Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാടുകളുടെ മാനസപുത്രർ

celluloved-kim

എല്ലാ ചലച്ചിത്രമേളകൾക്കും താരങ്ങളുണ്ട്. താളമേളങ്ങളും താളവട്ടങ്ങളും. ആറുവർഷമായി എല്ലാ മേളയിലും സാന്നിധ്യത്തിലും അസാന്നിധ്യത്തിലും നിറഞ്ഞുനിൽക്കുന്ന ഒരു താരമേയുള്ളൂ. 2013- ൽ മാത്രം നേരിട്ടു ദർശന സൗഭാഗ്യം നൽകുകയും, മറ്റെല്ലാ വർഷങ്ങളിലും സംവിധാന പ്രതിഭയുടെ തിളക്കമുള്ള ചിത്രങ്ങൾ സമ്മാനിക്കുകയും ചെയ്ത ആ കുറിയ മനുഷ്യൻ. മരപ്പണിയും വീടുപണിയുമുൾപ്പെടെ ചെയ്ത, ലോക സിനിമയെപ്പറ്റി ഒന്നുമറിയില്ലെന്ന് ദ്വിഭാഷിയിലുടെ നിഷ്കളങ്കമായി പറഞ്ഞൊപ്പിച്ച സിനിമയുടെ നിത്യകാമുകൻ. ഐഎ‌ഫ്ഫ്കെ യുടെ നിത്യഹരിത നായകൻ. സാക്ഷാൽ കിം കി ഡുക്ക്.

തിങ്കളാഴ്ച കിമ്മിന്റേതായിരുന്നു ; ഒരാളുടെ പേര് ചേർത്ത് മേളയുടെ ഒരു ദിവസത്തെ വിശേഷിപ്പിക്കാമെങ്കിൽ. ടാഗോർ തിയറ്റർ പരിസരത്ത് കോരിച്ചൊരിയുന്ന മഴയെ കൂസാതെ നീണ്ടുപോയ ക്യൂ കിമ്മിനുള്ളതായിരുന്നു; സ്റ്റോപ് എന്ന പുതിയ സിനിമയ്ക്കുവേണ്ടിയും. വിദ്യാർഥികൾ. ഉദ്യോഗസ്ഥർ. സ്ത്രീകൾ. പുരുഷൻമാർ. എല്ലാവർക്കും ഒരൊറ്റ ലക്ഷ്യം മാത്രം. കിമ്മിന്റെ ചിത്രം കാണുക. കണ്ടെന്നു കഴിയുന്നിടത്തോളം പേരോടെ പറയുക. അതൊരഭിമാന ചിഹ്നമാണ് ; സിനിമയെ സ്നേഹിക്കുന്നവർക്ക്. പിയത്തയും മോബിയസും വൺ ബൈ വണ്ണിനും ശേഷം ഇത്തവണ കിം സ്റ്റോപ് പറയുന്നത് ഫുകുഷിമ ആണവദുരന്തത്തിന്. ദുരന്തത്തെത്തുടർന്ന് ടോക്യോവിലേക്കു കുടിയേറുന്ന ദമ്പതികൾ. ഭാര്യ ഗർഭിണി. സന്തോഷത്തെക്കാളേറെ ദമ്പതികളുടെ മനസ്സിൽ ആധി നിറയുന്നു. ജനിക്കാനിരിക്കുന്ന കുട്ടിക്ക് അണുവികിരണം ഏറ്റിട്ടുണ്ടാകുമോ.

