Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേളയെന്നാൽ സിനിമ മാത്രമല്ല സുഹൃത്തേ....

jenith ജെനിത് കാച്ചപ്പിള്ളി

സൗഹൃദ ചർച്ചകളിൽ ഐഎഫ്എഫ്കെ വിഷയമാകുമ്പോഴൊക്കെയും ആവേശം അതിര് കടക്കാറുള്ള, സ്വയം മറക്കാറുള്ള ഒരു അഭിനിവേശം മേള അറിഞ്ഞിട്ടില്ലാത്ത ഒരു പ്രിയ സുഹൃത്തിനെക്കൊണ്ട് ചോദിപ്പിക്കുന്ന ഒരു ചോദ്യമുണ്ട്?

"Don't your think you have been overrating IFFK?"

അത്രയ്ക്കൊക്കെയുണ്ടോ?

മേളയുടെ വർഷങ്ങളുടെ അനുഭവം സ്വന്തമായുള്ളവർക്ക് പോലും മേളയുടെ വികാരം അതേ അർഥത്തിൽ ആസ്വദിക്കാനായിട്ടില്ല എന്നതിരിക്കെ ഐഎഫ്എഫ്കെ എന്ന എന്റെ എന്നത്തേയും വികാരതീക്ഷ്ണതയെക്കുറിച്ചുള്ള അവന്റെ സംശയം തികച്ചും ന്യായമാണ്. അതിനു കൃത്യമായ ഉത്തരം കൊടുക്കേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവനോടുള്ള-ആരോടുമുള്ള എന്റെ ഉത്തരമിതാണ്...

ഇല്ല സുഹൃത്തേ, ഒരിക്കലുമല്ല

കാരണം ബുദ്ധികൊണ്ടുള്ള കാഴ്ചയുടെ ഒരു ചടങ്ങല്ല... ഹൃദയം കൊണ്ടുള്ള അനുഭവത്തിന്റെ ഒരനുഷ്ടാനമാണ് എനിക്ക് മേള... അല്ലാതെ അത് സിനിമാക്കാരന്റെ പുറം പൂച്ചോ ബുദ്ധിജീവിയുടെ നാട്യമോ അല്ല. സിനിമയുടെ പേരിൽ പ്രിയപ്പെട്ട ഒരാളുടെ കൂടെ ചുറ്റാൻ കിട്ടുന്ന ഒരുവസരവുമല്ല. ഒരർഥത്തിൽ പറഞ്ഞാൽ 500 രൂപയുടെ ചെലവിൽ ലോകം കാണാൻ കിട്ടുന്ന അവസരം. എന്നെ സംബന്ധിച്ചിടത്തോളം, നരകത്തിൽ ചാട്ടയടി കൊള്ളുമ്പോഴും കാവൽക്കാരന്റെ എണ്ണം തെറ്റിയത് പറഞ്ഞ് ചിരിക്കാൻ കൂടെ കാണുന്ന പ്രിയപ്പെട്ടവരുടെ ഒരു സംഘം മനോഹരമാക്കുന്ന യാത്ര.

പൂരത്തിന് വെടിക്കെട്ട് മോശമായാലും കഴിച്ച പാലൈസിന്റെ രുചിയിൽ ലാഭം കാണാൻ കഴിയുന്ന മനസിന് എളുപ്പത്തിൽ ഭംഗി കണ്ടെത്താവുന്ന ഒരനുഭവം.

മേളയെന്നത് ശീതീകരിച്ച നാല് ചുവരുകൾക്കുള്ളിലെ ഒരു സാക്ഷിയാകൻ എന്നതിലുപരിയാണ്... ഭക്ഷണം പോലും ഒഴിവാക്കി മണിക്കൂറുകൾ ക്യൂ നിന്നും ഇടിച്ചു കയറിയും സീറ്റ് കിട്ടാതെ നിലത്തിരുന്നും വാതിൽക്കൽ ഇരുകി നിന്നും ആസ്വദിക്കുന്ന ഒരനുഭൂതിയാണത്. ക്ഷമയുടെ പരിധി ഉറക്കത്തിലേക്ക് കടന്നാലും അടുത്തതിനായി ഓടാൻ മടി തോന്നാത്ത ഒരനുഭൂതി.. അതിൽ കൈരളിയിലെ അയ്യപ്പൻ പടിയിലെ ഇരുത്തമുണ്ട്, തിയറ്ററുകളിൽ നിന്നും തിയറ്ററുകളിലേക്കുള്ള ഓട്ടമുണ്ട്, എത്ര മറിച്ചു നോക്കിയിട്ടും മതിയാകാതെ കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന സ്ക്രീനിങ് ഷെഡ്യൂളുണ്ട്. കണ്ടോ? എങ്ങനെയുണ്ട്? എന്നിങ്ങനെയുള്ള അന്വേഷണങ്ങളുമായി സിനിമ എന്ന ഒറ്റ മാധ്യമത്തിന് പുറത്തുള്ള മനസ് കൈമാറ്റങ്ങളുണ്ട്. പുതിയതായി ഉണ്ടാകുന്ന സൗഹൃദങ്ങളുണ്ട്. വേദികളിൽ ആശ്വാസം കണ്ടെത്തുന്ന മനസുകളുണ്ട്. കൂവലും ബഹളവും യോജിപ്പുകളും വിയോജിപ്പുകളും പ്രശ്നങ്ങളുമുണ്ട്. അനന്തപുരിയുടെ തെരുവുകളിലൂടെയുള്ള രാത്രി നടത്തമുണ്ട്. രാത്രി വൈകുവോളം നീണ്ടു നിൽക്കുന്ന ചർച്ചകളുണ്ട്, അധ്യാപക ഭവനിലേയും തമ്പുരുവിലേയും താമസമുണ്ട്. ഒടുക്കം അഭയം കിട്ടിയ ആനന്ദിന്റെ മുറിയുണ്ട്, ദീർഘ ചതുകമുള്ള ആ ഹാളിലെ ദ്രവിച്ചു തുടങ്ങിയ പ്ലാസ്റ്റിക് പായയിലെ ഉറക്കമുണ്ട്, ഫ്ലഷ് കേടായ ടോയ്‌ലറ്റ് ഉണ്ട്....

