Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേളപ്പത്ത്; ബീന പോൾ തിരഞ്ഞെടുത്ത 10 ചിത്രങ്ങൾ

ബീനാപോള്‍ ബീന പോൾ

ലോകസിനിമയുടെ മേളപ്പെരുക്കത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു അനന്തപുരി. ഡിസംബർ നാലു മുതൽ 11 വരെ ഇനി കണ്മുന്നിൽ നിറയുക 178 സിനിമകൾ. ഓരോ സിനിമയും കാഴ്ചയുടെ ഉഗ്രൻ കണിയൊരുക്കുമ്പോൾ ഏതെല്ലാം തിരഞ്ഞെടുത്തു കാണുമെന്ന ആശയക്കുഴപ്പം സ്വാഭാവികം. 12 വർഷം കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) യുടെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്ന എഡിറ്റർ ബീന പോൾ മേളക്കാഴ്ചക്കാർക്കായി 10 ചിത്രങ്ങൾ നിർദേശിക്കുന്നു. ചലച്ചിത്രമേളയിൽ നിന്നു മാറിയെങ്കിലും തിരുവനന്തപുരത്തെ എൽവി പ്രസാദ് ഫിലിം ആൻഡ് ടെലിവിഷൻ അക്കാദമി ഡയറക്ടറായി ലോകസിനിമകൾക്കൊപ്പമാണ് ഇപ്പോഴും ബീനപോളിന്റെ യാത്രകൾ. അറിയാം ഐഎഫ്എഫ്കെയിലെ ആ പത്തു ചിത്രങ്ങൾ:

ദ് ക്ലബ് (El Club), ചിലി: 98 മിനിറ്റ്, സംവിധായകൻ: പാബ്ലോ ലറെയ്ൻ

el-club-une

കടൽത്തീരത്തെ നഗരത്തിൽ വിശ്രമജീവിതം നയിക്കുന്ന നാല് പുരോഹിതർ. അവർക്കിടയിലേക്ക് അഞ്ചാമതൊരാൾ കൂടിയെത്തുകയാണ്. വിസ്മൃതിയിലേക്ക് മറഞ്ഞുപോയെന്ന് നാലു പേരും കരുതിയിരുന്ന ചില കാര്യങ്ങളിലേക്കാണ് ആ അഞ്ചാമൻ അവരെ കൂട്ടിക്കൊണ്ടു പോകുന്നത്. ബെർലിൻ മേളയിൽ സിൽവർ ബെയറുൾപ്പെടെ ഒട്ടേറെ അവാർഡുകൾ നേടിയെടുത്ത ചിത്രം.

El Club Trailer

മുസ്താങ് (Mustang) തുർക്കി, ഫ്രാൻസ്, ജർമനി: 97 മിനിറ്റ്, സംവിധാനം: ഡെനിസ് ഗാംസെ ആർഗുവാൻ

musthang

ഗോവയിൽ നടന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം ഇത്തവണ പങ്കിട്ടത് അ‍ഞ്ചു പേരായിരുന്നു–മുസ്താങ് എന്ന ചിത്രത്തിലെ അഞ്ച് സുന്ദരികൾ. സ്ത്രീസ്വാതന്ത്യ്രത്തിനു വിലക്കിടുന്ന തുർക്കിയിലെ യാഥാസ്ഥിതിക സമൂഹത്തിനു നേരേ ചോദ്യ ശരങ്ങളെറിഞ്ഞുകൊണ്ടാണ് മുസ്താങ്ങിന്റെ പ്രയാണം. ഓസ്കറിനു വേണ്ടി ഇത്തവണ ഫ്രാൻസിന്റെ ഔദ്യോഗിക എൻട്രി കൂടിയായിരുന്നു ഈ ചിത്രം. 2015ൽ ഒരുപക്ഷേ രാജ്യാന്തരമേളകളിൽ ഏറ്റവുമധികം പുരസ്കാരം സ്വന്തമാക്കിയ ചിത്രം കൂടിയാകുമിത്.

MUSTANG Movie Trailer (2015)

ജേണി ടു ദ് ഷോർ (Kishibe no tabi), ജപ്പാൻ: 128 മിനിറ്റ്, സംവിധാനം: കിയോഷി കുറസോവ

journey-to-the-shore

മിസുകിയുടെ ഭർത്താവിനെ മൂന്നു വർഷം മുൻപ് കടലിൽ വീണു കാണാതായതാണ്. മരിച്ചെന്ന കാര്യവും ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷേ ഒരുനാൾ അയാൾ തിരിച്ചെത്തി. മിസുകിക്ക് പ്രത്യേകിച്ച് അദ്ഭുതമൊന്നും തോന്നിയില്ല, തിരിച്ചു വരാൻ വൈകിയോ എന്നു മാത്രമായിരുന്നു സംശയം. ഇരുവരും ചേർന്ന് ഒരു യാത്രയ്ക്കൊരുങ്ങുകയാണ്. കാൻ ചലച്ചിത്രമേളയിൽ മികവിന്റെ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം.