ഭാര്യ പ്രാണൻ പോകുന്ന വേദനയിൽ ഗർഭഛിദ്രത്തിനു തയ്യാറായി. ഭർത്താവ് എതിർക്കുന്നു. ചെർണോബിൽ പോലെയല്ല ഫുകുഷിമ. രണ്ടു സംഭവങ്ങൾക്കും തമ്മിൽ വ്യത്യാസമുണ്ട്. അണുവികിരണങ്ങളുടെ തീക്ഷ്ണതയും വ്യത്യാസപ്പെട്ടിരിക്കുന്നു. അവരുടെ തർക്കം നീണ്ടുപോകുന്നതു കിം ചിത്രീകരിക്കുന്നതു പൂർണ സ്വതന്ത്രനായി. ഗുഹയിൽ ഒരു പട്ടിയുമൊത്ത് പാട്ടുപാടി ചെലവഴിച്ച കാലം സിനിമയാക്കാൻ ധൈര്യപ്പെട്ട കിം ഇവിടെ സഹായികളെയൊക്കെ ഒഴിവാക്കിയിരിക്കുന്നു. ചിത്രീകരണ സഹായികളില്ലാതെ സംവിധായകന്റെ സ്വന്തം സിനിമ. ക്യൂ നിൽക്കുമ്പോൾ ആവേശപ്പെട്ട പ്രേക്ഷകർ ഇറങ്ങിവന്നതു നിരാശ നിഴലിച്ച മുഖവുമായി. തിരുവനന്തപുരത്തിന്റെ പ്രതീക്ഷയ്ക്കൊത്തുയരാൻ കിമ്മിനു കഴിഞ്ഞിട്ടില്ല. എങ്കിലും അടുത്ത ദിവസങ്ങൾ സ്റ്റോപ് പ്രദർശിപ്പിക്കുമ്പോൾ തിരക്കിന്റെ തനിയാവർത്തനമുണ്ടാകും. അതാണു കിം എന്ന സിനിമയുടെ മാന്ത്രികന്റെ മഹാശക്തി.

ചലച്ചിത്രമേളയുടെ ഗുരുത്വാകർഷണ കേന്ദ്രം ഇപ്പോൾ ടാഗോറാണ്; ലക്ഷങ്ങൾ ചെലവഴിച്ചു കേരളസർക്കാർ നവീകരിച്ച തിയറ്റർ. കൈരളിയുടെ ‘ഠ’ വട്ടത്തിലുള്ള സ്ഥലത്തു തിങ്ങിക്കൂടി കേളികളിലേർപ്പെട്ടവർക്കു ടാഗോർ തുറന്നുവയ്ക്കുന്നതു വിശാലലോകമാണ്. വലിയൊരു ലോകം. വാഹനങ്ങൾ പാർക് ചെയ്യാൻ ഇഷ്ടംപോലെ സ്ഥലം. നീണ്ടുപോകുന്ന വഴിത്താരകൾ. തണലിടങ്ങൾ. മരങ്ങൾ. മരപ്പച്ചകൾ. വിശാലമായ തിയറ്റർ. അത്യുഗ്രൻ എയർ കണ്ടീ​ഷനിങ് സംവിധാനം. സിനിമ സ്വസ്ഥമായി കാണാനും ചാരിയിരുന്നുറങ്ങാനും പ്രലോഭിപ്പിക്കുന്ന കൂറ്റൻ കസേരകൾ.

പ്രതിനിധികളും ചലച്ചിത്രപ്രവർത്തകരും മാധ്യമപ്രവർത്തകരുമൊക്കെ തിങ്ങിനിറഞ്ഞിട്ടും തിരക്കു പ്രതിഫലിപ്പിക്കാത്ത വിശാലമായ ചുറ്റുപാട്. തിങ്കളാഴ്ച നല്ല ദിവസമായിരുന്നു; മഴയ്ക്കും സിനിമയ്ക്കും. സിനിമയിലും മഴയിലും കുളിച്ചു കറങ്ങിനടന്നു പ്രതിനിധികൾ. ടാഗോറിന്റെ പച്ചത്തഴപ്പുകൾക്ക് മഴക്കാടുകളുടെ മായികഭംഗി. തണലിടങ്ങളിൽ കൂട്ടം കൂടി നിന്നും ചുറ്റുതിണ്ണകളിൽ ചുറ്റിയിരുന്നും സിനിമയെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ചർച്ച. വാഗ്വാദം. ഇണക്കം. പിണക്കം. വീണ്ടും തിയറ്റർ. ചലച്ചിത്രമേള നിലയ്ക്കാതെ പെയ്യുന്ന ദൃശ്യങ്ങളുടെ മഴക്കാടുകളെയല്ലേ ഓർമിപ്പിക്കുന്നത്. പ്രതിനിധികൾ മഴക്കാടുകളുടെ മാനസപുത്രൻമാർ‌; പുത്രിമാരും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.