Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം കി, വിഎസ്, മഴ, കെപിഎംഎസ്, മേള സംഭവബഹുലം

kim-ki-duk-theatre

കിം കി ഡുക് ചിത്രം, പ്രതിപക്ഷ നേതാവ് വി.എസ്. ​അച്യുതാനന്ദന്റെ സാന്നിധ്യം, കെപിഎംഎസ് ജാഥ പടർത്തിയ ഗതാഗതക്കുരുക്ക്. ഒപ്പം മേമ്പൊടിയായി മഴ കൂടി കനത്തപ്പോൾ മേളയിലെ തിങ്കളാഴ്ച നല്ല ചിത്രങ്ങൾക്കൊപ്പം പശ്ചാത്തലസംഭവങ്ങളുടെയും പെയ്ത്തുദിനമായി.

രാവിലെ കെപിഎംഎസിന്റെ രാജ്ഭവൻ മാർച്ചിനായി വാഹനങ്ങൾ വെള്ളയമ്പലം ഭാഗത്തേക്കു കടന്നെത്തിയതോടെ നഗരഗതാഗതം താറുമാറായത്. ഇതോടെ വിവിധ ഹോട്ടലുകളിൽ നിന്നും മറ്റും തിയറ്ററുകളിലേക്കുള്ള പ്രതിനിധികളുടെ യാത്രയും ദുരിതത്തിലായി. ഒടുവിൽ രാവിലെ സീറ്റു കണ്ടെത്തിയ തിയറ്ററുകളിൽ തന്നെ വീണ്ടും വീണ്ടും കയറി ഉച്ചതിരിയും വരെ സിനിമകൾ കണ്ടു തീർക്കുകയായിരുന്നു പല പ്രതിനിധികളും. വൈകിട്ട് നാലു കഴിഞ്ഞാണ് ഗതാഗതം അൽപമെങ്കിലും സുഗമമാക്കി നഗരം ശ്വാസം വിട്ടത്.

എൻഡോസൾഫാൻ ദുരിതബാധിതരുടെ കഥയുമായി ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികൾ ചിത്രം കാണാനാണ് വൈകിട്ട് 6.30 ന് കൈരളി തിയറ്ററിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ എത്തിയത്. എൻഡോസൾഫാന് എതിരെ വിഎസ് നടത്തിയ പോരാട്ടങ്ങളും പരാമർശിച്ച ചിത്രം നിറഞ്ഞ സദസിനു മുന്നിലാണ് പ്രദർശിപ്പിച്ചത്. ചിത്രം കണ്ടു മടങ്ങവേ, സഖാവിനെക്കുറിച്ചും ചിത്രത്തിൽ പരാമർശമുണ്ടല്ലോ എന്ന ഓർമപ്പെടുത്തലിന് അതു സത്യമല്ലേ എന്ന മറുചോദ്യമായിരുന്നു ചിരിച്ചുകൊണ്ട് വി.എസ്. നൽകിയത്.

കൈരളിയിൽ സാക്ഷാൽ വി.എസ്. സാന്നിധ്യമറിയിച്ചപ്പോൾ ടഗോറിൽ പിന്നിട്ട ഐഎഫ്എഫ്കെകളിലെ ജനപ്രിയ സംവിധായകൻ കിം കി ഡുക്കിന്റെ പുതിയ ചിത്രം സ്‌റ്റോപാണ് ശ്രദ്ധ നേടിയത്. 6.45 നുള്ള ഷോയ്ക്ക് 5.30 നു തന്നെ തിയറ്ററിന്റെ ഭൂരിഭാഗവും നിറഞ്ഞു. പുറത്ത് ക്യൂ പൊളിഞ്ഞതോടെ പൊലീസ് വലയം തീർത്തു. വല്ലാത്ത വയലൻസ് വല്ലാത്ത ചുടുചൂടൻ രംഗങ്ങൾ എന്നൊക്കെ കിം കി ഡുക്ക് ചിത്രങ്ങളെക്കുറിച്ച് പറയുമെങ്കിലും ഇടിച്ചുകയറാനെത്തിയത് ഇതൊക്കെ ഞാൻ കണ്ണടച്ചുകണ്ടോളാം എന്ന ഭാവത്തിൽ ചെറു ഡെലിഗേറ്റിനികളായിരുന്നു. പൊലീസാകട്ടെ പുറത്തെ ഉന്തുംതള്ളും കൈവിട്ടു പോകുമെന്ന സ്ഥിതിയായപ്പോൾ പെട്ടെന്ന് കൈവിട്ടു മാറിനിന്നു. എത്തിയ പ്രതിനിധികളെ ഒട്ടാകെ മേളയിലെ വമ്പൻ തിയറ്ററുകളിലൊന്നായ ടഗോർ വിഴുങ്ങിയപ്പോൾ പരിസരത്ത് സമാധാനസൂചകമായി കനത്ത മഴയും പെയ്തു.

