Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനം നിറച്ച് മേള; യാത്ര മാത്രം ദുരിതം

invisible-4

ഫൈറ്റിങ് സീനുകൾ കൊമേഴ്സൽ ചിത്രത്തിന്റെ മേമ്പൊടി പകർന്ന മുൻമേളകളിൽ നിന്ന് മാറി ആർട് പടത്തിന്റെ സമാധാനത്തോടെ നല്ല ചലച്ചിത്രങ്ങളുടെ കാഴ്ചദിനങ്ങളിലേക്കു മേള മുന്നേറുന്നു. പിന്നിട്ട വർഷങ്ങളിൽ കൈരളിയുടെ ചെറുമുറ്റത്ത് ചടച്ചുപോയ മേളയെ ടാഗോർ തിയറ്ററിന്റെ വിശാലമായ പറമ്പിലേക്ക് പറിച്ചുനടാൻ സംഘാടകർ കാട്ടിയ ഐഡിയയാണ് ക്ലിക്കായത്. 900 സീറ്റ് കപ്പാസിറ്റിയുള്ള ടാഗോർ തിയറ്ററും 1500 സീറ്റുകളുള്ള നിശാഗന്ധിയിലെ‌ പുതിയ താൽക്കാലിക തിയറ്ററും മേളയിലെ തിരക്കിനെ അപ്പാടെ വിഴുങ്ങിയെന്നു പറയുന്നതാവും ശരി. ‌ കൈരളി തിയറ്റർ പടവിലെ തിരക്കു കുറവായതോടെ മുൻവർഷങ്ങളിൽ വൈകിട്ട് പതിവായ ലൈവ് മദ്യപാനവും വേരറ്റു. കുടിയാൻമാരെല്ലാം ഹോട്ടൽമുറികളിൽ കുടിച്ചു മടുത്ത്, ശേഷം ഒഴിഞ്ഞ കുപ്പികൾ നോക്കി സമാധാനപരമായി കിടന്നുറങ്ങുന്നു. ടാഗോർ തിയറ്റർ പരിസരത്ത് മുൻമേളകളിലെ ഒരു ‘പാമ്പ്’ ഞായറാഴ്ച പ്രത്യക്ഷപ്പെട്ടെങ്കിലും അത്ര ഏശിയില്ല. പറമ്പിന് വലുപ്പം കൂടുതലായതിനാൽ പാമ്പിന്റെ ഒറ്റപ്പെട്ട ചീറ്റൽ ആരും ശ്രദ്ധിച്ചില്ല. ഇഴഞ്ഞും ചീറ്റിയും ശ്രദ്ധനേടാൻ ശ്രമിച്ചെങ്കിലും ക്രൗഡ് മൈൻഡ് ചെയ്യാത്തതിൽ മനം നൊന്ത് പാമ്പ് മടങ്ങി. മാധ്യമപ്രവർത്തകർക്ക് ന്യൂ സ്ക്രീൻ – 3 ൽ ഏർപ്പെടുത്തിയ സ്പെഷൽ ഷോ പ്രേക്ഷകർ ശനിയാഴ്ചത്തെ ഏഴു പേർ എന്നതിൽ നിന്ന് 23 ലേക്കു വളർന്ന കാഴ്ചയായിരുന്നു ഞായറാഴ്ച.

iffk-december-5

മേളയുടെ പ്രധാനവേദിയായ ടഗോർ തിയേറ്റർ പരിസരത്ത് സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പവലിയിനുകൾ ശ്രദ്ധ നേടുന്നു. വിവിധ മേഖലകളിലെ ഇരുപതോളം പവലിയനുകളാണ് ടഗോർ തിയേറ്റർ വളപ്പിലുള്ളത്. സിനിമാപഠനത്തിന് രേവതി കലാമന്ദിറിന്റെ സ്റ്റാൾ, പട്ടണം റഷീദിന്റെ മേക്കപ്പ് അനുബന്ധ സ്റ്റാൾ, സാങ്കേതിക ഉപകരണങ്ങളുടെ സ്റ്റാളുകളിൽ തുടങ്ങിയവയിൽ ചലച്ചിത്രവിദ്യാർഥികൾ അവിടവിടെയായി കയറിയിറങ്ങുന്നു. ശുചിത്വ മിഷന്റെ സ്റ്റാളും ശ്രദ്ധാകേന്ദ്രമാണ്. പ്രതിനിധികൾക്ക് സൗജന്യമായി തുണിസഞ്ചി നൽകി ജൈവസന്ദേശവും ശുചിത്വമിഷൻ പ്രവർത്തകർ നൽകുന്നു.

മേളയിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കായി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ടാഗോര്‍ തിയേറ്റര്‍ വളപ്പിലെ അവരുടെ പവിലിയനില്‍ നൽകുന്ന സൗജന്യ ഉച്ചഭക്ഷണത്തിന് തിരക്കേറെയാണ്. ചലച്ചിത്രനിർമാതാവ് കൂടിയായ പ്രശസ്ത ഷെഫ് നൗഷാദിന്റെ കാറ്ററിങ് സർവീസ് ടഗോർ തിയറ്റർ പരിസരത്ത് ഏർപ്പെടുത്തിയ കാന്റീൻ വിലക്കൂടുതൽ കാരണം അത്ര ക്ലിക്കല്ല. പഴയ സിനിമാകൊട്ടക പോലെ രൂപാന്തരം വരുത്തിയ ഡെലിഗേ​റ്റ് സെൽ പരിസരത്ത് ഉയർത്തിയ പഴയ ചായക്കടയുടെ നൊസ്റ്റാൾജിയ സെറ്റിൽ ലഭിക്കുന്ന ചായയും കടിയുമാണ് പ്രതിനിധികളുടെ പ്രധാന ആശ്രയം.

neha-invisible

ചെന്നൈ പ്രളയദുരിതാശ്വാസ സഹായത്തിന് പ്ലക്കാർഡുകളുമായി കണ്ണാടിപ്പെട്ടിയിൽ വീണ രൂപ കാട്ടിയുള്ള പിരിവാണ് ടഗോർ പരിസരത്ത് പിന്നിട്ട ദിനങ്ങളിലെ സജീവക്കാഴ്ച. ഇരുപതിലേക്ക് കടന്ന മേളയുടെ ഭാഗമായി നഗരത്തിന്റെ വിവിധ വേദികളിൽ ഒരുക്കിയ കലാപരിപാടികൾക്കും ആസ്വാദകരുണ്ട്. വെളളയമ്പലം മാനവീയം വീഥിയിലും സെക്രട്ടേറിയറ്റിന് സമീപം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ ഒരുക്കിയ വേദിയിലും പൊതുജനങ്ങൾക്കായി വൈകിട്ട് ഏർപ്പെടുത്തിയ സിനിമാപ്രദർശനവും ശ്രദ്ധയാകർഷിക്കുന്നു. മലയാളം സബ്ടൈറ്റിലോടെയാണ് സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കുള്ള പ്രത്യേക ചലച്ചിത്രപ്രദർശനം.

ഞായറാഴ്ച മേളയിൽ പ്രദർശിപ്പിച്ച 65 ചിത്രങ്ങളിലെ ഹൈലൈറ്റ് മൽസരവിഭാഗം ചിത്രങ്ങളായിരുന്നു. സംവിധായകൻ ജയരാജിന് 2014 ൽ ഇന്ത്യയിലെ മികച്ച പ്രാദേശികഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടിക്കൊടുത്ത ഒറ്റാല്‍, സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ചായം പൂശിയ വീട് എന്നിവയാണ് മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ച മലയാളചിത്രങ്ങൾ. ചിത്രത്തിലെ മൂന്ന് നഗ്നരംഗങ്ങൾ ഒഴിവാക്കില്ലെന്ന സംവിധായകരുടെ വാശിയിൽ സെൻസർബോർഡിന്​റെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിലും കേരളത്തിന്റെ മേളയിൽ പ്രത്യേക സത്യവാങ്മൂലം നൽകി പ്രദർശിപ്പിക്കാനാവുമെന്ന സാധ്യതയിലൂടെയാണ് ചായം പൂശിയ വീട് മേളയ്ക്കെത്തിയത്. വൈകിട്ട് കലാഭവനിൽ പ്രദർശിപ്പിച്ച ചിത്രത്തിന് നല്ല തിരക്കായിരുന്നു.

