Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറന്നെത്തി മേളക്കിളികൾ; കൈരളിപ്പടവുകളിൽ കൂടണയൽ

invisible-3

ശബരിമലയ്ക്ക് പതിനെട്ടാംപടി പോലെയാണ് തിരുവനന്തപുരത്തെ ചലച്ചിത്രമേളയ്ക്ക് കൈരളി തിയറ്റർപ്പടവുകളെന്ന് ഉറപ്പിച്ചാണ് മേള ശനി ദിനം കടന്നത്. ഫെസ്റ്റിവൽ ഓഫിസും സ്റ്റാളുകളും മീറ്റ് ദ് പ്രസ് – ഡയറക്ടർ വേദികളും മറ്റും ടഗോർ തിയറ്ററിലേക്കു മാറ്റി കൈരളിപ്പടവുകളിലെ പതിവുകേന്ദ്രീകരണം കു​റയ്ക്കാമെന്ന സംഘാടകരുടെ വിശ്വാസമാണ് ശനിയാഴ്ച വൈകിട്ട് തന്നെ തകർന്നത്. ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ച വേദികളിലങ്ങോളം പാറി നടന്ന മേളക്കൂട്ടങ്ങൾ പലതും രാത്രി വൈകിയതോടെ കൈരളിപ്പടവിലെത്തി. അല്ലെങ്കിലും കൈരളിപ്പടവു ചവിട്ടിയില്ലെങ്കിൽ മേളയ്ക്കെത്തിയെന്ന വിശ്വാസം എങ്ങനെ വരുമെന്ന പോലെയായിരുന്നു പിന്നീടുള്ള പ്രകടനങ്ങൾ. കൈരളിയിൽ കൂടണഞ്ഞ പ്രതിനിധിക്കൂട്ടങ്ങൾ പലതും പതിവു നാടൻപാട്ടുകളും പിന്നിട്ട മേളകളുടെ ചിന്തകളുമായി രാവേറെ സജീവമാക്കി. രാവിലെ തിരക്കില്ലാതെ കിടന്ന കൈരളിപ്പടവുകളിലാണ് സന്ധ്യയ്ക്ക് ഈ കൂടുമാറ്റമുണ്ടായത്.

ക്യൂവിൽ ഏറെ നിന്ന് സിനിമ കാണുന്ന പതിവിൽ നിന്ന് ഭിന്നമായി ഓൺലൈൻ, എസ്എംഎസ് സങ്കേതങ്ങളിലാണ് ആധുനികമേളയിൽ മിക്കവരുടെയും സീറ്റുപിടിത്തം. നിശാഗന്ധിയിൽ ഏർപ്പെടുത്തിയ താൽക്കാലിക തിയറ്ററിലേക്ക് നഗരകേന്ദ്രത്തിൽ നിന്നുള്ള ദൂരക്കൂടുതൽ കൊണ്ടാവണം അധികം പ്രതിനിധികൾ എത്തുന്നില്ലെന്നതു മാത്രമാണ് സംഘാടകർക്കിടയിലെ ചർച്ചാവിഷയം. വരുംദിനങ്ങളിൽ കൂടുതൽ പ്രതിനിധികൾ കടന്നെത്തുന്നതോടെ നിശാഗന്ധിയും പൂത്തുലയുമെന്നാണ് പ്രതീക്ഷ. താൽക്കാലിക തിയറ്ററാണെങ്കിലും നിശാഗന്ധിയിലെ എസി ഒരൊന്നൊന്നര എസി തന്നെയണ്ണാ എന്നാണ് തണുപ്പടിച്ചു വലഞ്ഞ ചില പ്രതിനിധികളുടെ പരിവേദനം. നിശാഗന്ധിയിലെ താൽക്കാലിക സെറ്റപ്പിൽ സൗണ്ട് പ്രൂഫിങ് പാളുമോ എന്ന സന്ദേഹം ഇല്ലാതായെന്നതു മാത്രമാണ് ആശ്വാസം.

ik

വെള്ളാപ്പള്ളി നടേശൻ ഭൂരിപക്ഷ ശംഖൊലി മുഴക്കി ശംഖുമുഖത്തും തുറ നിറയെ തുറമുഖം പണിയുമെന്നുറപ്പിച്ച് അദാനി വിഴിഞ്ഞത്തും ശ്രദ്ധ നേടിയ ദിനത്തിൽ നല്ല ചിത്രങ്ങൾ തേടിയുളള യാത്രയിലായിരുന്നു ചലച്ചിത്രമേളയിലെ പ്രതിനിധികൾ. വെളളാപ്പള്ളിയുടെ യാത്രയ്ക്കെത്തിയ വാഹനങ്ങൾ ഉച്ചതിരിഞ്ഞ് നഗരത്തിൽ അൽപം ഗതാഗതത്തിരക്കുണ്ടാക്കിയത് പ്രതിനിധികളെ അൽപം വലച്ചു.