സിനിമയെ സ്നേഹിക്കുന്നവർക്ക് മേള ആത്മാർഥമായ ഒരു ഇഷ്ടത്തോടുള്ള അടങ്ങാത്ത ആവേശമാണ്. ചിലർക്കത് പതിവ് മടുപ്പുകളിൽ നിന്നുള്ള ഒരു വിടുതൽ... ഒരാഴ്ച്ചത്തെ ധ്യാനം... മറ്റു ചിലർക്ക് സമാന മനസുകളുടെ ഒത്തു ചേരൽ, കലയെ സ്നേഹിക്കുന്നവർക്ക് മേന്മ മനസിലാക്കാനുള്ള അവസരം, സ്വയം വിലയിരുത്തുന്നവർക്ക് എത്ര നിസ്സാരനാണ് ഞാൻ എന്ന തിരിച്ചറിവും സർഗാത്മകതയിലെ ഊർജ്ജവും പ്രചോദനവും, ഇനി ജീവിതത്തിലെ കുഞ്ഞു കാര്യങ്ങളിൽ പോലും കൗതുകം കണ്ടെത്തുന്നവർക്കോ മേളയെന്നത് ഇതിനൊക്കെ പുറമേ എല്ലാറ്റിനോടുമൊപ്പം ചേർന്ന് നിൽക്കുന്ന അഃുഭവങ്ങളും ഓർമ്മകളും

എനിക്ക് ഇതെല്ലാമാണ്

അതുകൊണ്ടുതന്നെ ഓരോ വർഷവും മേള നഷ്ടപ്പെടുന്ന ചങ്കുകളുടെ പിടപ്പ് എനിക്ക് കേൾക്കാം... മാസങ്ങൾക്ക് മുൻപേ കള്ളങ്ങൾ പറഞ്ഞ് ചെല്ലുന്ന അവധിയപേക്ഷകൾ വായിക്കാം... ഡിസംബറിൽ വരുന്ന കൂട്ടുകാരെ സ്വീകരിക്കാനൊരുങ്ങുന്ന മുറികളും വിസ ക്യാൻസൽ ചെയ്തും ലോൺ എടുത്തും മേളയ്ക്ക് എത്തുന്ന ജീവിതങ്ങളും കാണാം...

നിനക്കറിയാമോ, കഴിഞ്ഞ വർഷം താരയുടെ കല്യാണമായിരുന്നു. എന്നെ അതിന് എത്തിച്ചതും എന്നെക്കൊണ്ട് ആ പേര് ഇവിടെ എഴുതിക്കുന്നതും ഒരു ഐഎഫ്എഫ്കെ ആണ്. 2010ഡിസംബറിന്റെ സൗഹൃദം. ആ വർഷം തന്നെയാണ് ബിജുവേട്ടനും സിജുവേട്ടനും സണ്ണിയേട്ടനും സൗഹൃദങ്ങളിലേക്ക് വരുന്നത്. കഴിഞ്ഞ വർഷം സിറിലും, ഗോപുവും, ഷിനോജും കവിതകളുമായി ലൂയിസേട്ടനും ഇങ്ങനെ ഏറെയുണ്ട്; സൗഹൃദങ്ങളായും അനുഭവങ്ങളായും... ആർട്ട് സിനിമ എന്ന പേരിലുള്ള തട്ടിപ്പ് ആദ്യമായി മനസിലാക്കി തന്നത് സഫയറും കളേഴ്സ് ഓഫ് ദി മൗണ്ടനും റോസുമൊക്കെയാണെങ്കിൽ മേള എന്നത് സിനിമയിലുപരി മറ്റു ചിലത് കൂടിയാണെന്ന തിരിച്ചറിവ് പകർന്നത് ഇതൊക്കയാണ്.

കൂട്ടുകാരാ, ഇപ്പോഴും എന്റെ ആവേശം നിനക്ക് സ്വാഭാവികമായ ഒരത്ഭുതമായി തുടരുന്നുവെങ്കിൽ എന്റെ മറുപടി സഹതാപത്തിന്റെ ഒരു ചിരിയിൽ ഞാൻ ഒതുക്കുന്നു. കൂട്ടത്തിൽ പരീക്ഷ പാസായ ഒരേയൊരുവന്റെ പൊടി അഹങ്കാരമുള്ള ചിരി... ആസ്വാദനം എന്ന വലിയ കലയുടെ സൗഭാഗ്യം തന്നതിന് പടച്ചവനോടുള്ള നന്ദിയുടെ ചിരി....

അത്രമാത്രം

ശുഭദിനം

'Dedicated to all the IFFK fans & genuine movie lovers'

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.