kim

6.45 വരെ കാത്തിരിപ്പിന്റെ ഒരു മണിക്കൂർ ഉസ്താദ് സക്കീർ ഹുസൈൻ മേളയുടെ ഉദ്ഘാടനവേദിയിൽ നടത്തിയ തബല വാദനത്തിന്റെ വിഡിയോ പ്രദർശിപ്പിച്ച് പ്രതിനിധികളെ സംഘാടകർ അടക്കിയിരുത്തി. ആവേശത്തള്ളലിൽ സിനിമ കാണാനെത്തിയെങ്കിലും പലർക്കും ‘സ്റ്റോപ്പ്’​ അത്ര സുഖിച്ചില്ല. കിം കിയുടെ ചിത്രങ്ങൾക്ക് ഇനിയെന്റെ ഫുൾസ്റ്റോപ്പെന്നാണ് ഒരു ഹൈ പ്രൊഫൈൽ പ്രതിനിധി ആത്മഗതമായി ഉണർത്തിച്ചത്. ടഗോറിൽ കിം കി ഡുക്ക് ചിത്രം കണ്ടു മടങ്ങിയവർക്ക് വിരുന്നായത് ടഗോറിലെ ഓപ്പൺ ഫോറം വേദിയിൽ ഫോക്‌ലോർ അക്കാദമി അവതരിപ്പിച്ച മുടിയേറ്റായിരുന്നു. കാളിയും ദാരികനും ഉറഞ്ഞാടിയത് കണ്ടു കണ്ണുമിഴിച്ചപ്പോഴാണ് കിം കി ഡുക്കൊന്നും വയലൻസിൽ കേരളത്തിലെ പ്രാദേശികകലകൾക്കൊപ്പമൊന്നും പിടിച്ചുനിൽക്കില്ലെന്ന ബോധോധയം പല ന്യൂജൻ പ്രതിനിധികൾക്കും ഉണ്ടായത്.

മനു പി.എസ്. സംവിധാനം ചെയ്ത മലയാളചിത്രം മണ്‍റോ തുരുത്ത്, മൽസരവിഭാഗത്തിലെ മര്‍ഡര്‍ ഇന്‍ പാകോത് ഷാഡോ ബിഹൈൻഡ് ദ് മൂൺ, ചായം പൂശിയ വീട്, എൻടാഗിൾമെന്റ്, ദ് വയലിൻ പ്ലെയർ ഉൾപ്പെടെ അറുപതോളം ചിത്രങ്ങളാണ് തിങ്കളാഴ്ച ചലച്ചിത്രപ്രേമികൾക്ക് വിരുന്നായത്. മേളയുടെ ഗതി വിലയിരുത്താൻ ടഗോറിൽ സന്ദർശനം നടത്തിയ മന്ത്രി തിരുവ‍ഞ്ചൂർ രാധാകൃഷ്ണൻ സംഘാടകർക്ക് നല്ല മാർക്ക് നൽകിയാണ് മടങ്ങിയത്.

പ്രതിനിധികൾക്കുള്ള സൗജന്യ ഓട്ടോ– ബസ് സർവീസ് കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് മേളയിലെ തുടരുന്ന കല്ലുകടി. വെബ്സൈറ്റിലൂടെയും എസ്എംഎസിലൂടെയും റിസർവേഷൻ ഒരുക്കിയിട്ടുണ്ടെങ്കിലും ബുക്ക് ചെയ്തതായുള്ള സ്ഥിരീകരണം പലപ്പോഴും ലഭിക്കാത്തത് പ്രശ്നമുണ്ടാക്കുന്നുണ്ട്. സൗജന്യ വൈ–ഫൈ സേവനം പൊലീസിന്റെ സൈബർ സെൽ വഴി നൽകുന്നെങ്കിലും അതിനായി തിരിച്ചറിയൽ രേഖയുടെ പകർപ്പ് എത്തിക്കണമെന്ന് ടഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെല്ലിന്റെ മൂലയ്ക്കിരുന്ന് പൊലീസ് ചേട്ടന്മാർ മീശ ചുരുട്ടുന്നതോടെ പലരും വൈ–ഫൈ മോഹം ഉപേക്ഷിച്ചു മടങ്ങുകയാണ്.

യുപിഎസ് കത്തി, കളി നിന്നു! ശനിയാഴ്ച ശ്രീകുമാറിലെ സ്ക്രീനിങ്ങിന് തടസമുണ്ടാക്കിയതു പോലെ തിങ്കളാഴ്ച കലാഭവനിലും യുപിഎസ് പ്രശ്നം വില്ലനായി. ഉച്ചയ്ക്ക് 2.15 ന് പ്രദർശിപ്പിച്ച മലയാള ചിത്രം ‘ഒഴിവുദിനത്തിലെ കളി’ക്കാണ് യുപിഎസ് പാരയായത്. പ്രദർശനം അരമണിക്കൂർ പിന്നിട്ടതോടെ യുപിഎസ് കത്തി. ഇതോടെ കളിയും തടസപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.