പതിവ് വിടാതെ സാങ്കേതികപ്രശ്നങ്ങൾക്ക് മേളയിൽ തുടക്കമായിട്ടുണ്ട്. ശ്രീകുമാർ തിയറ്ററിലാണ് 11.30 നുള്ള ഷോ ഒരു മണിക്കൂറോളം വൈകിയത്. പ്രശ്നം പ്രൊജക്റ്ററിലെ തകരാർ. ശ്രീകുമാറിൽ പ്രൊജക്റ്റർ അനുബന്ധ സാങ്കേതിക സാധനങ്ങൾ ലഭ്യമാക്കുന്നതിൽ ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥനുണ്ടായ വീഴ്ചയാണ് പ്രദർശനത്തിലെ വീഴ്ചയെന്ന് പിന്നാമ്പുറ വർത്തമാനവും ഇതിനിടെ കേട്ടു. ഇരുപതിലേക്ക് കടന്ന മേളയിൽ ശനിയാഴ്ച ശ്രദ്ധേയമായത് നിശാഗന്ധി തിയറ്റർ നിലകൊള്ളുന്ന കനകക്കുന്നിമ്പുറത്തെ ഒരു പ്രദർശനമാണ്. മലയാളം ഉൾപ്പെടെ 13 ഭാഷകളിലെ ശ്രദ്ധേയമായ 78 ചിത്രങ്ങളുടെ പോസ്റ്റർ പ്രദർശനമാണ് കനകക്കുന്നിൽ ശ്രദ്ധനേടുന്നത്. നാഷനൽ ഫിലിം ആർക്കൈവ്സിന്റെ സഹകരണത്തിൽ നടത്തുന്ന പ്രദർശനത്തിൽ രാജാ ഹരിശ്ചന്ദ്രയിൽ തുടങ്ങി എഴുപതുകളിലെ ചലച്ചിത്രങ്ങളുടെ വരെ പോസ്റ്ററുകൾ നിരയായുണ്ട്.

ഓസ്കർ പുരസ്കാരത്തിലേക്ക് പ്രതീക്ഷ പുലർത്തുന്ന ചിത്രങ്ങൾക്കായിരുന്നു ശനിയാഴ്ച മേളത്തിരക്കുണ്ടായത്. ദ് ക്ലബ്, എൻഎൻ, ഇക്സാനുവൽ, 600 മൈൽസ്, 100 യെൻ ലവ്, ദ് ഹൈ സൺ തുടങ്ങിയവ നിറഞ്ഞ സദസുകളാണ് ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകർക്കും ചലച്ചിത്രപ്രവർത്തകർക്കും ഏർപ്പെടുത്തിയ പ്രത്യേക പ്രദർശനങ്ങളിൽ കാര്യമായ പങ്കാളിത്തമില്ലെന്നതും ശ്രദ്ധേയമാണ്. മുൻമേളകളിൽ മാധ്യമങ്ങൾക്ക് തിയറ്ററുകളിൽ പ്രത്യേക റിസർവേഷൻ ഏർപ്പെടുത്തിയത് പ്രതിനിധികളുടെ പ്രതിഷേധത്തിനിടയാക്കിയത് കൊണ്ടാണ് ഇത്തവണ മാധ്യമപ്രവർത്തകർക്ക് പ്രത്യേക പ്രദർശനമെന്ന പരീക്ഷണം ചലച്ചിത്ര അക്കാദമി നടത്തുന്നത്. ആദ്യദിനത്തിൽ ഈ പരീക്ഷണത്തിനെത്തിയത് ഏഴു മാധ്യമപ്രവർത്തകർ മാത്രം. പല തിയറ്ററുകളിലും പ്രതിനിധികൾ ക്യൂ പാലിച്ച് ചിത്രങ്ങൾ കാണാൻ കൂടുന്നിടത്താണ് ഈ അപരാധമെന്നതാണ് ശ്രദ്ധേയം. മാധ്യമപ്രവർത്തകർ കൂടുതലായി വരുംദിനങ്ങളിൽ ഈ ഷോ പരീക്ഷണത്തിന് എത്തിയില്ലെങ്കിൽ വരുംവർഷങ്ങളിൽ ഈ സംവിധാനം തന്നെ കാണാതെ പോകുമെന്നത് ഉറപ്പ്.

ടഗോറിൽ ‘അസഹിഷ്ണുത’: വരേണ്യപ്രീണനം, കീഴാളവിധേയത്വം, അടയാളപ്പെടുത്തൽ തുടങ്ങി കടിച്ചാൽപൊട്ടാത്ത പുതുനിഘണ്ടുപദങ്ങൾ സജീവമായ മുൻമേളകളിൽ നിന്ന് ഭിന്നമായി രാജ്യം നിലവിൽ ചർച്ച ചെയ്യുന്ന അസഹിഷ്ണുത എന്ന വാക്കാണ് ഇത്തവണ മേളയിൽ ഉയർന്നു കേട്ടത്. ടാഗോറിൽ വല്ലാത്ത അസഹിഷ്ണുതയാണണ്ണാ, പറമ്പ് വലുതായതു കൊണ്ട് ചെല്ലക്കിളികളെ കാണാൻ പറ്റുന്നില്ലെന്നാണ് ഒരു വിധേയൻ മൊഴിഞ്ഞത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.