Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിനു നടുവിൽ കടംവീട്ടിയ ഉമ്മ

dulquer-kalpana

ദുൽഖർ സൽമാൻ കൊടുക്കാനുണ്ടായിരുന്ന കടം, കടലിനു നടുവിൽവച്ചു കവിൾനീട്ടി വാങ്ങി കൽപന യാത്രയായി. മലയാള സിനിമയിൽ കൽപനയുടെ അവസാന സീൻ അതായിരുന്നു. ജീവിതത്തിൽ ദുൽഖർ സൽമാനു സൂക്ഷിച്ചുവയ്ക്കാനുള്ള കൽപനയുടെ അവസാന സീനും അതുതന്നെയായി. ദുൽഖർ നായകനായ മാർട്ടിൻ പ്രക്കാട്ടിന്റെ ‘ചാർലി’ എന്ന സിനിമയിൽ കൽപന വളരെ കുറച്ചു നേരമേ അഭിനയിക്കുന്നുണ്ടായിരുന്നുള്ളൂ. എന്നാൽ കൽപനയുടെ വേഷം അതീവ ഹൃദയസ്പർശിയായിരുന്നു.

കടലിനു നടുക്കു ബോട്ടിൽവച്ചു നിറഞ്ഞ മനസ്സോടെ തന്റെ ജീവിതാഭിലാഷം പൂർത്തിയാക്കുന്ന കൽപനയുടെ മേരിയെന്ന കഥാപാത്രം കാണികളെ ഞെട്ടിച്ചുകൊണ്ടു തിരകളിലേക്ക് അപ്രത്യക്ഷമാകുകയായിരുന്നു. അതായിരുന്നു കൽപനയുടെ അവസാന സീൻ. അതിനു തൊട്ടു മുൻപായിരുന്നു തിരകളിൽ ചാഞ്ചാടിക്കൊണ്ടുനിന്ന ബോട്ടിൽവച്ചു ദുൽഖറിന്റെ കടം വീട്ടൽ. ‘എനിക്കു കൽപന ചേച്ചിയുമായി വലിയൊരു കടമുണ്ടായിരുന്നു. അതു കടലിനു നടുവിൽ വച്ചാണു വീട്ടിയത്. അതിന്റെ ഞെട്ടലിൽനിന്നു ഞാനിപ്പോഴും മാറിയിട്ടില്ല’–ദുൽഖർ പറഞ്ഞു. കുട്ടിക്കാലത്തു ഞാനും സഹോദരിയും വാപ്പച്ചിയോടൊപ്പം (മമ്മൂട്ടി) ഷോകൾക്കു പോകുമ്പോൾ ഞങ്ങളെ കൊണ്ടുനടന്നിരുന്ന ഒരാൾ കൽപന ചേച്ചിയാണ്. കുട്ടിക്കാലത്ത് എടുത്തു നടന്നിരുന്ന ഒരു ചേച്ചി... ചാർലിയിൽ ഒരുമിച്ചഭിനയിക്കുമ്പോൾ ചേച്ചിക്കു വലിയ സന്തോഷമായിരുന്നു.

രാത്രി കടലിലെ ബോട്ടിലായിരുന്നു ഷൂട്ടിങ്. ബോട്ടിൽ കയറാൻ ചേച്ചിക്കു വലിയ പേടിയായിരുന്നു. അവസാനം ഞങ്ങൾ കൈ പിടിച്ചു കൂടെനിൽക്കുകയായിരുന്നു. ജീവിതത്തെയും രോഗത്തെയും ഒരിക്കലും പേടിക്കാതെ ചിരിച്ചുകൊണ്ടിരുന്ന ചേച്ചി ബോട്ട് ആടുമ്പോഴെല്ലാം അയ്യോ, അയ്യോ എന്നു വിളിച്ചുകൊണ്ടിരുന്നു. എന്നെ വിളിച്ചിരുന്നതു മോനെ എന്നാണ്. ആ സീനിൽ ‍ഞാൻ ചേച്ചിക്ക് ഉമ്മ കൊടുക്കുന്നൊരു ഭാഗമുണ്ട്. ഉമ്മ കൊടുത്തപ്പോൾ ചേച്ചി പറഞ്ഞു, ‘എടാ, നീ കുട്ടിയായിരുന്നപ്പോൾ ഉമ്മ ചോദിച്ചാൽ ഒരിക്കലും തരുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ ചോദിച്ചുകൊണ്ടേയിരിക്കും. പക്ഷേ നീ തരില്ല. ഇപ്പോൾ ഈ കടലിനു നടുവിൽവച്ചു നീ ആ ഉമ്മ എനിക്കു ചോദിക്കാതെ തന്നിരിക്കുന്നു. നിന്റെ കടം വീടി. എനിക്കു ഭയങ്കര സന്തോഷമായി, ട്ടോ’. അതു കേട്ട് എല്ലാവരും ചിരിച്ചു.

ചേച്ചി എന്നെ ചേർത്തുപിടിച്ചു ചിരിച്ചു. സത്യത്തിൽ ബോട്ടിൽ വലിയൊരു സംഘമുണ്ടായിരുന്നില്ല. എനിക്കു തോന്നിയത് വീട്ടിലെന്നപോലെയാണ്. കുട്ടിക്കാലത്തു മുതൽ എന്നെ വാത്സല്യത്തോടെ കൊണ്ടുനടന്ന ഒരാൾ ആ സീനിൽ പെട്ടെന്ന് അപ്രത്യക്ഷമാകുമ്പോൾ മനസ്സിലൊരു വിഷമം തോന്നിയിരുന്നു. ഇപ്പോൾ ജീവിതത്തിൽനിന്നും കൽപന ചേച്ചി അതിലും വേഗം അപ്രത്യക്ഷമായിരിക്കുന്നു. എന്താണ് മനസ്സിലെന്ന് എനിക്കുതന്നെ അറിയില്ല’ – ദുൽഖർ പറഞ്ഞു. ചാർലി റിലീസായി കുറച്ചു ദിവസങ്ങൾക്കു ശേഷം കൽപന ദുൽഖറിനെ വിളിച്ചിരുന്നു. ദുൽഖറിന്റെ അഭിനയത്തെക്കുറിച്ചും തനിക്കു കിട്ടുന്ന അഭിനന്ദനങ്ങളെക്കുറിച്ചും പറഞ്ഞു. കാണാം എന്നു പറഞ്ഞുവെങ്കിലും അതുമാത്രം ബാക്കിയായി. തിരകളെ സാക്ഷിയാക്കി കൊടുക്കാനുണ്ടായിരുന്ന ഒരുമ്മയുടെ കടം വീട്ടിയതു മാത്രം സന്തോഷമായി ദുൽഖറിന്റെ മനസ്സിൽ നിൽക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.