Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്തെ എന്റെയാ എട്ടുനാൾ കൂട്ടുകാർ...

joy-mathew

ശ്രീപത്മനാഭ തിയേറ്ററിൽ ‘ഷട്ടറി’ന്റെ ആദ്യപ്രദർശനം കഴിഞ്ഞിറങ്ങുകയായിരുന്ന. കൊടുംതിരക്ക്. അതിനിടെ ചിലരെല്ലാം സംവിധായകൻ ജോയ്മാത്യുവിനെ ആകാശത്തേക്കുയർത്തി ആഘോഷിക്കുകയാണ്. എന്തിനോടും ദാർഷ്ട്യത്തോടെയും അതിലേറെ ധിഷണതയോടെയും മറുപടി പറയുന്ന ഒരു ചലച്ചിത്രപ്രവർത്തകൻ മലയാളത്തിലേക്ക് വരാനിരിക്കുന്നതിന്റെ യാതൊരു സൂചനയുമുണ്ടായിരുന്നില്ല അന്നേരം ആ മുഖത്ത്–ചെറിയൊരു ചിരി മാത്രം, അതും വല്ലാതെ പിശുക്കിയെടുത്ത്. ആ തിരക്കിനിടയിലൂടെ മുന്നോട്ടുള്ള യാത്രയ്ക്കിടെ എങ്ങനെയോ ഞാനും അദ്ദേഹത്തിന്റെ അടുത്തെത്തി. എല്ലാവരിൽ നിന്നും അഭിനന്ദനത്തിന്റെ കൈച്ചെണ്ടുകൾ ഏറ്റുവാങ്ങുന്ന തിരക്കിലായിരുന്നു കക്ഷി. ആ കയ്യിലൊന്ന് തൊട്ട് ഞാനും പറഞ്ഞു–‘ജോയേട്ടാ, പടം കലക്കീട്ട്ണ്ട് ട്ടാ...’

പിശുക്കിയില്ല, ഇത്തവണ എന്തുകൊണ്ടോ നിറഞ്ഞ ചിരിയായിരുന്നു മറുപടി. തിരക്കിൽ നിന്ന് കയ്യും കൈലുമൊക്കെ എങ്ങനെയോ പുറത്തേക്കു വലിച്ചെടുത്ത് നഗരത്തിരക്കിലേക്ക് നടക്കുമ്പോൾ വെറുതെ ആലോചിച്ചു. അല്ലാ, ഇന്നേവരെ നേരിട്ടു കണ്ടിട്ടില്ല ഈ മനുഷ്യനെ. ആകെ മനസിലുള്ളത് അമ്മ അറിയാനിലെ നായകനായ ചെറുപ്പക്കാരന്റെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമച്ചിത്രം മാത്രം. ആ മുഖവുമായി ഒരുതരത്തിലും കൂട്ടിമുട്ടിക്കാൻ പോലും പറ്റുന്നില്ല ഈ ജോയ് മാത്യുവിനെ. ഇപ്പോഴാകട്ടെ ഉഗ്രനൊരു സിനിമയുടെ സംവിധായകനും. എന്നിട്ടും ആൾക്കൂട്ടത്തിന്റെ ആവേശത്തിനിടെ ആ കക്ഷിയെ ‘ജോയേട്ടാ...’ എന്നു വിളിക്കാനുള്ള ധൈര്യം എവിടെ നിന്നാണു കിട്ടിയത്? വേറെ എവിടെയെങ്കിലും വച്ചായിരുന്നെങ്കിൽ ഒരു സംശയവും വേണ്ട ‘സാർ...’ എന്നേ നാവിൽ വരൂ എന്റെ. അപ്പോൾ, സാറിനെ സ്വന്തം ഏട്ടനാക്കുന്ന എന്തോ ഒന്നുണ്ട് ആ ആൾക്കൂട്ടത്തിനിടയിൽ. എല്ലാ അപരിചിതത്വങ്ങളെയും അടുപ്പമാക്കി മാറ്റിയെടുക്കുന്ന ഒരു മാജിക്. അതിനെ സിനിമയെന്നു വിളിക്കാനാണ് എനിക്കിഷ്ടം. ഒന്നല്ല, ഒരുനൂറ് സിനിമകളുടെ മാന്ത്രികക്കാഴ്ചകൾ സമ്മാനിക്കുന്ന ചലച്ചിത്രമേളയും അതിന് നിലമൊരുക്കുന്ന തിരുവനന്തപുരവും അതിന് തണുപ്പിന്റെ പുലർകാലപ്പുതപ്പു സമ്മാനിക്കുന്ന ഡിസംബറും ഏറെ പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടാണ്.

