Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലവിൽ കുടുങ്ങി മേള; മടക്കയാത്രയിൽ മേളക്കിളികൾ‌

loveikad

അവസാനദിനങ്ങളിലെ വെടിക്കെട്ടിന് സംഘാടകർ കാത്തുവച്ചതു പോലെയായി ഇത്തവണ മേളയിൽ പ്രദർശിപ്പിച്ച ‘ലവ്’ എന്ന ചിത്രം. ബുധനാഴ്ച രാത്രി വൈകി ത്രീഡിയിൽ നിശാഗന്ധിയിൽ അവതരിച്ച ലവ് തന്നെയായി വ്യാഴാഴ്ചയും ഭൂരിഭാഗം പ്രതിനിധികളുടെ ചർച്ചാവിഷയം. ‘പോണിൽ പോൺ’ തന്നെയാണ് ചിത്രമെന്നും ചൂടൻ ദൃശ്യങ്ങൾ ഒ‌ഴിവാക്കിയാൽ ചിത്രത്തിലൊരു ത്രെഡുണ്ടെന്നും ത്രെഡില്ലാതെ നടീനടന്മാർ കാട്ടിയ ദൃശ്യങ്ങളിലൂടെ ഉദാത്തമായ മേളയെ അവഹേളിച്ചെന്നും തുടങ്ങി മേളപ്പരിസരങ്ങളിൽ പ്രതിനിധികൾ ചേരിതിരിഞ്ഞ് ചർച്ചയിലായി.

മേളയിലെ ന്യൂജൻ പ്രതിനിധികളാവട്ടെ എഫ്ബിയിലും വാട്സാപ്പിലും ‘ലവി’ന്റെ വിലയിരുത്തലിൽ കൊമ്പുകോർത്തു. കണ്ടതൊന്നുമേ സത്യമല്ലെന്നത് കണ്ടാലും തിരിയാ ചിലർക്കേതുമോ എന്നു സംശയം തോന്നുന്ന വിധത്തിൽ ബുധനാഴ്ച ‘ലവ്’ കണ്ടറിഞ്ഞതിലെ പ്രശ്നം വീണ്ടുമൊന്നു കണ്ടു പരിഹരിച്ചു കളയാമെന്ന വ്യാജേന വ്യാഴാഴ്ച രാത്രി രമ്യ തിയറ്ററിൽ ചിത്രത്തിന്റെ രണ്ടാം പ്രദർശനത്തിനായി ത്രീഡി കണ്ണട വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. കാര്യമെന്തായാലും ഇരുപതാമത് മേളയുടെ ഓർമച്ചിത്രങ്ങളിൽ എന്നു ചൂടു പകരുന്ന ചിത്രമാണ് ‘ലവ്’ എന്നത് ബുജി നിഘണ്ടുപദവലിയിൽ അടയാളപ്പെടുത്തി എന്നതിൽ ഇരുപക്ഷമില്ല.

രാജ്യഭാഷാ വ്യത്യാസങ്ങൾ സ്ക്രീനിൽ നടമാടിയ ഒരു ചലച്ചിത്ര സീസണു കൂടി വിരാമമിട്ട് മടക്കയാത്രയുടെ തിരക്കുകളിലായിരുന്നു വ്യാഴാഴ്ച വൈകിട്ട് പ്രതിനിധികളിൽ പലരും. സമാപനച്ചടങ്ങ് നിശാഗന്ധിയിലെ താൽക്കാലിക തിയറ്ററിൽ അധികം പ്രതിനിധികൾക്ക് കാണാനാവില്ലെന്നതും ഈ കൂട്ട മടക്കയാത്രയ്ക്ക് പ്രേരകമായി. മറ്റു ചിലരാകട്ടെ സമാപന സമ്മേളനം നടക്കുന്ന നിശാഗന്ധിയിലും മറ്റ് അഞ്ച് സർക്കാർ തിയറ്ററുകളിലുമായി അവസാന ദിനം ചുരുങ്ങുന്ന മേളയിലെ ചിത്രങ്ങൾക്കായി റിസർവ് ചെയ്യുന്ന തിരക്കിലായിരുന്നു.

മേളയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച സ്വകാര്യ തിയറ്ററുകളായ രമ്യ, ധന്യ, ന്യൂ, ശ്രീകുമാ‍ർ, ശ്രീവിശാഖ് എന്നിവിടങ്ങളിൽ വെളളിയാഴ്ച മുതൽ മുഖ്യധാരാ ചിത്രങ്ങൾ ഓടിത്തുടങ്ങും. പാടിയും കൂട്ടുചേർന്നും സിനിമ പറഞ്ഞും അറിഞ്ഞും സൗഹൃദങ്ങളുടെ മറ്റൊരു ഡിസംബറിലേക്കുളള കാത്തിരിപ്പാണ് ഇനി സ്ഥിരം പ്രതിനിധികൾക്ക് ബാക്കിയാവുന്നത്. ടഗോർ തിയറ്റർ വളപ്പിൽ ഇത്തവണ സെറ്റിട്ട നൊസ്റ്റാൾജിയ ഹോട്ടലിൽ ഈറയിലുള്ള അഴികള്‍ക്കിടയിലൂടെ നോക്കിയാല്‍ കണ്ണാടിപ്പെട്ടികളില്‍ നിറഞ്ഞ പലഹാരങ്ങളും ഓലപ്പുരയും സിനിമാ പോസ്റ്ററുകള്‍ പതിച്ച കാളവണ്ടിയും സൈക്കിളിലെ ഫിലിം പെട്ടിയും കിണറുമെല്ലാം ഒരു വേള മേളഭാന്തന്മാരുടെ സ്വപ്നങ്ങൾക്ക് പശ്ചാത്തലമായെത്തിയേക്കാം. അവസാന റീലുകളിലേക്ക് മേള വഴിമാറിയതോടെ മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഇഷ്ടസിനിമയ്ക്കു വോട്ടു ചെയ്യാനുള്ള അവസരവും തുടങ്ങി.

രണ്ടേകാൽ മണിക്കൂറോളം നീണ്ട ഒറ്റഷോട്ടിൽ സാധ്യമായ എല്ലാ മനുഷ്യവികാരങ്ങളും മാറിമറിച്ചെത്തിയ ജര്‍മന്‍ ചിത്രം ‘വിക്‌ടോറിയ’, ബാല്‍ക്കനിലെ രണ്ട് അയല്‍ ഗ്രാമങ്ങള്‍ക്കിടയിൽ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ സംഭവിച്ച മൂന്ന് പ്രണയങ്ങളെ പശ്ചാത്തലമാക്കിയ ‘ദ് ഹൈ സൺ’, മൃഗശാലയില്‍നിന്ന് മോഷണം പോകുന്ന ഒരു പെൺസിംഹത്തെ കേന്ദ്രീകരിച്ച് ഇസ്രയേലിനെതിരെ ഗാസായിലെ രോഷത്തെ പ്രതീകവല്‍ക്കരിച്ച ‘ഡിഗ്രേഡ്’, മത്സര വിഭാഗത്തില്‍ സായുധവിപ്ലവവും പട്ടാളനടപടിയും വരുത്തിവച്ച അരക്ഷിതാവസ്ഥ രണ്ടു മണിക്കൂറിലേറെ നീണ്ട ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച ഫിലിപ്പീൻസ് ചിത്രം 'ഷാഡോ ബിഹൈന്‍ഡ് ദി മൂൺ’, ‘മുസ്താങ്’, ‘ഉട്ടോപ്യ’, ‘മൂർ’, ‘മെമ്മറീസ് ഓൺ സ്റ്റോൺ’ തുടങ്ങിയവ നിറഞ്ഞ തിയറ്ററുകളാണ് ഏറ്റുവാങ്ങിയത്.

ഇരുപതു പിന്നിടുന്ന മേളയിലെ ആദ്യ മേളകളിൽ പങ്കെടുത്തവരുടെ ഓർമകളും പുതുതലമുറയുടെ ആശയങ്ങളും സംഗമിക്കും വിധം മേളയിലെ അവസാന ഓപ്പൺഫോറം ടഗോർ തിയറ്ററിൽ വഴിമാറിയപ്പോൾ നാട്ടിലേക്കു മടങ്ങുംമുൻപ് ഒരു ഷോ കൂടി കണ്ടുകളയാമെന്ന മോഹവുമായി കൈരളിയിലെ മേളപ്പടവുകളിൽ ബാഗുകളുമായി എത്തിയ പ്രതിനിധികൾ ഒരു ബസ് സ്റ്റാൻഡിന്റെ പ്രതീതിയാണ് ഉണ്ടാക്കിയത്. ഇത്തവണ മേളയിൽ പുതുമ പരത്തിയ പാരമ്പര്യകലാവതരണങ്ങളിൽ മജീഷ്യൻ ഷംസുദ്ദീൻ അവതരിപ്പിച്ച തെരുവുജാലവിദ്യയും കൊല്ലം ചെമ്പരത്തി ക്രിയേഷൻസിന്റെ നാടൻപാട്ടുമായിരുന്നു അവസാന ഇനമായി വ്യാഴാഴ്ച ടഗോർ തിയറ്റർ വളപ്പിൽ അവതരിപ്പിച്ചത്.

