Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യഥാര്‍ത്ഥ സംഭവങ്ങളെ അധികരിച്ച് ഏഴു ചിത്രങ്ങള്‍

the-wolf-pack

യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഏഴു ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ബേസ്ഡ് ഓണ്‍ ട്രൂ സ്‌റ്റോറീസ്' വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. ആന്റന്‍ ചെക്കോവ് 1890, ബ്രിഡ്‌ജെന്‍ഡ്, കാര്‍ട്ട് ബ്ലാന്‍ഷ്, ടാന്ന, ദി ഡാര്‍ക്ക് ഹോഴ്‌സ്, ദി ട്രൂത്ത്, ദി വുള്‍ഫ് പാക്ക് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ലോകത്തിന്റെ നേര്‍ക്കാഴ്ച സമ്മാനിക്കുക.

സാഹിത്യലോകത്തു നില്‍ക്കുമ്പോള്‍ ലഭിക്കുന്ന സാമൂഹ്യപദവികളില്‍നിന്ന് പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ സാമൂഹ്യപരിഷ്‌കര്‍ത്താവായി മാറുന്ന സാഹിത്യ ഇതിഹാസം ആന്റന്‍ ചെക്കോവിനെക്കുറിച്ചുള്ള ഫ്രഞ്ച് ചിത്രമാണ് ആന്റന്‍ ചെക്കോവ് 1890. കര്‍മ്മപഥത്തില്‍ ഡോക്ടറായിരുന്ന ചെക്കോവ് എഴുത്തിലേക്ക് ചുവടുവയ്ക്കുന്ന സാഹചര്യത്തില്‍ സ്വയം തിരിച്ചറിയലുകള്‍ക്ക് വിധേയപ്പെടുന്നതിനെ റെനേ ഫെററ്റ് വരച്ചുകാട്ടുന്നു.

ദക്ഷിണ വെയില്‍സിലെ ബ്രിഡ്‌ജെന്‍ഡില്‍ നടന്ന ചില സംഭവങ്ങളെ കോര്‍ത്തിണക്കി ഡാനിഷ് സംവിധായകന്‍ ജെപ്പി റോന്‍ഡേ സംവിധാനം ചെയ്ത ചിത്രമാണ് ബ്രിഡ്‌ജെന്‍ഡ്. സാറയുടേയും പിതാവ് ഡേവിന്റെയും ബ്രിഡ്‌ജെന്‍ഡിലേക്കുള്ള യാത്രയിലൂടെ കൗമാരക്കാരും അവരുടെ രക്ഷിതാക്കളും തമ്മിലുള്ള ബന്ധത്തിലേക്ക് ആസ്വാദക ശ്രദ്ധ ക്ഷണിക്കുന്ന ഈ ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ജോലിയും വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള അവസരവും നഷ്ടമാകാതിരിക്കുന്നതിനുവേണ്ടി ചരിത്രാധ്യാപകനായ കാപ്പര്‍ തന്റെ കാഴ്ചശക്തി കുറഞ്ഞുവരുന്നുവെന്ന സത്യം മറച്ചുവയ്ക്കുന്നത് കഥാതന്തുവാക്കിയ പോളിഷ് ചിത്രമാണ് ജസാക്ക് ലുസിന്‍സ്‌കിയുടെ കാര്‍ട്ട് ബ്ലാന്‍ഷ്. പുതിയ സാഹചര്യങ്ങളേയും വെല്ലുവിളികളേയും നേരിടാന്‍ ശീലിച്ചു കൊണ്ടിരിക്കുന്ന കാപ്പര്‍ സഹപ്രവര്‍ത്തക ഇവയുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ വഴിത്തിരിവ്.

ചെറുമകന്റെ പ്രണയം ഗോത്ര സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതിനെ പ്രമേയമാക്കി ഓസ്ട്രേലിയന്‍ സംവിധായകരായ മാര്‍ട്ടിന്‍ ബട്ട്‌ലറും ബെന്റ്‌ലെ ഡീനും ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ടാന്ന. വെനീസ് ചലച്ചിത്രമേളയില്‍ ടാന്നയുടെ ഛായാഗ്രഹണത്തിന് അവാര്‍ഡ് ലഭിച്ചിരുന്നു.

tanna

ജനിസിസ് പോട്ടിനി എന്ന അതിപ്രഗത്ഭനായ ചെസ് ചാംപ്യന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ജെിംസ് നേപ്പിയര്‍ റോബോര്‍ട്ട്‌സന്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രമാണ് ദി ഡാര്‍ക്ക് ഹോഴ്‌സ്. ജീവിതക്ലേശങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള പോട്ടിനിയുടെ ആത്മവീര്യത്തെയാണ് വൈകാരികമായി ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

മാപ്‌സയുടെ 2005ല്‍ പുറത്തിറങ്ങിയ സ്മരണികയെ ആധാരമാക്കി ജയിംസ് വാന്‍ഡര്‍ബില്‍റ്റ് തയ്യാറാക്കിയ അമേരിക്കന്‍ ഡോക്യുഡ്രാമയാണ് ദിട്രൂത്ത്. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നൊഴിവാകുന്നതിനായി ജോര്‍ജ്ജ് ഡബ്ല്യു ബുഷ് രേഖയില്‍ വരുത്തിയ കൃത്രിമം രണ്ട് അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ കണ്ടെത്തുന്നതും തുടര്‍ന്ന് വിലയായി അവരുടെ കരിയര്‍ തന്നെ നല്‍കേണ്ടി വന്നതുമാണ് ചിത്രം വരച്ചുകാട്ടുന്നത്.

പുറംലോകവുമായി ബന്ധമില്ലാതെ മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട നിലയില്‍ കഴിഞ്ഞുവരുന്ന ചുറുചുറുക്കുള്ള ആറ് സഹോദരന്‍മാരുടെ കഥയാണ് ക്രിസ്റ്റല്‍ മൊസലിന്റെ അമേരിക്കന്‍ ചിത്രം ദി ൂള്‍ഫ് പാക്ക്. ടെലിവിഷനടിമപ്പെട്ട അവരുടെ സിനിമികളില്‍ നിന്നു സ്വായത്തമാക്കിയ ധാരണകളേയും കൗമാരത്തിലേക്കെത്തുമ്പോള്‍ പുറംലോകത്ത് എത്തുന്നതിനുള്ള വെമ്പലിനേയും ചിത്രം ദൃശ്യവല്‍ക്കരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.