Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻസർ ബോർഡിനെതിരെ സിനിമാപ്രവർത്തകരുടെ പ്രതിഷേധം

unnikrishnan-iffk

ഐഎഫ്എഫ്കെയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സംസാര വിഷയം ഉണ്ണി മുകുന്ദനാണ്. കൊമേഴ്സ്യൽ സിനിമകളുടെ ലോകത്ത് വേരുറപ്പിച്ച ഉണ്ണി മുകുന്ദൻ എന്ന നടന്റെ വ്യത്യസ്തമായ മുഖമാണ് കാറ്റും മഴയും എന്ന ചിത്രത്തിലൂടെ ഐ എഫ് എഫ് കെയിൽ ഇന്നലെ കണ്ടത്. ക്ലാസ്സിക്കൽ ചിത്രങ്ങളുടെ ശിൽപി എന്ന് വിശേഷിപ്പക്കാവുന്ന ഹരികുമാറിന്റെ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എന്ന പ്രതിഭയുടെ അഭിനയ പാടവം പൂർണ്ണമായും ഉപയോഗിച്ചിരിക്കുന്നു.

സുകൃതം എന്ന തന്റെ കന്നി ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ ഹരികുമാറിന്റെ രണ്ടാം വരവ് കൂടിയാണ് കാറ്റും മഴയും. സാമൂഹ്യ പ്രതിബദ്ധതയാർന്ന ചിത്രത്തിൽ ഹരി നാരായണൻ എന്ന നമ്പൂതിരി യുവാവിനെ അവതരിപ്പിച്ചാണ് , തനിക്ക് കോമേഷ്യൽ ചിത്രങ്ങൾ മാത്രമല്ല ക്ലാസിക് ചുവയുള്ള ചിത്രങ്ങളും ചേരുമെന്ന് ഉണ്ണി തെളിയിച്ചത്. മത ചിന്തകളുടെ വേലിയേറ്റവും നന്മയുള്ള മനുഷ്യന്റെ നിസ്സഹായാവസ്ഥയും വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഇരു കൈകളും നീട്ടിയാണ് കാണികൾ സ്വീകരിച്ചത്. രണ്ടു വർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ കാറ്റും മഴയും ചില സാങ്കേതിക പ്രശ്നങ്ങൾ നിമിത്തം ഇത് വരെ തീയറ്ററുകളിൽ എത്തിയിട്ടില്ല. ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും പറയുമ്പോൾ ഉണ്ണിക്ക് 100 നാവാണ് ....

കാറ്റും മഴയും എന്ന സിനിമയാണല്ലോ ഇപ്പോൾ ഐഎഫ്എഫ്കെയിലെ ചർച്ചാ വിഷയം?

വളരെ സന്തോഷമുണ്ട്, ഞാനും സംവിധായകൻ ഹരികുമാര് സാറും ഒരുമിച്ചിരുന്നാണ് ചിത്രം കണ്ടത്. വിചാരിച്ചതിലും അപ്പുറമായിരുന്നു ജനങ്ങളുടെ പ്രതികരണം. എല്ലാവരും എഴുന്നേറ്റു നിന്ന് കൈ അടിച്ചാണ് ചിത്രത്തെ സ്വീകരിച്ചത്.എന്റെ ജീവിതത്തിൽ ആദ്യമായാണ് നിറഞ്ഞ കന്നുകലോടെയും സന്തോഷത്തോടെയും ജനങ്ങൾ ഒരു ചിത്രം സ്വീകരിക്കുന്നത് കാണുന്നത്. എന്നിലെ അഭിനേതാവിന്റെ പൂർണ്ണത എന്ന് പറയാൻ തോന്നുന്നത് ചിത്രത്തിലെ ഹരി നാരായണൻ എന്ന യുവാവിന്റെ കഥാപാത്രം വിജയിച്ചതാണ്. പിന്നെ, എന്റെ ചിത്രം ആദ്യമായാണ്‌ ഐ എഫ് എഫ് കെയിൽ വരുന്നത്. അതിന്റെ സന്തോഷം വേറെ. ഇവിടെ നിന്നും ലഭിച്ച മോമെന്റ്റൊയ്ക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച അവാർഡിന്റെ സ്ഥാനമാണ് ഞാൻ നൽകുന്നത്

വ്യത്യസ്തമായ പ്രമേയമാണല്ലോ കാറ്റും മഴയും കൈകാര്യം ചെയ്യുന്നത്, ചിത്രത്തെകുറിച്ച് എന്ത് പറയുന്നു?

