Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയെത്തും മുമ്പേ അയാസിന്റെ മൗനഗാനം

ayas

ശീമത്തമ്പുരാനെ അത്രപെട്ടെന്നു മറക്കാനാകുമോ ? മലയാളത്തിന്റെ നിഷേധിയായ സംവിധായകൻ ടി.വി.ചന്ദ്രന്റെ പൊന്തൻമാടയിൽ ഇന്ത്യയിലെ മികച്ച നടൻമാരിലൊരാളായ നസിറുദ്ദീൻ ഷാ അനശ്വരമാക്കിയ കഥാപാത്രം. ഐറിഷ് വിപ്ലവകാരിയാണു തമ്പുരാൻ. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായ സമരഭടൻ. രാജ്യത്തുനിന്ന് അയാൾ ഭ്രഷ്ടനാക്കപ്പെട്ടു. നാടും വീടും ഉപേക്ഷിച്ച്, ബന്ധുക്കളെ പിന്നിലാക്കി തമ്പുരാൻ എത്തിയത് കേരളത്തിൽ. ഉറ്റസുഹൃത്ത് പൊന്തൻമാട. കേരളത്തിൽ ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിച്ച് നാടൻ കൃഷിക്കാരനായി ജീവിക്കുമ്പോഴും അയാൾ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഐർലൻഡിൽനിന്നു ബന്ധുക്കൾ തന്നെത്തേടിയെത്തുമെന്ന പ്രതീക്ഷ.

മരിച്ചാൽ ചിതാഭസ്മം ഒരു മൺകുടത്തിലാക്കി സൂക്ഷിക്കണമെന്നു തമ്പുരാൻ മാടയെ ശട്ടം കെട്ടിയിരുന്നു. തന്നെത്തേടിയെത്തുന്നവർക്ക് അത് സമ്മാനിക്കണമെന്നും. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തവനായി ജീവിക്കാനും മരിക്കാനുമായിരുന്നു തമ്പുരാന്റെ യോഗം. ശീമത്തമ്പുരാനെ ഓർമിപ്പിച്ചു ശനിയാഴ്ച മേളയിൽ പ്രദർശിപ്പിച്ച ഇമ്മോർട്ടൽ എന്ന ചിത്രത്തിലെ അയാസ് എന്ന വൃദ്ധന്റെ കഥാപാത്രം. മൽസരവിഭാഗത്തിലെ ഇറാന്റെ പ്രതിനിധിയാണ് ഇമ്മോർട്ടൽ. ആദ്യപ്രദർശനം കഴിഞ്ഞപ്പോൾത്തന്നെ പ്രതിനിധികൾ ഉറപ്പിക്കുന്നു: ഇത്തവണ ഒരു പുരസ്കാരമെങ്കിലും ഇമ്മോർട്ടലിനു ലഭിക്കും.

ശബ്ദങ്ങളിൽ ജീവിക്കുന്ന മനുഷ്യനാണ് അയാസ്. പ്രിയപ്പെട്ടവരൊക്കെ വിട്ടുപോയി. അതിൽ അയാൾക്കും പങ്കുണ്ട്. കുറ്റബോധം മനസ്സിൽ ഉമിത്തീ പോലെ നീറിപ്പിടിക്കുന്നു. വി‌ടപറഞ്ഞവരുടെ ഓർമ നിലനിർത്തുന്നത് ഒരു കാസറ്റ്. അതിലെ ശബ്ദങ്ങൾ മാത്രമാണയാൾക്കു കൂട്ട്. ജീവിതത്തെ അയാൾ ശപിക്കുന്നു. മരിച്ചാൽ മതി. എങ്ങനെ മരിക്കും. ശീമത്തമ്പുരാനെപ്പോലെ അയാളും അടുത്തുവരുന്ന മരണത്തിന്റെ കാലൊച്ചകൾക്കുവേണ്ടി കാത്തിരിക്കുന്നു. മേളയുടെ രണ്ടാം ദിനം ഇമ്മോർട്ടലിന് അവകാശപ്പെട്ടതാണ്.

