Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികളേ, ഇതിലേ ഇതിലേ...

john-abraham ജോൺ ഏബ്രഹാം

പൂനാ ഹോം , മദ്രാസ്.- പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ ചലച്ചിത്രലോകത്തിനു സുപരിചിതമാണെങ്കിലും പൂനാ ഹോം പരിചിതമായ പേരല്ല. ആസ്ഥാനം ചെന്നൈ എന്ന് ഇന്നറിയപ്പെടുന്ന മദ്രാസ്. പൂനാ ഹോമിനു ശാഖകളില്ല; മദ്രാസിലെ ആസ്ഥാനം മാത്രം. സ്ഥാപകൻ കബനീ നദി ചുവന്നപ്പോൾ ഉൾപ്പെടെയുള്ള സിനിമകൾ മലയാളത്തിനു സമ്മാനിച്ച പി.എ, ബക്കർ. പൂനയിൽ നിന്നു സിനിമ പഠിച്ചു വരുന്നവരുടെ കയ്യിൽ നക്കാപ്പിച്ച പൈസ കാണില്ല. അവർക്കു താമസിക്കാനൊരിടം. അതായിരുന്നു ബക്കറിന്റെ ലക്ഷ്യം.

ജോൺ ഏബ്രഹാം, കെ.ജി. ജോർജ്, രാമചന്ദ്രബാബു, ആസാദ്, ബാലുമഹേന്ദ്ര..തുടങ്ങിയവർക്കൊക്കെ ചെല്ലും ചെലവും കൊടുത്തു താമസിപ്പിക്കുന്ന ഉത്തരവാദിത്തം ബക്കറിന്റേത്. മദ്രാസിൽ കോടമ്പാക്കത്തെത്തിയാൽ ജോൺ ഏബ്രഹാമിനു താമസിക്കാൻ സന്നാഹഹങ്ങളൊന്നും വേണ്ട.എവിടെയെങ്കിലും അടി‍ഞ്ഞുകൂടും. ബക്കറുള്ളപ്പോൾ താമസം പൂനാ ഹോമിൽത്തന്നെ. മലയാളികളായ വേറെയും ചലച്ചിത്രപ്രവർത്തകരും പിന്നീടു പേരും പെരുമയും നേടി പ്രശസ്തരായവരും പൂനാ ഹോമിൽ താമസിച്ചിട്ടുണ്ട്; സിനിമയെന്ന കലയെ നെഞ്ചേറ്റി, സിനിമയ്ക്കുവേണ്ടി ജീവിക്കുന്നർക്കു കയറിക്കിടക്കാൻ സ്വന്തം ചെലവിൽ ഒരിടം ഒരുക്കിയ ബക്കറിനു മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട്.

ഇന്ത്യൻ സിനിമയുടെ ഈറ്റില്ലമാണു പുണെ. അവിടെനിന്നു മികച്ച സിനിമകളുടെ സൃഷ്ടാക്കളായ ചലച്ചിത്രകാരൻമാർ മാത്രമല്ല പിറവിയെടുത്തത്; സ്നേഹിക്കാനറിയുന്ന, സൗഹൃദത്തിൽ വിശ്വസിക്കുന്ന മികച്ച മനുഷ്യർക്കൂടിയാണ്. അവിരിലൊരാളാണു പി.എ. ബക്കർ. പ്രശസ്തരും അപ്രശസ്തരുമായ അജ്ഞാതർ വേറെയും. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോൽസവം ഇരുപതാം പതിപ്പിലേക്കടുക്കുമ്പോൾ പൂനാ ഹോമിനെക്കുറിച്ചും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും ഓർക്കാൻ കാരണമുണ്ട്. ഗോവയിൽ കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യൻ ചലച്ചിത്രോൽസവത്തിലെ പ്രധാന ചർച്ചാവിഷയം സിനിമകളായിരുന്നില്ല; പുണെയിലെ സമരമായിരുന്നു.

പ്രക്ഷോഭത്തിന്റെ പാതയിലേക്കിറങ്ങിയതിന്റെ പേരിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദ്യാർഥികൾക്ക് അവിടെ പ്രവേശനം നിഷേധിക്കപ്പെട്ടു. വിദ്യാർഥികൾ നിർമിച്ച ചിത്രങ്ങൾക്കു പ്രദർശനാനുമതി കിട്ടിയില്ല. പ്രക്ഷോഭത്തെ പിന്തുണച്ചു ബാജ്ഡ് കുത്തിയവരെപ്പോലും ക്രമസമാധാനച്ചുമതലയുള്ളവർ ചോദ്യം ചെയ്തു. കർശനമായ സുരക്ഷാ പരിശോധനകൾക്കു വിധേയരാക്കി. ചലച്ചിത്രോൽസവം പതിവുപോലെ നടന്നെങ്കിലും ഗോവയിൽപ്പോയവരൊക്കെ നിരാശയോടെ പറഞ്ഞു: കഴിഞ്ഞതവണ വരെ കണ്ട ഗോവയല്ല ഇത്തവണ. എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു. ചലച്ചിത്രോൽസവം സിനിമാ പ്രദർശനം മാത്രമല്ല, കാർണിവൽ കൂടിയാണ്. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സൃഷ്ടിപരതയുടേയുമൊക്കെ ഉൽസവം. ഇത്തവണ ഗോവയിൽ ഇതൊന്നും കണ്ടില്ല. അവിടെ മൂകത തളംകെട്ടി നിന്നു. ആരവങ്ങൾക്കു പകരം നിശ്ശബ്ദത.

