Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേളക്കാഴ്ച കൊടിയിറങ്ങുമ്പോൾ: സത്യം പറഞ്ഞ് കിഷോർ സത്യ

kishor2 കിഷോർ സത്യ

ഐ.എഫ്.എഫ്.കെ യുടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാള ചിത്രം – ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാൽ’ സുവർണ ചകോരം നേടി എന്ന സന്തോഷ വാർത്തയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. ഒപ്പം ആശംസകളും അഭിനന്ദനങ്ങളും ! സിനിമ കാണൽ ശാരീരികവും മാനസികവുമായ ഒരു അധ്വാനമാണ് ഡിസംബർ മാസത്തിൽ ഒരാഴ്ച കാലത്തോളം. പക്ഷെ ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള അവസാനിക്കുമ്പോൾ ക്ഷീണം ശരീരത്തിനെയുള്ളൂ, മനസിന് അത്രയില്ല. കുറച്ച് നല്ല ചിത്രങ്ങൾ കാണാൻ കഴിഞ്ഞു എന്നതിലുപരി മേളയുടെ അച്ചടക്കം ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. പിഴവുകൾ പാടി പരത്താനാണല്ലോ നമുക്ക് എപ്പോഴും താൽപര്യം. അതുകൊണ്ടാവും നടത്തിപ്പിലെ മികവ് പറയാൻ അധികം ആർക്കും നാവില്ലാത്തത്. ഇതിന്റെ ക്രെഡിറ്റ് ഷാജി (ഷാജി എൻ. കരുൺ) സാറിനു മാത്രം കൊടുക്കാനും ചിലർക്ക് വാശിയുള്ളപോലെ തോന്നുന്നു ! തീർച്ചയായും ഈ മേളയുടെ വിജയത്തിന്റെ മൂല ഹേതുക്കളിൽ ഒന്ന് അദ്ദേഹത്തിന്റെ അനുഭവവും മിടുക്കും തന്നെയാണ്. സംശയമില്ല എന്നാൽ രാജീവ് നാഥിന്റെ നേതൃത്വത്തിലുള്ള മൊത്തം പ്രവർത്തകർക്കും ചലച്ചിത്ര അക്കാദമിക്കും എന്റെ പൂച്ചെണ്ടുകൾ ഉണ്ട്. വ്യവസായ സിനിമയും സർക്കാർ സംവിധാനവുമൊക്കെ പല ‘ബുദ്ധിജീവികൾക്കും’ അത്ര പഥ്യമല്ലല്ലൊ. അപ്പോൾ ഇനി അവരെയെങ്ങാനും പുകഴ്ത്തിപ്പോയാൽ ബുദ്ധി കുറഞ്ഞ് പോയാലോ എന്നുള്ള പേടികൊണ്ടാവും. നമുക്കങ്ങ് ക്ഷമിച്ചു കളയാം എന്താ...!?

നവീകരിച്ച ടാഗോർ തിയറ്ററിനും പരിസരത്തിനും (സിനിമ സെറ്റിനെ അനുസ്മരിപ്പിക്കുമെങ്കിലും) തന്നെ മുഴുവൻ മാർക്കും. കൈരളി കൊട്ടകയുടെ പരിമിതികൾ ആഘോഷിച്ചത് മൊത്തം മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും ആയിരുന്നുവെങ്കിൽ ടാഗോർ എല്ലാത്തരം ആളുകളെയും ഉൾക്കൊണ്ടു. ഉയർന്ന ശബ്ദങ്ങളോടൊപ്പം നിശബ്ദത ആഘോഷിക്കേണ്ടവർക്കും ടാഗോറിന്റെ പരിസരത്ത് സ്ഥലം കിട്ടി. വിയർപ്പിന്റെയും ചൂട് പിടിച്ച ഉച്ഛ്വാസ വായുവിന്റെയും സ്ഥാനം ഓക്സിജൻ നിറഞ്ഞ കാറ്റ് കൈയ്യടക്കി (നൗഷാദിന്റെ ഭക്ഷണ ശാലയുടെ പരിസരം ഈ പ്രസ്താവനയിൽ ഒഴിവാക്കിയിരിക്കുന്നു!) ഫോട്ടോഗ്രാഫർമാരുടെ ഒരു തള്ളിക്കയറ്റം തന്നെ ഇത്തവണ അനുഭവപ്പെട്ടു. നവ മാധ്യമങ്ങളുടെ വളർച്ചയും കാലം ഡിജിറ്റൽ ആയതും ഒരു കാരണമാവാം. എങ്കിലും ഇവരുടെ ധാരാളിത്തം പലപ്പോഴും സ്വകാര്യതയിൽ മേലുള്ള കടന്നു കയറ്റത്തിലേക്ക് വഴുതിപ്പോയത് പോലെ എനിക്ക് അനുഭവപ്പെട്ടു. അപരിചിതരുടെ നേരെ ക്യാമറ തിരിക്കുമ്പോൾ വേണ്ട സാമാന്യ മര്യാദകൾ പോലും പലേടത്തും പാലിക്കപ്പെട്ടതായി എനിക്ക് തോന്നിയില്ല. പ്രദർശന സമയങ്ങളിൽ വലിയ മാറ്റങ്ങൾ വരാഞ്ഞതും. പരാതി രഹിതമായ റിസർവേഷൻ സംവിധാനവും മേളയുടെ പതിവ് അലമ്പുകൾ ഒഴിവാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

