എന്റെ ഒരു ക്യാരക്ടർ.

renji-panicer

മമ്മൂട്ടിയെ നായകനാക്കി ഒരുപാട് ഹിറ്റുകൾ ?

സിനിമയിൽ വരുന്നതിന് മുമ്പ് തിരക്കഥാകൃത്ത് എന്ന നിലയിൽ അന്ന് ഞാൻ എന്തെഴുതിയാലും അത് മമ്മൂട്ടിയാണ്. എന്റെ മനസ്സിലെ ഒരു നായകന്‍ എന്ന് പറയുന്നത് അക്കാലത്തും എക്കാലത്തും മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയ്ക്ക് വേണ്ടി ഞാനുണ്ടാക്കിയ സിനിമയാണ് ഏകലവ്യൻ. അന്ന് അദ്ദേഹം ഒരു തെറ്റിദ്ധാരണയുടെ പേരിൽ അത് ചെയ്യാതെ പോയി. അങ്ങനെയാണ് സുരേഷ് ഗോപി ആ സിനിമ ചെയ്യുന്നത്. മമ്മൂട്ടിയെന്ന നടന്റെ പൗരുഷം എന്ന് പറയുന്നത് പലപ്പോഴും ഒരു കഥാപാത്രത്തെ ഉണ്ടാക്കുമ്പോൾ ഇൻസ്പിരേഷനായിട്ട് വരാറുണ്ട്. ലാലിന്റെയും സുരേഷ് ഗോപിയുടെയും ഒരു രീതി അതല്ല. ഞാൻ എഴുതിത്തുടങ്ങുമ്പോൾ മനസ്സിൽ ആദ്യം വരുന്ന രൂപം അത് മമ്മൂട്ടിയുടേത് ആണ്.

നെടുനീളൻ ഡയലോഗുകൾ എഴുതിയ ആൾ അതു കാണാതെ പഠിക്കേണ്ടി വരുമ്പോൾ ?

മുന്നറിയിപ്പിൽ മമ്മൂട്ടിയായിട്ട് അഭിനയിക്കുമ്പോൾ എനിക്കതിൽ വലിയ ഡയലോഗ് ഒന്നുമില്ല. എങ്കിലും സ്ക്രിപ്പ്റ്റ് എടുത്ത് നോക്കുമ്പോൾ മമ്മൂട്ടി പറയുമായിരുന്നു. ‘‘ഞങ്ങളെയിട്ട് കുറെ വെള്ളം കുടിപ്പിച്ചതല്ലേ ഇരുന്ന് പഠിക്ക് എന്ന്’’. ഇൗ ഡയലോഗ് പഠിക്കുക എന്നത് നല്ല ബുദ്ധിമുട്ടുള്ള ജോലിയാണ്. എഴുതുന്ന എനിക്കത് എഴുതുമ്പോള്‍ തന്നെ കാണാപ്പാഠമാണ്. എഴുതുമ്പോൾ തന്നെ അത് ഹൃദ്യസ്ഥമാകും. വേറൊരാൾ എഴുതുന്നത്. ഞാന്‍ ഹൃദ്യസ്ഥമാക്കുക എന്നത് വേറൊരു തരം ജോലിയാണ്. എന്നെ സംബന്ധിച്ച് ഡയലോഗ് കാണാതെ പഠിക്കുന്നത് വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടില്ല.

പഞ്ച് ഡയലോഗുകൾ പറയിപ്പിക്കുന്നതിലും രൺജി പണിക്കർ ഇടപെടാറുണ്ടോ?

നെടുങ്കന്‍ ഡയലോഗുകളുള്ള സീനുകൾ എടുക്കുമ്പോൾ ഞാന്‍ തീർച്ചയായും ലൊക്കേഷനിൽ ഉണ്ടാകും. അതിന്റെ ഒരു മീറ്ററെന്താണെന്ന് ആര്‍ട്ടിസ്റ്റിന് വായിച്ച് കൊടുക്കും. എവിടെയാണ് ധ്വനികൾ, എങ്ങനെയാണ് നമ്മൾ അതിനെ കാണേണ്ടതെന്നും ഒരു ആർട്ടിസ്റ്റിൽ നിന്ന് അത് എങ്ങനെയാണ് റെന്റർ ചെയ്യപ്പെടേണ്ടതെന്നും ഒക്കെ പറഞ്ഞുകൊടുക്കും. ഞാൻ ലോക്കേഷനിൽ ത്രൂ ഒൗട്ട് ഉണ്ടാകും. ഇതുപോലെ നെടുങ്കൻ ഡയലോഗുള്ള കഥാപാത്രം അല്ലെങ്കിൽ പോലും. ഏറ്റവും ചെറിയ കഥാപാത്രമാണെങ്കില്‍ പോലും ഞാൻ ആർട്ടിസ്റ്റുമായി മാറിയിരുന്ന് അത് ഏത് ഭാഷയായാലും ‌അതിന് ഏത് പ്രാദേശിക ചുവയാണുള്ളത്? അതിന്റെ സ്ലാങ് എന്താണ്? അതിന്റെ ധ്വനി എന്താണ് ? ഇത്തരം കാര്യങ്ങളൊക്കെ വളരെ കൃത്യമായിട്ട് ഡിസ്ക്കസ്സ് ചെയ്യാറുണ്ട്.

എന്റെ സിനിമകളിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്തവർക്കുപോലും വളരെ നല്ല രീതിയിൽ അവരുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാൻ ഇൗ ഡിസ്ക്കഷന്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. ഞാൻ ഡബ്ബിങ്ങിന് ത്രൂ ഒൗട്ട് ഇരിക്കും. ഒരു സീനിലൊക്കെ വന്ന് പോകുന്നയാൾ ആണെങ്കിൽപോലും ഞാൻ ഡബ്ബിങ്ങിൽ ഇരിക്കുകയും നമ്മൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമായിട്ട് പറഞ്ഞുകൊടുക്കുകയും ചെയ്യും. എന്റെ പല ഡയലോഗുകളും മുമ്പ് പരിചയമില്ലാത്ത പല ആളുകളും ഉണ്ടാവാം. സൂരേഷ് ഗോപി എല്ലാ സിനിമയിലും അഭിനയിച്ചതുകൊണ്ട് സുരേഷ്ഗോപിയ്ക്ക് അറിയാം എന്താണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഒരു മീറ്ററെന്താണെന്ന് എന്ന്.

