Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതിലുകളില്ലാത്ത മേളയിൽ മണിമുഴങ്ങുന്നതാർക്കു വേണ്ടി

kairali-sree

19–ാം രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനം. കൈരളി തിയറ്റർ വളപ്പിൽ അന്നും ഒരു ഉൽസവത്തിനുള്ള ആളുണ്ട്. തിയറ്ററിനുള്ളിൽ പക്ഷേ കുറച്ചുപേരെയുള്ളൂ. കൈരളി, ശ്രീ, നിള തിയറ്ററുകളിൽനിന്നും പ്രദർശനങ്ങൾ കഴിഞ്ഞു പ്രതിനിധികൾ പുറത്തേക്കിറങ്ങുമ്പോൾ വരവേൽക്കുന്നത് ഉച്ചസ്ഥായിയിലുള്ള ആരവങ്ങൾ. പാട്ട്. താളമേളങ്ങൾ. കൈരളിയുടെ പടികളിൽ തിങ്ങിനിറഞ്ഞിരിക്കുന്നു ന്യൂജെൻ ചെറുപ്പക്കാർ. ആംഗ്യവിക്ഷേപങ്ങളോടെ പാട്ട്. പടികളിലിരുന്ന് താളമിട്ടു പശ്ഛാത്തലം കൊഴുപ്പിക്കുന്നവർ. കുറച്ചു കാണികളും.

തിയറ്റർ വളപ്പിൽ ക്രമസമാധാനം പാലിക്കാൻ എത്തിയ പൊലീസുകാർ മുന്നറിയിച്ചു കൊടുത്തു. ആളൊഴിയുന്നില്ല. ആരവങ്ങൾ നിലയ്ക്കുന്നില്ല. പാട്ടുകൾ ഒഴുകിവരുന്നു. താളമേളങ്ങൾ ഉയർന്നുപൊങ്ങുന്നു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ വിഫലമായി. ഒടുവിൽ മികച്ച സിനിമകൾ അരങ്ങുതകർത്ത മേള നടക്കുന്ന തിയറ്റർ വളപ്പിൽ പൊലീസ് ആക്‌ഷൻ. ലാത്തിച്ചാർജ്. കുറേപ്പേർ പുറത്തേക്ക് ഓടി. നടക്കാൻപോലുമാവാത്തവർ ഇഴഞ്ഞു. പടികളിൽ ചിലർ തട്ടിവീണു. വീണിട്ടും പ്രിയപ്പെട്ടവരുടെ കയ്യിൽനിന്നു പിടിവിടാതെ ചിലർ. അപ്പോഴും വീര്യമൊടുങ്ങാതെ ചിലർ പൊലീസിനെതിരേ ഗോ ബാക്ക് വിളിച്ചു. മുഷിടികൾ ചുരുട്ടി മുദ്രാവാക്യങ്ങൾ. ദുർബലമായ പ്രതിഷേധങ്ങൾ. ഒടുവിൽ അതും അമർന്നൊടുങ്ങി. അവസാനപ്രതിനിധിയേയും തിയറ്റർ വളപ്പിൽ നിന്ന് ഇറക്കിവിട്ടു പൊലീസ് ഗേറ്റുകൾ വലിച്ചടച്ചു. ഒരാഴ്ചയായി രാപകൽ വ്യത്യാസമില്ലാതെ തുറന്നുകിടന്ന കൈരളിയുടെ കവാടങ്ങൾ. പ്രതിഷേധത്തിന്റെ ചൂട് ഏറ്റുവാങ്ങിയിട്ടെന്നവണ്ണം പരുക്കൻ ശബ്ദമുയർത്തി അതടഞ്ഞു.

