Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈരളിപ്പടിയിൽ നിന്നെയും കാത്ത്...

iffk-kairali

വിശ്വസിക്കാനാവുന്നില്ല. എന്തുപറ്റി കൈരളി തിയറ്ററിന് ? മേളയുടെ തലേന്നു രാത്രി കൈരളിയുടെ മുന്നിലൂടെ പോകുമ്പോൾതന്നെ ഒരു പന്തികേടു തോന്നി. ഒരു പകിട്ടുമില്ലാതെ തിയറ്റർ. ഗോപുരവാതിലിൽ അലങ്കാരങ്ങളില്ല. ബാനറുകളോ പോസ്റ്ററുകളോ ഇല്ല. സാധാരണ ദിവസത്തിലെ അതിസാധാരണ അന്തരീക്ഷം തിയറ്ററിനു ചുറ്റും. ഒരുക്കങ്ങളൊന്നുമില്ലാത്ത വിവാഹവീടു പോലെ വിമൂകം, വിജനം. രാത്രിയല്ലേ..രാവിലെയാകുമ്പോഴേക്കും കൈരളി ഉണർന്നൊരു‌ങ്ങുമെന്നു പ്രതീക്ഷിച്ചു. എല്ലാം വെ‌റുതെ. രാവിലെയും തിയറ്റ​റിൽ ആളോ അനക്കമോ ഇല്ല. നേരത്തേതന്നെ അറിയിപ്പുണ്ടായിരുന്നു. ഇത്തവണ ഫെസ്റ്റിവൽ ഓഫിസ് ടാഗോറിലേക്കു മാറുന്നു. അപ്പോഴും കൈരളി ഇത്രമേൽ അവഗണിക്കപ്പെടുമെന്നു വിചാരിച്ചില്ല. എല്ലാ വർഷവും ആളും ആരവവും നി​റ​യുന്ന കൈരളി ഇത്തവണ നിശ്ശേഷം നിശ്ശബ്ദമാകുന്നതു കണ്ടുനിൽക്കാനാവുന്നില്ല.

അറിയിപ്പുകളും മെയ്‍ലും എസ് എം എസ്സും ഒക്കെയുണ്ടെങ്കിലും പതിവായി രാജ്യാന്തര ചലച്ചിത്രമേളയ്ക്കു വരുന്ന പ്രതിനിധികളുടെ കാലുകൾ അവര​റിയാതെതന്നെ അവരെ കൈരളിയിലേക്കു കൊണ്ടുവരും. അതൊരു ആചാരമാണ്. പതിവാണ്. മാറ്റമില്ലാത്ത പ്രക്രിയ. വൈകുന്നേരം പ്രതിനിധികളുടെ ഒ‌ഴുക്ക് ഉദ്ഘാടന ചിത്രം അരങ്ങേറുന്ന നിശാഗന്ധിയിലേക്കല്ല. വിക്ടോറിയ എന്ന പ്രശസ്ത ചിത്രം പ്രദർശിപ്പിക്കുന്ന ടാഗോറിലേക്കുമല്ല. മലയാളിയുടെ പാരമ്പര്യവും പൈതൃകവും പ്രവഹിക്കുന്ന രക്തധമനിയായ നിളയുടെ പേരിൽ തിര‌ശ്ശീലയുള്ള, ശ്രീലകം പോലെ വിശുദ്ധമായ കൈരളിയിലേക്ക്. ഉദ്ഘാടനചിത്രം കൈരളിയിൽ തൽസമയം കാണിക്കുമെന്നു പ്രതീക്ഷിച്ചാണെല്ലാവരും എത്തിയത്. അവിടെ അവരെ വരവേ‌റ്റത് എൽഇഡി സ്ക്രീൻ. നിശാഗന്ധിയിലെ ചടങ്ങുകൾ തൽസമയം കാണിക്കുമത്രേ. പ്രതിനിധികളിൽ പലരും തിയറ്റർ ജീവനക്കാരോടു തർക്കിച്ചു. അവർ കൈമലർത്തി. ഞങ്ങൾക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ല. എന്തു ചെയ്യാൻ. നിരാശരായ പ്രതിനിധികൾ കൈരളിയുടെ പടവുകളിറങ്ങുന്നു. മുന്നോട്ടു നടക്കുമ്പോഴും അവർ തിരിഞ്ഞുനോക്കുന്നുണ്ട്. പിൻവിളി ഉയരുന്നുണ്ടോ ?

