Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ ?

joy-sanal ജോയ് മാത്യു, സനൽകുമാർ ശശിധരൻ

2012 ലെ ചലച്ചിത്രമേളയിൽ എസ് എൻ കോംപ്ലക്സിലെ അതുല്യതിയറ്ററിന്റെ ഷട്ടർ തകർന്നുവീണത് ചൂടൻ രംഗങ്ങളുള്ള വിദേശ സിനിമ കാണാണോ വിവാദ ചിത്രം കാണാനോ ആയിരുന്നില്ല. ജോയ് മാത്യു എന്ന ചലച്ചിത്രപ്രവർത്തകൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ കാണാനായിരുന്നു. ഷട്ടർ എന്ന ചിത്രം മലയാളിയുടെ കപടനാട്യങ്ങൾക്കുനേരെ എയ്തത് ഒളിയമ്പല്ല, കൂരമ്പുകൾ തന്നെയായിരുന്നു. ചോരയൊലിച്ചതു മലയാളിയുടെ ഹൃദയങ്ങളിൽ. ലാലും ശ്രീനിവാസനും സജിത മഠത്തിലും മൽസരിച്ചഭിനയിച്ച ചിത്രം ഒരു ട്രെൻഡ് സെറ്ററായി. രണ്ടാമത്തെ ചിത്രത്തെക്കുറിച്ചു ജോയ് മാത്യു ഏറെപ്പറഞ്ഞു. കാത്തിരിക്കാൻ തുടങ്ങിയിട്ടു മൂന്നു വർഷങ്ങളായി.

ഇനിയും സഫലമായിട്ടില്ല. അതിന്റെ പേരിൽ മലയാളികൾ ദുഃഖിക്കേണ്ടതില്ല. ജോയ് മാത്യു താരമായി അരങ്ങു കീഴടക്കിയ അതേ മേളയുടെ ഇരുപതാം പതിപ്പിൽ സനൽകുമാർ ശശിധരന്റെ താരോദയം. ഒഴിവുദിവസത്തെ കളിയിലൂടെ. സദാചാരത്തിന്റെ പേരിലുള്ള ദുരാചാരങ്ങൾക്കാണു ജോയ് മാത്യു ഷട്ടറിട്ടതെങ്കിൽ സനൽകുമാർ മലയാളി ജീവിതത്തിന്റെ കുറേയധികം മേഖലകളിലെ കളികളെ കാര്യങ്ങളായി അവതരിപ്പിച്ചു കയ്യടി നേടുന്നു.

വിദേശ സിനിമകൾ കാണുമ്പോൾ അനുഭവപ്പെടുന്ന വലിയൊരു വ്യത്യാസം നടൻമാരും നടിമാരും അഭിനയിക്കുകയാണെന്നു തോന്നുകയേയില്ല. അവർ ജീവിക്കുകയാണെന്നു നമ്മെ തെറ്റിധരിപ്പിക്കുന്നു. അതവരുടെ കഥയുടെ മികവാണ്. സംവിധാനത്തിന്റെ പ്രതിഭയാണ്. അഭിനയത്തിന്റെ സ്വാഭാവികതയാണ്. ഒഴിവുദിവസത്തെ കളിയുടെ താരങ്ങൾ അഭിനേതാക്കളും സംഭാഷണവുമാണ്. ചിത്രത്തിൽനിന്നു കേട്ട സംഭാഷണങ്ങളിൽ പലതും ചിത്രം കണ്ടിരുന്നവരിൽ ഭൂരിപക്ഷവും പറഞ്ഞതും പറയാനിരിക്കുന്നതുമാണ്. ഉള്ളിന്റെ ഉള്ളിനെ പി‌ടിച്ചെടുക്കുന്ന സംഭാഷണങ്ങൾ കേട്ടപ്പോൾ ചിലരെങ്കിലും ‍ഞെട്ടി. നൊന്തു. ഇവൻ എങ്ങനെയറിഞ്ഞു നമ്മുടെ മനസ്സിനെ ഇത്ര വിദഗ്ധമായി എന്ന് ആശങ്കപ്പെട്ടു. മനസ്സിൽ ബാക്കിയുള്ള രഹസ്യങ്ങൾ ഇയാൾ പിടിച്ചെടുത്താൽ വയ്യ..അതു കണ്ടിരിക്കാനാവില്ലെന്നു പിടഞ്ഞുപോകുന്നു പ്രേക്ഷകർ.

