Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്നു വിളിക്കേണ്ട; വരും,വരാതിരിക്കാനാവില്ല

iffk-last

തിയറ്ററിൽ ചിത്രം തീരുമ്പോൾ കയ്യടി ഉയരാറുണ്ട്. മഹത്തായ ചിത്രങ്ങൾക്കൊടുവിൽ പ്രേക്ഷകർ എഴുന്നേറ്റുനിന്നു കയ്യടിക്കാറുണ്ട്. അപൂർവമായി ചിത്രത്തിനിടെ ചില രംഗങ്ങൾക്കും കയ്യടി കിട്ടും. തുർക്കി ചിത്രം മസ്താങ് പ്രദർശിപ്പിച്ചപ്പോഴൊക്കെ പ്രേക്ഷകർ കയ്യടികൾ സമ്മാനിച്ചു. ഒന്നിലേറെ രംഗങ്ങൾക്കു ഹർഷാരവങ്ങൾ അകമ്പടിയായി. താമസിക്കുന്ന വീട് ജയിൽപോലെയായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന പെൺകുട്ടികൾ. എവിടേക്കു പോകണമെന്നോ എങ്ങോട്ടു പോകണമെന്നോ അവർക്കറിയില്ല.

അജ്ഞാതമായ ഭാവിയിലേക്ക് സാഹസികമായ ശ്രമങ്ങൾക്കൊടുവിൽ അവർ രക്ഷപ്പെടുന്നു. ഡ്രൈവിങ്ങിന്റെ പാഠങ്ങളൊന്നുമറിവില്ലാത്ത, ലൈസൻസ് എടുക്കാനുള്ള പ്രായമായിട്ടില്ലാത്ത കൊച്ചു പെൺകുട്ടി ഓടിക്കുന്ന കാറിൽ അവർ പുറത്തേക്കിറങ്ങുമ്പോൾ തീയറ്റർ നിറഞ്ഞു കയ്യടികൾ. ആവേശഭരിതരായ പ്രേക്ഷകർ എല്ലാം മറന്നു കയ്യടിക്കുന്നു. ആർപ്പു വിളിക്കുന്നു. പിന്തുണയ്ക്കുന്നു. തലമുറകളായി പെൺകുട്ടികളെ അടിച്ചമർത്തി ജീവിക്കുന്ന, സ്വാതന്ത്ര്യം നിഷേധിക്കുന്ന ലോകത്തുനിന്നു രക്ഷപ്പെടുന്നവരായതുകൊണ്ടാണ് അവർക്കു കയ്യടി കിട്ടിയത്. അഭിനന്ദിക്കേണ്ടതുതന്നെ. ‌ ഇരുപതാമതു മേള അവസാനിക്കുകയാണ്. എല്ലാ തിയറ്ററിലും എല്ലാ സമയത്തും സ്ക്രീനിങ് നടക്കുന്ന അവസാന ദിനമാണ് വ്യാഴം.

അവസാന ദിവസം പ്രഖ്യാപനങ്ങൾക്കുള്ള കാത്തിരിപ്പ്. മികച്ച ചിത്രം, സംവിധായകൻ......കാണാൻ സാധിക്കാതിരുന്ന ചില മികച്ച ചിത്രങ്ങൾ കാണാനുള്ള അവസാന അവസരവുമുണ്ട്. പതിവുപോലെ വിവാദങ്ങൾ മേളയെ കാർന്നുതിന്നാനെത്തിയ ദിവസം കൂടിയായിരുന്നു വ്യാഴം. കേന്ദ്രസ്ഥാനത്തു ലവ് എന്ന ചിത്രം. ചിത്രം കണ്ടിറങ്ങിയപ്പോഴുണ്ടായ പരിഹാസത്തിന്റെ അലയൊലികൾ കൈരളിയുടെ പടവുകളിൽ പ്രതിഷേധത്തിന്റെ ശബ്ദം കേൾപ്പിച്ചു. ലൈംഗിക അതിപ്രസരമുള്ള ചിത്രങ്ങൾ ഏറെയുണ്ടെന്ന ആക്ഷേപങ്ങൾ. അത്തരം ചിത്രങ്ങൾ കാണാൻവേണ്ടി മാത്രമാണു പ്രേക്ഷകർ വരുന്നതെന്ന വിലയിരുത്തലുകൾ. ഇതു ചലച്ചിത്രമേളയല്ലെന്നും ‘പോൺമേള’യാണെന്നുമുള്ള ആരോപണങ്ങൾ.

ആരോപണങ്ങളും ആക്ഷേപങ്ങളും സ്വാഭാവികം. അതു പതിവാണ്. ഇത്തവണ സംഘാടനത്തെക്കുറിച്ചു പറയാൻ വലിയ പരാതികളൊന്നുമുണ്ടായില്ല. റിസർവേഷൻ സിസ്റ്റം വലിയൊരളവുവരെ വിജയിച്ചു. അച്ചടക്കമില്ലാത്ത കാണികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും ഒറ്റപ്പെട്ടവ മാത്രം.