ഇനി സിനിമകളിലേക്ക് വന്നാൽ, ഞാൻ കണ്ട ചിത്രങ്ങൾ വച്ച് വിലയിരുത്തുമ്പോൾ പൊതുവെ നല്ല ചിത്രങ്ങൾ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. തിരക്കുകൾ മൂലം പല പ്രമുഖ ചിത്രങ്ങളും കാണാൻ കഴിഞ്ഞില്ല എന്ന സങ്കടവും ഉണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എത്ര ശക്തമായിരുന്നു എന്നും അധിനിവേശവും ആധുനികതയും വരുത്തിയ വിനകളും ഒപ്പം സിനിമയിലൂടെ അട്ടഹസിക്കാതെ സംസ്കാരവും രാഷ്ട്രീയവും എങ്ങനെ പറയാമെന്നും കറുപ്പിലും വെളുപ്പിലും കാട്ടിത്തന്ന കൊളംബിയൻ ചിത്രമായ ‘എമ്ബ്രെയ്സ് ഓഫ് ദി സെർപന്റ്സ്’, സംവിധായകൻ ജാഫർ പനാഹി തന്നെ ഓടിച്ച ‘ടാക്സി’ യിലെ യാത്ര ഒരു അനുഭവം തന്നെയായിരുന്നു. സിനിമയെ സാമൂഹിക രാഷ്ട്രീയ ചർച്ചകൾക്കുള്ള വേദി ആക്കുന്നത് എങ്ങനെ എന്ന് പനാഹിയെ പോലെയുള്ളവർ നമ്മെ പഠിപ്പിക്കുന്നു. പ്രത്യേകിച്ചും രചന, സംവിധാനം, മാധ്യമ അഭിമുഖം തുടങ്ങിയവയിൽ 20 വർഷം സ്വന്തം രാജ്യത്ത് ഭരണകൂടത്തിന്റെ നിരോധനം അനുഭവിക്കുന്ന വ്യക്തിയിൽ നിന്നുമാണ് ഈ ചിത്രം പിറന്നത് എന്നറിയുമ്പോൾ ! ശ്രീലങ്കയിലെ വംശീയ യുദ്ധത്തിന്റെ നൊമ്പരങ്ങളും പേറി, തുടരുന്ന അഭയാർഥി ജീവിതത്തിന്റെ പൊള്ളലുകളും ആയി ഒരു ഫ്രഞ്ച് ചിത്രം :‘ധീപൻ’. സിനിമയോടൊപ്പം തന്നെ അഭിനേതാക്കളായ ആന്റണി ദാസൻ യേശുദാസനും കാളീശ്വരി ശ്രീനിവാസനും എന്നെ വിസ്മയിപ്പിച്ചു.