എന്റെ സിനിമയിൽ ആദ്യമായിട്ട് അഭിനയിക്കാൻ വരുന്നയാൾക്ക് ചില കാര്യങ്ങളില്‍ സംശയങ്ങളുണ്ടാകും. ഇത് ഇങ്ങനെ പറഞ്ഞാൽ ഇത് എങ്ങനെയാണ് ‌എത്തുക ? അതിന്റെ മുഴക്കങ്ങളെന്താണ്? അത് എങ്ങനെയാണ് അവസാനിക്കേണ്ടത് ? അതിന്റെ പഞ്ച്വേഷൻസ് എന്താണ്? ഇതൊക്കെ നമ്മള്‍ പറഞ്ഞുകൊടുക്കേണ്ടിവരും. ഞാൻ ലോക്കേഷനിലുണ്ടെങ്കിൽ ആര്‍ട്ടിസ്റ്റിന്റെ അപ്പിയറൻസ് കോസ്റ്റ്യൂമ്സ് ഇത്തരം കാര്യങ്ങളിലൊക്കെ ശ്രദ്ധ ചോലുത്താറുണ്ട്‌. അതിൽ കൃത്യമായിട്ട് സ്ക്രീൻ പ്ലേയിൽ എഴുതി വയ്ക്കാറുമുണ്ട്്. ഞാൻ വളരെ വിശദമായിട്ട് ആർട്ടിസ്റ്റ് എന്താണ് ചെയ്യേണ്ടത് അല്ലെങ്കിൽ ഒരു മിനിമം ധാരണയ്ക്ക് വേണ്ടിയുള്ള ഒരു ടെസ്റ്റ്് തീര്‍ച്ചയായിട്ടും എന്റെ സ്ക്രീൻ പ്ലേയുടെ ലെഫ്റ്റ് സൈഡില്‍ വളരെ വിശദമായിട്ട് എഴുതാരുണ്ട്. അതിൽ ആര്‍ട്ട് ഡയറക്ടറിനുള്ള ഇൻസ്ട്രക്ഷൻ എന്താണ്. സെറ്റിലെ അസിസ്റ്റന്‍സിന് ഉള്ളത് കാണും. അത് എഴുത്തിന്റെ ഒരു ജോലിയാണെന്നാണ് എന്റെ ധാരണ. ഡയലോഗ്സിന്റെ അർഥം വളരെ കൃത്യമായിട്ട് ആർട്ടിസ്റ്റിനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്.

Watch Video - Part 2

പരാജയങ്ങളാണോ ഇടവേളകൾക്ക് കാരണമായത് ?

കുറച്ചുകാലം ഇടവേളയെടുക്കുന്നു പിന്നെ ഇടിച്ചുകേറി വീണ്ടും വരുന്നതുമൊക്കെ ജീവിതത്തിന്റെ കണക്കുകൂട്ടലന്റെ ഭാഗമായി ഒന്നുമല്ല. ഇതൊക്കെ നമ്മൾ അറിയാതെ സംഭവിക്കുന്ന ജീവിതത്തിന്റെ കണക്കുകൂട്ടലും വഴിത്തിരുവുമാണ്. എന്റെ സിനിമയുെട പരാജയം കൊണ്ട് ഞാൻ എഴുതാതിരുന്നതല്ല. എന്റെ സിനിമകളുെട സീരീസ് ഒാഫ് ഹിറ്റ്സിന് ശേഷം ആ നിലയ്ക്ക് നന്നാകാതിരുന്ന സിനിമകൾ പ്രജയും ദുബായിയുമാണ്. അതിനുശേഷം ഞാനൊരു നീണ്ട ഇടവേള എടുത്തു ഏകദേശം നാലുവർഷം. 2001 നുശേഷം 2005ലാണ് ഒരു സിനിമ ചെയ്യുന്നത്. ആ ഗ്യാപ്പ് എനിക്കെഴുതാനുള്ള ഒരു വിഷയത്തിലേക്ക് ഞാനെത്താൻ ഞാനെടുത്ത സമയമെന്നേ അതിനുള്ളൂ. അല്ലാണ്ട് ഇനി ഒരു നാലു വർഷത്തേയ്ക്ക് എഴുതണ്ട, അതിനുശേഷം എഴുതിയാൽ മതി എന്നുള്ള തീരുമാനമൊന്നുമല്ലായിരുന്നു.

അപ്പോഴും എഴുതാനുള്ള പരിശ്രമങ്ങളിലായിരുന്നു. ഹിറ്റുകളുണ്ടാക്കുന്ന ഒരു ഭാരം അതുകഴിഞ്ഞാൽ പരാജയങ്ങളുണ്ടാക്കുന്ന സെറ്റ്ബാക്ക് ഇതൊക്കെയൊന്ന് വഴങ്ങിവരാൻ മനസ്സിന് കുറച്ച് സമയ മെടുക്കേണ്ടിവരും. ഫ്രീക്വെന്റായിട്ട് എഴുതാൻ പ്രാപ്തിയുള്ളയാളുമല്ല ഞാൻ. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ പെട്ടെന്ന് എഴുതുന്നതിനെപ്പറ്റി ചിന്തിക്കാൻ പറ്റില്ല. ഒരു സബ്ജെറ്റിലേയ്ക്ക് ലാന്റ് ചെയ്യാൻ പറ്റില്ല. ഒരു വിഷയം മനസ്സിൽ വന്നാൽ , എന്റെ സിനിമയിൽ ഞാൻ എപ്പോഴും പറയാറുള്ളപോലെ കഥയില്ല. ഏതെങ്കിലും ഒരു വിഷയമെടുത്തിട്ട് സിനിമയുെട സംഭവ ഗതിയെ ആ വിഷയത്തിന് ചുറ്റും കൊളുത്തിപിടിപ്പിക്കുക മാത്രമല്ല. ഒരു തരം ഭിത്തിക്കെട്ടി പൊക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ ഒരു കഥയുടെ സൗന്ദര്യമൊന്നും എന്റെ ഒരു സിനിമയക്കുമില്ല. ഒരു സിനിമകഴിഞ്ഞ് മറ്റൊന്നിലേയ്ക്ക് എത്തുകയും അ വിഷയം മനസ്സിൽ നന്നായിട്ട് വേര് പിടിപ്പിക്കുകയും. അതുമായി ബന്ധപ്പെട്ട അത്യാവശ്യം കുറച്ച് റിസേർച്ച് ചെയ്യുകയും. അതുമായി ബന്ധപ്പെട്ട ആളുകളുമായി സംസാരിക്കുകയും ചെയ്ത് ഷൂട്ടിങ്ങിന് എത്തുമ്പോഴാണ് ഞാനെഴുതാറുള്ളൂ. എന്നെ സംബന്ധിച്ച് ഒരു കാൽക്കുലേറ്റഡ് കം ബാക്ക് , അല്ലെങ്കിൽ കാൽക്കുലേറ്റഡ് റിട്രീറ്റ് ഉണ്ടായിട്ടില്ല. ഇതൊക്കെ ജീവിതത്തിന്റെ ഗതിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ്.

