Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധ കൂവൽ, തബലയിൽ താണ്ഡവം, സ്ക്രീനിൽ ചെന്നായ്ക്കൾ‌

iffk-invisible

എസിയുടെ കുളിരു പകർന്ന സന്ധ്യയിൽ കേരളത്തിന്റെ ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം. അടച്ചുമൂടി എസി തിയറ്ററായി രൂപാന്തരപ്പെട്ട നിശാഗന്ധിയിലെ ഉദ്ഘാടന വേദിക്ക് പുറത്ത് ഡെലിഗേറ്റുകൾ പ്രതിഷേധക്കൂവൽ നടത്തിയെങ്കിലും ഉദ്ഘാടനത്തിരി തെളിഞ്ഞ ശേഷം വേദിയിൽ തബലയിൽ തന്റെ മാന്ത്രികവിരലുകളോടിച്ച് ഉസ്താദ് സക്കീർ ഹുസൈൻ മനം കവർന്നു. ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ച ചൈനീസ് ത്രീഡി ചിത്രം ‘വൂൾഫ് ടോട്ടം’ പ്രമേയസവിശേഷത കൊണ്ടും ചിത്രീകരണ പശ്ചാത്തലത്തിന്റെ സൗന്ദര്യത്തിലും ചിത്രത്തിൽ ചെന്നായ്ക്കളെ ചിത്രീകരിച്ച വന്യതയുടെ വൈവിധ്യം കൊണ്ടും പ്രതിനിധികളുടെ മനം കവർന്നതോടെ ഉദ്ഘാടനദിനം സംഭവബഹുലമായി.

കാര്യമായ പ്രതിഷേധങ്ങളൊന്നും കൂടാതെയാണ് ഉദ്ഘാടന ദിനത്തിലെ പകൽ കടന്നു പോയത്. ടഗോർ തിയറ്ററിൽ പ്രത്യേകമൊരുക്കിയ ഡെലിഗേറ്റ് സെല്ലിൽ ഒരു ചെറുപൂരത്തിന്റെ ആവേശത്തിൽ പ്രതിനിധികൾ പാസ് തേടിയെത്തിയപ്പോൾ പ്രഫഷണൽ സമീപനത്തിൽ ഒരുക്കിയ പ്രത്യേക കൗണ്ടറുകളിലൂടെ മുൻവർഷങ്ങ​ളിൽ നിന്ന് ഭിന്നമായി പരാതികൾ കൂടാതെ തന്നെ പാസും ബാഗും ബുക്കും നൽകി അയയ്ക്കാൻ സംഘാടകർക്കായി. ഉച്ചതിരിഞ്ഞതോടെയാണ് മേളയിലെ ആദ്യ പ്രതിഷേധം ‘ക്ലിക്കാ’യത്. വേദികൾ സജീവമാകാത്തതിനാൽ ഫേസ്ബുക്കിലായിരുന്നു വെടിപൊട്ടിക്കൽ. രചന, സംവിധാനം ഡോ.ബിജു. കാര്യം നിസാരം, പ്രശ്നം ഗുരുതരമെന്നു തോന്നുവിധമായിരുന്നു എഫ്ബി പോസ്റ്റ്. ഉദ്ഘാടനച്ചടങ്ങിൽ ഡെലിഗേറ്റുകൾക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നുമായിരുന്നു പോസ്റ്റ്. വരേണ്യവർഗം, സ്ഥിതിസമത്വം തുടങ്ങിയ മനുഷാവകാശ ചിഹ്നങ്ങളും പോസ്റ്റിൽ ദൃശ്യമായി. സംഘാടകരെ ഇതിനൊരു വിശദീകരണത്തിന് സമീപിച്ചപ്പോൾ അത്തരമൊരു നീക്കം ചലച്ചിത്ര അക്കാദമിക്കില്ലെന്നും എസി തിയറ്ററായി രൂപാന്തരപ്പെടുത്തിയതിനാൽ അൽപം സൗകര്യം കുറവാണെങ്കിലും ആദ്യമാദ്യമെത്തുന്ന പ്രതിനിധികളെ കഴിവതും സീറ്റുകളിൽ ഇരുത്തുമെന്ന് ചെയർമാൻ ടി.രാജീവ്നാഥ് തന്നെ പറഞ്ഞതോടെ വിവാദം തണുത്തു.

