Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷക പങ്കാളിത്തത്തിൽ റെക്കോർഡ്

delegate-cel

ഡിസംബർ നാലു മുതൽ 11 വരെ തലസ്ഥാനത്തു നടക്കുന്ന ഇരുപതാമതു രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷക പങ്കാളിത്തത്തിൽ റെക്കോർഡ് ഇടും. 12,000 ഡലിഗേറ്റുകൾ ഉൾപ്പെടെ 15,000 പ്രേക്ഷകർ ഈ വർഷത്തെ മേളയ്ക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഇത്രയേറെ പ്രേക്ഷകരെ ഉൾക്കൊള്ളുന്നതിനായി കനകക്കുന്നിൽ 3,000 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക തിയറ്റർ നിർമിക്കുന്നുണ്ട്. അവിടെ ലോകസിനിമകളുടെയും ത്രീ ഡി സിനിമകളുടെയും അഞ്ചു പ്രദർശനം വീതം ദിവസവും നടക്കും. പതിവിൽ നിന്നു വ്യത്യസ്തമായി കനകക്കുന്ന് ആയിരിക്കും മേളയുടെ മുഖ്യ വേദി. ഡലിഗേറ്റുകളുടെ ഓൺലൈൻ റജിസ്ട്രേഷൻ നവംബർ അഞ്ചിനു തുടങ്ങും. 60 രാജ്യങ്ങളിൽ നിന്നായി ഏകദേശം 170 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ഇരുനൂറോളം അതിഥികളാണ് എത്തുക. ബ്രസീലിൽ നിന്നുള്ള ജൂലിയോ ബ്രസീൻ ആണ് രാജ്യാന്തര ജൂറിയുടെ അധ്യക്ഷൻ.

ലിത്വാനിയ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകൾ ഫോക്കസ് വിഭാഗത്തിലും കൊറിയൻ ചിത്രങ്ങൾ സ്പെഷൽ ഫോക്കസ് വിഭാഗത്തിലും പ്രദർശിപ്പിക്കുമെന്നു ചലച്ചിത്രമേളയുടെ ഡയറക്ടർ ഷാജി എൻ. കരുൺ അറിയിച്ചു. ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ടോണി ഗാറ്റ്ലിഫിന്റെ അഞ്ചു സിനിമകൾ കണ്ടംപററി മാസ്റ്റർ വിഭാഗത്തിൽ ഉണ്ടാകും. ന്യൂജനറേഷൻ സിനിമയിലെ പ്രഗൽഭരുടെ ചിത്രങ്ങളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നഷ്ടപ്പെട്ട എതാനും ഇന്ത്യൻ ക്ലാസിക് സിനിമകൾ എൻഎഫ്ഡിസിയുടെ സഹായത്തോടെ പുനർനിർമിക്കുകയോ വീണ്ടെടുക്കുകയോ ചെയ്തിരുന്നു. അവയിൽ ചിലതു മേളയിൽ പ്രദർശിപ്പിക്കും. അഞ്ച് ത്രീഡി ചിത്രങ്ങളുടെ പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര വ്യവസായവുമായി ചേർന്നു സംഘടിപ്പിക്കുന്ന ശിൽപശാലകളിൽ ഓസ്കർ അവാർഡ് േജതാക്കളും ലോക പ്രശസ്ത തിരക്കഥാകൃത്തുക്കളും ഡിജിറ്റൽ ഫൊട്ടോഗ്രഫി വിദഗ്ധരും പങ്കെടുക്കും.

കൈരളി, ശ്രീ, നിള, ന്യൂ തിയറ്ററിലെ മൂന്നു സ്ക്രീനുകൾ, ശ്രീകുമാർ, ശ്രീവിശാഖ്, ധന്യ, രമ്യ, കലാഭവൻ, ടഗോർ എന്നീ തിയറ്ററുകളിലായി 5935 സീറ്റും നിശാഗന്ധിയിലെ താൽക്കാലിക തിയറ്ററിൽ 3000 സീറ്റും ഉണ്ടാകും. ഇതിനു പുറമേ എല്ലാ ദിവസവും വൈകുന്നേരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബോൾ കോർട്ടിലും വെള്ളയമ്പലത്തെ മാനവീയം വീഥിയിലും പൊതുജനങ്ങൾക്കായി സിനിമകൾ പ്രദർശിപ്പിക്കും.

ഏറ്റവുമധികം പ്രേക്ഷക താൽപര്യമുള്ള ലോകസിനിമാ വിഭാഗത്തിലെ ചിത്രങ്ങളും ത്രീഡി സിനിമകളുമാണ് നിശാഗന്ധിയിൽ പ്രദർശിപ്പിക്കുകയെന്നതിനാൽ ദിവസം അഞ്ച് ഷോകളിലായി 15,000 പേർക്കു വരെ അവിടെ സിനിമ കാണാനാകും.

മേളയുടെ ഓഫിസും മീഡിയ സെന്ററും കന്റീനും എല്ലാം കനകക്കുന്നു കൊട്ടാരത്തിലായിരിക്കും. മേളയോട് അനുബന്ധിച്ചുള്ള എക്സിബിഷൻ, മറ്റ് ആഘോഷ പരിപാടികൾ തുടങ്ങിയവയെല്ലാം കനകക്കുന്നിൽ നടക്കും. ഫലത്തിൽ കൈരളി, ശ്രീ കോംപ്ലക്സിനു മുഖ്യവേദിയെന്ന പദവി നഷ്ടപ്പെടുകയാണ്. മേളയോട് അനുബന്ധിച്ച് എ. വിൻസന്റ്, എം.എസ്. വിശ്വനാഥൻ, യൂസഫലി കേച്ചേരി എന്നിവരെക്കുറിച്ചും 20 വർഷത്തെ ഐഎഫ്എഫ്കെയുടെ ചരിത്രത്തെക്കുറിച്ചുമുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്.

മേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ സംഘാടക സമിതി യോഗം ചേർന്നു. ഷാജി എ‍ൻ. കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ ടി. രാജീവ് നാഥ്, പെരുമ്പടവം ശ്രീധരൻ, സി. ദിവാകരൻ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.