കസാകിസ്ഥാൻ ചിത്രം ‘ബോപേം’, കണ്ട് കഴിയുമ്പോൾ എന്താണ് യഥാർത്ഥത്തിൽ യൗവ്വനം എന്ന് പ്രേക്ഷകനും ചിന്തിച്ചു പോയേക്കാവുന്ന രണ്ട് ‘വൃദ്ധന്മാർ’ നായകന്മാരായ ‘യൂത്ത്’ എന്ന ചിത്രം എന്നിവയും ഇഷ്ട ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ട്. സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറഞ്ഞ് കഴിഞ്ഞു 2 മണിക്കൂറും 18 മിനുട്ടും കഴിഞ്ഞപ്പോൾ കട്ട് പറഞ്ഞ ഒരു ചിത്രമായിരുന്നു ‘വിക്ടോറിയ – ഒറ്റ ഷോട്ടിൽ ഒരു സിനിമ. പ്രമേയപരമായി വലിയ പ്രത്യേകതകൾ ഒന്നുമില്ലെങ്കിലും സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് (അത് ആർട്ടിസ്റ്റ് ആയാലും ടെക്നീഷ്യൻ ആയാലും) ഈ സിനിമ ഒരു നല്ല പരീക്ഷണ ശാല തന്നെയായിരുന്നു. ഡെന്മാർക്കിൽ നിന്നുള്ള ‘ബ്രിഡ്ജെൻട്’ സംഭവകഥയെ ആസ്പദമാക്കിയുള്ള ഒരു ചിത്രമായിരുന്നു. ആത്മഹത്യാ കുറിപ്പുകൾ പോലുമില്ലാതെ നിരന്തരം കൗമാരക്കാർ ആത്മഹത്യ ചെയ്യുന്നു. അത് അന്വേഷിക്കാൻ ഒരു പൊലീസ് ഓഫീസർ എത്തുന്നു. കൂടെ കൗമാരക്കാരിയായ മകളും ഉണ്ട്. സംവിധാനം ജെപ്പേ റൊണ്ടെ. റെയിൽവേയുടെ പശ്ചാത്തലത്തിൽ ട്രക്ക് മാഫിയയും മറ്റും തകർത്ത പാകിസ്ഥാൻ റെയിൽവേ സംവിധാനത്തിന്റെയും അഴിമതിയുടെയും കഥ പറഞ്ഞ ‘മൂർ’ അത്ര മഹത്തരമൊന്നും അല്ലെങ്കിലും അവിടത്തെ മൊത്തം സിനിമാ സംവിധാനവും രാഷ്ട്രീയ സാഹചര്യങ്ങളും ഒക്കെ വച്ച് നോക്കുമ്പോൾ സംവിധായകൻ ജെംഷെദ് മഹമ്മൂദിന്റെ ശ്രമം നമ്മൾ അഭിനന്ദിച്ചേ മതിയാവൂ. ‘ദി നൈറ്റ് വാച്ച്മാൻ’, ‘ബ്ലീക് സ്ട്രീറ്റ്’ എന്നിങ്ങനെ കുറച്ച് പടങ്ങളും കണ്ടെങ്കിലും എന്തോ എന്നെ അവയൊന്നും തൃപ്തിപ്പെടുത്തിയില്ല. ‘ദി പേൾ ബട്ടൺ’ ഒരുപാട് പേർക്ക് ഇഷ്ട്ടമായെങ്കിലും ചിത്രത്തിന്റെ ഡോക്യുമെന്ററി സ്വഭാവവും ചിലിയിലെ അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ചുള്ള അറിവില്ലായ്മവും ആവാം എന്റെ പരാജയം.

നീലച്ചിത്രം ത്രിമാന രീതിയിൽ കാണാനുള്ള കൊതികൊണ്ടാണോ എന്നറിയില്ല ബുദ്ധിജീവികളും, പ്രതിനിധികളും കല – കച്ചവട ഭേദമന്യേ സിനിമാക്കാരും, വിദ്യാർഥികളുമെല്ലാം ആൺപെൺ വ്യത്യാസമില്ലാതെ രാത്രി പത്തരക്ക് ‘ലവ് ’ കാണാൻ നിശാഗന്ധിയിൽ തള്ളിക്കയറിയത്. അന്നാണ് ബിവറേജസ് ഔറ്റ്ലെട്ടിനു മുമ്പിലെ ക്യൂവിൽ മാത്രം നാം ഇതിനു മുൻപ് കണ്ടിട്ടുള്ള സമത്വവും സോഷ്യലിസവുമൊക്കെ ഈ മേളയിൽ കൃത്യമായി നടമാടിയത്! ഒരേ ലക്ഷ്യം ഒരേ മനസ് ! കണ്ടവരൊക്കെ വെറും തുണ്ട് പടം എന്ന് പറഞ്ഞ ‘ലവ്’ പോലെയുള്ള വെറും നീലച്ചിത്രങ്ങൾ മേളകളിൽ എന്തിന് ഉൾപ്പെടുത്തണം എന്ന ഒരു ചർച്ചക്ക് സമയം അതിക്രമിച്ചു. കഥ ആവശ്യപ്പെടുന്ന ലൈംഗികത സിനിമകളിൽ കാണിക്കണം. രണ്ടു പക്ഷമില്ല. കേട്ടറിവ് വച്ച് നോക്കുമ്പോൾ ആവേശത്തോടെ പോയവർക്ക് പോലും മിനുട്ടുകളുടെ ഇടവേളയിൽ ആണും പെണ്ണും രതിയിൽ ഏർപ്പെടുന്നത് മാത്രം കണ്ടു മടുത്തുവത്രേ. അവസാനം ത്രീഡിയിൽ മുഖത്ത് തെറിച്ച രേതസ് തൂത്ത് കളഞ്ഞ് കസേര വിടേണ്ടി വന്നത് ഇതിന്റെ കാവ്യനീതി ആയിരുന്നിരിക്കാം! എന്നാൽ പ്രണയവും രതിയും കഥ ആവശ്യപ്പെടുന്ന അളവിൽ മാത്രം ചേർത്ത ഒരു നല്ല ചിത്രമായിരുന്നു ‘ദി ഹൈ സൺ’. തുടർച്ചയായ 3 പതിറ്റാണ്ടുകളിൽ സംഭവിക്കുന്ന 3 പ്രണയ കഥകളാണ് ഈ ചിത്രം പറഞ്ഞത്. അഭിനേതാക്കൾ ഒന്നായതുകൊണ്ട് മൂന്നു കഥകളും തമ്മിൽ ചിലർക്ക് കൂടിക്കുഴഞ്ഞു പോയിട്ടുണ്ടാവാം. രതി പ്രതികാരത്തിനുള്ള ഉപാധി കൂടി ആവുന്നുണ്ട് ഒരു കഥയിൽ.

