Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവി അയ്യപ്പനും കൈരളി പടവുകളും

ayyappan-iffk

കേരളത്തിന്റെ സ്വന്തം ചലചിത്രമേളയെക്കുറിച്ച് ജനങ്ങൾ അറിഞ്ഞു തുടങ്ങുകയായിരുന്നു. രണ്ടാംതവണ മേള നടന്നത് തിരുവനന്തപുരത്ത് നവംബറിൽ. ആദ്യമേളയിലെ പ്രയാസങ്ങളോടെയാണ് രണ്ടാം മേളയും ആരംഭിച്ചത്. സിനിമകൾ ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾ മറികടക്കാൻ ആ മേളയ്ക്കും കഴിഞ്ഞില്ല. പഴകിയ ലോകക്ലാസിക്കുകൾ കാണികൾക്കു മുന്നിൽ പ്രദർശിപ്പിക്കേണ്ടിവന്നെങ്കിലും കൂടുതൽപേർ ഫെസ്റ്റിവല്ലിലേക്ക് എത്തിത്തുടങ്ങി. 1996,97 വർഷങ്ങളിൽ മേള ന‌ടന്നില്ല. ഇന്ത്യൻ അന്താരാഷ്ട്ര ചലചിത്രമേളയുടെ വേദി തിരുവനന്തപുരമായതിനാലാണ് 97ൽ മേള മാറ്റിവച്ചത്. ഗോവയിലെത്താതെ രാജ്യം മൊത്തം കറങ്ങുകയായിരുന്നു അന്ന് ദേശീയതലത്തിലെ മേള.

1998 ആഗസ്റ്റ് മാസത്തിൽ മേള തിരുവനന്തപുരത്തെത്തി. ചലചിത്ര വികസന കേർപ്പറേഷനായിരുന്നു സംഘാടകർ. ആവർഷം ചലചിത്ര അക്കാദമി നിലവിൽവന്നു. കേരളത്തിലെ സിനിമകൾക്ക് പ്രോത്സാഹനമാകാനും അന്താരാഷ്ട്ര വിപണി കണ്ടെത്താനുമാണ് അക്കാദമി സ്ഥാപിച്ചത്. 1999ൽ കൊച്ചിയും,2000ത്തിൽ കോഴിക്കോടും മേളകൾക്ക് വേദിയായി. ഈ മേളകളോടെയാണ് കേരളത്തിന്റെ മേള പ്രശസ്തിയിലേക്കുയരുന്നത്. 2001 മുതൽ മേള തിരുവനന്തപുരത്തുവച്ച് ന‌ടത്താൻ തീരുമാനിച്ചു. സർക്കാർ തിയേറ്ററുകളും,ചിലവു കുറവും, താമസസൗകര്യവും എല്ലാം തിരുവനന്തപുരം സ്ഥിരവേദിയാക്കുന്ന തീരുമാനത്തിനുപിന്നിലുണ്ടായിരുന്നു. ഇതോടെ പിന്നീടുള്ള വർഷങ്ങളിൽ മേളയുടെ കറക്കം തിരുവനന്തപുരം കേന്ദ്രീകരിച്ചായി. അയ്യപ്പൻ കൈരളിയു‌െട പ‌ടവുകളിലെ സ്ഥിരം സാന്നിദ്ധ്യമായി. നാ‌ടൻപാട്ടു സംഘങ്ങളും പാട്ടെഴുത്തുകാരും ആ പടവുകളിൽ കേന്ദ്രീകരിച്ചു.

ayyappan

സിനിമ കാണുന്നതിലുപരി പടവുകൾ കേന്ദ്രീകരിച്ചുള്ള, സാമൂഹവിഷയങ്ങളിലുള്ള ചർച്ചകൾ പൊടിപൊടിച്ചു. തമ്പാനൂരിലെ അരണ്ട വെളിച്ചമുള്ള മുറിയിൽ സിരകളിൽ നിറയുന്ന ലഹരിയുടെ കരുത്തിൽ സിനിമകളെക്കുറിച്ച് സംസാരിച്ചു, സിനിമയെ മാത്രം സ്വപ്നം കണ്ടു. മേളയിലൂടെ ചിലർ സംവിധാകരായി. ചിലർ മേളയിലൂടെ പ്രണയിച്ചു. അതിൽചിലർ വിവാഹിതരായി. കാസർകോഡ് മുതൽ തിരുവനന്തപുരംവരെയുള്ളവർ മേളയിലൂടെ കൂട്ടുകൂടി. ഡൽഹിയിൽനിന്നും ബാംഗ്ലൂരിൽനിന്നും വരുന്ന കൂട്ടുകാർക്കായുള്ള കാത്തിരിപ്പിന്റെ വേദികൂടിയായി മേള.

ചലചിത്ര മേള വളരുകയായിരുന്നു, ജനകീയ പങ്കാളിത്തത്തിലൂടെ.. 2001വരെ മേളയിൽ ക്ഷണിക്കപ്പെട്ടവർക്കുമാത്രമായിരുന്നു പ്രവേശനം. ആ വർഷത്തെ മേളയിൽ 5000 പാസുകളും 2000 സിൽവർ പാസുകളും അച്ചടിച്ചു. പാസുകളെല്ലാം വിവിധ സംഘടനക്കാരും ഉദ്യോഗസ്ഥരും കൊണ്ടുപോയതോടെ ജനകീയ ഇ‌ടപെടൽ കുറഞ്ഞു. 2002ൽ അടൂർ ഗോപാലകൃഷ്ണൻ അക്കാദമി ചെയർമാനായിരിക്കെയാണ് മേളയിൽ പങ്കെടുക്കാൻ ആദ്യമായി ഫീസ് ഏർപ്പെടുത്തുന്നത്. 100 രൂപ. ഇതിന്റെ ചുവടുപിടിച്ച് മറ്റുള്ള മേളകളിലും പ്രത്യേക നിരക്ക് ഏർപ്പെടുത്തിത്തുടങ്ങി. വിശിഷ്ടാതിഥികൾക്ക് മാത്രം പാസെന്ന തീരുമാനം മാറിയതോട‌െ മേള കൂടുതൽ പേരിലേക്ക് എത്തിത്തുടങ്ങി.

2000 മുതൽ 2010 വരെയുള്ള കാലഘട്ടം മേളയുടെ വളർച്ചയുടെ ഘട്ടമായിരുന്നു. ഫിലിം സൊസൈറ്റി സംസ്കാരം പൂർണമായും മേളയെ വിട്ടകന്നു. ലോക സിനിമയിലെ പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങൾ മേളയിലൂടെ ജനങ്ങളിലേക്കെത്തി. ഡിജിറ്റൽ യുഗത്തിന്റെ ആരംഭകാലമായിരുന്നു. ലോക പ്രശസ്ത സിനിമകൾ ആസ്വദിക്കാനുള്ള ഒരേഒരു അവസരമായിരുന്നു അന്നും മേള.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.