മികച്ച ദ്യശ്യങ്ങളും ശബ്ദ സംവിധാനങ്ങളുമായിരുന്നു ഇത്തവണത്തെ മേളയിലെ പ്രധാന പ്രത്യേകത. ആദ്യ രണ്ടു ദിവസങ്ങളിൽ അനുബന്ധ സാമഗ്രികൾ എത്താത്തതിനാൽ ഉണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കിയാൽ അപശബ്ദങ്ങളോ മങ്ങിയ ദൃശ്യങ്ങളോ ഇല്ലാതെ മികവുറ്റ സാങ്കേതിക മേന്മയാണ് സ്ക്രീനുകളിൽ ദൃശ്യമായത്. സാറ്റലൈറ്റ് പ്രൊജക്‌ഷനായ ക്യൂബ് സിനിമ, ചലച്ചിത്രമേളയുടെ സാങ്കേതിക സഹകരണം നടത്തുന്ന റിയൽ ഇന്ത്യ മീഡിയ ടെക്‌നോളജീസ് എന്നിവയിലെ ഇരുപത് എൻജിനീയർമാരും കോ–ഓർഡിനേറ്റർമാരുമാണ് ഈ നേട്ടത്തിനു പിന്നിൽ ഒത്തൊരുമയോടെ പ്രവർത്തിച്ചത്.‌‌

ത്രീഡി പാക്കേജിൽ അവതരിപ്പിച്ച ആറു ചിത്രങ്ങളും സാങ്കേതിക തകരാറുകളോ മറ്റോ ഉണ്ടാവാതെ പ്രദർശിപ്പിക്കാനായത് പ്രതിനിധികളുടെ ഇടയിൽ മികച്ച പ്രതികരണത്തിന് സഹായിച്ചു. കിം കി ഡുക്കിന്റെ 'പരിസ്ഥിതി പരീക്ഷണം' എന്നു തികഞ്ഞ ആരാധകർ വരെ അൽപം വിഷമത്തോടെ പേരിട്ടു വിളിച്ച ‘സ്റ്റോപ്’ ഉള്‍പ്പെടെ ആറു ചിത്രങ്ങളുമായെത്തിയ കൊറിയന്‍ പനോരമ വിഭാഗവും ഏറെ പ്രേക്ഷകരെ ആകർഷിച്ചു.

മേളയുടെ പ്രധാന ഓഫിസുകൾ ടഗോർ വളപ്പിലേക്ക് പറിച്ചുനട്ടും നിശാഗന്ധി ഓപ്പൺ എയർ തിയറ്ററിനെ 12 ലക്ഷം രൂപ ചെലവിൽ താൽക്കാലിക തിയറ്ററാക്കി ഒരുക്കിയും മേളകളിൽ പതിവായ തളളിക്കയറ്റവും തിക്കുതിരക്കും ഒഴിവാക്കുന്നതിൽ ഒരു പരിധി വരെ സംഘാടകർ വിജയിച്ചു. 176 ചലച്ചിത്രങ്ങൾ സ്ക്രീനുകളിൽ വിരുന്നെത്തിയ മേളയിൽ ഷെഡ്യൂൾ മുൻകൂട്ടി വിലയിരുത്തി മികച്ച ചിത്രങ്ങൾ തിരഞ്ഞെടുത്തു കണ്ടവർക്ക് ഒട്ടും മുഷിപ്പുണ്ടാക്കിയില്ലെന്നതാണ് പൊതുവർത്തമാനം. വേദികൾക്കിടയിലെ ദൂരക്കൂടുതൽ പരിഗണിച്ച് കൂടുതൽ സൗജന്യ ഓട്ടോകൾ ഏർപ്പെടുത്താത്തതും ചലച്ചിത്രവിദ്യാർഥികൾക്ക് അധികമാനം നൽകുന്ന ചർച്ചകൾ സംഘടിപ്പിക്കാത്തതും മേളയിലെ മലയാള ചിത്രങ്ങൾക്ക് വിദേശമേളകളിൽ കൂടുതൽ അവസരം സൃഷ്ടിക്കാനുള്ള ഫിലിം മാർക്കറ്റ് പോലുള്ള സംവിധാനങ്ങളുടെ കുറവും പോരായ്മയായി കാണാമെങ്കിലും ശരാശരി പ്രതിനിധികൾക്ക് നല്ല ചിത്രങ്ങൾ നല്ല സാഹചര്യത്തിൽ കാണാനുള്ള സൗകര്യങ്ങൾ ഉണ്ടായത് ശ്രദ്ധേയമായി.