കയ്യടികൾക്കു പകരം മരിച്ച വീട്ടിൽനിന്നെന്ന പോലെ തിയറ്ററിൽനിന്ന് ഇറങ്ങിപ്പോകുന്ന പ്രതിനിധികൾ. മികച്ച സിനിമകൾ തിരക്കു കൂടാതെ, ക്യൂ നിൽക്കാതെ, മുൻകൂർ ബുക്കിങ് നടത്താതെ കാണാൻ കഴിഞ്ഞെങ്കിലും നഷ്ടബോധം വിടാതെ പിന്തുടർന്നു ഗോവയിൽ പോയ പ്രതിനിധികളെ. അയ്യായിരത്തിൽപ്പരം പേർ പ്രതിനിധികളായി എത്തുന്ന മേളയിൽ ഇത്തവണ എത്തിയത് മൂവായിരത്തി അ‍ഞ്ഞൂറോളം പേർ. ഏറെ മലയാളികൾ എത്തുന്ന മേളയിൽ അവരുടെ പ്രതിനിധ്യം ഇത്തവണ തീരെക്കുറഞ്ഞു. ചലച്ചിത്രപ്രവർത്തകരും മേളയെ കയ്യൊഴിഞ്ഞു. ഇന്ത്യയുടെ അഭിമാനം ലോകവേദിയിൽ ഉയർത്തിക്കാട്ടേണ്ട ദൃശ്യങ്ങളുടെ ഉൽസവമായ ചലച്ചിത്രമേള ഒരു ദുരന്തചിത്രമായി ചരിത്രത്തിൽ ഇടംപിടിക്കുന്നു.

ഗോവയിൽനിന്നു കേരളത്തിലേക്കു വരുമ്പോൾ ചിത്രം വ്യത്യസ്തം. ഇരുപതാം രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ പ്രതിനിധികളായി രജിസ്റ്റർ ചെയ്യാനുള്ള ആദ്യദിവസം ഒരു ഞായറാഴ്ച. മൂവായിരത്തി അഞ്ഞുറോളം പേർ രജിസ്റ്റർ ചെയ്തു. രണ്ടാം ദിവസം രണ്ടായിയരത്തോളം പേർ. ഓൺലൈനായി പണമടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നതിനാൽ ഭൂരിപക്ഷം പേരും ആദ്യദിവസങ്ങളിൽത്തന്നെ പണവുമടച്ചു. ദിവസങ്ങൾക്കകം പ്രതിനിധികളുടെ എണ്ണം പതിനായിരം എന്ന മാന്ത്രിക സംഖ്യയിൽ. നിശാഗന്ധിയിൽ താൽക്കാലിക തിയറ്ററിന്റെ പണി പ്രതിസന്ധിയിലായതുകൂടി കണക്കിലെടുത്ത് പ്രതിനിധികളുടെ എണ്ണം പതിനായിരത്തിൽ അധികൃതർ ഒതുക്കിനിർത്തി. ഇനിയും അവസരമുണ്ടോയെന്നു ചോദിച്ചു വിളിക്കുന്നുണ്ട് അപ്പോഴും ഏറെപ്പേർ. പിന്നീടു രജിസ്ട്രേഷനുള്ള ദിവസങ്ങൾ നീട്ടിയപ്പോൾ രണ്ടായിരംപേർകൂടി പ്രതിനിധികളായി മൊത്തം 12,000 എന്ന റെക്കോർഡിലെത്തി. പ്രതിനിധികളുടെ എണ്ണത്തിൽ ഗോവയുടെ നാലിരട്ടിയാണു തിരവനന്തപുരത്തിന്റെ പങ്കാളിത്തം. ഐഎഫ്എഫ്കെ എന്ന രാജ്യാന്തരചലച്ചിത്രോൽസവത്തിന്റെ പകിട്ടിന് ഇതിൽപ്പരം തെളിവുകൾ വേറെ വേണോ ?