kairali-image

ഐഎഫ്എഫ്കെ എന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ നീക്കിയിരുപ്പിൽ ഈ ദൃശ്യവുമുണ്ട്. ആവേശം ഏറ്റുവാങ്ങിയ പ്രതിനിധികളിൽ ചിലരുടെ അതിരുവിട്ട ഉൽസാഹം. മേളയ്ക്കു ദിവസങ്ങൾക്കും മുമ്പേ രജിസ്ട്രേഷൻ പൂർത്തിയാക്കി, പണമടച്ചു വന്നവരാണിവർ. പഠനത്തിന് അവധി കൊടുത്തും പരീക്ഷകളെ അവഗണിച്ചും തിരക്കിട്ടു ചെയ്യേണ്ട ജോലികൾ പോലും മാറ്റിവച്ചും തീർത്ഥാടനത്തിന്റെ വ്രതശുദ്ധിയുമായി എത്തിയവർ. ചലച്ചിത്രമേളയെ ഇവർ ഉൽസവപ്പറമ്പാക്കുന്നു. മികച്ച ചിത്രങ്ങളെപ്പോലും അവഗണിച്ച് ആഹ്ലാദത്തിൽ മുങ്ങിത്താഴുന്നു. ആരവങ്ങൾ ഉയർത്താൻ മാത്രമാണോ ഇവർ മേളയ്ക്കു വരുന്നതെന്ന സംശയം ന്യായം.

ഇതിനൊരു മറുവശമുണ്ട്. ഒരു മേളയ്ക്കു കൂടി കൊടിയിറങ്ങുമ്പോഴും യാഥാർഥ്യം അംഗീകരിക്കാനാകാതെ വിഷമിക്കുന്ന പ്രതിനിധികളെയും അന്നുതന്നെ തലസ്ഥാനനഗരത്തിൽ കണ്ടു. മേളയുടെ അവസാനം അവർ തിരിച്ചുപോകുന്നു: പതിവുജോലികളിലേക്കും പഠനങ്ങളിലേക്കും. അവരുടെ മനസ്സിലപ്പോൾ ഭാരമുണ്ട്. കാത്തിരുന്ന ഉൽസവം വേഗത്തിൽ കൊടിയിറങ്ങിയതിന്റെ കടുത്ത വേദന. ബസിലും ട്രെയിനിലും തിങ്ങിഞെരുങ്ങിയിരിക്കുമ്പോൾ അവർ പറയുന്നതു സിനിമാക്കഥകൾ. നഷ്ടസൗഹൃദങ്ങൾ തിരിച്ചുപിടിച്ചതിന്റെ ആവേശം. പുതുതായിക്കിട്ടിയ കൂട്ടുകാരുടെ വിശേഷങ്ങൾ. മനസ്സിൽ നിന്നും മറയാൻ മടിക്കുന്ന ദൃശ്യവിസ്മയങ്ങൾ.

ഫിലിംക്ലബുകൾ നഗരങ്ങളിൽ ഇന്ന് അപൂർവതയല്ല; ചലച്ചിത്രമേളകളും. ഗോവ, കൊൽക്കത്ത, മുംബൈ, പുണെ തുടങ്ങി സംസ്ഥാനത്തിനു പുറത്തെ മേളകളിലും പതിവായി പോകുന്നു പ്രേക്ഷകർ. പക്ഷേ, അവിടെയൊന്നുമില്ലാത്ത ആവേശമുണ്ട് കേരളത്തിലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന മേളയിൽ. ഒരിക്കൽ പങ്കെടുത്താൽ പതിവായി എല്ലാ വർഷവും മാടിവിളിക്കുന്ന മാന്ത്രികത. മറ്റു മേളകളിൽ കാണികൾ ശാന്തരായി തിയറ്ററിലേക്കു കയറുന്നു. തിരക്കുള്ളപ്പോൾ അച്ചടക്കത്തോടെ വരി നിന്നു സീറ്റ് ഉറപ്പാക്കുന്നു. തിരുവനന്തപുരം മേളയിൽ മാത്രം ചിലപ്പോൾ വരി തെറ്റുന്നു. പ്രദർശനം തുടങ്ങുന്നതിനു മണിക്കൂറുകൾ മുമ്പേ തിയറ്റർ നിറഞ്ഞുകവിയുന്നു. മികച്ച സിനിമയ്ക്കു പാം ഡി ഓർ നേടിയ സംവിധായകൻ വരെ കാണികളുടെ കാലുകളിൽ ഉരുമ്മി നിലത്തിരിക്കുന്നു. കിം കി ഡൂക്കിനെയും സനൂസിയേയും പോലുള്ള പ്രതിഭകളെ കാണാനും അവരുടെ വാക്കുകൾ കേൾക്കാനും തിക്കിത്തിരക്കുന്ന പ്രതിനിധികൾ. ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്ത ചിത്രത്തിനു പകരം മറ്റൊരു ചിത്രം പ്രദർശിപ്പിക്കുമ്പോൾ ഒന്നിച്ചുള്ള പ്രതിഷേധത്തിന്റെ അലയൊലികൾ.മികച്ച സിനിമയുടെ ഒടുവിൽ തിയറ്റർ വിടാതെ എഴുന്നേറ്റുനിന്ന് കയ്യടിക്കുന്ന പ്രേക്ഷകർ.