ഒരു പരിചയവും പോലുമില്ലാത്തവരാണ് ഇവിടെവച്ച് ഒരൊറ്റ നിമിഷം കൊണ്ട് വർഷങ്ങളുടെ ആത്മബന്ധമുള്ളവരെപ്പോലെയായിത്തീരുന്നത്. സിനിമകൾക്കായുള്ള നീണ്ട ക്യൂവിൽ ബോറടിക്കുമ്പോഴും, തിയേറ്റർ തണുപ്പിൽ സിനിമയെ കാത്തിരിക്കുമ്പോഴും തട്ടുകടകളിൽ ചായ കുടിക്കുമ്പോഴും സിഗററ്റ് തെളിയിക്കാനൊരു ലൈറ്ററന്വേഷിക്കുമ്പോഴും എന്തിന് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള തിയേറ്റർ തീർഥാടനത്തിനിടയിൽ വഴിയിൽ വച്ചുപോലും ഓരോ നിമിഷവും സുഹൃത്തുക്കളെ സമ്മാനിക്കുന്നു ഐഎഫ്എഫ്കെ. ക്യൂവിൽ നിൽക്കുമ്പോഴായിരിക്കും തൊട്ടരികെ നിന്നൊരു ചോദ്യം–‘എങ്ങന്ണ്ടാവും പടം? വല്ല പിടിയുമുണ്ടോ...?’ ചോദിച്ച കക്ഷിയുടെ പേരുംനാടുമൊന്നും തിരിച്ചു ചോദിക്കാതെ പിന്നെ ചർച്ചയാണ്. നമുക്കറിയാവുന്നതു പറയും, അവർക്കറിയാവുന്നത് ഏറ്റുവാങ്ങും. അറിഞ്ഞതിനുമപ്പുറത്തേക്ക് സിനിമ വളരുന്ന ആ ചർച്ചയുടെ സന്തോഷത്തിൽ നിറഞ്ഞങ്ങനെ നിൽക്കും.

ഒരിക്കൽ സിനിമകഴിഞ്ഞ് സൂചിപ്പഴുതുപോലുമില്ലാത്ത തിരക്കിലൂടെ അടിവച്ചടിവച്ചു പുറത്തേക്ക് നടക്കുമ്പോൾ പിറകിൽ നിന്നാരോ തോളത്തു തട്ടിയതോർക്കുന്നു. ഒരുവിധം കഷ്ടപ്പെട്ടാണ് തിരിഞ്ഞുനോക്കിയത്. ഒരു പരിചയവുമില്ലാത്ത ഒരു ചെറുപ്പക്കാരൻ. കക്ഷി താഴേക്ക് നോക്കാൻ പറഞ്ഞു. ആദ്യം ഒന്നും പിടികിട്ടിയിട്ടില്ല. പിന്നെയാണു ശ്രദ്ധിച്ചത്. എന്റെയും അവന്റെയും ചെരിപ്പുകൾക്ക് ഒരേ നിറം, ഒരേ പോലിരിക്കുന്നു! ആ ചെരിപ്പുകളിലൂടെ അന്ന് എന്റെ സൗഹൃദസംഘത്തിലേക്ക് നടന്നുകയറുകയും ചെയ്തു അവൻ. ഇങ്ങനെ സിനിമയെക്കുറിച്ച് ചോദിക്കാതെയും സിനിമയെക്കുറിച്ച് മാത്രം ചോദിച്ചും എത്രയോ സൗഹൃങ്ങൾ. ‘ഇത്തവണയും എത്തിയല്ലേ സിനിമാക്കാരാ...’എന്ന സ്നേഹാന്വേഷണത്തിലൂടെ കൈരളി–ശ്രീ പരിസരങ്ങളിലെ തട്ടുകടച്ചേട്ടന്മാർ പോലും നടത്തുന്നു ഡിസംബറിലെ ആ ഓർമപ്പുതുക്കലുകൾ.

