Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഴ്ചകളിൽനിന്ന് ചിറകുവിരിക്കുന്ന ആനന്ദം

kazhcha

ചലച്ചിത്രമേളയിലേക്കുള്ള യാത്ര സിനിമ കാണാൻ മാത്രമല്ല. അതു സുഹൃത്തുക്കൾക്കൊപ്പം മറ്റു വേവലാതികളൊന്നുമില്ലാതെ ഒരാഴ്ച ഉല്ലസിക്കാനുളള തീർഥാടനം കൂടിയാണ്. ‌തിയറ്ററിനകത്തെ മാത്രമല്ല പുറത്തെയും കാഴ്ചകളാണു ചലച്ചിത്രമേളയെ മോഹനമാക്കുന്നത്. അതു നമ്മുടെ സാംസ്കാരികോന്മാദമാണ്.

വീടുവിട്ടും തൊഴിലിടം വിട്ടും പതിവു വിട്ടും അച്ചടക്കം വിട്ടും നാം പോകുന്നു. പലകാലത്തുനിന്നുളള കൂട്ടുകാർ വരും. വർഷങ്ങളായി കണ്ടിട്ടില്ലാത്തവരെ തിയറ്ററിനു മുന്നിലോ തെരുവിലോ ചായക്കടയിലോ ചെന്നുമുട്ടും. വർത്തമാനങ്ങൾ നേരം മറന്നും തുടരും. ചില ആനന്ദങ്ങൾ താഴെനിൽക്കാതെ പറന്നുയരും. അങ്ങനെയിരിക്കെ, ഒരിക്കലും കാണരുതെന്നു നിശ്ചയിച്ചവരും വന്നുചേരും.നടവഴിയിൽ ചൊറിയണം തൊട്ടപോലെ അപ്പോൾ ഒന്നകന്നു പോകേണ്ടിവരും.

kazhcha-2

ദിവസവും നാലു സിനിമ വരെ കാണാനാണു ശ്രമം. അതിത്തിരി കൂടുതലാണ്.നാലെണ്ണം കഴിയുമ്പോൾ ചിലപ്പോൾ കണ്ടതെല്ലാം കൂടിക്കലർന്നുപോകും. ഇരുന്നാലോചിക്കണം, സിനിമ ഓരോന്നും. കാണുന്ന സിനിമകളുടെ എണ്ണം കുറച്ചാൽ ആയാസം കുറയും. എന്നാൽ, ചിലപ്പോൾ രാവിലെ തന്നെ വലിയ പ്രതീക്ഷയോടെ കാണുന്ന ഒന്ന് നമ്മെ നിരാശപ്പെടുത്തും. അപ്പോൾ ആ ദിവസം നഷ്ടമാക്കാതിരിക്കാനുള്ള വൃഗ്രതയിലാണ് അടുത്ത സിനിമ കൂടി എന്തായാലും കാണാമെന്നു തീരുമാനിക്കുക. ഒരു ദിവസം ആദ്യം കാണുന്ന രണ്ടു സിനിമകൾ നന്നായാൽ വലിയ ആശ്വാസവും ആഹ്ലാദവുമാണ്. നല്ല സിനിമ കണ്ടുവെന്നു പറയുന്നതിലെ അഭിമാനവും– അതൊരു വിജയമായിത്തന്നെ തോന്നും. നൂറുകണക്കിനു സിനിമകൾക്കിടയിൽനിന്നും നല്ലതു കണ്ടുപിടിക്കാനായതിന്റെ വിജയം.

സിനിമയിലെന്താണ് ? കണ്ടുരസിച്ചാൽ മതിയെങ്കിൽ വീട്ടിലിരുന്നു ലാപ് ടോപ് നോക്കിയാൽ മതിയല്ലോ. യഥാർഥ ലോകത്ത് സംസ്കാരങ്ങൾ ഇടകലരുകയല്ല ഇടം മാറി നിൽക്കുകയാണ്. ചലച്ചിത്രമേളയിലാകട്ടെ, നിങ്ങൾ ആദ്യം ഇസ്രയേലി‍ൽനിന്നുള്ള ഒരു സിനിമ കാണുന്നു. തൊട്ടുപിന്നാലെ പലസ്തീൻ സിനിമ കാണുന്നു. കിഴക്കൻ യൂറോപ്പിൽനിന്നും ചൈനയിൽനിന്നും മ്യാൻമറിൽനിന്നുമുള്ള സിനിമകളും കാണുന്നു. നമുക്ക് അപരിചിതമായ കഥകൾ, പ്രദേശങ്ങൾ, മനുഷ്യർ. എന്നാൽ അവ മനുഷ്യർക്കെല്ലാം പൊതുവായ വികാരങ്ങളാണു പങ്കുവയ്ക്കുക. പ്രിയപ്പെട്ട ഈ ഭൂമിയിൽനിന്ന് ഓരോരുത്തരും പിടിച്ചെടുത്ത കാഴ്ചകൾ.

സിനിമാശാലയിലെ ഇരുട്ടിന്റെ പ്രത്യേകത, അത് വെളിച്ചത്തിനു സ്വതന്ത്രമായി സഞ്ചരിക്കാൻ നാമൊരുക്കുന്ന ഇടമാണെന്നതാണ്. അങ്ങനെ വെളിച്ചത്തിൽനിന്നു ലോകം പിറക്കുന്നതു നാം സ്ക്രീനിൽ കാണുന്നു. ഒറ്റയ്ക്കല്ല, നാമെല്ലാവരും ചേർന്നാണ് ആ പിറവിക്കു സാക്ഷികളാകുന്നത്. ആ കൂട്ടായ്മയുടെ സാക്ഷ്യത്തിനാണു വർഷം തോറും ഈ തീർഥാടനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.