Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുജികളെ സൃഷ്ടിച്ച മേള

iffk-delegate

സിനിമയും സിനിമ കാണുന്നവരും സാങ്കേതികവിദ്യയും മാറുകയായിരുന്നു. അഞ്ചുവർഷത്തിനിടെ മേളയുടെ ബുദ്ധിജീവി സംസ്കാരത്തിൽ വലിയ മാറ്റംവന്നു. അത് ഫിലിം സ്കൂൾ സംസ്കാരത്തിലേക്ക് മാറി. താടിയും മുടിയും നീട്ടി അലക്ഷ്യമായി വസ്ത്രധാരണം ചെയ്ത് ആകാശത്തിന്റെ ഏതെങ്കിലും കോണിലേക്ക് കണ്ണെറിഞ്ഞു സാമൂഹ്യവിഷയങ്ങളെക്കുറിച്ച് വാചാലരാകുന്നവരുടെ എണ്ണം കുറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഫിലിം, ജേണലിസം സ്കൂളുകളിൽനിന്ന് വിദ്യാർഥികൾ മേളയിലേക്കെത്തിയപ്പോൾ മേളയുടെ രൂപവും ഭാവവും മാറുകയായിരുന്നു. സിനിമയുടെ സാങ്കേതിക മേഖലകൾ മനസിലാക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടി. ഗൃഹാതുരത്വമുള്ള ഓർമ്മകൾ കുറഞ്ഞു.

ആസ്വാദന രീതി അപ്പാടെ മാറുകയായിരുന്നു. മേളയുടെ ആരംഭകാലത്ത് ലോകപ്രശസ്ത സിനിമാ സംവിധായകരുടെ സിനിമകളോടായിരുന്നു കാണികൾക്ക് പ്രിയമെങ്കിൽ ആ പ്രിയം പരീക്ഷണ സിനിമകളോടായി. കണ്ടംപററി വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന സിനിമകൾക്ക് ആരാധകർ കുറഞ്ഞു. ഇന്റർനെറ്റ് വഴി കാണാൻ കഴിയുന്ന സിനിമകൾ കാണാൻ എന്തിന് മേള എന്നായി യുവത്വത്തിന്റെ ചിന്ത. വ്യത്യസ്ത പ്രമേയങ്ങൾ തേടി യുവത്വം നെറ്റിൽ പരതിയപ്പോൾ മേളയു‌ടെ ആകർഷണം കുറഞ്ഞു. ഇത്തവണത്തെ ഫെസ്റ്റും ഇതിന്റെ ആവർത്തനമാണ്. ഓപ്പണിങ് സിനിമയായ വൂൾഫ് ടോട്ടം, ത്രീഡി സിനിമയായ ലവ് അടക്കമുള്ള സിനിമകൾ ഇന്റർനെറ്റിൽ പരതിയാൽ മുന്നിലെത്തും.

എന്തിനു വേണ്ടിയാണോ മേള ആരംഭിച്ചത് അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് തിരിഞ്ഞു നടക്കുകയായിരുന്നു മേള. വിശ്വപ്രസിദ്ധ സംവിധായകരുടെ സിനിമകൾ പരിചയപ്പെടുത്തുന്നതോടൊപ്പം മലയാള സിനിമയെ ലോകത്തിന് മുന്നിലെത്തിക്കുകയെന്ന വലിയ ദൗത്യമായിരുന്നു അക്കാദമി ഏറ്റെടുത്തത്. വിദേശ നിർമ്മാണ കമ്പനികളുടെ പങ്കാളിത്തമില്ലാത്ത മൂന്നാംലോക രാജ്യങ്ങളിലെ സിനിമകൾ ജനങ്ങളിലേക്കെത്തിക്കുകയെന്നതായിരുന്നു മറ്റൊരു വലിയ ലക്ഷ്യം. ഇരുപത് വർഷം ആകുമ്പോൾ ഇതിൽ വേണ്ടത്ര വിജയിക്കാൻ മേളയ്ക്കായിട്ടില്ല. ഓരോ രാജ്യത്തെയും സിനിമകളെക്കുറിച്ച് നിരീക്ഷിച്ച് മികച്ച സിനിമകൾ മേളയ്ക്കായി തിരഞ്ഞെടുക്കുന്ന പ്രോഗ്രാമർമാരുടെ അഭാവം വലിയ തിരിച്ചടിയായി. ഇതോടെ ആഫ്രിക്കൻ, ഏഷ്യൻ മേഖലകളിലെ മികച്ച സിനിമകളും പുതിയ പ്രതിഭകളും മേളകളിൽനിന്ന് ഒഴിവാക്കപ്പെട്ടു.

