Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴപ്പെയ്ത്തിലും സിനിമാച്ചൂട്; പിറന്നാൾ മധുരത്തിൽ മെഹ്റുജി

shaji-dariush-mehrjui ഷാജി എൻ കരുൺ , ദാരിയുഷ് മെഹ്റുജി

ഇടയ്ക്കിടെ ശക്തി കാട്ടിയെത്തിയ മഴപ്പെയ്ത്തിനെയും അവഗണിച്ച് നല്ല സിനിമകളുടെ തീർഥാടനച്ചൂടിൽ തലസ്ഥാനം. ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലേക്കു മടങ്ങാൻ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ കെട്ടുമുറുക്കി തുടങ്ങുന്ന പതിവിൽ നിന്ന് ഭിന്നമായി തിയറ്ററുകളിലും സംവാദങ്ങളിലും വൈകിട്ടും സജീവപങ്കാളിത്തമാണ് ദൃശ്യമായത്.

ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹ്റുജിയുടെ പിറന്നാൾ ആഘോഷമായിരുന്നു ചൊവ്വാഴ്ച മേളയിലെ കളർഫുൾ ഇവന്റ്. മേളയിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ടഗോർ തിയറ്ററിലാണ് മെഹ്റുജിയുടെ 76 –ാം പിറന്നാൾ ഐഎഫ്എഫ്കെ സംഘാടകർ കേക്കു മുറിച്ച് ആഘോഷിച്ചത്. തന്റെ ചലച്ചിത്രങ്ങളെ പ്രോൽസാഹിപ്പിക്കുന്നവർക്ക് നന്ദി പറഞ്ഞ മെഹ്റുജി ആരാധകരുടെ മൊബൈൽ ഫോട്ടോകൾ അധികമായപ്പോൾ ഫോട്ടോകൾ എടുക്കുന്നതിനെക്കാൾ തന്റെ ചലച്ചിത്രങ്ങൾ പ്രതിനിധികൾ കാണുന്നതാണ് സന്തോഷമെന്നു തുറന്നടിച്ചു. ടഗോറിലെ ഫെസ്റ്റിവൽ സ്റ്റാളുകളും ചായക്കടയും വരെ സന്ദർശിച്ചാണ് പിറന്നാൾ ദിനം മെഹ്റുജി അവിസ്മരണീയമാക്കിയത്.

ദ് അസാസിൻ, റാംസ്, ടാക്സി, വിക്ടോറിയ, ദീപൻ, ബോപെം, സൺസ്ട്രോക്ക്, ദ് നൈറ്റ് വാച്ച്മാൻ, ഉടോപ്യ, ബേബി എലോൺ, ദ് സെക്കൻഡ് മദർ, ജലാല്‍സ് സ്റ്റോറി തുടങ്ങിയവയാണ് ചൊവ്വാഴ്ച പ്രേക്ഷക പ്രീതിനേടിയ ചിത്രങ്ങള്‍. ബംഗ്ലാദേശിലെ നവാഗത സംവിധായകനായ അബു ഷാഹേദ് ഇമോന്‍ സംവിധാനം ചെയ്തി ജലാൽസ് സ്റ്റോറി എന്ന ബംഗ്ലാദേശ് ചിത്രം ഒരു നദിയുടെ കരയില്‍ രൂപപ്പെടുന്ന ജീവിതങ്ങളിലൂടെ കഥയാണ് പശ്ചാത്തലമാക്കിയത്. മലയാള സിനിമ ഇന്ന് വിഭാഗത്തി‍ൽ പ്രദർശിപ്പിച്ച മൺറോ തുരുത്തിനും മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഒറ്റാലിനും നല്ല പ്രതികരണം ലഭിച്ചു.