theatre-column

വിവാദങ്ങളും പ്രതിഷേധങ്ങളും പതിവാണെങ്കിലും നല്ല സിനിമയുടെ വിജയക്കൊടി പാറിച്ച കേരളത്തിന്റെ ചലച്ചിത്രമേള ഇരുപതാംവയസ്സിലേക്ക്. വ്യക്തിയുടെ ജീവിതത്തിൽ ഇരുപതാം വയസ്സ് നിർണായകം. കൗമാരത്തിന്റെ കുതൂഹലങ്ങൾ വിട്ടു യൗവ്വനത്തിലേക്കു കടക്കുന്ന പ്രായം. ചോരത്തിളപ്പിന്റെ യൗവ്വനം. പക്ഷേ കൗമാരത്തിന്റെ ചാലപ്യങ്ങൾ ഇനിയുമുണ്ടായേക്കാം. ചിന്തിക്കുന്ന, സ്വപ്നം കാണുന്ന, ഭാവനയുടെ ആകാശത്തിൽ അലയുന്നവരുടെ ഉൽസവം കൂടിയാണല്ലോ ചലച്ചിത്രോൽസവങ്ങൾ. യൗവ്വനത്തിന്റെ വികാരങ്ങളിൽ മാത്രം ഒതുക്കാതെ ജീവിതത്തിന്റെ ഋതുഭേദങ്ങളുടെ ഭാവങ്ങൾ മേളയിലുണ്ടാകട്ടെ. നിഷ്കളങ്കതയും ആകാംക്ഷയും ആശങ്കയും വീര്യവും പക്വതയും ശാന്തതയുമെല്ലാം.

മേളയിൽ പങ്കെടുത്ത പ്രശസ്ത പോളിഷ് സംവിധായകൻ സസൂസി ഒരിക്കൽ പറഞ്ഞു: മറ്റു ചലച്ചിത്രമേളകളുടെ ഉൽസവപ്പകിട്ടിനെക്കാൾ ഇവിടെ എന്നെ ആകർഷിക്കുന്നത് യഥാർഥ ആസ്വാദകരുമായി സംവദിക്കാൻ ലഭിക്കുന്ന അവസരങ്ങളാണ്. പലപ്പോഴും സംവിധായകനും പൊതുസമൂഹത്തിനുമിടയിൽ ഒരു മതിലുണ്ടാകാറുണ്ട്. ഇക്കാര്യത്തിൽ ഐഎഫ്എഫ്കെ വളരെ വ്യത്യസ്തമാണ്. ഇവിടെ എന്റെ ചിത്രങ്ങൾ കണ്ടിട്ടുള്ള യുവാക്കൾ നേരിട്ടുവന്നു സംസാരിക്കുന്നു. അവർക്കു വേണ്ടത് ഓട്ടോഗ്രാഫോ ഫോട്ടോഗ്രാഫോ അല്ല, ചിത്രത്തിന്റെ ഡിവിഡിയാണ്. ഈ ചലച്ചിത്ര സംസ്കാരമാണ് എന്നെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.