ഓൺലൈൻ വഴി കാണാൻ കഴിയുന്ന വലിയ പ്രൊഡക്ഷൻ കമ്പനികളുടെ സാന്നിധ്യം മേളയിൽ ശക്തമായി. മലയാള സിനിമയ്ക്ക് ലോക മാർക്കറ്റ് കണ്ടെത്തുകയെന്ന ലക്ഷ്യവും നിറവേറ്റാനായില്ല. അക്കാദമിയുടെ മാർക്കറ്റിങ് വിഭാഗം ഇപ്പോൾ നിർജീവമാണ്. അക്കാദമിയും നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നൂറ് കോ‌ടിക്ക് മുകളിൽ നികുതി പിരിവിനത്തിൽ ലഭിക്കുമ്പോൾ അക്കാദമിക്ക് മേള നടത്താൻ കിട്ടുന്നത് അഞ്ച് കോടി മാത്രം.

പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമിടയിൽ മേള നൽകിയ ഊർജവുമായി സിനിമാരംഗത്ത് സമാന്തരമായ പാത തീർക്കുന്നവരുടെ എണ്ണം കൂടിവരുന്നത് പ്രതീക്ഷയ്ക്ക് വഴിനൽകുന്നു. ഡോ.ബിജു, ഷെറി, കെ.ആർ. മനോജ്, സനിൽകുമാര്‍ ശശിധരൻ, പ്രതാപ് ജോസഫ്, ഹർഷദ്, വിപിൻ വിജയ്, സിദ്ദാർഥ് ശിവ, സുദേവൻ, സജിൻബാബു ഇവരെല്ലാം മേളയിലൂടെ ലോക സിനിമയെ മനസിലാക്കുകയും സിനിമയിൽ വ്യത്യസ്തത സൃഷ്ടിക്കുകയും ചെയ്തവരാണ്. സാമ്പത്തിക ലാഭമല്ല നല്ല സിനിമകൾക്കാണ് മുഖ്യപരിഗണനയെന്ന് ചിന്തിക്കുന്നവർ. പക്ഷേ പലർക്കും തിയേറ്റർ പോലും ലഭിക്കുന്നില്ല. സിനിമയെടുത്തതിലൂടെ മിക്കവരും കടക്കെണിയിലും.

ഷെറിയുടെ ആദിമധ്യാന്തം മേളയിൽനിന്ന് ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങൾക്കി‌ടയാക്കിയിരുന്നു. 2011ലെ മേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ചിത്രം സത്യവാങ്മൂലത്തിൽ പിഴവുകളുണ്ടെന്ന കാരണത്താൽ ഒഴിവാക്കി. പിന്നീട് പ്രതിഷേധത്തെത്തുടർന്ന് തിരിച്ചെടുത്തു. സിനിമ പ്രദർശിപ്പിച്ചശേഷം ഷെറിയെ‌ എടുത്തുയർത്തി കൈരളിയുടെ പടവുകളിറങ്ങിവന്ന വലിയൊരാൾക്കൂട്ടം ആ മേളയിലെ മികച്ച കാഴ്ച്ചയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.