വിജയങ്ങളെയും പരാജയങ്ങളെയും എങ്ങനെ കാണുന്നു ?

വിജയവും പരാജയവും ഒരു പോലെ നിർണ്ണായകമാണ്. വിജയിച്ചാലും പരാജയപ്പെട്ടാലുമത് പ്രശ്നമാണ്. വിജയിച്ചാൽ നമ്മളിൽനിന്ന് കൂടുതൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. പരാജയപ്പെട്ടാൽ അ‌ത് നമ്മുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യും. എങ്ങനെയാണ് വിജയത്തേയും പരാജയത്തേയും കൈകാര്യം ചെയ്യാൻ കഴിയുക എന്നതാണ് ഇതിൽ വിഷയം. മറ്റുള്ളവരുടെ ഒരു ഉപദേശം കൊണ്ട് അതിൽ കാര്യമെന്താണെന്ന് അറിയില്ല. എല്ലാവർക്കും ജീവിതത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് പ്രതിസന്ധികളെ കൈകാര്യം ചെയ്യാനുള്ള ഒരു ബലം കിട്ടുക. വേറെയാളുകൾക്ക് നമ്മളോട് 100 കാര്യങ്ങൾ പറയാനുണ്ടാവും. ഇതെല്ലാം അവരുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പറയുന്നത്‌ നമ്മുടെയല്ല. പൊതുവായിട്ട് ഒരുപാട് പ്രതലങ്ങളുണ്ടാകും.

ഒരേ തരത്തിലുള്ള അനുഭവങ്ങളുണ്ടാകും. പക്ഷേ, ഒരേ തരത്തിലെ അനുഭവങ്ങൾ രണ്ടു വ്യക്തികൾ രണ്ട് തരത്തിലാകും കൈകാര്യം ചെയ്യുക. ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്ന അതേ മുനമ്പിൽ നിന്നുകൊണ്ട് ഒരു വ്യക്തിക്ക് തിരിച്ചുപിടിക്കാനും തിരിച്ചുകയറാനും വീണ്ടും ഉയരങ്ങളിലേക്ക് പോകാനുമൊക്കെയുള്ള ഊർജമുണ്ടാകും.എന്റെ അനുഭവത്തിൽ വച്ച് ഞാനൊരാളെ ഉപദേശിക്കാനിറങ്ങുന്നത്. തികച്ചും മണ്ടത്തരമാണ്. എന്റെ അനുഭവങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്ന് പഠിക്കുന്നയാളാണ് ഞാൻ. എന്റെ ജീവിതത്തിൽ അവസാനവാക്കിലേക്ക് എത്തുന്ന ഒരു കൺക്ലൂഷനും എനിക്കില്ല. ഒാരോ അനുഭവങ്ങളും ജീവിതത്തിന്റെ പുതിയ പാഠങ്ങള്‍ എല്ലാ ദിവസവും പഠിപ്പിച്ചുകൊണ്ടിരിക്കും. അത് അപ്രധാന പാഠങ്ങളായിരിക്കാം ചിലത് പ്രധാന പാഠങ്ങളായിരിക്കാം. നമ്മൾ അതിന്റെ ഗുരുത്വം ബഹുത്വമൊക്കെ തിരിച്ചറിയുന്നത് പിന്നീട് വരുന്ന ദിനങ്ങളിലോ കാലങ്ങളിലോ ആയിരിക്കും.

പഴയ കാല സിനിമാ സെറ്റുകളെയും പുതിയവയെയും താരതമ്യപ്പെടുത്തിയാൽ ?

രഞ്ജിത്തുമായിട്ട് എനിക്ക് ഏകദേശം 30 വർഷത്തോളം ബന്ധമുണ്ട്. വേണു ഞാൻ ജേണലിസം പഠിക്കാന്‍ ഞാൻ ട്രിവാൻഡ്രം ചെന്ന കാലത്ത് പരിചയപ്പെട്ട സുഹൃത്താണ്. വേണു അന്ന് ഫിലിം ഇൻറ്റിട്ട്യൂട്ടിൽ പഠിക്കുന്നു. ഞാൻ ട്രിവാൻഡ്രം ഇൻറ്റിട്ട്യൂട്ട് ഒാഫ് ജേണലിസത്തിൽ പഠിക്കുന്നു. സത്യൻ അന്തിക്കാട് ഞാൻ സിനിമയിൽ പത്രപ്രവർത്തനവുമായി നടക്കുന്ന കാലം മുതല്‍ എന്റെ സുഹൃത്താണ്. മേജർ രവി അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ ചെയ്യുന്നതിനു മുമ്പ് എന്റെ സുഹ‌ൃത്താണ്. അങ്ങനെയൊരു സൗഹൃദത്തിന്റെ അന്തരീക്ഷത്തിലാണ് ഞാനിവരുടെ സിനിമകൾ ചെയ്യുന്നത്.

