Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസീലിനോളം തന്നെ വരും ബ്രെസാനിയുടെ സിനിമാലോകം

julio-bressane

കയ്യിലൊരു ക്യാമറയും മനസ്സിലൊരു ആശയവും, ഇത്രയും മതി ഒരു സിനിമയെടുക്കാൻ– ഫ്രഞ്ച് ന്യൂവേവും ഇറ്റാലിയൻ നിയോറിയലിസവും ചലച്ചിത്രലോകത്തിനു സമ്മാനിച്ച ഏറ്റവും വലിയ ആത്മവിശ്വാസമായിരുന്നു ഈ വാക്കുകൾ. ലോകമഹായുദ്ധത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രതിസന്ധി ലോകരാജ്യങ്ങളെ നട്ടംതിരിച്ചപ്പോൾ അതിലേറ്റവും തിരിച്ചടിയേറ്റത് സിനിമയ്ക്കായിരുന്നു. പക്ഷേ പടം പിടിക്കാനെന്തിനാണ് ഇത്രയേറെ പണം എന്ന് ഒരു കൂട്ടം ധിഷണാശാലികളായ ചെറുപ്പക്കാർ ചിന്തിച്ചതോടെ സിനിമയിൽ നവതരംഗങ്ങളും നവയാഥാർഥ്യങ്ങളുമെല്ലാം നിറയാൻ തുടങ്ങി. ബുദ്ധി ഉപയോഗിച്ച് അവർ സിനിമ പിടിക്കാൻ തുടങ്ങി.

bressane-movie

സാമ്പത്തികമായി ദാരിദ്ര്യത്തിലാണെങ്കിലും ആശയദാരിദ്ര്യം ഒട്ടുമില്ലാതിരുന്ന ലാറ്റിനമേരിക്കൻ സിനിമാക്കാരെയും കൊതിപ്പിക്കുന്നതായിരുന്നു ഈ മുന്നേറ്റം. അങ്ങനെ ഫ്രാൻസിൽ നിന്നും ഇറ്റലിയിൽ നിന്നും വീശിയ നവതരംഗക്കാറ്റ് അവിടെയും വീശിയടിച്ചു. ഏറ്റവും വലിയ ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലായിരുന്നു ആ കാറ്റിൽ ആടിയുലഞ്ഞത്. അവിടെ സിനിമ മാർജിനൽ, സിനിമാ നോവോ എന്നിങ്ങനെ മൂവ്മെന്റുകൾ തന്നെ രൂപപ്പെട്ടു. 1960കളിലായിരുന്നു അത്. ചെലവുകുറഞ്ഞ സിനിമ ചെയ്യാൻ ബ്രസീലിലാകട്ടെ വിഷയങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല– ബ്രസീലിന്റെ ദാരിദ്ര്യവും വികസന മുരടിപ്പുമെല്ലാം ചലച്ചിത്രറീലുകളിലേക്ക് അതിവേഗം പതി​ഞ്ഞു.

റിയോ ഡി ജനീറോ കേന്ദ്രീകരിച്ചായിരുന്നു സിനിമ നോവോ വക്താക്കളുടെ പ്രവർത്തനം. എന്നാൽ സിനിമ മാർജിനലാകട്ടെ സാവോ പോളോ കേന്ദ്രീകരിച്ചും. സിനിമ നോവോയെക്കാൾ മൗലികത കൂടുതൽ മാർജിനൽ സംഘത്തിന്റെ ചിത്രത്തിനായിരുന്നു അവകാശപ്പെടാനാവുക. അത് നേരിനോട് ഏറ്റവും അടുത്ത് നിൽക്കാൻ ആഗ്രഹിച്ചു. ഭാവനാത്മകമായ ഇടപെടലുകൾ പരമാവധി കുറച്ചു, യാഥാർഥ്യത്തെ അതിന്റെ തനതുഭാവത്തോടെ അവതരിപ്പിക്കാനാഗ്രഹിച്ചു. പരീക്ഷണാത്മ ചിത്രങ്ങളുടെ പടനിലമായി സാവോ പോളോ മാറി. ചലച്ചിത്രഭാഷയെത്തന്നെ അവർ അട്ടിമറിച്ചു. സിനിമാ നോവോയുടെയും മാർജിനലിന്റെയും രാഷ്ട്രീയം ഏകദേശം ഒരുപോലെയായിരുന്നു. ലോകപ്രശസ്തമായ ഈ ബ്രസീലിയൻ സിനിമാ മാർജിനൽ കൂട്ടായ്മയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായിരുന്നു ജൂലിയോ ബ്രെസാനി. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷൻ. സിനിമ മാർജിനൽ മൗലികതയ്ക്ക് പേരുകേട്ടതാണെങ്കിൽ അതിനോട് ഏറ്റവും കൂറുപുലർത്തിയ വ്യക്തിയെന്നു തന്നെ പറയേണ്ടിവരും ബ്രെസാനിയെപ്പറ്റി. കാരണം ചെലവു കുറച്ച് സിനിമകൾ എടുക്കുന്ന കാര്യത്തിൽ ഇന്നും ലോകസിനിമയ്ക്കൊരു പാഠപുസ്തകമാണ് ഇദ്ദേഹം. ഒരു സിനിമയൊരുക്കുന്നതിനായി 11 മുതൽ 14 ദിവസമേ അദ്ദേഹമെടുക്കാറുള്ളൂ. ഷൂട്ട് ചെയ്യുന്നതിനല്ല, എഡിറ്റിങ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്‌ഷനും കൂടിയാണ് ഇത്രയും സമയം. മാത്രവുമല്ല വളരെ താഴെ ബജറ്റിലാണ് ഇദ്ദേഹത്തിന്റെ സിനിമകളെല്ലാം.

