Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേട്ടയാടല്ലേ; പ്രണയികളെ

celluloved-4

കടൽനീലിമയിൽ നീന്തിത്തുടിക്കുമ്പോൾ ഡേവ് വാവയോടു ചോദിച്ചു: നമുക്കെത്ര കുട്ടികൾ വേണം കുറഞ്ഞത് അമ്പതു പേരെങ്കിലും എന്നു വാവയുടെ മറുപടി. പോരാ, കുറേക്കൂടി: ഡേവ്.

ടാന്ന എന്ന വിദൂരദ്വീപിൽ വംശനിയമങ്ങളുടെയും ഗോത്രാചാരങ്ങളുടെയും വിലക്കുകളിൽ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരാണവർ. അമ്പതോളം കുട്ടികളുണ്ടാകുന്നതിനെക്കുറിച്ച് സ്വപ്നം കാണുമ്പോൾ പരിശുദ്ധ സ്നേഹത്തിൽ പിറവിയെടുക്കുന്ന ഒരു തലമുറയെക്കു‌റിച്ചുള്ള സ്വപ്നമാണ് അവർ പങ്കുവയ്ക്കുന്നത്. സ്നേഹം വിലക്കപ്പെടാത്ത സമൂഹം. പ്രണയം അനുവദിക്കുന്ന കുടുംബങ്ങൾ. ശത്രുതയില്ലാത്ത, കൊലവിളിയില്ലാത്ത, രക്തച്ചൊരിച്ചിലില്ലാത്ത സാമൂഹിക വ്യവസ്ഥ. അതൊരു സ്വപ്നം മാത്രമാണ്. അന്നും ഇന്നും. േവട്ടയാടുന്ന ദുരാചാരങ്ങളുടെ ചെന്നായ്ക്കളിൽ നിന്നു രക്ഷപ്പെടാനാകാതെ വിഷക്കുമിൾ കഴിച്ചു വീരചരമം പ്രാപിക്കുന്ന ഡേവും വാവയും പരാജയപ്പെടുന്നില്ല. അവരുടേത് വിജയമാണ്. മരണത്തിലും അവർ ഒരു നിയമം തിരുത്തിയെഴുതി. അവരുടെ മരണത്തിനുശേഷം കൂടിയ സമുദായ കൂട്ടായ്മ തീരുമാനമെടുത്തു. ഇനിമേലിൽ പ്രണയിക്കുന്നവരെ ആരും വേട്ടയാടരുത്.

അങ്ങനെയുള്ളവർക്ക് ഒരുമിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകണം. വിപ്ലവത്തിന്റെ മണിമുഴക്കം. ഒരു സമുദായം കരിനിമയം എടുത്തുകളഞ്ഞു പുതിയൊരു ചുവടുവയ്പു നടത്തുന്നു. അതിനു കൊ‌‌ുക്കേണ്ടിവന്ന വില ഡേവിന്റെയും വാവയുടെയും ജീവിതം. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമകളുടെ വിഭാഗമാണ് ഇരുപതാം രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഈ വിഭാഗത്തിലെ ഏഴു സിനിമകളും മികച്ച നിലവാരം പുലർത്തി പ്രേക്ഷകരുടെ പ്രിയം നേടുന്നു. ടാന്നയ്ക്കൊപ്പം മേളയുടെ ഏറ്റവും തിരക്കേറിയ ദിവസമായ ഞായറാഴ്ച ഡെൻമാർക്കിൽനിന്നുള്ള ബ്രിഡ്ജൻഡ് എന്ന ചിത്രവും പ്രദർശിപ്പിച്ചു. ന്യൂ തിയറ്ററിലെ നിറഞ്ഞ സദസ്സിനു മുന്നിൽ. മികച്ച ചിത്രം കണ്ടതിന്റെ സംതൃപ്തിയുമായാണ് പ്രേക്ഷകർ തിയറ്റർ വിട്ടത്. മേളയുടെ ഏകഞായർ പ്രേക്ഷക പങ്കാളിത്തത്തിൽ റെക്കോർഡിഡുന്ന കാഴ്ച കാണുന്നതുതന്നെ ഒരു സുഖമായിരുന്നു. എല്ലാ തിയറ്ററുകൾക്കു മുന്നിലും നീളുന്ന ക്യൂ. ചിത്രം തുടങ്ങുന്നതിനു മുമ്പുതന്നെ നിറയുന്ന തിയറ്ററുകൾ. നിലത്തിരിക്കാൻ ഏറെപ്പേർ. വശങ്ങളിൽ നിന്നു കാണുന്നവർ. ഇന്ത്യയിലെ മറ്റൊരു ചലച്ചിത്രമേളയിലുമില്ല ഇത്തരമൊരു പ്രേക്ഷക പങ്കാളിത്തം. അഭിമാനിക്കാം മലയാളിയായതിൽ; സന്തോഷിക്കാം ചലച്ചിത്രമേളയുടെ ഭാഗമാണെന്നു പറയുന്നതിൽ.