പുതിയൊരു സംവിധാകന്റെ സിനിമയിൽ ഞാൻ അഭിനയിക്കാൻ ചെല്ലുമ്പോൾ എനിക്കവരെ അറിയില്ല എന്നേയുള്ളൂ. 25 വർഷമായിട്ട് എന്റെ സിനിമയിലൂടെ എന്നെ അറിയുന്നവരാണ് അവർ. എന്റെ സിനിമകൾ കണ്ടിട്ടുള്ള ആളുകളാണ്. ‌ഒാരോ വൃക്തികളുമായിട്ട് ഇടപെടുമ്പോൾ നമുക്കുണ്ടാകുന്ന കംഫർട്ട് ലെവൽ വിത്യസ്തമായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രഫഷണലായിട്ടുള്ള കാര്യമാണ്. ഒരു സംവിധായകന്റെ കൂടെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം അഭിനയിക്കാൻ ചെല്ലുമ്പോൾ നമ്മളെ സംബന്ധിച്ച് അതുമാത്രമാണ് വിഷയം. ഒാരോ വൃക്തിയും വ്യത്യസ്തനാണ്. അല്ലെങ്കിൽ ഒാരോ ഇടവും വ്യത്യസ്തമാണെന്ന് പറയുന്നതുപോലെ ഒാരോ ലൊക്കേഷനിലും നമുക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങളുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ഇ‌ൗ രണ്ട് ക്ലാസിഫിക്കേഷനിലും ഞാൻ കംഫർട്ടബിളാണ്.

രാഷ്ടീയത്തെക്കുറിച്ച് ?

അടിയന്തരാവസ്ഥ നമ്മുടെ യുവാക്കളുടെ ഇടയിൽ ഉണ്ടാക്കിയിരുന്നത് വളരെ തീവ്രമായ രാഷ്ട്രീയ അവബോധമാണ്. ആ അവബോധം എല്ലാ ചെറുപ്പക്കാരെയും ഏതെങ്കിലും തരത്തിൽ രാഷ്ട്രീയ പരമായി സ്വാധീച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോള്‍ പഠിക്കുന്നതിനേക്കാൾ കൂടുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായിരുന്നു എനിക്ക് താൽപര്യം. കോളേജ് കാലത്തും എന്റെ പോസ്റ്റ്ഗ്രാജുവേഷൻ കാലത്തും ഞാൻ മുഴുവൻ സമയം രാഷ്ട്രീയ ബന്ധമുള്ളയാളായിരുന്നു. രാഷ്ട്രീയം താൽപര്യ പൂർവ്വം നിരീക്ഷിക്കുകയും രാഷ്ട്രീയം വിശ്വസിക്കുകയും ചെയ്യുന്നയാളാണ്. എന്റെ ഏറ്റവും വലിയ പാഷൻ സിനിമയേക്കാൾ കൂടുതൽ രാഷ്ട്രീയമാണ്. പക്ഷേ തിരഞ്ഞെടുപ്പു രാഷ്ട്രീയം ലക്ഷ്യം വെയ്ക്കുന്ന ആളാണെന്ന് തെറ്റിദ്ധരിക്കെണ്ട. എന്റെ രാഷ്ട്രീയത്തിലെ ഇൻവോൾമെന്റ് എന്നു പറയുന്നത്. മറ്റൊരു തരത്തിലാണ്. എറ്റവും കൂടുതൽ താല്‍പര്യമുള്ള വിഷയവും മനസ്സിലാക്കാൻ ശ്രമിക്കുന്ന വിഷയവും രാഷ്ട്രീയമാണ്.

കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഡയോലോഗുകൾക്കു പിന്നിൽ ?

മലയാളം ഒരു പാട് ഖരപദങ്ങൾ ഉള്ള ഭാഷ തന്നെയാണ്. ചില സാഹചര്യങ്ങളിൽ കുറച്ച് പഞ്ച് ആവശ്യമാണ്. തിയേറ്റർ പഞ്ച് എന്ന്് തന്നെയാണ് ഉദ്ദേശിക്കുന്നത്. പെട്ടെന്നൊരു ലാങ്വേജിൽ നിന്നിട്ട് വേറൊന്നിലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന സ്ട്രൈക്കിങ് ഫോഴ്സ് എന്ന് പറയുന്നത് വളരെ കൂടുതലാണ്. എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല. എനിക്കങ്ങനെ തോന്നിയിട്ടുണ്ട് അത് ആ നിലയ്ക്കാണ് പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. സെന്‍സുണ്ടാവണം സെൻസിറ്റിബിലിറ്റിയുണ്ടാവണം സെൻസിറ്റിവിറ്റിയുണ്ടാകണം അല്ലെങ്കിൽ ഇറെവറന്‍സ് എന്നു പറയുന്ന നമുക്കന്യമായ പദങ്ങളല്ല. ഇതിനെയൊരു റിഥമിക്കായിട്ട് അടുക്കായിട്ട് റെന്റര്‍ ചെയ്യുമ്പോൾ അതിനുണ്ടാകുന്ന ആ മീറ്ററിന്റെയൊരു ഭംഗി. റെന്റർ ചെയ്യുന്നതിന്റെെയാരു ഭംഗി ആ സിറ്റ്യുവേഷന്റെയൊരു ഗുരുത്വം അതിന്റെയൊരു മൂർച്ച ഇതെല്ലാമാണ് ഇത്തരം ഡയലോഗുകളെ പിൽക്കാലത്ത് സിനിമ കൊട്ടകകളിൽ വന്ന് പോയതിനുശേഷവും ആ ഡയലോഗുകള്‍ അവശേഷിക്കുകയും അടുത്ത ജനറേഷനിലേയക്ക് കൈമാറ്റം ചെയ്യപ്പെടുകയും ഒക്കെ ചെയ്യുന്നത്.