bressane-movies

സിനിമ മാർജിനലിന്റെ ലഹരി ഇന്നും തലയിൽ നിന്നിറങ്ങാത്ത ബ്രെസാനിയെ പ്രസ്ഥാനത്തിലെ ഏറ്റവും ധിഷണാശാലിയായ സംവിധായകൻ എന്നാണ് ചലച്ചിത്രനിരീക്ഷകർ വിലയിരുത്തുന്നത്. ചരിത്രത്തോടും സാഹിത്യത്തോടും അച്ചടക്കത്തോടെയുള്ള സമീപനമായിരുന്നു ഇദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ ആ വിഷയങ്ങളോടു ചേർന്നാണ് ഭൂരിപക്ഷം സിനിമകളും. ക്ലിയോപാട്ര പോലുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്നും ലോകസിനിമയുടെ മികവിന്റെ പട്ടികയിലുണ്ട്. പത്തൊൻപതാം വയസ്സു മുതലുണ്ട് ബ്രെസാനി സിനിമയ്ക്കൊപ്പം. 1967ലായിരുന്നു ആദ്യചിത്രം ഫെയ്സ് ടു ഫെയ്സ്. പിന്നീടിതുവരെ മുപ്പതോളം ചിത്രങ്ങൾ. അതിൽ ഏറെയും സിനിമാ മാർജിനലിന്റെ സുവർണകാലത്ത്.

പക്ഷേ ഏതാനും വർഷത്തെ ആയുസ്സേ സിനിമാ മാർജിനലിനുണ്ടായിരുന്നുള്ളൂ. 1970കളിൽ രണ്ട് ചലച്ചിത്രപ്രസ്ഥാനങ്ങളും പതിയെ അപ്രത്യക്ഷമായിത്തുടങ്ങി. യാഥാർഥ്യം വിട്ട് ഹോളിവുഡ് ചിത്രങ്ങളൊരുക്കിയ ഭാവനാലോകത്തേക്ക് ബ്രസീലുകാർ വീണുപോയതായിരുന്നു കാരണം. പിന്നീട് വാൾട്ടർ സാലസ് പോലുള്ള സംവിധായകർ വേണ്ടി വന്നു ഹോളിവുഡിനെ കടത്തിവെട്ടി തനി ‘ബ്രസീലിയൻ’ എന്ന ലേബലോടെ മികച്ച ചിത്രങ്ങൾ ലോകത്തിനു മുന്നിലെത്തിക്കാൻ. പുതുതലമുറ സംവിധായകർക്കു വഴികാട്ടിയായി ബ്രെസാനിയും ഇപ്പോഴും സജീവമാണ്.

julio-bressane-movie

2015ൽ ഇറങ്ങിയ Garoto (Kid) ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഐഎഫ്എഫ്കെയിലും ഇത് പ്രദർശിപ്പിക്കുന്നുണ്ട്. ഇക്കാലത്തിനിടെ സംവിധായകൻ, നിർമാതാവ്, എഡിറ്റർ, ഛായാഗ്രാഹകൻ, അഭിനേതാവ്, കോസ്റ്റ്യൂം–പ്രൊഡക്‌ഷൻ ഡിസൈനർ, ശബ്ദലേഖനം, സംഗീതസംവിധായകൻ തുടങ്ങി ബ്രെസാനി കൈവയ്ക്കാത്ത ചലച്ചിത്രമേഖലകളുണ്ടാകില്ല. 1965ൽ തുടങ്ങിയ തന്റെ ചലച്ചിത്രയാത്രയുടെ അൻപതാം വാർഷികത്തിലാണ് ബ്രെസാനി കേരളത്തിലേക്കെത്തുന്നതെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.