photo

മേളയുടെ പ്രതിനിധികളാണ് സാധാരണ പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നതെങ്കിൽ ഇത്തവണ സിനിമാ പ്രവർത്തകർ തന്നെ മേളയ്ക്കിടെ പ്രതിഷേധസമരം നടത്തുന്ന അപൂർവ കാഴ്ചയ്ക്കും മേള സാക്ഷ്യം വഹിച്ചു. പ്രധാന വേദിയായ ടഗോർ തിയറ്ററിനു മുന്നിലായിരുന്നു സിനിമാ പ്രവർത്തകരുടെ പ്രാദേശിക അവഗണന ചൂണ്ടിക്കാട്ടിയുളള പ്രതിഷേധം. സെൻസർ ബോർഡിന്റെ പ്രാദേശിക ഘടകം മലയാള സിനിമയോട് കാട്ടുന്ന അയിത്ത നിലപാടുകൾക്കെതിരായിരുന്നു മുദ്രാവാക്യങ്ങൾ. ഹിന്ദി സിനിമയ്ക്കും പ്രാദേശിക ഭാഷാസിനിമകൾക്കും ഇരട്ട നീതി നടപ്പിലാക്കുന്ന നടപടി അവസാനിപ്പിക്കുക, പ്രാദേശിക ഭാഷാചിത്രങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുക, നടപടിക്രമങ്ങൾ സുതാര്യമാക്കുക , നാഷനൽ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് നിശ്ചയിച്ചിട്ടുള്ള പൊതു നിബന്ധനകൾ മാത്രം നടപ്പിലാക്കുക, വ്യവസ്ഥകളിലെ ഭേദഗതികൾ ചലച്ചിത്ര സംഘടനകളെ സമയബന്ധിതമായി അറിയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഫെഫ്ക, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം കണ്ട് സെൻസർ ബോർഡ് ഇടപെടും മുൻപ് തിയറ്റററുകളിൽ സെൻസറിങ്ങില്ലാതെ കാട്ടുന്ന ചിത്രങ്ങൾക്ക് സീറ്റുനേടാനായിരുന്നു പ്രതിനിധികളുടെ തീരുമാനം.

യുവാക്കളെ ഹരം പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ടഗോറിലും കൈരളിയിലും പ്രാദേശിക എഫ്എം ചാനൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ടഗോറിലെ ഫ്ലാഷ്മോബ് സന്തോഷമായി അവസാനിച്ചപ്പോൾ ഫ്ലാഷ്മോബിലെ ചിലർ കൈരളിപ്പടവിൽ നാടൻപാട്ടു പാടിയവരുമായി വാക്കേറ്റത്തിലേർപ്പെട്ടത് അൽപം സംഘർഷസാധ്യത ജനിപ്പിച്ചു. ഒടുവിൽ പ്രതിഷേധമായി നാടൻപാട്ടുകാർ ഉയർത്തിയ പാട്ടുകൾക്ക് മുന്നിൽ ചെവിയടഞ്ഞാണ് ഫ്ലാഷ്മോബ് സംഘം കൈരളിയിൽ നിന്ന് മടങ്ങിയത്.

GLIMPSE

മേളയ്ക്കു തിരശീല വീഴാൻ മൂന്നു ദിനം മാത്രം ശേഷിക്കെ നല്ല സിനിമകൾ കാണാനുള്ള നെട്ടോട്ടത്തിലാണ് പ്രതിനിധികൾ. തിയറ്ററുകളിൽ നിന്ന് തിയറ്ററുകളിലേക്ക് സിനിമകൾ തേടിയുള്ള തീർഥയാത്രയിൽ സൗജന്യ ഓട്ടോയില്ലെന്ന ദുർഗതി മാത്രമാണ് അൽപം ക്ഷീണമുണ്ടാകുന്നത്. ഗോവയിലും മറ്റും ചലച്ചിത്ര മേളയുടെ വേദികൾ അടുത്തുതന്നെയാണെ​ങ്കിൽ തിരുവനന്തപുരത്ത് കിലോമീറ്ററുകൾ താണ്ടുകയെന്ന നിത്യാഭ്യാസത്തിലാണ് പ്രതിനിധികൾ.

ലവ് അത് അടുത്തു തന്നെ കാണണം: ഫ്രഞ്ച്–ബൽജിയം സിനിമയായ ലവ് ആണ് ഇടമഴപ്പെയ്ത്തിലും മേളയിലെ പ്രതിനിധികൾക്ക് അത്യാവശ്യം ചൂടു പകരുന്ന ചിത്രം. നഗ്നരംഗങ്ങളുടെ ആധിക്യം കൊണ്ട് വിദേശത്തെ മേളകളിൽ മറുനാടൻ പ്രതിനിധികൾ പോലും നിശ്വാസമുതിർത്ത ലവ് ബുധനാഴ്ച രാത്രി നിശാഗന്ധിയിലും വ്യാഴാഴ്ച രമ്യയിലും പ്രദർശിപ്പിക്കുന്നുണ്ട്. പല ചലച്ചിത്ര പ്രേമികളും ഇതിനകം നെറ്റിൽ നിന്നും വ്യാജ ഡിവിഡികളിലൂടെയും മറ്റും കണ്ടുകഴിഞ്ഞെങ്കിലും ത്രീ ഡിയിൽ കാണാമെന്ന സൗകര്യമാണ് മേളയിലുളളത്. ലവല്ലേ ചേട്ടാ, അത് ത്രീ ഡിയിൽ തന്നെ കാണണം എന്ന വാശിയിലാണ് യുവ പ്രതിനിധികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.