ആ സന്ദർഭത്തിൽ അത്തരം വാക്കുകൾ പലപ്പോഴും പരതേണ്ടി വരില്ല. ചിലപ്പോള്‍ ഞാ‌ൻ ഉപയോഗിച്ച ‌ ഒരു വാക്ക് പോരാന്ന് തോന്നിയാൽ അതിനേക്കാൾ കുറേക്കൂടി ആപ്റ്റായിട്ടുള്ള ഒരുവാക്ക്, കുറേക്കൂടി റിഥമിക്കായിട്ട് ആ സന്ദർഭത്തിന് ഇണങ്ങുന്ന വാക്ക്, അല്ലെങ്കിൽ ആ ഡയലോഗിന് ചേരുന്നവാക്ക് ഞാൻ തേടിയെടുക്കാറുണ്ട്. മലയാളം പോലെ അല്ലല്ലോ നമുക്ക് ഇംഗ്ലീഷ് . മലയാളത്തിൽ നമുക്കറിയാവുന്ന ഒരു പാട് വാക്കുകളുണ്ട് പക്ഷേ, ഇ‌ംഗ്ലീഷിൽ അത്ര സമ്പന്നമാകണമെന്നില്ല നമ്മുടെ വൊക്കാബിലറി. ചിലപ്പോൾ ഒരു വാക്കിന് വേണ്ടി പരതാറുണ്ട്. അന്വേഷിച്ച് പിടിക്കാറുണ്ട്. പറ്റുന്ന വാക്കല്ലാന്ന് തോന്നിയാൽ അതേ അർത്ഥത്തിൽ അതേ ധ്വനിയില്‍ മറ്റൊരു വാക്ക് അന്വേഷിച്ച് പോകാറുണ്ട്. അല്ലാതെ ഞാനൊരു ഭാഷാ ഭണ്ഡാകാരം ഒന്നും ആയതുകൊണ്ടല്ല. അതിന്റെയൊരു പ്രയോഗം ഉള്ളതുകൊണ്ടും ഡയലോഗിന്റെയൊരു മീറ്ററിലേയ്ക്ക് അതിനെ കൊണ്ടുവരാന്‍ പരിശ്രമിക്കുന്നതുകൊണ്ടും അതിന് ഒരു പഞ്ചുണ്ടാകുന്നു.

സോമൻ, എൻഎഫ് വർഗീസ് തുടങ്ങിയ മൺമറഞ്ഞ മഹാരഥന്മാരെക്കുറിച്ച് ?

സോമേട്ടൻ പ്രത്യേകിച്ച് നല്ല വഴക്കാളിയായതുകൊണ്ട് ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കുണ്ടാക്കും. ലേലത്തിലെ ഒരു പ്രത്യേക സീന്‍ ഉണ്ട് ‘‘ തിരുമേനി അന്യൻ വിയര്‍ക്കുന്ന കാശുകൊണ്ട് അപ്പവും തിന്ന് വിഞ്ഞും കുടിച്ച് ’’ ഇന്ന് പറയുന്ന ഡയലോഗ്സ് ഉള്ള പോർഷനിൽ സോമേട്ടൻ കുഴഞ്ഞു. മൂന്ന് നാലു ദിവസം കൊണ്ടാണ് ആ സീൻ എടുക്കുന്നത്. ഞാൻ സീനെഴുതികൊണ്ടിരിക്കുമ്പോൾ എന്റെയടുത്ത് വന്ന് വഴക്കുണ്ടാക്കും. നീ ഇതെല്ലാം എഴുതിക്കൊണ്ട് വന്നാൽ ഞാനെങ്ങനെ പറയും, നിനക്ക് നേരത്തെ എഴുതാൻ മേലെ. ഞാൻ അപ്പോൾ പറയും നേരത്തെ തന്നാൽ നിങ്ങൾ പഠിക്കുമോ. ഞങ്ങൾ തമ്മില്‍ അത്രയ്ക്ക് ഫ്രീഡം ഉണ്ടായിരുന്നു, സ്നേഹമുണ്ടായിരുന്നു, അത്രതന്നെ വഴക്കുമുണ്ടായിരുന്നു.ഡബ്ബ് ചെയ്യുമ്പോള്‍ ഇറങ്ങി പോയിട്ടുണ്ട്. ഞാനെന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ പിണങ്ങും . പിണങ്ങി വെളിയിൽപോയി ഇരിക്കും. ഞാനും വെളിയിൽപോയി ഇരിക്കും. കുറച്ച് കഴിയുമ്പോൾ പുള്ളി ഇങ്ങോട്ട് വരും വാടാ ചെയ്യാം എന്നു പറഞ്ഞ്. കലഹിച്ച് സ്നേഹിക്കുന്ന ഒരാളും സ്നേഹിച്ച് കലഹിക്കുന്നയൊരാളുമായിരുന്നു സോമേട്ടന്‍.

എന്‍. എഫ് .വർഗീസ് ഞാനെഴുതുമ്പോൾ എവിടുന്നേലും വന്ന് ആ പോർഷന്‍സ് ഒക്കെ മനസ്സിലാക്കിയിട്ട് പോകും. എന്‍. എഫ് .വർഗീസിന് നാടകരംഗത്തുള്ള എക്സ്പീരിയൻസ് വളരെ പിന്നെ അതിൽനിന്ന് സിനിമയിലേക്ക് വന്ന പിരീഡും തമ്മിൽ വലിയ വ്യത്യാസമില്ലായിരുന്നതിരുന്നതുകൊണ്ട് വർഗീസ് വലിയ ആവേശം ഉണ്ടായിരുന്നു. വളരെ ആവേശമുള്ള ആക്ടറായിരുന്നു.പത്രത്തിലെ വിശ്വനാഥൻ, ലേലത്തിലെ കടയാടി രാഘവൻ, ദുബായ് എന്നീ സിനിമകളിലെ വേഷം ചെയ്യുമ്പോൾ എന്‍. എഫ് .വർഗീസ് അതിനുമുമ്പ് ചെയ്തിട്ടില്ലാത്തതരം വേഷങ്ങളാണ്. ലേലത്തിലെ വേഷം കിട്ടുമ്പോഴും പത്രത്തില്‍ അഭിനയിക്കുമ്പോൾ എന്‍. എഫ് .വർഗീസ് ഞാനെഴുതുന്നിടത്ത് വന്നിരിക്കും എന്നിട്ട് ആ അതിനെപ്പറ്റി മനസ്സിലാക്കാൻ ശ്രമിക്കും. എന്‍. എഫ് .വർഗീസിന് ഒരിക്കലും ഡയലോഗ് പറയുന്നത് ഒരു പ്രശ്നമായിരുന്നില്ല. അതിന്റെ പേരിൽ ഒരു കലഹമുള്ളയാളായിരുന്നില്ല.

