Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേളയിൽ ത്രീഡി ചിത്രങ്ങൾ

love-movie-3d

ഇത്തവണത്തെ ചലചിത്രമേളയുടെ പ്രത്യേകത ത്രീഡി ചലചിത്രങ്ങൾ. ത്രീഡി ചിത്രങ്ങള്‍ക്കു വേണ്ടി ആദ്യമായി ഒരു പാക്കേജ് ഉള്‍പ്പെടുത്തുന്ന മേളയും ഇതാണ്. ആറ് ത്രീഡി ചിത്രങ്ങളാണ് രമ്യ, ന്യൂ തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്. ലിത്വാനിയ സിനിമകളുടെ പാക്കേജും ആദ്യമായാണു മേളയ്‌ക്കെത്തുന്നത്. അഞ്ച് ലിത്വാനിയൻ സിനിമകളും മ്യാൻമാറിൽ നിന്നുള്ള രണ്ടു സിനിമകളുമാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ട്രൂ സ്‌റ്റോറി, സ്ത്രീ പക്ഷം, പുതുമുഖ സംവിധായകര്‍ എന്നീ വിഭാഗങ്ങളിലായി അഞ്ചുവീതം ചിത്രങ്ങളും പ്രത്യേക പാക്കേജിലാക്കി പ്രദര്‍ശിപ്പിക്കും.

വൂൾഫ് ടോട്ടെം, മാർഷ്യൻ, ലൈഫ് ഓഫ് പൈ, ലവ്, പാൻ, എവരി തിങ് വിൽ ബി ഫൈൻ എന്നിവയാണ് ത്രീഡി വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. ശ്രദ്ധേയനായ ഫ്രഞ്ച് സംവിധായകൻ ഗാസ്പർ നോ സംവിധാനം ചെയ്ത, ലൈംഗികത പ്രമേയമാക്കിയ ലവ് ആണ് കൂട്ടത്തിലെ ശ്രദ്ധേയചിത്രം. മർഫിയെന്ന യുവാവും കാമുകി ഇലക്ട്രയുമായുള്ള രതിയും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം.

മറ്റൊരു സിനിമയാണ് വൂൾഫ് ടോട്ടെം. സാംസ്കാരിക വിപ്ലവ കാലത്ത് ചൈനയിലെ ഒരു യുവാവ് ഉൾനാടൻ മേഖലകളിലേക്ക് നടത്തുന്ന യാത്രയാണ് കഥയുടെ പ്രമേയം. 2004ൽ ഇതേപേരിൽ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളുള്ളതിനാൽ വ്യാജപേരിലാണ് നോവൽ പ്രസിദ്ധീകരിച്ചത്. ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. പിന്നീട് വർഷങ്ങൾക്കുശേഷമാണ് നോവലിസ്റ്റ് ആരാണെന്ന് പുറംലോകമറിഞ്ഞത്. എഴുത്തുകാരൻ അജ്ഞാതവാസത്തിലായതിനാൽ നോവലെഴുതിയത് തങ്ങളാണെന്ന അവകാശവാദങ്ങളുമായി ചില എഴുത്തുകാർ എത്തിയതും വിവാദമായിരുന്നു.

രണ്ടു പുതിയ പൊതു പ്രദര്‍ശന വേദികളും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. സെന്‍സര്‍ ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വെള്ളയമ്പലം മാനവീയം വീഥിയും പ്രത്യേക പാക്കേജ് സിനിമകള്‍ കാണിക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുമാണിവ. കോര്‍ട്ടില്‍ 1000 സീറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

∙മികച്ച സിനിമകള്‍

വെനീസ്, കാന്‍, ബെര്‍ലിന്‍, മോസ്‌കോ, ഷാങ്ഹായ്, ടൊറന്റോ മേളകളില്‍ മികച്ച ചിത്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ ഇത്തവണ മേളയിൽ പ്രദർശിപ്പിക്കും. മിക്കവയും 2015ൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ഏറ്റവും പുതിയ ചിത്രമാണ് ടാക്‌സി. വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ ഫ്രം അഫറാണ് മറ്റൊരു ചിത്രം. ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലെപ്പാര്‍ഡ് പുരസ്‌കാരം നേടിയ റൈറ്റ് നൗ, റോങ്ങ് ദെന്‍ എന്ന ചിത്രവും തിരുവനന്തപുരം മേളയെ ശ്രദ്ധേയമാക്കും.

കാന്‍ ചലച്ചിത്രമേളയില്‍ പാം ഡീ ഓര്‍ പുരസ്‌കാരം നേടിയ ദീപന്‍ എന്ന ചിത്രമാണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. ടൊറൊന്റോ മേളയില്‍ ജനപ്രിയചിത്രമായി നിര്‍ദ്ദേശിക്കപ്പെട്ട പ്രൈസ് ഓഫ് ലൗ, കാന്‍ ചലച്ചിത്രമേളയില്‍ പ്രോമിസിംഗ് ഫ്യൂച്ചര്‍ അവാര്‍ഡ് നേടിയ നാഹിദ്, ഷാങ്ഹായ് മേളയില്‍ ഗോള്‍ഡന്‍ ഗോട്ടെറ്റ് പുരസ്‌കാരം കരസ്ഥമാക്കിയ ദി നൈറ്റ് വാച്ച്മാന്‍ റോട്ടര്‍ഡാം മേളയില്‍ ടൈഗര്‍ അവാര്‍ഡ് നേടിയ ദി പ്രോജക്ട് ഓഫ് ദി സെഞ്ച്വറി, ബുസാന്‍ മേളയില്‍ ന്യൂ കറന്റ്‌സ് വിഭാഗത്തില്‍ മികച്ച ചിത്രം, ഫിപ്രസി പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയ ഇമ്മോര്‍ട്ടല്‍ എന്ന ചിത്രവും മേളയില്‍ പ്രദർശിപ്പിക്കും.

∙ജൂറി

പ്രധാനജൂറി ചെയര്‍മാന്‍ ബ്രസീലിലെ പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകനായ ജൂലിയോ ബ്രെസെയ്ന്‍ ആണ്. മൗസിനിന്‍ അബ്‌സ, നാദിയ ഡ്രെസ്റ്റി, മാക്‌സിന്‍ വില്യംസ്, ജാനു ബറുവ എന്നിവര്‍ അംഗങ്ങളായിരിക്കും. ഡെറക് മാല്‍ക്കം, ലതിക പഡ്‌ഗോങ്കര്‍ എന്നിവര്‍ ഫിപ്രസി ജൂറി അംഗങ്ങളാണ്. നെറ്റ്പാക് ജൂറിയായി സിദ്ദിഖ് മാര്‍ബക്, സ്വര്‍ണ മാല്‍വര്‍ചി, മീനാക്ഷി ഷെഡ്ഡി എന്നിവരാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.