സാമൂഹിക പ്രതിബദ്ധതായാർന്ന വിഷയമാണ് കാറ്റും മഴയും കൈകാര്യം ചെയ്യുന്നത്. ഹരി നാരായണൻ എന്ന നമ്പൂതിരി യുവാവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കടം കയറിയ ജീവിത സാഹചര്യത്തിൽ കുടുംബം പോറ്റാൻ കുലത്തൊഴിലും ഒപ്പം പ്ലംബിംഗ് ജോലിയും ചെയ്യുന്ന യുവാവാണ് ഹരി. അടുത്ത പ്രധാന കഥാപാത്രം ലാൽ സർ അവതരിപ്പിച്ച 75 കാരനായ ഹാജിയാരാണ്‌. സിനിമയിൽ ഒരിക്കൽ മാത്രമേ ഈ രണ്ടു കഥാപാത്രങ്ങളും നേരിൽ കാണുന്നുള്ളൂ. ലിവർ സിറോസിസ് ബാധിതനായ ഹാജിയാർക്ക് കരള മാറ്റി വയ്ക്കേണ്ടി വരുന്നു. എന്നാൽ കുടുംബത്തിൽ ആരും തന്നെ കരള പകുത്തു നൽകാൻ തയ്യാറാകുന്നില്ല. വീടിന്റെ ജപ്തി ഒഴിവാക്കുന്നതിനു വേണ്ടി മാത്രം ഹരി അതിനു തയ്യാറാകുന്നു.

എന്നാൽ ഒരു ഹിന്ദുവിന്റെ കരൾ കൊണ്ട് ജീവിക്കണ്ട കാര്യം ഒരു മുസൽമാനില്ല എന്ന് ഹാജിയാരുടെ മകൻ പറയുന്നതോടെ ഇരുവരും സമ്മർദ്ധത്തിലാകുന്നു. ജീവിക്കണം എന്ന ആഗ്രഹം ഹാജിയാരെയും നിലനില്പ്പിനായി പണം വേണം എന്ന സത്യം ഹരിയും അലട്ടുന്നതോടെ ഹരി മതം മാറാൻ തയ്യാറാകുന്നു. ഇത് ഹരിയുടെ സമുദായത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഒടുവിൽ പൊന്നാനിയിൽ പോയി ഹരി മതം മാറി വരുന്ന ദിവസം ഹാജിയാർ മരിക്കുന്നു. എന്നാൽ ഹരിയുടെ നന്മയുള്ള മനസ്സ് മരണത്തിനു മുൻപ് തന്നെ തിരിച്ചറിഞ്ഞിരുന്ന ഹാജിയാർ 30 ലക്ഷം രൂപയുടെ ചെക്ക് നേരത്തെ തന്നെ അവനായി മാറ്റി വയ്ക്കുന്നുണ്ട്‌ .

ഹരി എന്ന പേരിലുള്ള എല്ലാ കഥാപാത്രങ്ങളും ഹിറ്റ്‌ ആണല്ലോ? കാറ്റും മഴയിലെ ഹരി നാരായണനെ കുറിച്ച്?

തീർച്ചയായും, ഒരു സാധുവായ നമ്പൂതിരി യുവാവ് ആ കഥാപാത്രം എനിക്ക് ചെയ്യാൻ കഴിയും എന്ന് കണ്ടാണ്‌ ഹരികുമാർ സർ ഈ ചിത്രത്തിലേക്ക് എന്നെ ക്ഷണിക്കുന്നത്. എന്നെ ഏൽപിച്ച കഥാപാത്രത്തിനോട് ഞാൻ പൂർണ്ണമായും നീതി പുലർത്തി എന്നാണ് എന്റെ വിശ്വാസം. മാത്രമല്ല, ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ പൂർണ്ണ നിലയിൽ എത്തിയത് ഈ ചിത്രത്തിലൂടെയാണ് എന്നാണ് എന്റെ വിശ്വാസം . ഷൂട്ടിങ്ങ് കഴിഞ്ഞിട്ടും രണ്ടു വർഷത്തോളം സിനിമ റിലീസ് ആകാതെ ഇരുന്നത് നന്നായി വിഷമിപ്പിച്ചു. എന്നാൽ ആ വിഷമം ഇപ്പോൾ ഇല്ല.

കൊമേഷ്യൽ സിനിമകൾ ചെയ്തു ശീലിച്ച ഉണ്ണിക്ക് ഇത്തരം ഒരു കഥാപാത്രത്തെയും സിനിമയെയും എങ്ങനെ ഉൾക്കൊള്ളാൻ കഴിഞ്ഞു ?