ഒരു നടിക്ക് വേണ്ടി ഇത്രയും ലെങ്തി ഡയലോഗ്സ് എഴുതിയിരിക്കുന്നത് മഞ്ചുവാര്യർക്ക് വേണ്ടി പത്രം എന്ന സിനിമയിലാണ്. ആറാം തമ്പുരാനിലെ ആ കഥാപാത്രത്തെ മാറ്റിനിർത്തിയാല്‍ മഞ്ജു അതിനുമുമ്പ് അങ്ങനത്തെ ഒരു കഥാപാത്രം ചെയ്തിട്ടില്ല. അതുകൊണ്ട് എനിക്ക് ഭയമുണ്ടായിരുന്നു. മദ്രാസിൽ‌ വച്ച് ഞാന്‍ മഞ്ജുവിനെ കണ്ടപ്പോൾ ചോദിക്കുകയും ചെയ്തു. കുറച്ച് നീളമുള്ള ഡയലോഗ്സ് ഉണ്ടായാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്. എനിക്ക് ബുദ്ധിമുട്ടൊന്നുമില്ലായെന്നാണ് മഞ്ജു പറഞ്ഞത്. എന്നെ അതിശയിപ്പിച്ച ഒരു കാര്യം മഞ്ജു ലോക്കേഷനിൽ വന്നിട്ട് , ഇൗ രണ്ട് പേജുള്ള ഡയലോഗ് വായിച്ച് നോക്കിക്കൊണ്ട് കുറച്ച് നടന്നിട്ട് വരുമ്പോള്‍. മഞ്ജു ആ ഡയലോഗ് മനഃപാഠമാകും.

മമ്മൂട്ടി എപ്പോഴു വഴക്കുണ്ടാക്കും ഇത്രയും കടിച്ചാൽ പൊട്ടാത്ത ഡയലോഗ് വേണോ എന്ന് ചോദിച്ച്. ചിലപ്പോൾ ഡബ്ബിങ് ചെയ്യത്തില്ല. ഞാൻ ഡബ്ബിങ്ങിൽ ഇരിക്കുമ്പോൾ. എന്നാൽ നിങ്ങൾ വന്ന് ഡബ്ബ് ചെയ്യ് എന്നു പറഞ്ഞു വഴക്കുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ ഞാൻ പോയി ഡബ്ബ് ചെയ്തിട്ടുണ്ട്. അപ്പോള്‍ പറയും എനിക്കങ്ങനെ പറയാൻ പറ്റില്ല എന്ന്. ഇതൊക്കെ ഒരു സിനിമയുടെ മേക്കിങ്ങിന് ഇടയ്ക്കുണ്ടാകുന്ന സംവാദങ്ങളാണ്. അല്ലാതെ വഴക്കുകളല്ല. ചിലപ്പോൾ അങ്ങോട്ടു ഇങ്ങോട്ടും വാശിയ്ക്ക് വർത്തമാനം പറയും. അവര്‍ പറയുന്നതിൽ ശരിയുണ്ടെങ്കിൽ നമ്മളത് അക്സെപ്റ്റ് ചെയ്യും. ഒരാൾക്കൊന്ന് വഴങ്ങാന്‍ വേണ്ടി ഡയലോഗ്സിൽ എന്തെങ്കിലും കറപ്ഷൻസ് വരുത്തുന്നത് ഒന്നും ഒരു പോരായ്മയായിട്ട് എനിക്ക് തോന്നിയിട്ടില്ല. എനിക്കങ്ങനെയൊരു ഇൗഗോയുമി‌ല്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാനെഴുതിയതിനേക്കാൾ ഇതൊക്കെ ഇൗ ആളുകൾ മനോഹരമായിട്ട് റെന്റർ ചെയ്തതുകൊണ്ടാണ് ഇപ്പോഴും 10-25 വർഷത്തിന് ശേഷം ആളുകൾ ഒാർത്തിരിക്കുന്നത്.

ഞാനെഴുതി ഒരു കടലാസിൽ വച്ചിരുന്നെങ്കിൽ അത് എന്റേതുമാത്രം ആയിരുന്നേനെ. ഒരാളുടെ അടുത്തേയ്ക്ക് മൂന്നുനാലു പേജ് ഡയലോഗ് എഴുതിക്കൊടുക്കുമ്പോൾ സ്വാഭാവികമായിട്ട് ഒരു അങ്കലാപ്പ് ഉണ്ടാകും. മോഹൻ ലാൽ പ്രജ ചെയ്യുമ്പോൾ ഫസ്റ്റ് ഡേ ഡയലോഗ് വായിച്ച് കൊടുക്കുമ്പോൾ എന്നോട് പറഞ്ഞു. ഡയലോഗ് വായിച്ച് തരരുത്. വായിച്ചാൽ എനിക്കങ്ങനെ നിങ്ങളുടെ മീറ്ററിൽ പറയാൻ പറ്റില്ല. എനിക്ക് വഴങ്ങുന്ന ഒരു മീറ്ററിലെ അത് പറയാന്‍ പറ്റുകയുള്ളൂ. അപ്പോൾ ഞാന്‍ പറഞ്ഞു , ഇങ്ങനെ പറഞ്ഞില്ലെങ്കിൽ ഇതിന്റെ പഞ്ചുവേഷന്‍ മാറിപ്പോകും. ഞങ്ങൾ തമ്മിൽ ആദ്യം ഉണ്ടാകുന്ന ഒരു കമ്യൂണിക്കേഷൻ അതാണ് പ്രജയിലെ കഥാപാത്രത്തെക്കുറിച്ച്. ആ മീറ്ററിൽ മമ്മൂട്ടിയ്ക്കോ സുരേഷ് ഗോപിയ്ക്കോ വളരെ ഇൗസിയായിട്ട് പറയാൻ പറ്റും. മോഹൻലാലിന്റെ ആ മീറ്റർ അതല്ല. എനിക്ക് തോന്നുന്നു മോഹൻലാല്‍ എന്ന നടന് ഏറ്റവും വഴങ്ങുന്ന മീറ്റർ എന്ന് പറയുന്നത്. രഞ്ജിത്ത് എഴുതുന്ന ഡയലോഗ്സ് ആണ്. അത് വേറൊരു തരം സിങ്കാണ് അവര്‍ തമ്മിൽ.