tanna-cellu

ടാഗോർ തിയറ്ററിൽ എംബ്രേസ് ഓഫ ദ് സെർപന്റിൽ തുടങ്ങിയ ഞായറാഴ്ച പ്രേക്ഷകരുടെ മനസ്സു നിറയ്ക്കുന്ന ഒട്ടേറെ ചിത്രങ്ങളുണ്ടായി. ഫ്രം അഫാർ, ടാന്ന, ഡിഗ്രേഡ്, റൊമാന്റിക് എക്സൈൽസ്, ദ് വേവ് എന്നിവയിലൂടെ നിശാഗന്ധിയിൽ ധീപനിൽ അവസാനിച്ച സാർത്ഥകമായ ദിവസം. മലയാളത്തിൽനിന്നുള്ള രണ്ടു മികച്ച ചിത്രങ്ങളും ഞായറാഴ്ച മേളയിലെത്തി. ദേശീയ അവാർഡ് നേടിയ ജയരാജിന്റെ ഒറ്റാലും ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികളും. ശ്രീകുമാറിലും കലാഭവനിലും രണ്ടും ചിത്രങ്ങളും കാണാൻ തിക്കിത്തിരക്കിയെത്തി പ്രേക്ഷകർ. ഇടയ്ക്കിടെയെത്തിയ മഴ കൂസാതെ പ്രേക്ഷകർ ഓടിനടന്നു ചിത്രങ്ങൾ കണ്ടു. ഉദ്ഘാടന ചിത്രം വൂൾഫ് ടോട്ടം രമ്യയിൽ ഉച്ചയ്ക്കു പ്രദർശിപ്പിച്ചു. മണിക്കൂറുകൾക്കു മുമ്പേ തിയറ്റർ നിറഞ്ഞു. വൈകിയെത്തിയവർ നിരാശരായി മടങ്ങി. ഓരോ പ്രദർശനവും തുടങ്ങുന്നതിനു10 മിനിറ്റ് മുമ്പു തിയറ്ററിൽ കയറണമെന്നാണു അവതാരകർ എല്ലാ തിയറ്ററിലും അറിയിക്കുന്നത്. ഞായറാഴ്ച 10 മിനിറ്റിനു മുമ്പു ചിത്രം കാണാൻ എത്തിയവരൊക്കെ തിയറ്റർ മാത്രം കണ്ടു മടങ്ങി. പത്തുമിനിറ്റിന്റെ സ്ഥിരം പ്രയോഗം ഇനിയെങ്കെലും നിർത്തിക്കൂടേയെന്നു പല പ്രതിനിധികളും ചോദിക്കുന്നുണ്ടായിരുന്നു.

ഐഫ്എഫ്കെയുടെ അഭിമാനമായ പ്രേക്ഷകർ ചിലപ്പോ‌ഴെങ്കിലും അപമാനവും ആകാറുണ്ട്. തിക്കിത്തിരക്കി തിയറ്ററിൽ കയറുന്നവർ ചിത്രം തുടങ്ങി നിമിഷങ്ങൾക്കകം എഴുന്നേറ്റുപോകുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ല. റൊമാന്റിക് ​എക്സൈൽസിനു നിളയിൽ രണ്ടു തിയറ്ററിൽ കൊള്ളാവുന്ന ആളുകൾ ഉണ്ടായിരുന്നു. പടികളിൽ ഇരുന്നും നിന്നുമെല്ലാം പ്രേക്ഷകർ. ചിത്രം തുടങ്ങി ഒരു നിമിഷം പോലും കഴിയുന്നതിനുമുമ്പുതന്നെ മുൻവരിയിൽ ഇരുന്ന രണ്ടുപേർ സീറ്റിൽ നിന്നുമെഴുന്നേറ്റു. തിക്കിത്തിരക്കിയിരിക്കുന്ന കാണികൾക്കിടയിലൂടെ പുറത്തേക്കു മാർച്ച്. ചിത്രത്തിൽ ഉറ്റുനോക്കിയിരിക്കുന്ന എത്രയോ പേരെ അലോസരപ്പെടുത്തുന്നു ഇവർ. ഇങ്ങനെയെ‌ഴുന്നേറ്റുപോകാനാണെങ്കിൽ എന്തിനാണ് ക്യൂ നിന്ന് ഇടി കൊണ്ട് അകത്തുകയ‌റി സീറ്റ് സ്വന്തമാക്കിയത്. ഇവർ ചലച്ചിത്ര പ്രതിനിധികളോ അരസികൻമാരോ ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.