ഹരികുമാർ സർ തന്റെ സിനിമയിലേക്ക് എന്നെ തെരഞ്ഞെടുത്തു എന്ന് കേട്ടപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. മമ്മൂക്കയുടെ ജീവിതത്തിലെ ഏറ്റവും, വലിയ കരിയര് ബ്രേക്ക്‌ നൽകിയ സുകൃതം എന്ന ചിത്രത്തിൻറെ സംവിധായകനാണ് . അത് കൊണ്ട് താനേ കാറ്റും മഴയും എന്റെ ജീവിതത്തിലും ഒരു മാറ്റം കൊണ്ട് വരും എന്ന് ഞാൻ വിശ്വസിച്ചിരുന്നു.

ഹരിനാരായണൻ എന്ന കഥാപാത്രത്തിനായി എന്തെങ്കിലും മുന്നൊരുക്കങ്ങൾ?

അത്യാവശ്യം നല്ല രീതിയിൽ ശരീരം സംരക്ഷിച്ചു വരുമ്പോഴാണ് ഹരികുമാർ സർ ഈ കഥാപാത്രവുമായി വരുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ശരീരത്തിന്റെ ഭാരം നന്നായി വർദ്ധിപ്പിച്ചു. ഷൂട്ടിങ്ങിനു ശേഷം 8 മാസം വർക്ക്ഔട്ട്‌ ചെയ്തിട്ടാണ് ഞാൻ ഭാരം കുറച്ചത്. ആ അദ്ധ്വാനമെല്ലാം ഫലം കണ്ടു എന്നതിൽ സന്തോഷം

ലാലിന്റെ ഒപ്പമുള്ള ആദ്യചിത്രമാണല്ലോ , എങ്ങനെയുണ്ടായിരുന്നു അനുഭവങ്ങൾ? ലാൽ സാറിന്റെെ ഒപ്പമുള്ള ആദ്യ സിനിമയാണ് . അതിന്റെ ഒരു സന്തോഷം ഉണ്ടായിരുന്നു. എന്നാൽ ഈ സിനിമയിൽ ഞങ്ങൾ ഒരു സീനിൽ മാത്രമേ ഒരുമിച്ചു വരുന്നുള്ളൂ. എന്നാൽ, അഭിനയത്തിൽ വരുന്ന പിഴവുകൾ അദ്ദേഹം വ്യക്തമായി പറഞ്ഞു തരുമായിരുന്നു. കൂടെ അഭിനയിക്കുന്നവർക്ക് അദ്ദേഹം ഒരു അഭിനേതാവും സംവിധായകനുമാണ്‌.

ഹരികുമാർ എന്ന സംവിധായകനെ കുറിച്ച് ?

ജീവിതത്തിലെ ഏറ്റവും മനോഹരമായ എക്സ്പീരിയെൻസ്. ഗിമ്മിക്സും ഡിസ്ട്രക്ഷനും ഇല്ലാതെ ഒരു ചിത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിനു അനായാസം കഴിയും. ഒരു ക്ലാസ്സിക് ലെവൽ ചിത്രത്തെ ഇതൊരു പ്രേക്ഷകനും ഇഷ്ടപ്പെടുന്ന രീതിയിൽ കോമഡി - ആക്ഷൻ ചേരുവകളോടെ അവതരിപ്പിക്കാൻ സാധിക്കും എന്നതിന്റെ തെളിവാണ് കാറ്റും മഴയും . പ്രശ്നങ്ങൾ നീങ്ങി ജനുവരിയോടെ തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ചിത്രങ്ങൾ?

ഇതിഹാസയുടെ സംവിധായകനായ ബിനു കാലടി സംവിധാനം ചെയ്ത സ്റ്റൈൽ ആണ് അടുത്തതായി പുറത്തിറങ്ങേണ്ട ചിത്രം. ഇതൊരു ആക്ഷൻ- റൊമാന്റിക് - കോമഡി സിനിമയാണ്

കാറ്റും മഴയും കാണാത്ത പ്രേക്ഷകരോട് പറയാനുള്ളത്?

കാറ്റും മഴയും ഇന്നും നാളെയും ഐ എഫ് എഫ് കെയിൽ സ്ക്രീനിംഗ് ഉണ്ട്. പറ്റുന്നവർ എല്ലാവരും പോയി കാണണം. ഇനി അതിനു സാധിക്കാത്തവർ അല്പം കാത്തിരിക്കുക , ജനുവരിയിൽ ചിത്രം റിലീസ് ആവും , അപ്പോൾ കണ്ട് അഭിപ്രായം അറിയിക്കണം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.