Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ നനയ്ക്കാത്ത സിനിമാപ്പൂരം

sreedevi

കലാ-സാംസ്കാരിക മേളകൾക്ക് വേരോടാൻ വളക്കൂറുള്ള മണ്ണാണ് അനന്തപുരിയുടേത്. ഓരോന്നും നിറഞ്ഞ മനസ്സോടെയും സന്തോഷത്തോടെയുമാണ് അനന്തപുരിയുടെ മണ്ണിൽ സ്വീകരിക്കപ്പെടുന്നത്. ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയും ഈ മണ്ണിൽ കൊടികയറുമ്പോൾ പ്രതീക്ഷകൾ അസ്ഥാനത്തായില്ല.

ചുംബനസമരത്തിന്റേയും പ്രതിഷേധങ്ങളുടേയും സ്വരമുയർന്നു കേട്ട കഴിഞ്ഞ വർഷത്തെ മേളയിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് ഇത്തവണ കാണാനായത്. നിശാഗന്ധിയും ടാഗോറും മേളയിലുൾപ്പെടുത്തിയതാണോ ഓൺലൈൻ ബുക്കിംഗ് സംവിധാനമാണോ ഇത്രയും ശാന്തമായൊരു അന്തരീക്ഷമൊരുക്കിയതെന്ന് പറയാനാവില്ല.

മഴയ്ക്ക് പോലും മായ്ച്ചു കളയാനാകാത്ത വർണ്ണപ്പൊലിമകളുമായാണ് ഇത്തവണത്തെ ചലച്ചിത്രമാമാങ്കം തുടക്കം കുറിച്ചത്. നിറഞ്ഞു പെയ്യുന്ന മഴയിലും നീണ്ട് ക്യൂവിൽ ശാന്തമനസ്സോടെ നിന്ന് സിനിമ കണ്ടിറങ്ങുന്ന ഡെലിഗേറ്റുകൾ കണ്ണിനു കൌതുകം തന്നെയാണ്.

ഡെലിഗേറ്റ് സെല്ലും മീറ്റ് ദി ഡയറക്ടറും ഉൾപ്പടെ ഇതിനോടനുബന്ധിച്ചുള്ള കലാപരിപാടികളെല്ലാം ഒരുമിച്ച് ടാഗോർ തിയേറ്ററിലേക്ക് ആക്കിയത് ഡെലിഗേറ്റുകളെ ഓടി നടന്നെല്ലാം വീക്ഷിക്കേണ്ട നിസ്സഹായതയിൽ നിന്നും കുറേയൊക്കെ സ്വതന്ത്രരാക്കുകയായിരുന്നു.

മത്സരത്തിനുള്ളവയും ഓസ്കാർ പരിഗണനയുള്ളതും മാത്രമല്ല സ്ത്രീശക്തി ചിത്രങ്ങളും ത്രീഡി ചിത്രങ്ങളുമുൾപ്പടെ മേളയ്ക്ക് കൊഴുപ്പ് കൂട്ടാൻ അണിഞ്ഞൊരുങ്ങിയത് മികവുറ്റവ തന്നെയായിരുന്നു എന്നതാണ് ആശ്വാസം.

ഒറ്റാൽ, ചായം പൂശിയ വീട്, ഒഴിവുദിവസത്തെ കളി എന്നിങ്ങനെ നിലവാരമുള്ള ചിത്രങ്ങളുമായി മലയാളവും ആസ്വാദകമനസ്സുകൾ കീഴടക്കുന്നു. മാന്ത്രികം കാട്ടുന്ന സിനിമകളല്ല, പകരം സാധാരണക്കാരന്റെ മാനസിക പരിധികൾക്കുള്ളിൽ നിൽക്കുന്ന സിനിമകളാണ് ഇത്തവണ കൂടുതലും.

എംബ്രേസ് ഓഫ് ദി സർപന്റ്, നാഹിദ്, ദ അസാസിൻ, ഫോഴ്സ് ഓഫ് ഡെസ്റ്റിനി, ബോപം, മൂർ, സ്റ്റോപ് അങ്ങനെ നീളുന്നു കണ്ടാലും കണ്ടാലും മതി വരാത്ത സിനിമകളുടെ നീണ്ട നിര. കണ്ടു കഴിഞ്ഞ ഡെലിഗേറ്റുകളുടെ അഭിപ്രായം മികച്ചതാണെന്നറിഞ്ഞാൽ രണ്ടാമത്തെ പ്രദർശനത്തിനു ബുക്കിംഗ് കിട്ടാത്ത അവസ്ഥയാണ്. എല്ലാത്തവണയും പോലെ കിംകിഡുക്ക് ഇത്തവണയും വിസ്മയം സൃഷ്ടിച്ചു. സ്റ്റോപ്പ് കാണാനുള്ള നീണ്ട ക്യൂ അതാണു ചൂണ്ടിക്കാട്ടിയത്.

ഗതാഗതക്കുരുക്കുകളില്ലാതെ, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ വെള്ളിയാഴ്ച മേള അവസാനിക്കും മുമ്പ് മനസിനെ ആകർഷിച്ച സിനിമകൾ കണ്ടു തീർക്കാനുള്ള നെട്ടോട്ടമോടുന്ന ചലച്ചിത്രാസ്വാദകരെയാണ് അനന്തപുരിയുടെ രാജവീഥിയിലിപ്പോൾ ദർശിക്കാനാകുന്നത്.

സുവർണ്ണ ചകോരവും രജത ചകോരവുമൊക്കെ ആരെ കാത്തിരിക്കുന്നു എന്ന ആകാംഷ കാണാം എല്ലാ മുഖങ്ങളിലും. ഇനി രണ്ടു നാളിന്റെ കാത്തിരുപ്പ് ഒരു മഹാമേളയുടെ വിധിയെഴുത്തിന്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.