Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം ജി സോമനെയും ബഹദൂറിനെയും പോലെ ഒടുവിൽ കൽപനയും

soman-kalpana-bahadur സോമൻ, ബഹദൂർ, കല്‍പന

അഭിനയിച്ച് അഭിനയിച്ച് അരങ്ങിന്റെ ഭാഗമായി മരിക്കുകയെന്നത്, തികഞ്ഞ കലാകാരന്മാർ ആഗ്രഹിക്കുന്ന ഒന്നുതന്നെ, എന്നാൽ എത്രപേർക്ക് ഇതിനു ഭാഗ്യമുണ്ടാകുന്നു. ഇനി, അവർ ആഗ്രഹിക്കുന്നതുപോലെ അപൂർവ്വമായ ഈ ഭാഗ്യം അവരെ തേടിയെത്തിയാലോ, പ്രേക്ഷകർക്കത് ഉൾക്കൊള്ളാനാവില്ല താനും. അരങ്ങിൽ മരണം ആടി തീർത്ത്‌ നേരെ മരണത്തിലേക്ക് കയറിപോയ പ്രിയപ്പെട്ട താരങ്ങളെ ഓർത്താലോ? ചെയ്ത വേഷം എത്ര ഗംഭീരമായിരുന്നു എങ്കിലും പറയാതെ വയ്യ, ആ കഥാപാത്രം അറംപറ്റിയെന്ന്.

മലയാള സിനിമയിൽ ഇത്തരം മരണങ്ങൾ പുത്തരിയല്ല. അവസാനം അഭിനയിച്ച സിനിമയിൽ മരണം അഭിനയിച്ചു ഒടുവിൽ മരണത്തെ സ്വീകരിച്ച് ഇപ്പോൾ കൽപനയും ആ ശ്രേണിയുടെ ഭാഗമായിരിക്കുകയാണ്. കല്പന അവസാനമായി അഭിനയിച്ച ചാർലി എന്ന സിനിമയിൽ തന്റെ കഥാപാത്രമായ ക്വീൻ മേരി, കടലിന്റെ ആഴങ്ങളിൽ ഒളിച്ച് മരണത്തെ സ്വീകരിക്കുകയായിരുന്നു. ക്വീൻ മേരി മരിച്ചപ്പോൾ ബാക്കിയായ ഏക ദുഃഖം തന്റെ മകൾ തനിച്ചായി എന്നതായിരുന്നു. ചാർലിയിൽ കൽപന അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ വിധി അറംപറ്റിയ പോലെയായി കല്പനയുടെ മരണം, അവിടെയും ബാക്കിയായ മകൾ ശ്രീമയിയുടെ ജീവിതം.

കൽപനയ്ക്ക് മുൻപ് നടന എം ജി സോമനും ഹാസ്യ സാമ്രാട്ട് ബഹദൂറും ഇത്തരത്തിൽ, കഥാപാത്രത്തോടൊപ്പം മണ്ണിന്റെ ഭാഗമായവരാണ്. എം ജി സോമൻ അവസാനമായി അഭിനയിച്ച ലേലം എന്ന ചിത്രത്തിൽ, കഥാപാത്രമായ ആനക്കാട്ടിൽ ഈപ്പച്ചൻ കുത്തുകൊണ്ട് മരിക്കുകയാണ്. ആ കഥാപാത്രത്തെ അവതരിപ്പിച്ചു അധികം വൈകും മുൻപ് എം ജി സോമൻ അന്തരിച്ചു.

വലിയൊരു ഇടവേളയ്ക്കു ശേഷം ലോഹിതദാസ് ചിത്രമായ ജോക്കറിലൂടെ അഭിനയലോകത്തു തിരിച്ചെത്തിയ ബഹദൂറിന്റെയും കഥയിതു തന്നെ. ബഹദൂർ അവതരിപ്പിച്ച അബൂക്ക എന്ന കഥാപാത്രം സിംഹത്തിന്റെ ആക്രമണത്തിനു ഇരയായി സർക്കസ് കൂടാരത്തിൽ മരിക്കുന്നതായാണ് ചിത്രത്തിൽ. ആ മരണ രംഗം, ആ കലാകാരന്റെ ജീവിതത്തിലെ അവസാന അഭിനയ മുഹൂർത്തമായി എന്ന് പ്രത്യേകം പറയണ്ടല്ലോ. ചിത്രം കഴിഞ്ഞ് അധികം വൈകാതെ ബഹദൂർ മരണപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.