റിസർവേഷൻ തകരാറുകളോ കാര്യമായ ഷെഡ്യൂൾ മാറ്റങ്ങളോ കൂടാതെ നടന്ന മേളയെന്ന ഖ്യാതിയും ഇത്തവണയുണ്ട്. ഓൺലൈൻ റിസർവേഷൻ കാര്യക്ഷമമായതിനൊപ്പം തിയറ്ററുകളിലെ നാൽപതു ശതമാനം സീറ്റുകൾ നോൺ റിസർവേഷനിൽ ആദ്യമെത്തുന്നവർക്ക് ലഭ്യമാക്കാനുള്ള തീരുമാനവും ഗുണം ചെയ്തു. ഓൺലൈൻ റിസർവേഷനും മൊബൈൽ ഇൻഫർമേഷനും വിവിധ തിയറ്ററുകളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയതും മികച്ച ഫലമുണ്ടാക്കി. മേളയുടെ പ്രധാന കേന്ദ്രം കൈരളി തിയറ്ററിൽ നിന്നു ടഗോർ തിയറ്ററിലേക്കു മാറിയതോടെ മേളക്കാലത്ത് തമ്പാനൂരിലെ ഗതാഗതക്കുരുക്കിനും പരിഹാരമായി. ബാറുകളുടെ പൂ‌ട്ടൽ മദ്യപിച്ചു മേളയ്ക്കെത്തി പ്രശ്നമുണ്ടാക്കാറുള്ള പതിവുകാരിലും കുറവുണ്ടാക്കി. മേളയുടെ ഉപദേശക സമിതി ചെയർമാനെന്ന നിലയിൽ എല്ലാ കാര്യങ്ങളിലും നിശബ്ദമായി തന്റെ ജോലി നിർവഹിച്ച ചലച്ചിത്രകാരൻ ഷാജി എൻ. കരുണിനും സംഘത്തിനുമാണ് ഈ നേട്ടങ്ങളുടെ ക്രെഡിറ്റ്. കാലംതെറ്റിപ്പെയ്ത മഴയും പ്രദർശനവേദികൾക്കിടയിലെ ദൂരക്കൂടുതലും അൽപം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും മികച്ച ചിത്രങ്ങളുടെ പെരുമഴക്കാലമായാണ് മേള ആസ്വാദകരുടെ ഓർമകളിൽ ഇനി ചേക്കേറുക.

യൂത്ത്ഫുൾ മേള: രാജ്യാന്തര ചലച്ചിത്രമേള ഇരുപതു കടന്നു മുന്നോട്ടു കുതിക്കുമ്പോൾ കാര്യമായ ഉണർവു കാണുന്നത് യുവപ്രതിനിധികളുടെ പങ്കാളിത്തത്തിലാണ്. പിന്നിട്ട മേളകളിൽ ഏറ്റവും യൂത്ത്ഫുള്ളായ മേളയായിരുന്നു ഇത്. ബുജി ലുക്കുകൾ ഒഴിവാക്കി കളർഫുൾ വസ്ത്രങ്ങളിലും ഹൈടെക് ഗാഡ്ജറ്റുകളിലും യൂത്ത് ഒരു ഉൽസവകാലത്തിന്റെ ആഘോഷത്തിമിർപ്പിലാണ്ട ഒരാഴ്ച കൂടിയാണ് വിടവാങ്ങുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.