ഇരുപതാമതു മേളയിൽ ഏറ്റവുമധികം പൊട്ടിച്ചിരി മുഴങ്ങിയത് ഒഴിവു ദിവസത്തെ കളിയിൽ ഏർപ്പെട്ടപ്പോ‌ഴാണ്. ഒരോ വാക്കിലും വാചകത്തിലും ഒളിച്ചുവച്ചിരിക്കുന്ന ഹാസ്യം ഇരുത്തിച്ചിന്തിപ്പിക്കുകകൂടി ചെയ്യുന്നു. ഇത് ഒഴിവുദിവസത്തെ കളി മാത്രമല്ലല്ലോ. എല്ലാ ദിനവും നമ്മുടെ നാട്ടിൽ നടക്കുന്ന കളികൾ തന്നെ.

ലഹരിയിൽ ചിറകിൽ യാത്ര. ബുദ്ധിജീവി നാട്യങ്ങൾ. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ചു വാചാലമാകുമ്പോഴും കണ്ണു പാഞ്ഞുപോകുന്നതു പത്തിലും എട്ടിലും പഠിക്കുന്ന രണ്ടു കുട്ടികളുടെ അമ്മയായ, ജീവിക്കാൻ അടുപ്പു കത്തിക്കുന്ന സ്ത്രീയുടെ ജോലിക്കിടെ അനാവൃതമാകുന്ന വയറിലും പുറത്തും. അവർക്കു തീരെ താൽപര്യമില്ലെന്നറിഞ്ഞിട്ടും ഓരോരുത്തരായി മേലേപ്പറമ്പിലെ ആൺവീട്ടിലെ കോമിക്കൽ കഥാപാത്രങ്ങളെപ്പോലെ സ്ത്രീയെ തേടിച്ചെല്ലുന്നു.

വശീകരിക്കാനാകാതെ വരുമ്പോൾ ബലം പ്രയോഗിക്കുന്നു. ലഹരി കുഴപ്പിച്ച കാലുകൾക്കു നിലത്തു നിൽക്കാനുള്ള ആരോഗ്യമില്ലെങ്കിലും സ്ത്രീകളെ കീഴ്പ്പെടുത്താനാവുമെന്ന മിഥ്യാഭിമാനത്തിന്റെ മുഖംമൂടി അണിയുന്നു. അങ്ങനെയുള്ളവരുടെ മുഖത്താണ് സനൽകുമാർ ശശിധരന്റെ നായിക കൈ വീശി ആഞ്ഞടിച്ചത്. അതുകൊണ്ടും അരിശം തീരെ വാക്കത്തി ഉയർത്തി ഗീത. പേടിച്ചുമാറിയ പുരുഷൻ മാറിപ്പോയപ്പോൾ ഗീത വാക്കത്തി മണ്ണിൽ ആഞ്ഞുവെട്ടി. ഊരിയ വാൾ രക്തം കാണാതെ ഉറയിൽ വയ്ക്കില്ലെന്നു വീര്യം കൊണ്ട വീരപുരുഷൻമാരുടെ നാട്ടിലെ വീരാംഗന. അങ്ങനെയുള്ള സ്ത്രീകളിലാണു നാടിന്റെ ഭാവി.

നാലുപേർ കൂടുന്നിടത്തു നാണക്കേടൊന്നും വരുത്തരുതെന്നു മലയാളിക്കറിയാം. പക്ഷേ ഒറ്റയ്ക്കായാൽ തനിസ്വഭാവം പുറത്തുവരും. അഞ്ചുപേരുടെ കൂട്ടത്തിൽ ന്യായാധിപനാകുന്നതു ജാതിയിൽ സവർണനായ നമ്പൂതിരി. കള്ളനാക്കി വേ‌ഷം കെട്ടിക്കുന്നതു കറുത്തവനും ദളിതനുമായ ചെറുപ്പക്കാരനെ. കോഴിയെ നമ്പൂതിരിയടക്കമുള്ളവർ തിന്നും. കൊല്ലാൻ കറുത്തവൻ തന്നെ വേണം. ചക്ക പുഴുക്കാക്കിയാൽ സ്വാദു നോക്കാനും കഴിക്കാനും എല്ലാവരുമുണ്ട്. പ്ലാവിൽ കയറാൻ വീണ്ടും കറുത്തവൻ തന്നെ. അവന്റെ കൈ വരിഞ്ഞുകെട്ടുക. അവന്റെ കയ്യിൽ കമ്പു കൊണ്ട് ആഞ്ഞടിക്കുക. ഈ കളിയിൽ ഞാനില്ലെന്നു കരഞ്ഞുപറയുന്നവന്റെ കഴുത്തിൽ കുരുക്കിടുക.

അവരോടല്ലേ കവി കടമ്മനിട്ട ചോദിച്ചത് നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ ? നിങ്ങളവരുടെ കുഴിമാടം കുളം തോണ്ടുന്നോ ? ‌ നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.