Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേളയിലൂടെ മലയാളികൾ അറിഞ്ഞുതുടങ്ങിയ കിം കി ഡുക്ക്

kim

മേളയിലൂടെ ലോക സിനിമകൾ മലയാളികൾ അടുത്തറിഞ്ഞു തുടങ്ങുകയായിരുന്നു. സനൂസിയെ തിരസ്കരിച്ച മേള പിന്നീട് അദ്ദേഹത്തെ മേളയിൽ വിളിച്ചുവരുത്തി ആദരിച്ചു. വെർണർ ഹെർസോഗ് അടക്കമുള്ള സംവിധാന പ്രതിഭകൾ കേരളത്തിലേക്കെത്തി. ഇൻ ദ മൂഡ് ഓഫ് ലവ് അടക്കമുളള നിരവധി സിനിമകളു‌‌ടെ ഛായാഗ്രാഹകനും സാങ്കേതിക വിദഗ്ധനുമായ ക്രിസ്റ്റഫർ ഡോയൽ ഹൃദയത്തിൽ സിനിമയും ശരീരത്തിൽ ലഹരിയുമായി തലസ്ഥാനത്തെ തെരുവുകളിലൂടെ നടന്നു. മലയാളിസിനിമാ ആസ്വാദകരോടൊപ്പം ബിയർ നുണഞ്ഞു. ജാഫർ പനാഹിയെയും മൊഹ്സിൻ മഖ്ബൽബഫിനെയും ഒരു കുടുംബാംഗത്തെ പോലെ മലയാളി സ്വീകരിക്കാൻ തുടങ്ങി. മൂന്നാം ലോകരാജ്യങ്ങളിലെ അവഗണിക്കപ്പെട്ട വിഷയങ്ങൾ സിനിമകളായെത്തി.

ലോക സിനിമയെ പ്രണയിച്ച മലയാളികൾക്കിടയിലേക്ക് 2005ലെ മേളയിലൂടെ ഒരു കൊറിയൻ സംവിധായകനെത്തി. കിം കി ഡുക്ക്. കിം മേളയിലെ പുതിയ താരമെന്നതിനോടൊപ്പം കൊറിയയിലെയും പുതിയ താരമായിരുന്നു. വാണിജ്യസിനിമകളിൽനിന്ന് മാറി ചിന്തിക്കുന്ന കൊറിയൻ സിനിമയിലെ വ്യത്യസ്ത മുഖമായിരുന്നു കിം. ‘കൊറിയൻ പത്മരാജനെന്ന’ വിശേഷണത്തോടെ കിമ്മിനെ മലയാളികൾ നെഞ്ചോട് ചേർത്തു.

സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആന്റ് സ്പ്രിങ് ഉൾപ്പെടെ ആറ് സിനിമകളാണ് കിമ്മിന്റെതായി 2005ലെ മേളയിൽ പ്രദർശിപ്പിച്ചത്. ഈ മേളയോടെ കിം താരമായി. കിമ്മിന്റെ സിനിമകൾക്കായി പിന്നീടുള്ള മേളകളിൽ കൂട്ടിയിടി നടന്നതും തിയേറ്റർ ഗ്ലാസുകൾ പൊട്ടിയതും ചരിത്രം. 2013ൽ കിം മേളയിൽ പങ്കെടുക്കാനെത്തി. തുറന്ന പെരുമാറ്റത്തിലൂടെ ജനങ്ങളെ കയ്യിലെടുത്തെങ്കിലും കിമ്മിന്റെ സിനിമകളോടുള്ള ആവേശം കുറയുകയായിരുന്നു. മോബിയസ് (2013) എത്തിയതോടെ കിം എന്ന ആവേശം ഇല്ലാതായി തുടങ്ങി. ഇത്തവണത്തെ മേളയിൽ കിമ്മിന്റെ പുതിയ സിനിമയായ സ്റ്റോപ് പ്രദർശിപ്പിക്കുന്നുണ്ട്. പക്ഷേ കാണികൾക്കിടയിൽ പഴയ ആവേശമില്ല. ആണവനിലയങ്ങളാണ് പ്രമേയം.

2005ന് ശേഷമുള്ള വർഷങ്ങൾ കാഴ്ചകളുടെ ഉത്സവമായിരുന്നു, തിയേറ്ററിലും മേളയിലും. ലോക ക്ലാസിക്കുകൾ കാണാൻ ജനം തിക്കിത്തിരക്കി. ഗോവന്‍ ഫെസ്റ്റിവലിനു ശേഷം മേളയിലെത്തിയ പെഡ്രോ അല്‍മദോവറിന്റെ സ്പാനിഷ് സിനിമയായ വോള്‍വറിന് 2006ൽ വന്‍തിരക്കായിരുന്നു. കൃപ തിയേറ്ററിലായിരുന്നു ആദ്യ പ്രദര്‍ശനം. തൊട്ടുമുന്‍പത്തെ സിനിമയ്ക്കു കയറിയവര്‍പോലും വോള്‍വര്‍ കാണാനായി തിയേറ്ററില്‍ നിന്നിറങ്ങാതെ അവിടെത്തന്നെ ഇരുന്നു. 2006ൽ ഇറാനിയൻ സിനിമകളുടെ പ്രത്യേക പാക്കേജും മേളയിൽ പ്രദർശിപ്പിച്ചു.

തൊട്ടടുത്ത വര്‍ഷം അല്‍മദോവറിന്‍റെ ഒരു പാക്കേജ്തന്നെ മേളയിലേക്കെത്തി. സിനിമയ്ക്ക് സബ്റ്റൈറ്റിൽ ഇല്ലാത്തത് പ്രശ്നമായി. പകരം മറ്റൊരു അൽമദോർ സിനിമ സംഘാടകർ കാണിച്ചു. അതിനും സബ്റ്റൈറ്റിലില്ല. ചൂടൻ രംഗങ്ങൾ ഉണ്ടായിരുന്നതിനാൽ ബഹളമുണ്ടാക്കാതെ‌ സിനിമയും കണ്ട് ജനം മടങ്ങി.

ആന്റി ക്രൈസ്റ്റ് കാണാനെത്തിയ പെണ്‍കുട്ടികള്‍ ബോധരഹിതരായതും, പിന്നീട് കിമ്മിന്റെ കഴിഞ്ഞ തവണത്തെ പടത്തിന് വിശന്ന് ബോധംകെട്ടവര്‍ പടം കണ്ട് പേടിച്ച് ബോധം കെട്ടതാണെന്നും പ്രചരിച്ചതും ആ വർഷത്തെ മേളയിലെ നേരംപോക്കായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.