Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളക്കിനെ നമിച്ച്, കൊളുത്തി സക്കീർ

zakeer

കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിറ സാന്നിധ്യമായി തബലയിലെ ഇതിഹാസം ഉസ്താദ് സക്കീര്‍ ഹുസൈന്‍.  വാക്കിലും നോക്കിലും വാദനത്തിലും എന്നു വേണ്ട വേദിയിലെ ഓരോ ചലനത്തിലും ഉസ്താദ് വേറിട്ട നിറവായി.

കേരളത്തില്‍ അടുത്തിടെ വീണ്ടും വിവാദമായ നിലവിളക്കു കൊളുത്തലിലെ രാഷ്ട്രീയം ഓര്‍മ്മയിലുണ്ടായിരുന്നതിനാല്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളില്‍ പലരും സക്കീര്‍ നിലവിളക്കു കൊളുത്തുമോ എന്നത് കൌതുകപൂര്‍വമാണ് കാത്തിരുന്നത്. എന്നാല്‍ ഉദ്ഘാടനവേദിയില്‍ നിലവിളക്കിനു മുന്നില്‍ സാക്കിറിന്‍റെ പ്രവൃത്തി വേറിട്ടതായി. നിലവിളക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യതിരി കൊളുത്തിയ ശേഷം തന്‍റെ ഊഴമെത്തിയപ്പോള്‍ കൈവിളക്ക് ആദരപൂര്‍വം ഏറ്റുവാങ്ങിയ ശേഷം വിളക്കിനു മുന്നില്‍ മുട്ടുകുത്തി പ്രണമിച്ച ശേഷമാണ് സക്കിര്‍ തിരി പകര്‍ന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.സി.ജോസഫ്, എ.പി. അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, എംപി ശശി തരൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിറവിളക്ക് പടര്‍ത്തുന്ന വെളിച്ചത്തെ നമിച്ച ശേഷം ആദരപൂര്‍വം സക്കീര്‍ തന്‍റെ ഭാഗം നിര്‍വഹിച്ചത്. 

വേദിയിലെ ഓരോ ചലനത്തിലും സക്കീര്‍ വിനയത്തിന്‍റെ നന്മ പുലര്‍ത്തിയതും പ്രതിനിധികള്‍ക്ക് ഓര്‍മകളിലേക്ക് എന്നും കാത്തുവയ്ക്കാവുന്ന അനുഭവമായി. ത്നറെ പ്രസംഗം മലയാളത്തില്‍ രണ്ടു വാചകം പറഞ്ഞ് - നമസ്കാരം, സുഖമാണോ - തുടങ്ങിയ സക്കീര്‍, സിനിമയുടെ ഈ രാജ്യാന്തര വേദിയില്‍ നില്‍ക്കാന്‍ ഏറ്റവും യോഗ്യത കുറഞ്ഞയാളാണ് താനെന്നും പറഞ്ഞു. ഉദ്ഘാടനചടങ്ങിനു ശേഷം താളലയത്തിന്‍റെ നിമിഷങ്ങളാണ് തബലയില്‍ സക്കീറും ഒപ്പം സാരംഗിയില്‍ സാബിര്‍ ഖാനും തീര്‍ത്തത്. തബലയ്ക്കു മേല്‍ താളം തീര്‍ക്കുന്നതില്‍ ലോകത്തെ തന്നെ അത്ഭുത വിരലുകള്‍ വര്‍ഷമായി പെയ്തിറങ്ങിയപ്പോള്‍ സദസ് അതിനെ നിറമനസോടെ ഏറ്റുവാങ്ങി.

മഴ, ആള്‍ക്കാരുടെ സംഭാഷങ്ങള്‍ എന്നു തുടങ്ങി തീവണ്ടി യാത്രയിലെയും കുതിരസവാരിയിലെയും താളലയങ്ങള്‍ പോലും താളവിസ്താരത്തില്‍ ഉള്‍പ്പെടുത്തി സദസിനോട് നര്‍മ്മഭാഷണം നടത്തിയാണ് ഉസ്താദിന്‍റെ തബലവാദനം മുന്നോട്ടു പോയത്. സദസില്‍ താന്‍ എന്നും  സരസ്വതീസാന്നിധ്യം കാണുമെന്ന് പറഞ്ഞ സക്കീര്‍ അസുരകാലഘട്ടത്തെ  നശിപ്പിക്കുന്നതിനായി ഉണ്ടായ ശിവതാണ്ഡവത്തിലെ ഉടുക്കുകൊട്ടില്‍ നിന്നാണ് തബലയുള്‍പ്പടെ ഭാരതത്തിലെ എല്ലാ വാദ്യകലകളും പിന്‍പറ്റുന്ന താളത്തിന്‍റെ പിറവിയെന്നും സൂചിപ്പിച്ചു. തബലയ്ക്കൊപ്പം സാരംഗിയില്‍ സാബിര്‍ ഖാന്‍റെ ലയസാന്നിധ്യവും ഉദ്ഘാടന സദസിലെത്തിയവര്‍ക്ക് കാതിനു വിരുന്നായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.