ഇടവേള കഴിഞ്ഞ് ഭരത്ചന്ദ്രനുമായി എത്തിയപ്പോൾ ?

ദുബായ് പരാജയമാകുക എന്നു പറയുന്നതിന്റെ പിന്നിൽ സിനിമയുടെ ഒരു മെറിറ്റുമായി ബന്ധപ്പെടാത്ത വേറെയൊരുപാട് വിഷയങ്ങളുണ്ടായിരുന്നു. സിനിമയുടെ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് അതിന് വന്നയൊരു കാലതാമസം ഇങ്ങനെ ഒരുപാട് ഘടകങ്ങളാണ്. അത് ഒരു ഭാഗ്യംകെട്ട സിനിമയായിരുന്നു തുടക്കം മുതൽ. പ്രജ അങ്ങനെ അത്ര ഭീകരമായ പരാജയമായിരുന്നില്ല. പക്ഷേ അത് ഉണ്ടാക്കിയ ഭീകരമായ എക്സ്പെക്ടേഷൻ ഉണ്ടായിരുന്നു. ലേലവും പത്രവും കഴിഞ്ഞുവരുന്ന രണ്ട് സിനിമകൾക്കും ഇൗ ഒരു പ്രതീക്ഷാഭാരം ഉണ്ടായിരുന്നു.

അത് കഴിഞ്ഞ് ഒരു നാലു വർഷത്തിന് ശേഷമാണ് സിനിമയെഴുതുന്നതും സംവിധാനം ചെയ്യുന്നതും. ആ സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍, എന്നോട് വേറെയാരും തിരക്കഥ ആവശ്യപ്പെടുന്ന സമയം ആയിരുന്നില്ല. സിനിമയിൽ നിന്നും പൂര്‍ണ്ണമായിട്ടും ഡിറ്റാച്ച്ഡ് ആയിട്ടുള്ള രണ്ടു മൂന്ന് വർഷമായിരുന്നു അത്. സിനിമയിലെ സ‌ൗഹൃദങ്ങൾ പലതും,. സിനിമയിൽ സജീവമായിരിക്കുമ്പോൾ ബന്ധങ്ങൾ സജീവമായിരിക്കുകയും സിനിമയിൽ സജീവമല്ലാതിരിക്കുമ്പോള്‍ ബന്ധങ്ങള്‍ സജീവമല്ലതാകുക എന്ന ഒരു അവസ്ഥ. ഒരു പക്ഷേ, നമ്മൾ വിഡ്രോ ചെയ്യുന്നതുകൊണ്ടായിരിക്കാം. ആ സിനിമയുെട നിർമ്മാതാവും ഞാന്‍ തന്നെയാണ്. ഞാനെഴുതുന്നു ഞാൻ സംവിധാനം ചെയ്യുന്നു, നിർമിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ അതിൽ ആകർഷകമായ ഒന്നുമില്ല. സുരേഷ് ഗോപിയുടെ മാർക്കറ്റും സീറോ. ഞങ്ങളുണ്ടാക്കിയ വലിയ ഹിറ്റുകളുടെ ഒരു പശ്ചാത്തലം നിലനില്‍ക്കുമ്പോഴും ആ സിനിമകള്‍ ആളുകൾ അപ്പോഴും ആസ്വദിക്കുന്നുണ്ടെന്ന സ്ഥിതിവിശേഷങ്ങൾ നിലനിൽക്കുമ്പോഴൊന്നും ഇൗ സിനിമയക്ക് ടെയ്ക്കേഴ്സ് ഇ‌ല്ല. ആ സിനിമ ഷൂട്ടിങ് തീർന്ന അന്ന് രാത്രിയാണ് സിദ്ദിഖ് ലാൽ വിതരണം ചെയ്യാന്‍ മിനിമം ഗ്രാരന്റി ഒരു തുക പറഞ്ഞിട്ട് ആ സിനിമ ഏറ്റെടുക്കുന്നത്. ആ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞിട്ടാണ് സാറ്റ് ലൈറ്റ് വിൽക്കുന്നത്. ‍ അതിനുംമുമ്പ് സാറ്റ് ലൈറ്റ് എടുക്കാന്‍ ആളില്ലായിരുന്നു. ജീവിതത്തിൽ ഏറ്റവും നല്ല സന്ദർഭം എന്നു പറയുന്നത്. പരാജയത്തിന് ശേഷം തിരിച്ചുവരാനുള്ള പരിശ്രമം നടക്കുന്ന അവസ്ഥയാണ്. നമുക്ക് അപ്പോൾ ലോകത്തിനോട് വാശിയുണ്ടാവും നമ്മളോട് ഉണ്ടാകും. വിജയങ്ങളുടെ പരിലാളനം എന്ന് പറയുന്നത് വളരെ അപകടകരമാണ്. സീരിസ് ഒാഫ് ഹിറ്റ്സ്, ബാക്ക്ടു സിറോ, ശൂന്യത. ആ ശൂന്യതയില്‍ നിന്നുകൊണ്ട് നമ്മൾ ഫയിറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്പിരിറ്റ് ഒരു വിജയത്തിന്റെ പരിലാളാനത്തിനും ഉണ്ടാകില്ല എന്നാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാൻ തിരിച്ചറിഞ്ഞിട്ടുള്ളത്. എല്ലാകാലത്തും എന്നെ നിലനിര്‍ത്തുന്നതിന് ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു. പരാജയത്തിന് നൽകാൻ കഴിയുന്ന ഒരു ഉൗർജം ഒരിക്കലും ഒരു വിജയത്തിന് നൽകാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

renjipanicker-imemyself

പരാജയങ്ങൾ വേദനിപ്പിച്ചോ ?

