Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരക്കാഴ്ചയൊരുക്കാന്‍ നവാഗത സംവിധായകരുടെ 7 ചിത്രങ്ങളും

my-skinny-sister

ചലച്ചിത്ര ലോകത്തെ നവാഗത സംവിധായകരുടെ ഏഴ് ചിത്രങ്ങള്‍ ഇരുപതാമത് ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തും. ചൈന, യൂറോപ്പ്, തെക്കെ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചതും നിരവധി മേളകളില്‍ സാന്നിധ്യം അറിയിച്ചതും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളതുമായ മൈ സ്‌കിന്നി സിസ്റ്റര്‍, കൈലി ബ്ലൂസ്, ദ തിന്‍ യെലോ ലൈന്‍, ലാന്‍ഡ് ആന്‍ഡ് ഷെയ്ഡ്, ലാംപ്, ഹോപ്ഫുള്‍സ്, 600 മൈല്‍സ് എന്നിവ ഫസ്റ്റ് ലുക്ക് ഫിലിംസ് വിഭാഗത്തില്‍ വിരുന്നൊരുക്കും.

ഭക്ഷണത്തോടുള്ള വെറുപ്പിനെ കഥാതന്തുവാക്കി സന ലെന്‍കന്‍ സംവിധാനം ചെയ്ത സ്വീഡിഷ്-ജര്‍മന്‍ ചിത്രമാണ് മൈ സ്‌കിന്നി സിസ്റ്റര്‍. ഈ വൈകല്യം ഒരു കുടുംബത്തെ എങ്ങനെ ബാധിക്കുന്നുവെന്നുള്ളതിനെ ഹാസ്യത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു. ഗാന്‍ ബി സംവിധാനം ചെയ്ത ചൈനീസ് ചിത്രമാണ് കൈലി ബ്ലൂസ്. ലൊക്കാര്‍ണോയില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടിയ ചിത്രം അനന്തരവനെ തേടിയുള്ള ഡോ. ചെന്‍ ഷെങ്ങിന്റെ യാത്രയെയാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

kaili-blues

റോഡിലെ അസഹനീയമായ ചൂടിനോട് പൊരുതി മീഡിയന്‍ വരയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട അഞ്ചു പേരുടെ കഥയെ തനിമയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് മെക്‌സിക്കന്‍ സംവിധായകനായ കെല്‍സോ ആന്‍ ഗാഷിയയുടെ ദ തിന്‍ യെല്ലോ ലൈന്‍. കാന്‍, പോളണ്ടിലെ ടോഫി ഫെസ്റ്റിവല്‍, മുംബൈ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ പുരസ്‌കാരങ്ങളും പ്രത്യേക പരാമര്‍ശവും നേടിയ ചിത്രമാണ് ലാന്‍ഡ് ആന്‍ഡ് ഷെയ്ഡ്. 17 വര്‍ഷത്തിനുശേഷം സ്വന്തം വീട്ടിലെത്തി, മാറിയ സാഹചര്യങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന അല്‍ഫോണ്‌സോയുടെ കഥ പറയുന്ന ചിത്രം സീസര്‍ അഗസ്റ്റോ അസെവിഡോയാണ് സംവിധാനം ചെയ്തത്.

the-thin-yellow-line

തന്റെ ആടുകളെ മതോത്സവത്തില്‍ ബലിയര്‍പ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന ആട്ടിടയനും പാചക വിദഗ്ധനുമായ എഫ്രെയിനെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രമാണ് ലാംബ്. വരള്‍ച്ച ബാധിത എത്യോപ്യയെ പശ്ചാത്തലമാക്കിയ ചിത്രം യാറെഡ് സെലെക്കിയാണ് സംവിധാനം ചെയ്തത്.

സംവിധായകനും അഭിനേതാക്കള്‍ക്കും ലൊകാര്‍ണോ, റിയോ ഡി ജെനീറോ മേളകളില്‍ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ഐവ്‌സ് റോസെന്‍ഫെല്‍ഡിന്റെ ഹോപ്ഫുള്‍സ്. ഗര്‍ഭിണിയായ തന്റെ കൂട്ടുകാരിക്കുവേണ്ടി ഫുട്‌ബോള്‍ ജീവിതം ഉപേക്ഷിക്കുന്ന യുവാവിന്, തന്റെ സുഹൃത്ത് ഒരു പ്രൊഫഷണല്‍ ടീമുമായി കരാറില്‍ എര്‍പ്പെടുമ്പോഴുണ്ടാകുന്ന അസൂയയെ പ്രമേയമാക്കിയിരിക്കുന്നു. അമേരിക്കന്‍ നിയമപാലകനും മെക്‌സിക്കന്‍ തോക്കുകടത്തുകാരനും തമ്മിലുള്ള ശത്രുത നിലനില്‍പിനുവേണ്ടിയുള്ള പൊരുത്തപ്പെടലുകള്‍ക്ക് വഴിമാറുന്നതിനെ അടിസ്ഥാനമാക്കി ഗബ്രിയേല്‍ റിപ്സ്റ്റി എടുത്ത ചിത്രമാണ് 600 മൈല്‍സ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.