മലയാള – ഇന്ത്യൻ സിനിമകൾ പൊതുവെ മേളയിൽ ഞാൻ കാണാറില്ല. കാരണങ്ങൾ രണ്ടാണ്. അവ പിന്നീടും നമുക്ക് കാണാനുള്ള സാധ്യത ഒന്ന്. (മറ്റ് ചിത്രങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ). രണ്ട്. നമ്മുടെ ചിത്രങ്ങൾ തിയേറ്ററിൽ കാണണം റിലീസ് ചെയ്യുമ്പോൾ. അങ്ങിനെ വേണം അതിനെ പിന്തുണക്കേണ്ടത് എന്ന് വിശ്വസിക്കുന്നത് കൊണ്ട്. ദൗർഭാഗ്യവശാൽ ഇവിടെ അതുണ്ടാവുന്നില്ല എന്ന് ഖേദത്തോടെ പറയട്ടെ. ഇവിടെ ചിത്രം കാണാൻ കൂട്ടംകൂടുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്നവർ പടം റിലീസ് ചെയ്യുമ്പോൾ തിരിഞ്ഞു പോലും നോക്കാറില്ല. സത്യത്തിൽ നമ്മൾ ഇത്തരം ചിത്രങ്ങളെ തിയേറ്ററിൽ സപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ അത്തരം ചിത്രങ്ങളോടും ശ്രമങ്ങളോടും ചെയ്യുന്ന നന്മ ആയേനെ അത്.

മുൻപൊരു മേളയിൽ ശ്യാമപ്രസാദിന്റെ ‘എലക്ട്ര’ പ്രദർശിപ്പിച്ചപ്പോൾ കാണാൻ വന്നവർ കൈരളി കൊട്ടകയുടെ ചില്ലുകൾ വരെ തകർത്തു. പക്ഷെ പടം റിലീസ് ചെയ്തപ്പോൾ അങ്ങോട്ട് തിരിഞ്ഞു പോലും നോക്കാതെ നമ്മൾ ആ സിനിമയെ തകർത്തു! ഈ ഇരട്ടത്താപ്പിലും ഒരു സമാനതയുണ്ട്. രണ്ടിടത്തും നമ്മൾ ‘തകർക്കുക’ ആയിരുന്നു. മേളയ്ക്ക് പാസ് എടുക്കുന്ന ഈ 15000 ൽ അധികം പേർ മാത്രം ശ്രമിച്ചാൽ പോലും ഇത്തരം സിനിമകൾ റിലീസ് ചെയ്യുമ്പോൾ പ്രേക്ഷകർക്ക് ഇടയിൽ പല ചലനങ്ങളും നടത്തുവാൻ സാധിക്കും. പക്ഷെ മേളയ്ക്ക് പടം കാണുന്നത് ആഢ്യത്തവും കൊട്ടകയിൽ പോയി ടിക്കറ്റ് എടുത്തു പടം കണ്ടാൽ അത് മ്ലേഛവും ആണെന്ന് ചിന്തിച്ചാൽ പിന്നെ പണി പാളിയില്ലേ...?!

