Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടുന്നു, ഞങ്ങൾ നിന്റെ വീരഗാഥകൾ

dheepan-images

സ്കൂളിലെ ആദ്യദിനം. ഇള്ളയാൾ ക്ലാസ്സ് മുറിയിൽ നിന്ന് ഇറങ്ങിയോടി. പുറത്തേക്കു നടന്നുപോകുന്ന ധീപന്റെ‌യും യാലിനിയുടെയും അടുത്തേക്ക്. എനിക്കു വയ്യ. എന്നെക്കൂടി വീട്ടിലേക്കു കൊണ്ടുപോകൂ. കരയുന്ന യാലിനിയുടെ കണ്ണീരൊപ്പി ധീപൻ.

പഠിച്ചു മിടുക്കിയാകണ്ടേ. നന്നായി ജീവിക്കണ്ടേ. ഇപ്പോൾ നമ്മൾ നിലവിളികളില്ലാത്ത ഒരു രാജ്യത്തിലാണ്. മൃതദേഹങ്ങളിൽ തട്ടി നടക്കേണ്ടതില്ലാത്ത വഴികളിൽ. മൂക്കിലേക്കു മൃതഗന്ധം അടിച്ചുകയറാത്ത വഴികളിൽ. തിരിച്ചുപോകണോ നിനക്ക് പിന്നിലുപേക്ഷിച്ച ആ നാട്ടിലേക്ക്. ഇള്ളയാൾ കണ്ണുതുടച്ചു. ധീപന്റെ കണ്ണുകളിലേക്കു നോക്കി വിളിച്ചു: അച്ഛാ.... അപ്പോൾ മുതൽ ധീപൻ ഇള്ളയാളുടെ അച്ഛനായി. മറ്റൊരു ദിനം. ഇള്ളയാളിനെ ക്ലാസ്സ് മുറിയിലാക്കി തിരിച്ചുപോകുന്ന യാലിനി. ഇള്ളയാൾ പുറത്തേക്കോടി. നടന്നുപോകുന്ന യാലിനിയെ പിടിച്ചുനിർത്തി. ‌

എന്റെ കവിളിൽ ചുംബിക്കൂ. അങ്ങനെയാണ് ഇവിടെ എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ ചെയ്യുന്നത്. എനിക്കും വേണം. ചുംബനം. അമ്മയുടെ ചുംബനം. യാലിനി ഇള്ളയാളിനെ കെട്ടിപ്പുണർന്നു. നെറ്റിയിൽ അമർത്തിചുംബിച്ചു. സന്തോഷത്തോടെ ഇള്ളയാൾ ക്ലാസ് മുറിയിലേക്ക്. അപ്പോൾ മുതൽ യാലിനി ഇള്ളയാളുടെ അമ്മയായി.

രക്തബന്ധം നിരർത്ഥകം.അ‌നിവാര്യത സൃഷ്ടിച്ച ആത്മബന്ധമല്ലേ അനശ്വരം. അതുകൊണ്ടല്ലേ ധീപൻ കാനിൽ പാം ഡി ഓർ പുരസ്കാരം നേടിയത്. ടാഗോറിലെ തിരക്കിൽ അപ്രതീക്ഷിതമായി കിട്ടിയ സീറ്റിലിരുന്ന് ധീപൻ കണ്ട് പുറത്തേക്കിറങ്ങുമ്പോൾ മഴ. തണലു പറ്റി നിന്നപ്പോൾ ഒരാൾ അടുത്തേക്ക് വന്നു. തോളിലെ ബാഗ് പറയാതെ പറഞ്ഞു ഡെലിഗേറ്റ്. ഏതു തിയറ്ററിലേക്കാ ഇനി. ആദ്യമായി കണ്ട ആളിനോട് ‘ന്യൂ സ്ക്രീൻ 1’ എന്നു പറഞ്ഞു. നമുക്കൊരുമിച്ചു ഓട്ടോ ഷെയർ ചെയ്താലോ.

