Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈഫൈ മേള, കാണിയായി വി.എസും

delegate-cell

ഇരുപതാമത് വയസിലേക്ക് കടന്ന് സിനിമാപ്രേമികളുടെ മനസിൽ യുവത്വത്തിന്റെ നിറവു പകർന്ന് കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരിതെളിയുമ്പോൾ കൂട്ടായെത്തുന്നത് വൈഫൈയും. കാലത്തിനൊത്ത് കോലം മാറാനാണ് ഇത്തവണ മേളയുടെ സംഘാടകർ ശ്രമിക്കുന്നതെന്നു തോന്നും. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയായ ഗോവയിൽ പിന്നിട്ട വർഷങ്ങളിൽ വിജയിച്ച വൈഫൈ സൗകര്യം തിരുവനന്തപുരം മേളയ്ക്കുമെത്തുന്ന എല്ലാ പ്രതിനിധികൾക്കും അൺലിമിറ്റഡായി എത്തിക്കാനാണ് സംഘാടകർ ഒരുങ്ങുന്നത്. ഒറ്റക്കണ്ടീഷൻ വൈഫൈയിൽ മതിമറന്ന് തിയറ്ററിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കരുത്. ഗോവ മേളയിൽ സ്വകാര്യസംരംഭകരുടെ സഹായത്തോടെയാണ് വൈഫൈ ഉറപ്പാക്കുന്നതെങ്കിൽ ഇവിടെ വൈഫൈ നൽകുക കേരള പൊലീസിന്റെ സൈബർ സെൽ ടീമാണ്. അതിനാൽ അൽപം ജാഗ്രതേ. പൊലീസണ്ണാ, ഞാൻ സിഎമ്മിന്റെ വിഡിയോ തിരഞ്ഞതാ... എന്നൊന്നും പറഞ്ഞ് കരയാൻ ഇടവരുത്തരുത് ആരും.

1500 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക തിയറ്ററാകും ഇത്തവണ മേളയിലെ പുതുമ. നിശാഗന്ധിയിലാണ് എസി സൗകര്യത്തിൽ ഈ മിനി തിയറ്റർ സംഘാടകർ ഒരുക്കുന്നത്. ഇതടക്കം പിന്നിട്ട മേളയിൽ നിന്നധികം ലഭിക്കുന്ന സീറ്റുകൾ 3200. എന്നാലും 12,000 പ്രതിനിധികൾ അടക്കം 15,000 പേരുടെ റെക്കോഡ് പങ്കാളിത്തം അവകാശപ്പെടുന്ന ഇരുപതാമത് മേളയിൽ സീറ്റുകൾക്കായി കസേരകളി തന്നെ വേണ്ടി വരും. നിശാഗന്ധി(1500 സീറ്റ്) ശ്രീകുമാര്‍ (1000 സീറ്റ്), ശ്രീവിശാഖ് (700), ധന്യ (700), രമ്യ( 700), ടാഗോര്‍ തിയേറ്റര്‍ (900), കൈരളി (440), ശ്രീ (300), നിള (260), കലാഭവന്‍ (410), ന്യൂ സ്‌ക്രീന്‍ - 1 (520), ന്യൂ സ്‌ക്രീന്‍- 2(200), ന്യൂ സ്‌ക്രീൻ -‍3 (200) എന്നിങ്ങനെ 13 തിയറ്ററുകളിലായി ലഭിക്കുക 7830 സീറ്റുകൾ മാത്രം.

delegate-one

രണ്ട് പൊതു പ്രദർശന വേദികളും കൂടിയാകുമ്പോൾ മൊത്തം പ്രദർശന വേദികൾ 15 ആകുമെന്നത് മാത്രമാണ ആശ്വാസം. സെന്‍സര്‍ ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വെള്ളയമ്പലം മാനവീയം വീഥിയും പ്രത്യേക പാക്കേജ് സിനിമകള്‍ കാണിക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുമാണ് മേളയിലെ പൊതു പ്രദർശന വേദികൾ. സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബോൾ കോര്‍ട്ടില്‍ 1000 സീറ്റുകളാണ് സജ്ജീകരിക്കുന്നത്.