cellu

കാനിലെ പുരസ്കാരത്തിന്റെ പ്രഭയുമായെത്തിയ ചിത്രമാണ് മൗണ്ടൻസ് മേ ഡിപാർട്ട്. ജിയാ ഷാങ്കേയുടെ പുതിയ ചിത്രം. 2025 ദൃശ്യവൽക്കരിക്കുന്ന ചൈനീസ് സംവിധായകന്റെ സാഹസിക ശ്രമത്തിനു മേളയിൽ കയ്യടി കിട്ടി. രണ്ടേകാൽ മണിക്കൂർ ദൈർഘ്യം ക്ഷമ പരീക്ഷിച്ചെങ്കിലും ആഗോള മുതലാളിത്തം നീരാളിക്കൈകളാൽ മനുഷ്യന്റെ നിഷ്കളങ്കതയെ ആക്രമിക്കുന്നതു വേദനിപ്പിക്കുന്ന അനു‌ഭവമാക്കാൻ ജിയാ ഷാങ്കേയ്ക്കു കഴിഞ്ഞു. കാമുകിയെ സ്വന്തമാക്കി അവളിൽ ജനിക്കുന്ന പൊന്നോമനപ്പുത്രന് മൗണ്ടൻസിലെ കഥാപാത്രം ഇടുന്ന പേര് ഡോളർ എന്നാണ്. സ്വപ്നങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും ഡോളറിലാകുന്ന കാലത്തിന്റെ ക്രൂരത ഇതിലും വിദഗ്ധമായി എങ്ങനെ ചിത്രീകരിക്കും.

ഡിസംബറിലെ മഴയ്ക്കൊരു പ്രത്യേകതയുണ്ട്. എപ്പോൾ പെയ്യുമെന്നോ, പെയ്തു തോരുമെന്നോ ഒരു പിടിയും തരാത്ത മഴ. 20-ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനം ഉച്ചയ്ക്കു മഴ പെയ്തെങ്കിലും പെട്ടെന്നു തോർന്നു. രണ്ടു ചിത്രങ്ങളുടെ പ്രദർശനം മാത്രമേ ഉള്ളുവെന്നതിനാൽ പ്രതിനിധികളെ കഷ്ടപ്പെടുത്തിയില്ല. ശനിയാഴ്ച പക്ഷേ മഴ രസംകൊല്ലിയായി. ഉച്ച മുതൽ ശക്തമായ മഴ. ധന്യ, രമ്യ തിയറ്ററിൽ നിന്നു ദ് മെഷർ ഓഫ് എ മാൻ എന്ന അഭിനയത്തിനു കാനിൽ പുരസ്കാരം നേടിയ ചിത്രം കണ്ടിറിങ്ങിയവർ മഴയിൽ മുങ്ങിക്കുളിച്ചു. നിരത്തുകളിൽ ആർത്തലച്ചൊഴുകുന്ന വെള്ളം. ശക്തി കുറഞ്ഞെങ്കിലും മഴ പിന്നെ തോർന്നതേയില്ല. വൈകിട്ടും മഴയെത്തി; കുളിരും തണുപ്പുമായി.

immortal

ഒരു ദിവസം താമസിച്ചാണെങ്കിലും കൈരളി തിയറ്റർ അണിഞ്ഞൊരുങ്ങി. ശനിയാഴ്ച പ്രഭാതത്തിൽ കൈരളി ഉണർന്നത് മേളയുടെ ഗാംഭീര്യം കാണിക്കുന്ന ഗോപുരവാതിലുമായാണ്. ബാനറുകളും പോസ്‌റ്ററുകളും നിരന്നു. പിന്നാലെ പ്രേക്ഷകരും കൈരളിയെത്തേടിയെത്തി. ഏറ്റവും കൂടുതൽ തിരക്ക് കൈരളിയിലും ശ്രീയിലും നിളയിലും തന്നെ. വൈകിട്ട് ഇരമ്പിയെത്തിയ മഴത്തുള്ളിക്കിലുക്കങ്ങൾക്കൊപ്പം പാട്ടും തുടങ്ങി. ഇനിയുള്ള ദിവസങ്ങൾ കൈരളിയുടേതാണ്. കൈരളിപ്പടിയിലെ കാത്തിരിപ്പ് വെ‌റുതെയായില്ല. ആഘോഷത്തിന്റെ അരങ്ങ് ഒരുങ്ങിക്കഴിഞ്ഞു. മേളം കൊഴുപ്പിക്കേണ്ടത് പ്രേക്ഷകരാണ്. മികച്ച ചിത്ര‌ങ്ങൾക്കൊപ്പം ഉണർവിന്റെ, ആവേ​ശത്തിന്റെ അലമാലകൾക്കുവേണ്ടിയും കാത്തിരിക്കാം....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.