Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലവ്, ലവ്, ലവ്, ലവ്, ലവ്...

love-screening നിശാഗന്ധിയിൽ ലവ് സിനിമ കാണാൻ എത്തിയവരുടെ തിരക്ക്

ആഗോള ജനപ്രിയ വാചകമായ ലവിന്റെ ആകർഷണ തത്വങ്ങൾ ഉറപ്പിച്ച ദിനമായിരുന്നു മേളയിലെ ബുധനാഴ്ച. മലയാളസിനിമയിൽ ‘പ്രേമം’ കൊടികുത്തിയ വർഷത്തിലെ ചലച്ചിത്രമേളയിലും ‘ലവ്’ തന്നെയായി താരം. ചൂടൻരംഗങ്ങളിലൂടെയും ഫെസ്റ്റിവൽ ഹാൻഡ് ബുക്കിലെ ചിത്രത്തിലൂടെയും വിവാദപ്രണയം തന്നെ സൃഷ്ടിച്ച ഈ ചിത്രമായിരുന്നു രാവിലെ മുതൽ ഡെലിഗേറ്റുകളുടെ ചർച്ചാവിഷയം. കാത്തിരിപ്പിന് ഒടുവിൽ രാത്രി വൈകി നിശാഗന്ധിയിലെ താൽക്കാലിക തിയറ്ററിലാണ് ‘ലവ്’ പൂത്തുലഞ്ഞത്. അച്ചടക്കമേളയെന്ന് ഇതുവരെ മണത്ത ഗന്ധം മോശമാക്കുന്ന സ്ഥിതിവിശേഷമായിരുന്നു നിശാഗന്ധിയിൽ.

രാത്രി 10.30 ന് പ്രദർശിപ്പിക്കുമെന്ന ചിത്രം തുടങ്ങാനായത് അർധരാത്രിക്ക് അരമണിക്കൂർ മുൻപ്. എട്ടരയുടെ ഷോയ്ക്കു മുൻപ് തന്നെ ‘ലവി’നായുള്ള പ്രത്യേക ക്യൂ നിശാഗന്ധിയിൽ തുടങ്ങി. ‘ദ് ഐ‍ഡൽ’ എന്ന യഥാർഥ ജീവിതകഥ പശ്ചാത്തലമാക്കിയ പലസ്തീൻ ചിത്രം പിന്നിട്ടതിനു പിന്നാലെ ആ ഷോയ്ക്ക് കയറിയവരെ ഒഴിപ്പിക്കുന്ന തിരക്കിലായി വളണ്ടിയർമാർ. ഇതിനുമപ്പുറമുളള തള്ളൊക്കെ നിയമസഭയ്ക്കുള്ളിൽ തന്നെ കണ്ടതാണെന്ന പുച്ഛഭാവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് റിസർവേഷൻ ലഭിച്ചവരുടെ ക്യൂവിന് അനക്കം വച്ചത്. ഇതിനിടെ തള്ളിക്കയറാൻ ശ്രമിച്ച ഒരു ഡെലിഗേറ്റിനെ പൊലീസും സംഘാടകരും പിടിച്ചുതള്ളി പുറത്താക്കി. ‘ലവി’നായി ആക്രാന്തം മൂത്ത് വീണ്ടും തള്ളിക്കയറാനെത്തിയ ഡെലിഗേറ്റിന് ചൂരലിന് നല്ല ചൂടൻ അടി നൽകിയാണ് പൊലീസ് ഒടുവിൽ അടക്കിവിട്ടത്.