ജീവിതാനുഭവങ്ങൾ എന്നെ വേദനിപ്പിക്കാറില്ല. ഒരു ദിവസം പോലും എന്റെ അവസ്ഥകൾ എനിക്ക് നിദ്രാഭംഗമുണ്ടാക്കിയിട്ടില്ല. ജീവിതത്തിന്റെ ഇൗ‌ അവസ്ഥകളോട് പൊരുത്തപ്പെടാനുള്ളയൊരു മനസ്സ് എനിക്കുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതുകൊണ്ട് ഇതൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. ഞാനെങ്ങനെ വേദനിക്കുകയോ വ്യാകുലപ്പെടുകയോ ഒരു അരക്ഷിതാവസ്ഥ അനുഭവിച്ചിട്ടില്ല. ഇൗ പറയുന്ന കാലഘട്ടം എനിക്ക് ഒരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്ന ഒരു കാലമാണ് അതിന്റേതായ വേദന സ്വാഭാവികമായിട്ടു ഉണ്ടാകാം. സാമ്പത്തികമായിട്ടും അല്ലാതെയും നമ്മൾ സിനിമയുടെ ഒരു ഗ്ലോറിയിൽ നില്‌ക്കുമ്പോള്‍ അത് നഷ്ടപ്പെട്ടാലുണ്ടാക്കുന്ന വേദനയെന്താണെന്ന് അറിയുന്നില്ല. ആ ഗ്ലോറി ഒരു സുപ്രഭാതത്തിൽ ഇല്ലാതെയാകുകയും അതില്ലാത്ത ഒരു പിരീഡിലൂടെ ജീവിതം മുന്നോട്ടുപോകുകയും ചെയ്യുമ്പോള്‍ ജീവിതം ഇവിടെ അവസാനിച്ചു എന്ന് തോന്നാം. ഇനി ഒരിക്കലും ഒരു തിരിച്ചുവരവ് ഇല്ലായെന്ന് തോന്നാം. പക്ഷേ, അതൊക്കെ നമ്മുടെ തോന്നലുകൾ മാത്രമാണ്. ‍

വീണ്ടു പരിശ്രമിക്കാം, വീണ്ടും അവസരങ്ങൾ ഉണ്ടാകും. എല്ലാ വാതിലും അടഞ്ഞു എന്നു തോന്നുന്നിടത്ത് വേറൊരു വാതിൽ നമ്മൾ കാണാതെ ഒരു വഴിതുറന്നിട്ടുണ്ടാകാം. ഇതൊക്കെ നമ്മൾ ജീവിതത്തെ പ്രായോഗികമായി കാണാൻ ശ്രമിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു ഉൗർജമാണ്. ഇൗ പറയുന്ന ഗ്ലോറിയും, പരാജയവും താല്കാലികമാണ്. പരാജയം നമ്മളെ തീർച്ചയായിട്ടും ബാധിക്കും, അത‌ില്‍ നിന്ന് എത്ര വേഗം പുറത്ത് കടക്കുന്നു എന്നുള്ളതാണ് ഏറ്റവും ഇംപോർട്ടെന്റായിട്ടുള്ള കാര്യം. ആ പരാജയത്തിൽ സ്വയം പരിതപ്പിച്ച് കൊണ്ട് എത്രനാൾ വേണമെങ്കിലും മുന്നോട്ട് പോകാം. എന്റെ സിനിമ പരാജയപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തരവാദി തിരക്കഥയെഴുതിയ ഞാനാണെന്നാണ് വിശ്വസിക്കുന്നത്. എല്ലാ വിജയങ്ങളുടെ മേനി ഞാന്‍ അവകാശപ്പെടില്ല എന്നാലും. എല്ലാ പരാജയങ്ങളുടെയും ഉത്തരവാദി ഞാനാണ്. എല്ലാ വിജയങ്ങളിലും മറ്റുള്ള വ്യക്തികളുെട സംഭാവനകൾ അനവധിയാണ്. പരാജയം എന്നെ സംബന്ധിച്ച് കൂടുതല്‍ പരിശ്രമിക്കാനുള്ള എന്റെ ഉത്തരവാദിത്തം എനിക്ക് മനസ്സിലാക്കിതരുന്ന അനുഭവങ്ങളാണ്.

ഷാജി കൈലാസിനൊപ്പം ഇനി കൂട്ടുകെട്ട് ഉണ്ടാവുമോ ?

ഷാജി കൈലാസിന്റെ ഒരു സിനിമ ജനം നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഒന്നാണ്. ഒരാളിൽനിന്ന് ഇനിയും പ്രതീക്ഷിക്കാനുണ്ട് എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ഇതിനുമുമ്പ് ചെയ്ത സിനിമകൾ പരാജയമായിട്ടുണ്ടാവാം വിജയമാവാം. സിനിമയിൽ അങ്ങനെ അൾട്ടിമേറ്റായിട്ട് എല്ലാം വിജയിക്കുന്ന ഒരു അവസ്ഥ ഒരാൾക്കും ഉണ്ടായിട്ടില്ല. പരാജയങ്ങളും വിജയങ്ങളും സിനിമയിലുണ്ടാകും. ഇനി ഇയാളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കെണ്ടാ എന്ന് ജനം തീരുമാനിക്കുന്നിടത്താണ് ഒരാളുടെ കലാ ജീവിതത്തിന് വിരാമമിടുന്നത്. ഷാജികൈലാസിൽ നിന്ന് മാസ് സിനിമകൾ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷയുണ്ട്. ഷാജി കൈലാസിൽ നിന്നും ഹിറ്റുകൾ പ്രതീക്ഷിക്കുന്ന പ്രേക്ഷകരുണ്ട്. ഞാനും ഷാജിയും തമ്മിലുള്ള ബന്ധം ദൃഢമായിട്ടുള്ള ബന്ധമാണ്. അടുത്തവർഷം ഷാജിക്കുവേണ്ടി ഒരു സിനിമ ചെയ്യുമെന്നാണ് വിശ്വാസം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.