സന്ധ്യ വൈകി തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിനിടെയാണ് വേദിയിൽ പ്രവേശനം ലഭിക്കാതെ പോയ പ്രതിനിധികൾ പുറത്തു നിന്ന് കൂവി പ്രതിഷേധിച്ചത്. ആറു മണിക്കു തുടങ്ങുമെന്നറിയിച്ച ഉദ്ഘാടനചടങ്ങ് മുഖ്യമന്ത്രി വൈകിയതിനാൽ ആറേമുക്കാലിനാണ് തുടങ്ങാനായത്. ഈ സമയത്തെല്ലാം വേദിക്ക് പുറത്ത് കൂവൽ മഹാമഹം അരങ്ങേറി. താൽക്കാലിക എസി തിയറ്ററായിരുന്നു ഉദ്ഘാടനമെന്നതിനാൽ പുറത്തെ കൂവലിന്റ ശക്തി അകത്ത് കടന്നെത്തിയില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടൂറിസം മന്ത്രി എ.പി. അനിൽകുമാർ, മന്ത്രി കെ.സി.ജോസഫ് എന്നിവർ മാറി മാറി വേദിയിൽ പ്രസംഗിക്കാൻ എത്തിയെങ്കിലും പ്രഖ്യാപന വിസ്മയം നടത്തിയത് മന്ത്രി എ.പി.അനിൽകുമാർ മാത്രം. മേള അവസാനിച്ചാലുടൻ നിശാഗന്ധിയിൽ 20,000 ചതുരശ്ര അടിയിൽ 4,500 പേർക്ക് മഴനനയാതെ ഇരുന്ന് പരിപാടികൾ കാണാനാകും വിധം സൗണ്ട് പ്രൂഫ് മേൽക്കൂരയോടെ ഓപ്പൺ എയർ ഓഡിറ്റോറിയം സൃഷ്ടിക്കുമെന്നായിരുന്ന പ്രഖ്യാപനം. സൗണ്ട് പ്രൂഫ് മേൽക്കൂര വന്നാൽ അതിനെ എങ്ങനെ ഓപ്പൺ എയർ ഓഡിറ്റോറിയമെന്ന് പറയുമെന്ന ചിന്താ പ്ലിങ്ങിലായി കാണികളിൽ പലരും.

വൈകിയെത്തിയ നേതാക്കളിൽ പലരും പ്രസംഗവേദിയിലെത്തിയപ്പോൾ ചെറിയ കൂവലോടെയാണ് ചില പ്രതിനിധികൾ അവരെ വരവേറ്റത്. തിയറ്ററിന്റെ മൂലകളിൽ നിന്ന പൊലീസുകാർക്ക് ഇളക്കം തട്ടിയതോടെ കൂവലിന്റെ ശക്തിയകന്നു. ഉദ്ഘാടനവേദിക്ക് രണ്ടു കിലോമീറ്റർ അകലെ ടഗോർ തിയറ്ററിലും ഉദ്ഘാടനച്ചടങ്ങിന്റെ തൽസമയ സംപ്രേഷണം ഉറപ്പാക്കിയിരുന്നു. പൊലീസ് സാന്നിധ്യം കുറവായതിനാൽ ടഗോറിൽ ലൈവ് പരിപാടി കണ്ട് കൂവി തമിർക്കാൻ ചില പ്രതിനിധികൾക്കായി. ഫെസ്റ്റിവൽ ബുക്ക്, ഫിലിം ലൊക്കേഷനുകളുടെ പുസ്തകം, മേളയുടെ സുവനീർ, ഫെസ്റ്റിവൽ ബുള്ളറ്റിൻ തുടങ്ങിയവ പുട്ടിനു പീരയെന്നോണം ഉദ്ഘാടനചടങ്ങിനൊപ്പം തുടരെത്തുടരെ പ്രകാശനം ചെയ്തു. ദീർഘപ്രസംഗങ്ങൾക്ക് ശ്രമിക്കാതെ പ്രതിനിധികളുടെ മനം കവർന്നത് നിയമസഭയിലെ പുതിയ ഡപ്യൂട്ടി സ്പീക്കർ പാലോട് രവിയാണ്. ആശംസയർപ്പിക്കാൻ ഡപ്യൂട്ടി സ്പീക്കരെ ക്ഷണിക്കുന്നു എന്ന് അവതാരക പറഞ്ഞൊഴിഞ്ഞതിനു പിന്നാലെ ഒറ്റ വാചകത്തിൽ പ്രസംഗം അവസാനിപ്പിച്ച് പാലോട് രവി മടങ്ങി. പറഞ്ഞത് ഇത്രമാത്രം – ‘‘എല്ലാ ആശംസകളും നേരുന്നു.’’