ചിത്രത്തിനു റിസർവേഷൻ ലഭിച്ചവരുടെ ക്യൂ അവസാനിച്ചതോടെ പെരുമ്പാമ്പു പോലെ കനകക്കുന്ന് ചുറ്റിയുള്ള വഴി പിന്നിട്ട് താഴെ റോഡു വരെ നീണ്ട ക്യൂവിനും അനക്കം തട്ടി. രാത്രിയിലെ അവസാന ഷോ പട്ടികയിൽ ഇടംനേടിയ ‘ലവ്’ കാണാൻ യുവതികളുടെ കൂട്ടായ്മകളായിരുന്നു ക്യൂവിലെ സവിശേഷത. സംഘാടകരുടെയും പൊലീസിന്റെയും അനുനയ നിലപാടു കാരണമാണ് അടിപൊട്ടാതെ തന്നെ തിയറ്ററിൽ കയറ്റാനാകുന്നവരെ തിരുകിക്കയറ്റി 11.30 ഓടെ ഷോ തുടങ്ങാനായത്. ത്രീഡി ചിത്രമായതിനാൽ ഇടിച്ചുകയറിയാലും മുക്കണ്ണടയില്ലെങ്കിൽ കാഴ്ചയിൽ ‘ലവ്​’ മങ്ങുമെന്ന തിരിച്ചറിവിൽ പുറത്ത് ഇടികൂട്ടിയവർ മനസടക്കി മടങ്ങുകയായിരുന്നു. കാഴ്ചയിൽ മെലിഞ്ഞാണെങ്കിലും താൻ ആളു പുലിയാണെന്ന് തിരക്കു നേരിട്ടു നിയന്ത്രിച്ച അക്കാദമി സെക്രട്ടറി ഒറ്റ രാത്രി കൊണ്ട് ടിവി ചാനലുകൾക്കു മുന്നിൽ തെളിയിക്കുകയും ചെയ്തു. ഒരു രാത്രി നിങ്ങൾക്ക് ഞങ്ങളെ അടക്കാനാവും നാളെ ഞങ്ങൾ പകരം വീട്ടുമെന്ന ഭാവത്തിലാണ് യുവരക്തം തുളുമ്പുന്ന ഡെലിഗേറ്റ്–ഗേറ്റീസ് മടങ്ങിയത്. വ്യാഴാഴ്ച രാത്രി 9.30 ന് രമ്യയിലെ സ്ക്രീനിലാണ് ‘ലവ്’ വീണ്ടും അവതരിക്കുക.

Love Official Trailer 1 (2015) - Aomi Muyock, Karl Glusman Movie HD

സൺസ്ട്രോക്, മെമ്മറീസ് ഓൺ സ്റ്റോൺ, ഹോപ്ഫുൾസ്, ലാംപ്, മൽസരചിത്രങ്ങളിൽ ദ് വയലിൻ പ്ലെയർ, ഇമ്മോർട്ടൽ, യോന, പ്രോജക്റ്റ് ഓഫ് ദ് സെഞ്ചുറി, ബോപ്പം, തുടങ്ങിയവ നിറഞ്ഞ സദസാണ് ബുധനാഴ്ച ഏറ്റുവാങ്ങിയത്. മേള അവസാനിക്കാൻ രണ്ടു ദിനം മാത്രം അവശേഷിക്കെ ദൂരദേശങ്ങളിൽ നിന്നെത്തിയ പലരും തിയറ്ററുകളിൽ ഓടിനടന്ന് ചിത്രങ്ങൾ കണ്ടുതീർത്ത് ശേഷം മടങ്ങിപ്പോക്കിന്റെ വേദനയിലായിരുന്നു.

സ്പോർട്ടി ബൈക്കിൽ കൂളായി ചെത്തിയടിച്ച പെൺ ഡെലിഗേറ്റുകളായിരുന്നു ടഗോർ തിയറ്റർ വളപ്പിൽ രാവിലത്തെ കൗതുകക്കാഴ്ച. ഇരുപതു തികഞ്ഞ ചലച്ചിത്രമേളയുടെ സൂചകമായി മുൻ എംപി പി.ടി.തോമസിന്റെ മാനവസംസ്കൃതി എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും സന്ധ്യയ്ക്ക് ടഗോർ വളപ്പിൽ 20 മൺചിരാതുകൾ തെളിയിക്കുന്ന പരിപാടി തുടരുന്നു. ടഗോർ തിയറ്ററിന്റെ തിരുമുറ്റത്ത് തെയ്യമായിരുന്നു ബുധനാഴ്ച വൈകിട്ട് കെട്ടിയാടിയത്.

love-movie

മേള അത്ര ‘ഹോട്ട’ല്ല: ഹോട്ട് ചിത്രങ്ങളുടെ കുറവ് നികത്തി മേളയുടെ അവസാനം ലവ് എത്തിയെങ്കിലും ഹോട്ടടിച്ച് മയക്കമേളയായി ചലച്ചിത്രമേള ആഘോഷിക്കുന്നവരുടെ എണ്ണം ഇത്തവണ കുറവാണ്. ബാറുകൾ കൂട്ടത്തോടെ പൂട്ടിയതിന്റെ ഇഫക്ട് മേളയിലുണ്ട്. ചുരുക്കത്തിൽ ‘പാമ്പുകൾ’ കുപ്പി ഒഴിയുന്ന മേളക്കാലമാണിത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.