ഫെയ്സ്ബുക്കും വാട്ട്സാപ്പുമൊന്നുമില്ലാതിരുന്ന കാലത്ത് കൈനിറയെ സൗഹൃദങ്ങളുമായിട്ടായിരുന്നു ഓരോ മേളയിൽ നിന്നും മടങ്ങിയിരുന്നത്. മേളയുടെ ആ എട്ടുനാളുകൾക്കിടെ മലയാള സിനിമയിലെ കോപ്പിയടി മുതൽ ‘ഗൊദാർദ് എന്തേ ഇപ്പോ അത്ര ആക്ടീവാകാത്തേ’ എന്നു വരെ ചർച്ച ചെയ്തു തീർക്കാറുണ്ട്. സിനിമയല്ലാതെ വേറൊരു വിഷയവും അതിനിടയിലേക്ക് വരാറുമില്ല. ഏത് പാർട്ടിക്കാരനാണെങ്കിലും അവിടെ ചർച്ച സിനിമയുടെ രാഷ്ട്രീയം മാത്രം. ഇപ്പോഴാകട്ടെ ഐഎഫ്എഫ്കെ വഴി വന്ന പല ‘എട്ടുനാൾ കൂട്ടുകാരും’ ഫെയ്സ്ബുക്കിലും അതിലെ സിനിമാഗ്രൂപ്പുകളിലുമെല്ലാമായി വർഷം മുഴുവൻ ഒപ്പമുണ്ട്. എന്നാലും വർഷത്തിലൊരിക്കൽ മാത്രം നേരിട്ടു കാണാനാകുന്ന ആ സൗഹൃദപ്പൂക്കൾക്കിടയിലേക്ക് ഇത്തവണ ഡിസംബർ മൂന്നിന്റെ രാത്രിത്തണുപ്പിൽ ട്രെയിൻ പിടിക്കുന്ന കാര്യമോർക്കുമ്പോൾ ദിവസങ്ങൾക്കു വേഗം കൂട്ടാനുള്ള വഴിയെന്തെങ്കിലുമുണ്ടോയെന്നാലോചിച്ചു പോകുന്നത് സ്വാഭാവികം.

ആൾക്കൂട്ടത്തിൽ ഒരിക്കലും നാം തനിച്ചാക്കപ്പെടാത്ത ആ ചലച്ചിത്രനാളുകളിലേക്കുള്ള ക്ഷണപത്രങ്ങൾ ഫോണിൽ ചാറ്റുകളായി ഇടയ്ക്കിടെ തലനീട്ടുന്നുണ്ട്. 10 വർഷം മുൻപ് പരിചയപ്പെട്ട അഭിനന്ദും മിലനും മുതൽ കഴിഞ്ഞ വർഷം കണ്ട നിഷാദും മോഹനൻ സാറും വരെയുണ്ട് അക്കൂട്ടത്തിൽ. എല്ലാവർക്കും ഒരൊറ്റപ്പറച്ചിലേയുള്ളൂ– ‘തിരുവനന്തപുരത്ത് കാണണംട്ടാ...’

പ്രിയ കൂട്ടുകാരാ, ഓരോ ചലച്ചിത്രമേളയ്ക്കുമൊടുവിൽ തിരിച്ചു വണ്ടി കയറുമ്പോൾ നെഞ്ചിലൊരു സങ്കടപ്പിടച്ചിൽ നിറയുന്നത് സിനിമകളെല്ലാം തീർന്നു പോയല്ലോ എന്നോർത്തല്ല. ഇനി ഒരു വർഷം കാത്തിരിക്കണമല്ലോ ഈ സൗഹൃദത്തണലിലേക്ക് എനിക്കൊന്ന് മടങ്ങിവരാനെന്ന് ഓർത്തുകൊണ്ട് മാത്രമാണ്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.