kairali-step

ഇപ്പോൾ വിജനമായ ഈ കൈരളിയുടെ പടവുകളിലിരുന്നല്ലേ വർഷങ്ങൾക്കുമുമ്പ് ഡി. വിനയചന്ദ്രൻ കവിതയുടെ അങ്കക്കലി ബാധിച്ച് ഉറക്കെ വാക്കുകൾ വാരിയെറിഞ്ഞത്.

പ്രേമിക്ക, പിന്നെയും പ്രേമിക്ക, ശുഷ്ക ജന നീതികളെ ഹോമിക്ക... നീതി, പ്രണയം പ്രിയേ......

ഇതേ കൈരളിയുടെ പ‍ടവുകളിലിരുന്നും നിന്നുമല്ലേ തെരുവു വീടാക്കിയ പ്രയ കവി എ. അയ്യപ്പൻ ഉറക്കെ കവിത പാടിയത്. കരളു പ​ങ്കിടാൻ വയ്യെന്റെ പ്രണയമേ...

‌പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികൾ.

കവിതയുടെ അരങ്ങു മാത്രമായിരുന്നില്ല കൈരളി. കഥയുടെ , പ്രസംഗങ്ങളുടെ , പ്രക്ഷോഭങ്ങളുടെ അരങ്ങ്. അനീതികൾക്കെതിരെ, അക്രമങ്ങൾക്കെതിരെ ശബ്ദമുയർന്ന, അവ പ്രതിധ്വനിപ്പിച്ച ചുവരുകൾ. ഇപ്പോൾ പ്ലിങ്ങായെന്ന് അക്ഷേപം കേൾക്കുന്ന ചുംബന സമരത്തിന് കഴിഞ്ഞതവണ ഇതേ തീയറ്റർ വേദിയായത് അത്രവേഗം മറക്കാനാവുമോ. ചിത്രങ്ങൾ കാണാനായാലും അല്ലെങ്കിലും കൈരളിയിൽ ഒരിക്കലെങ്കിലും എത്തും പ്രതിനിധികൾ. ക്ഷീണമുണ്ടെങ്കിലും ഇല്ലെങ്കിലും ആ പടവുകളിൽ അൽപനേരം ഇരിക്കും. അതൊരു അനുഷ്ഠാനത്തിന്റെ ഭാഗമാണ്. മാറ്റാൻ പറ്റാത്ത, രണ്ടു ദശകങ്ങളായിത്തുടരുന്ന ആചാരത്തിന്റെ അനിവാര്യത. അതിന് ഇത്തവണ മാറ്റം വന്നിരിക്കുന്നു.

kairali-iffk

ശനിയാഴ്ച മുതൽ കൈരളിയിലും ശ്രീയിലും നിളയിലും പ്രദർ‌ശനങ്ങളുണ്ട്. പതിവുപോലെ പ്രതിനിധികൾ എത്തും. ആട്ടവും പാട്ടുമായി കലാകാരൻമാർ എത്തുമോ ? കവിതയുടെ തീപ്പൊരി ഇവിടെനിന്നു പടർന്നേറുമോ ? നിശ്ശബ്ദരായി ചിത്രങ്ങൾ കണ്ട് അച്ചടക്കത്തോടെ മടങ്ങിപ്പോകുന്നവരുടെ ശവഘോഷയാത്ര മാത്രമല്ലല്ലോ ചലച്ചിത്രോൽവസം. ഇതൊരാഘോഷം കൂടിയാണ്. കാർണിവൽ. കലയുടെ കാർണിവൽ. അതിന്റെ അരങ്ങാണു കൈരളി...... പ്രിയപ്പെട്ടവരേ..ഞാൻ കാത്തിരിക്കുന്നു കൈരളിപ്പടിയിൽ നിന്നെയും കാത്ത്....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.