dheepan-movie

തലയാട്ടി സമ്മതമറിയിച്ചു. അയാൾതന്നെ ഓട്ടോ കൈകാണിച്ചു നിർത്തി. ഒരുമിച്ചിരുന്നുള്ള യാത്രയിൽ ട്രാഫിക് ബ്ലോക്കിൽ നിർത്തിയിട്ടപ്പോൾ ചോദ്യം വന്നു ?ഏതാ കണ്ടതിൽ നില്ല സിനിമ. ധീപൻ അത്ര നല്ല സിനിമയൊന്നുമില്ല. തമി​ഴ് സിനിമ പോലെ. എനക്കിഷ്ടമായില്ല ട്ടോ...... ശരിയാണ് സുഹൃത്തേ..എനിക്കും അങ്ങനെ തോന്നാതിരുന്നില്ല. പക്ഷേ, ആ സിനിമയുടെ സന്ദേശം കാണാതിരുന്നുകൂടാ. ജൻമം തന്നയാളു മാത്രമാണല്ലോ അച്ഛൻ. സ്നേഹിക്കുന്ന ആൾ കൂടിയല്ലേ. ആഹാരം തന്നതു കൊണ്ടു മാത്രം ആരും അമ്മയാകുന്നില്ലല്ലോ. സ്നേഹിച്ചു കാത്തിരിക്കുന്ന, നെറ്റിയിൽ ചുംബിച്ചു യാത്രയാക്കുന്ന ആളുകൂടിയല്ലേ അമ്മ.

വെടിയൊച്ചകൾ നിലയ്ക്കാത്ത നാട്ടിൽ നിന്നു രക്ഷപ്പെട്ടിട്ടും വീണ്ടും ചോരച്ചാലുകളിൽ ജീവിതം അവസാനിപ്പിച്ച ധീപന്റെയും യാലിനിയുടെയും ഇള്ളയാളുടെയും ജീവിതം ദൃശ്യവൽക്കരിക്കുന്ന ധീപൻ അംഗീകാരം തീർച്ചയായും അർഹിക്കുന്നുണ്ട്.

മലയാളികളുടെ തൊട്ടടുത്തുള്ള ശ്രീലങ്കയിലെ മരിക്കാത്ത പോരാളികളെക്കുറിച്ചുള്ള കഥയിൽ നിന്നു ന്യു തിയറ്ററിൽ എത്തിയത് താജ്മഹലിൽ. ഇന്ത്യയുടെ ആത്മാവിലെ ഉണങ്ങാത്ത മുറിവിനെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ. 2008 നവംബർ 26 രാത്രി. ആദ്യത്തെ വെടിയൊച്ച താജ് ഹോട്ടലിനു പുറത്തു കേൾക്കുമ്പോൾ ലൂയിസ് പുസ്തകം വായിക്കുകയായിരുന്നു. വീണ്ടും വെടിയൊച്ചകൾ. പുറത്തേക്കിറങ്ങിയ ലൂയിസിനോടു ഹോട്ടലിലെ ഒരു ജീവനക്കാരൻ ഓടിവന്നു പറഞ്ഞു. മാഡം അകത്തേക്കു കയറിക്കോളൂ. ലൂയിസിനെ മുറിക്കകത്താക്കി പുറത്തേക്കിറങ്ങിയ ജീവനക്കാരനെ പിന്നെ ലൂയിസ് കാണുന്നത് ഹോട്ടലിനു പുറത്തെ ഭിത്തിയിൽ ഒട്ടിച്ചുവച്ച രക്തസാക്ഷികളുടെ ചിത്രങ്ങളിലൊന്നായാണ്.

കത്തിച്ചുവച്ച മെ‌ഴുകുതിരികൾ ലൂയിസിന്റെ കണ്ണുകളിൽ പ്രതിഫലിച്ചു. ലൂയിസിന്റെ കണ്ണുകളും എരിയുന്ന നാളങ്ങളായി. മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹ മൂർത്തിയാം സൂര്യനെപ്പോലെ....ഇന്ത്യയുടെ ദിനമായിരുന്നു ചൊവ്വാഴ്ച ചലച്ചിത്രമേളയിൽ. ധീപനിലൂടെ. താജ്മഹലിലൂടെ..രാജ്യം അംഗീകരിക്കപ്പെട്ട ദിവസം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.