പ്രതിനിധികളൊക്കെ ലൈംഗിക അതിപ്രസരമുള്ള ചിത്രങ്ങൾ കാണാൻ മാത്രമാണു വരുന്നതെന്ന ആരോപണത്തിൽ വസ്തുതയുണ്ടോ ? ലവ് എന്ന ചിത്രത്തെക്കുറിച്ചു നേരത്തേതന്നെ നിറംപിടിപ്പിച്ച വാർത്തകൾ വന്നു. എല്ലാത്തവണയും ഇത്തരം ചിത്രങ്ങൾ ഉണ്ടാകാറുണ്ട്. ആന്റിക്രൈസ്റ്റ്, ഫയർ, ബ്ലൂ ഈസ് ദ് വാമസ്റ്റ് കളർ എന്നിവയൊക്കെ കഴിഞ്ഞ മേളകളിൽ വിവദമുയർത്തി. ഇത്തരം ചിത്രങ്ങൾ കാണാൻ തിരക്കുണ്ടെന്നുള്ളതു വാസ്തവം. പക്ഷേ, അവയ്ക്കു മാത്രമല്ല തിരക്ക്. കുറ്റബോധത്തിൽ നീറി മരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട് ‘അനശ്വരനായ’ വൃദ്ധന്റെ കഥ പറയുന്ന ഇമ്മോർട്ടൽ കാണാൻ തിരക്കുണ്ടായിരുന്നു. ഒരിക്കലല്ല. പല തവണ കാണിച്ചപ്പോഴും തിരക്ക്. കാനിൽ ഉന്നത പുരസ്കാരം നേടിയ ധീപൻ പ്രദർശിപ്പിച്ചപ്പോഴും തിരക്ക്.

താരതമ്യേന ആസക്തികളുടെ അഗ്നിനാളങ്ങൾ എരിയുന്ന അധികം രംഗങ്ങളില്ലാത്ത മലയാള ചിത്രങ്ങൾക്കു തിരക്കു കൂട്ടിയവർ അനാവൃത ശരീരം കണ്ട് ആസ്വദിക്കാൻ എത്തിയവരായിരുന്നോ ? ഒഴിവു ദിവസത്തെ കളി, ഒറ്റാൽ എന്നിവയൊക്കെ പ്രദർശിപ്പിച്ചതു നിറഞ്ഞ സദസ്സിൽ. വേറെയും എത്രയോ ഉദാഹരണങ്ങൾ. ജാഫർ പനാഹിയുടെ ടാക്സി, എംബ്രേസ് ഓഫ് ദ് സെർപന്റ്, ടാന്ന എന്നിവയൊക്കെ മറക്കാനാകുന്നില്ലല്ലോ. അവയിലൊന്നും വിവാദരംഗങ്ങൾ ഇല്ലല്ലോ ..

സെൻസർ ചെയ്യാത്ത ചിത്രങ്ങൾ പൂർണമായി കാണാനെത്തുന്നവരാണു മലയാളികളെന്ന ആക്ഷേപത്തിന്റെ മുനയൊടിക്കാൻ ഇത്രയുമൊക്കെ കാരണങ്ങൾ പോരേ. വിവാദങ്ങളുണ്ടാകുന്നതു സ്വാഭാവികം. ചൂടൻ സിനിമകൾ ചർച്ച ചെയ്യപ്പെടുന്നത് അതിലേറെ സ്വാഭാവികം, അവയൊന്നും പങ്കാളിത്തത്തിൽ വലിയ റെക്കോർഡുകൾ നേടിയ തിരുവനന്തപുരം മേളയുടെ പകിട്ടു കുറയ്ക്കുന്നില്ല. ദേശീയ ചലച്ചിത്രമേളയിൽ ഓരോ വർഷം കഴിയുന്തോറും പങ്കാളിത്തം കുറയുമ്പോഴും ഐഫ്എഫ്കെ മുന്നോട്ടുതന്നെ. ലോക സിനിമകളുടെ ജാലകം തുറക്കുന്ന മേള കൊച്ചുകേരളത്തിന്റെ അഭിമാനമാണ്; അന്തസ്സാണ്. അതിന്റെ കഴുത്ത് ഞെരിക്കരുത്. പരിമിതികളെയും ദൗർബല്യങ്ങളെയും അതിജീവിച്ചു പുതിയ ഉരയങ്ങൾ കീഴടക്കാൻ സഹായിക്കിക എന്നതാകണം സമീപനം. നിഷേധാത്മക വിമർശനങ്ങൾ ഒഴിവാക്കാം; സർഗാത്മകമായി കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടാം.

മസ്താങ് സിനിമയുടെ അവസാനരംഗത്തിൽ പെൺകുട്ടികൾ പരിചയമില്ലാത്ത നഗരത്തിൽ ഒരു വിലാസം തിരക്കി നടക്കുന്നു. ആരെയാണവർ തിരക്കുന്നതെന്നു പ്രേക്ഷകർ അറിയുന്നില്ല. തേടിനടന്നു വീടു കണ്ടുപിടിക്കുന്നു. അതു കുട്ടികളെ പഠിപ്പിച്ച അധ്യാപികയുടെ വീടാണ്. അവർ കുട്ടികളെ ചേർത്തണച്ചു പിടിച്ചു ചുംബിക്കുന്നു. ആശ്രയത്തിന്റെ അഭയത്തിന്റെ, സാന്ത്വനത്തിന്റെ വീടും അധ്യാപികയും. അറിവു വിളക്കിച്ചേർത്ത ബന്ധത്തിന്റെ ശക്തി. ചലച്ചിത്രമേളകൾ പ്രേക്ഷകർക്കു പകരുന്നതും അറിവാണ്, അനുഭവമാണ്. കാഴ്ചയുടെയും കേൾവിയുടെയും പുതിയ ലോകങ്ങൾ. തിരിച്ചുവരാതിരിക്കാനാവില്ല ഇവിടേക്ക്. എവിടെയൊക്കെ പോയാലും ആരൊക്കെ ആയാലും വീണ്ടും വരും ചലച്ചിത്രമേളയ്ക്ക്. അതേ, വരും, വരാതിരിക്കില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.