മദ്രാസിലെ പൂനാ ഹോമിലേക്കുതന്നെ മടങ്ങിപ്പോകാം. ജോൺ ഏബ്രഹാമിന്റെ സ്ഥിരം സങ്കേതമായിരുന്നല്ലോ പൂനാ ഹോം. ഒടുവിൽ അരാജകവാദിയായ ജോണിന്റെ ശല്യം അതിരുകടന്നപ്പോൾ ബക്കർ തീരുമാനമെടുത്തു: ജോണിനെ നാടു കടത്തുക. വടപളനിയിൽനിന്ന് ഒരു ടാക്സി പിടിച്ചു ജോണിനെ ബാംഗ്ലൂർ ഹൈവേയിലേക്കു കൊണ്ടുപോയി. എവിടെ പോകുന്നെന്നു മാത്രം ജോണിനോടു പറഞ്ഞില്ല. അന്നു പോരൂർ മുതൽ ഇടതിങ്ങിയ കാടാണ്. അകപ്പെട്ടാൽ ബുദ്ധിമുട്ടാകും. പോരൂർ കഴിഞ്ഞു ജനവാസം കുറ‍ഞ്ഞ ഭാഗത്ത് വണ്ടി നിർത്തണമെന്നു ബക്കർ നേരത്തെതന്നെ ഡ്രൈവറെ ചട്ടം കെട്ടിയിരുന്നു. പെരുംകാടായപ്പോൾ ബക്കർ വണ്ടി നിർത്താനുള്ള സിഗ്‌നൽ കൊടുത്തു. ജോണിനോട് ഇറങ്ങാൻ പറയുന്നു. ബക്കറും ഇറങ്ങുകയാണെന്ന ധാരണയിൽ ഇറങ്ങുമ്പോൾ ജോൺ കണ്ട കാഴ്ച ദയനീയമായിരുന്നു. കാർ അതിവേഗം വിട്ടുപോകുന്നു. തന്റെ അത്യാവശ്യപ്പണികളൊക്കെക്കഴിഞ്ഞ് ബക്കർ രാത്രി പൂനാ ഹോമിൽ മടങ്ങിയെത്തി. കാഴ്ച കണ്ടു ബക്കർ അന്തം വിട്ടു. അതാ, തന്റെ കട്ടിലിലി‍ ‘ഠ’ വട്ടത്തിൽ കിടന്നുറങ്ങുന്നു ജോൺ ഏബ്രഹാം.

സിനിമയെ ജീവനേക്കാളേറെ സ്നേഹിച്ച കുട്ടനാട്ടുകാരന്റെ ക്രൂരകൃത്യങ്ങളിലൊന്നാണിത്. കോടമ്പാക്കത്തിന്റെ സൗഹൃദക്കൂട്ടായ്മയുടെ നേർസാക്ഷ്യം. സിനിമയെ നെഞ്ചേറ്റിനടന്നവരുടെ മരണമില്ലാത്ത ഓർമകൾ. ഇടവേളയെത്തുമുമ്പ് നിലച്ചുപോയ ചിത്രം പോലെ ജോൺ കടന്നുപോയെങ്കിലും സാഹസികനായ ആ ചലച്ചിത്രകാരന്റെ ഏതോ ഒരംശം ഒരോ ചലച്ചിത്രപ്രേമിയിലും അവശേഷിക്കുന്നു. അതുകൊണ്ടല്ലേ ഡിസംബറിലെ കുളിരുള്ള പ്രഭാതങ്ങളിൽ പാതിയെത്തിയ ഉറക്കം മുറിച്ച് കട്ടിലിൽ നിന്നു ചാടിയിറങ്ങി പ്രതിനിധികൾ തിയറ്ററിലേക്കു വിശന്ന വയറുമായി ഓടുന്നത്. പരാതികളില്ല. പരിഭവങ്ങളില്ല. തിരക്കുകൾക്ക് അവധി പറ‍ഞ്ഞു തിരുവനന്തപുരത്തെത്തി, സുഹൃത്തിന്റെ കട്ടിലിന്റെ വശത്തു തല ചായ്ച്ചും, ബന്ധുത്വത്തിന്റെ കണ്ണികൾ ഇണക്കി അന്യമായ വീടുകളിൽപ്പോലും ഒരു പായ വിരിക്കാനുള്ള സൗകര്യമൊരുക്കിയും അവർ ഒരാഴ്ചക്കാലം കൊണ്ട് ഒരു വർഷത്തേക്കു പറയാനുള്ള വിശേഷങ്ങൾ സൃഷ്ടിക്കുന്നു.

പാതയോരത്തെ പൈപ്പുവെള്ളത്തിൽ ദാഹം ശമിപ്പിക്കുന്നു. ഊണുപേക്ഷിക്കുന്നു. ഉറക്കം കളയുന്നു. മേലധികാരികളോടു കള്ളം പറഞ്ഞുവാങ്ങിച്ച ലീവിന്റെ ആനുകൂല്യത്തിൽ സിനിമ ഭക്ഷിക്കുന്നു, സിനിമ കുടിക്കുന്നു, സിനിമ ശ്വസിച്ച് , സിനിമയിൽ ജീവിക്കുന്ന ഒരാഴ്ച്ചക്കാലം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.