പൊതു പ്രദർശനവേദികൾ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസര്‍വേഷന്‍ സൗകര്യമുണ്ട്. കലാഭവൻ‍, ധന്യ, രമ്യ, ശ്രീകുമാർ‍, ശ്രീവിശാഖ് എന്നീ തിയേറ്ററുകളില്‍ ബാല്‍ക്കണി മാത്രമാണ് റിസർവേഷൻ ലഭിക്കുക. ടാഗോർ‍, കൈരളി, ശ്രീ, നിള, നിശാഗന്ധി, ന്യൂ സ്‌ക്രീൻ-1, ന്യൂ സ്‌ക്രീൻ-2, ന്യൂ സ്‌ക്രീൻ‍-3 എന്നിവയില്‍ 60 ശതമാനം സീറ്റുകള്‍ റിസര്‍വേഷനിലൂടെയും ബാക്കി ക്യൂവില്‍ എത്തുന്നവർക്കുമായിരിക്കും. കാര്യമെന്തായാലും മേളയുടെ പ്രധാനവേദിയെന്ന് പ്രതിനിധികൾ സ്വയം വിലയിരുത്തുന്ന കൈരളി, നിള, ശ്രീ പരിസരത്തു തന്നെയാവും തിരക്കേറുമ്പോൾ മേള ഇടിപ്പടമാവുക.

delegate-2

ത്രീഡി ചിത്രങ്ങൾക്ക് പ്രത്യേക പാക്കേജ് അടങ്ങുന്ന മേളയെന്ന ഖ്യാതിയും ഇരുപതാമത് മേളയ്ക്കു സ്വന്തം. ആറ് ത്രീഡി ചിത്രങ്ങളാണ് രമ്യ, ന്യൂ തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്. വൂൾഫ് ടോട്ടെം, മാർഷ്യൻ, ലൈഫ് ഓഫ് പൈ, ലവ്, പാൻ, എവരി തിങ് വിൽ ബി ഫൈൻ എന്നിവയാണ് ത്രീഡി വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. ശ്രദ്ധേയനായ ഫ്രഞ്ച് സംവിധായകൻ ഗാസ്പർ നോ സംവിധാനം ചെയ്ത, ലൈംഗികത പ്രമേയമാക്കിയ ലവ് ആകും കൂട്ടത്തിലെ ശ്രദ്ധേയചിത്രം. മർഫിയെന്ന യുവാവും കാമുകി ഇലക്ട്രയുമായുള്ള രതിയും പ്രണയവും ചൂടുപകരുന്ന ചിത്രം ബുക്ക് ചെയ്യാനാവും ആകെ മൊത്തം ടോട്ടൽ മേളയിലെ ഇത്തവണത്തെ റിസർവേഷൻ ഇടി.

വെള്ളിയാഴ്ച ഇരുപതാമത് മേള മിഴിതുറക്കുമ്പോൾ താളവിസ്മയവുമായി തബലവാദകന്‍ ഉസ്താദ് സക്കീര്‍ ഹുസൈനുണ്ടാവും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിതെളിയിച്ച് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡു നല്‍കി മേള ഇത്തവണ ആദരിക്കുന്ന ഇറാനിയന്‍ സംവിധായകന്‍ ദരൂഷ് മെഹ്‌റൂജിയുടെ സാന്നിധ്യമാകും ഉദ്ഘാടനച്ചടങ്ങിലെ മറ്റൊരു പ്രത്യേകത.

ഉദ്ഘാടനചടങ്ങിനെക്കാൾ ശ്രദ്ധേയമാവുക ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രശസ്തനായ മുതിർന്ന പ്രേക്ഷകന്റെ സാന്നിധ്യം കൊണ്ടാവും. മേളയിൽ ഏഴാം തീയതി വൈകിട്ട് 6.30 ന് കൈരളി തിയറ്ററിൽ പ്രദർശിപ്പിക്കുന്ന വലിയ ചിറകുള്ള പക്ഷികൾ എന്ന ചിത്രത്തിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ എത്തുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നത്. എൻഡോസൾഫാൻ ദുരന്തബാധിതരുടെ ജീവിതം പ്രമേയമാക്കി ഡോ. ബിജു അവതരിപ്പിക്കുന്ന ചിത്രം മേളയിലെ മനുഷ്യാവകാശ പ്രകടനക്കാരുടെ ആവേശത്തിനും ഇട നല്കും.

മേളയ്ക്കിടയിലെ മേളപ്പെരുക്കം: ഇരുപതിന്റെ നിറവിലെത്തുന്ന മേള ചലച്ചിത്രങ്ങൾക്കൊപ്പം മറ്റ് മേളക്കൊഴുപ്പുകൾക്കും അരങ്ങൊരുക്കും. കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ഫോക് ലോര്‍ അക്കാദമി, ഭാരത് ഭവന്‍ എന്നിവയുമായി ചേര്‍ന്ന് ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെ സായാഹ്നങ്ങളില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കും. കഥകളി, തെയ്യം, പടയണി, മോഹിനിയാട്ടം, കേരളനടനം തുടങ്ങിയവയാവും കനകകുന്നു കൊട്ടാരത്തില്‍ ദിവസവും ആറു മുതല്‍ ഏഴുവരെ സംഘടിപ്പിക്കുക. ഭാരത് ഭവന്‍ ഓഡിറ്റോറിയത്തില്‍ ജുഗല്‍ബന്ദി സെഷനുകളും ഉണ്ടാവും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.