kishor1 കിഷോർ സത്യ. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

തുടങ്ങിയേടത്ത് തന്നെ അവസാനിപ്പിക്കാം. സുവർണ ചകോരം, ഫിപ്രസി, നാട്പാക് പ്രേക്ഷക പുരസ്കാരങ്ങൾ നേടിയ ഒറ്റാലിനും സംവിധായകൻ ജയരാജ് സാറിനും അഭിമാനത്തോടെയുള്ള ആശംസകൾ ഒരിക്കൽ കൂടി. ഒപ്പം അഭിനയത്തിന് പരാമർശം ലഭിച്ച ‘നടന്മാരല്ലാത്ത’ അഭിനേതാക്കൾ കുമരകം വാസുദേവൻ ചേട്ടനും അശാന്തിനും അഭിനന്ദനങ്ങൾ. സിനിമ സ്വപ്നം കാണുന്ന ഓരോ മലയാളിക്കും, സാറ്റ്ലൈറ്റ് വാല്യുവിൽ കുടുങ്ങി ജീവിതം ഹോമിക്കുന്ന ഓരോ പുതു സംവിധാന മോഹികൾക്കും ഈ പുരസ്കാരങ്ങൾ ഒരു പുത്തൻ ഉണർവ് നൽകട്ടെ. പതിവ് വാക്യത്തോടെ വിട. ഇനി ഒരു വർഷത്തെ ഇടവേള. വീണ്ടും അടുത്ത ഡിസംബറിൽ... പക്ഷെ വരുമ്പോൾ മാറ്റം ഉണ്ടായിരിക്കണം നമ്മളിൽ, പറയാൻ ഒരുപാട് ഉണ്ടാവണം... സന്തോഷിക്കാൻ ഉണ്ടാവണം... നമ്മുടെ ഈ സുവർണ ചകോരം അതിനുള്ള ഉത്പ്രേരകം ആവട്ടെ...

വാൽക്കഷ്ണം. ചലച്ചിത്ര അക്കാദമിയുമായും മറ്റ് സിനിമാ സംഘടനകളുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കുറച്ച് സാങ്കേതിക പ്രവർത്തകർ അല്ലാതെ മുഖ്യധാരാ മലയാള സിനിമയിൽ നിന്നുള്ള ആളുകളുടെ എണ്ണം ഇത്ര വർഷമായിട്ടും മേളകളിൽ ഞാൻ അധികം കണ്ടിട്ടില്ല. അതും വിരലിൽ എണ്ണാവുന്ന അത്രയും സാങ്കേതിക പ്രവർത്തകർ മാത്രം. സ്വന്തം പടങ്ങളുടെ സ്ക്രീനിംഗ് ഉണ്ടെങ്കിൽ അതിൽ മാത്രം പങ്കെടുത്തു പത്രങ്ങൾക്കു ചിരിയും ചാനലുകൾക്ക് ‘കടിയും’ (bite) കൊടുത്തു പോകുന്ന അഭിനേതാക്കൾ അല്ലാതെ മേള കാണാനായി വരുന്നവർ തീരെയില്ല എന്ന് തന്നെ പറയാം. ഡിസംബർ മാസം ആദ്യം മലയാള സിനിമ മൊത്തം ഷൂട്ടിങ്ങിൽ ആണ് എന്ന് ചിന്തിക്കുക വയ്യല്ലോ. പിന്നെ എന്തേ ഇങ്ങനെ?! ലോക സിനിമ എന്തോ എങ്ങനെയോ ആവട്ടെ നമുക്ക് ഇതിന്റെയൊന്നും ആവശ്യമില്ല എന്ന ചിന്ത കൊണ്ടാണോ..?! ലോകത്തിലെ കലാ രാഷ്ട്രീയ സാമൂഹിക സംസ്കാരിക അവസ്ഥകൾ, മാറ്റങ്ങൾ ഒക്കെ സിനിമയിലൂടെ എങ്ങനെ സംവദിക്കപ്പെടാൻ ആവുമെന്നും അതിലൂടെ ഒരു സ്വയം നവീകരണത്തിനായി നമ്മുടെ തൊട്ടടുത്ത് കിട്ടുന്ന അവസരത്തോട് കണ്ണും മനസും കെട്ടിയിട്ടു ബീമാപ്പള്ളിയിൽ നിന്നും വാങ്ങുന്ന വ്യാജ കൊറിയൻ സി.ഡി കളിൽ ആണ് മലയാള സിനിമയുടെ ഭാവി എന്ന് ഞാൻ ഉൾപ്പെടുന്ന മലയാളി ചലച്ചിത്ര സമൂഹം ചിന്തിക്കുന്നതുകൊണ്ടാണോ ?! എങ്കിൽ അതിനെ കഷ്ടം എന്നെ പറയേണ്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.