iffk-day

മൽസരവിഭാഗത്തിലെ മറ്റ് ഇന്ത്യൻ ചിത്രങ്ങളായ ബൗദ്ധായന്‍ മുഖര്‍ജിയുടെ ദ് വയലിന്‍ പ്ലെയര്‍, രാജ് കഹിനി എന്നിവയ്ക്കും നിറഞ്ഞ സദസാണ് ഉണ്ടായിരുന്നത്. അമ്മയുടെ മരണത്തിന് സാക്ഷിയാകേണ്ടിവന്ന മകന്റെ ഒറ്റപ്പെട്ട ജീവിതത്തിലെ മാനസിക സംഘര്‍ഷം പശ്ചാത്തലമാക്കിയ കസഖ്സ്ഥാന്‍ ചിത്രം ബോപെം, ഫ്രഞ്ച്–ഹെയ്തി ചിത്രം മർഡർ ഇൻ പകറ്റ് എന്നിവയാണ് മത്സരവിഭാഗത്തില്‍ ഞായറാഴ്ച പ്രദര്‍ശിപ്പിച്ച മറ്റ് ചിത്രങ്ങൾ. പല സ്ഥലത്തും ക്യൂവിൽ ഏറെ നേരം കാത്തുനിന്നാണ് റിസർവേഷൻ ഒഴിവാക്കിയ സീറ്റുകളിലേക്ക് പ്രതിനിധികൾ ക്ഷമയോടെ എത്തിയത്. രാത്രി 10.30 ന് നിശാഗന്ധിയിൽ പ്രദർശിപ്പിച്ച ദ്വീപൻ എന്ന ചിത്രവും നിറഞ്ഞ സദസ് ഏറ്റുവാങ്ങി. ഉദ്ഘാടനചിത്രമായ വുൾഫ് ടോട്ടത്തിന് രമ്യയിൽ ഉച്ചതിരിഞ്ഞ് 2.30 ന് നടത്തിയ തുടർപ്രദർശനത്തിന് തിക്കിതിരക്കി കടന്നുകയറിയ പ്രതിനിധികൾ കാരണം പ്രദർശനത്തിന് ഓൺലൈൻ റിസർവേഷൻ ചെയ്തവർക്ക് സീറ്റ് കിട്ടാതെ പോയത് മാത്രമാണ് ഞായറാഴ്ച ഉയർന്നുകേട്ട അപശബ്ദം.

സൗജന്യമായി ഓട്ടോ–ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ പറയുന്നെങ്കിലും അവ ഫലപ്രദമല്ലെന്നതാണ് പ്രതിനിധികൾ നേരിടുന്ന പ്രതിസന്ധി. പത്ത് ഓട്ടോറിക്ഷകൾ മാത്രമാണ് രംഗത്തുളളത്. കൈരളി–ന്യൂ–ശ്രീകുമാർ–ശ്രീവിശാഖ് തിയറ്ററുകളുടെ പരിസരത്ത് നിന്ന് കലാഭവൻ, ടഗോർ, നിശാഗന്ധി എന്നിവിടങ്ങളിലേക്ക് എത്തേണ്ട പ്രതിനിധികളാണ് വാഹനസൗകര്യമില്ലാതെ വലയുന്നത്. ദിവസം 150 രൂപ വരെ അധികച്ചെലവ് ഇത്തരത്തിൽ നേരിടുന്നുണ്ടെന്നാണ് ഡെലിഗേറ്റുകളിൽ പലരുടെയും പരാതി. തിങ്കളാഴ്ച രാജ്ഭവനിലേക്ക് കെപിഎംഎസ് നടത്തുന്ന ജാഥ കാരണം ആ വഴി ഏർപ്പെടുത്തിയ ഗതാഗതക്രമീകരണം നിശാഗന്ധി തിയറ്റർ പരിസരത്തേക്കുളള യാത്രയെ ബാധിച്ചേക്കുമെന്നതാണ് പ്രതിനിധികൾക്ക് നൽകാനുള്ള കാലാവസ്ഥാ മുന്നറിയിപ്പ്.

സെൻസർഷിപ്പിനെതിരെ ‘സേന’ന്മാർ: സെൻസർബോർഡിന്റെ കത്രികവയ്പ്പിനെതിരെ ‘ചായം പൂശിയ വീട്’ ചിത്രത്തിന്റെ സംവിധായകരായ സതീഷ്–സന്തോഷ് ബാബുസേനൻ സഹോദരന്മാരുടെ തുറന്നുപറച്ചിലായിരുന്നു ഞായറാഴ്ച മേളയിൽ ശ്രദ്ധനേടിയത്. സുരേഷ് ഗോപി ഡയലോഗ് പോലെ അത് സുന്ദരമായിരുന്നു. ‘‘എന്തുകാണണം എന്തുകാണേണ്ട എന്ന് തിരഞ്ഞെടുക്കുന്നതിനുളള വിവേചന സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കുള്ളപ്പോള്‍ കത്രിക വയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമില്ല. മൂന്ന് നഗ്ന രംഗങ്ങളുണ്ടെന്ന പേരില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് കിട്ടിയില്ല. നഗ്നരംഗങ്ങൾ കട്ടു ചെയ്തു സിനിമ കാട്ടേണ്ടെന്ന് ഞങ്ങളും അങ്ങു തീരുമാനിച്ചു’’.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.