തബലയിൽ അദ്ഭുതവിരലുകളോടിച്ച ഉസ്താദ് സക്കീർ ഹുസൈനായിരുന്നു മേളയ്ക്ക് താളലയത്തിന്റെ മിഴിവു പകർന്നത്. വേദിയെ സരസ്വതീ ദേവിയുടെ സാന്നിധ്യമായി കരുതുന്നതായി പറഞ്ഞ ഉസ്താദ് ശിവതാണ്ഡവവും ട്രെയിൻയാത്രയും കുതിരസവാരിയും തുടങ്ങി മേളയിലെ പ്രതിനിധികളുടെ സംഭാഷണം പോലും ഉദാഹരണ സഹിതം വിവരിച്ച് തബലയിൽ വിരലോടിച്ച് സദസിനെ കയ്യിലെടുത്തു. സാരംഗിയുമായി സബീർ ഖാനും അണിചേർന്നതോടെ വാദ്യോപകരണങ്ങളിലൂടെ മഴയും മിന്നലും ആസ്വാദകർക്ക് അനുഭവവേദ്യമായി. ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹ്റുജിക്ക് ദുബായിൽ നിന്നെത്താൻ സാധിക്കാത്തതിനാൽ അവാർഡ് ദാനച്ചടങ്ങ് ഉദ്ഘാടനത്തിനൊപ്പം നടത്താനായില്ല. അദ്ദേഹം എട്ടിനു തിരുവനന്തപുരത്ത് എത്തുമെന്നും അതിനു ശേഷം അവാർഡ് വിതരണം ചെയ്യുമെന്നും ഉദ്ഘാടനവേദിയിൽ സംഘാടകർ അറിയിച്ചു. സമാപനദിനമായ പത്തിന്റെ തൊട്ടുതലേന്നു വരെ പ്രതിനിധി പാസുകൾ നൽകുമെന്നതാണ് ഇത്തവണ മേള പകരുന്ന വേറിട്ട ഒരു പുതുമ.

വാഹ് ഉസ്താദ് വാഹ്: നിലവിളക്കു തെളിക്കൽ ഒരു രാഷ്ട്രീയ വിഷയം പോലുമായ കേരളത്തിൽ ഉസ്താദ് സക്കീർ ഹുസൈൻ വിളക്കു തെളിക്കുമോ എന്നു സംശയിച്ച പലർക്കും അവിശ്വസനീയമായ പ്രകടനമാണ് ഉസ്താദ് നിലവിളക്കിനു മുന്നിൽ കാട്ടിയത്. മുഖ്യമന്ത്രിയിൽ നിന്ന് തുടങ്ങി തിരി കൈമാറി തന്റെ കയ്യിലെത്തിയപ്പോൾ നിലത്ത് മുട്ടുകുത്തി അതിനെ ആദരപൂർവം വണങ്ങിയ ശേഷമാണ് ഉസ്താദ് നിലവിളക്കു കൊളുത്തിയത്. തുടർന്ന് പ്രസംഗം നടത്തിയപ്പോൾ ഉസ്താദ് തുടങ്ങിയ ആദ്യ വാചകം മലയാളത്തിലായിരുന്നു. നമസ്കാരം, സുഖമാണോ!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.