Journey to the Shore - Trailer

മൗണ്ടൻസ് മേ ഡിപ്പാർട്ട് (Shan he gu ren), ചൈന, ഫ്രാൻസ്, ജപ്പാൻ: 131 മിനിറ്റ്, സംവിധാനം: ജിയാ ജാങ്ക്

mountains-may

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ തുടങ്ങി സമകാലിക ചൈനയിലൂടെ 2025ലെ ഓസ്ട്രേലിയയിലേക്ക് സഞ്ചരിക്കുന്ന ചിത്രം. ബാല്യകാലസുഹൃത്തുക്കളായ ലിയാങ്സിയും സാങ്ങും ഒരു പെൺകുട്ടിയെത്തന്നെ പ്രണയിക്കുന്നു. പക്ഷേ താവോയെന്ന ആ സുന്ദരി വിവാഹം ചെയ്യുന്നത് പണക്കാരനായ സാങ്ങിനെ. അവർക്കൊരു കുട്ടിയുമുണ്ടായി. വർഷങ്ങൾക്കു ശേഷം സാങ്ങും താവോയും വേർപിരിയുന്നു. മകനാകട്ടെ അച്ഛനോടൊപ്പം ഓസ്ട്രേലിയയിലേക്ക് പറക്കുന്നു. എല്ലാം മാറിമറിഞ്ഞ ഒരു ചുറ്റുപാടിലേക്ക് ആ മകൻ പിന്നീട് മടങ്ങിയെത്തുന്നു.

Clip from Mountains May Depart

ദ് ലെസൺ (Urok), ബൾഗേറിയ, ഗ്രീസ്: 110 മിനിറ്റ്, സംവിധാനം: ക്രിസ്റ്റീന ഗ്രോസിവ, പേറ്റർ വെൾക്കാനോവ്

lesson

ഏതൊക്കെ സാഹചര്യങ്ങളിലാകും സാധാരണക്കാരനായ ഒരു മനുഷ്യൻ കുറ്റവാളിയാകുന്നത്? ബൾഗേറിയയിലെ ഒരു അധ്യാപിക ഒരു മോഷ്ടാവിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. അതിനു പിന്നിലൊരു ലക്ഷ്യവുമുണ്ട്. പക്ഷേ അതിനിടയിൽ അവരുടെ ജീവിതവീക്ഷണങ്ങളെത്തന്നെ പാടെ മാറ്റിക്കളയുന്ന ചില സംഭവങ്ങളുണ്ടാവുന്നു. മികച്ച സിനിമയ്ക്കും നടിക്കും സംവിധായകനും ഉൾപ്പെടെ രാജ്യാന്തര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം.

Film Trailer: Urok / The Lesson

ധീപൻ (Dheepan), ഫ്രാൻസ്: 119 മിനിറ്റ്, സംവിധാനം: ഴാക്ക് ഓദിയാ

dheepan-must

കാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ദി ഓർ. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിനൊടുവിൽ വ്യാജ പാസ്പോർട്ടിൽ ഫ്രാൻസിലേക്കു രക്ഷപ്പെടുന്ന മൂന്നു പേർ. മൂവരും ജീവിതത്തെ സമാധാന തീരത്തെത്തിക്കാനുള്ള ശ്രമത്തിൽ. പക്ഷേ ജയിൽമോചിതനായ ഒരാൾ അപാർ‍ട്മെന്റിലെത്തുന്നതോടെ മൂവരുടെയും ജീവിതത്തിൽ വീണ്ടും വെടിയൊച്ചകളുടെ മുഴക്കം.

യൂത്ത് (La giovinezza), ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്: 118 മിനിറ്റ്, സംവിധാനം: പൗലോ സൊറെന്റീനോ

youth1

യുവത്വമെന്നു പേര്, പക്ഷേ ചിത്രത്തിലെ നായകന്മാർ രണ്ടു പേരും എൺപതു വയസ്സിനോടടുത്തവർ. ദീർഘകാല സുഹൃത്തുക്കൾ കൂടിയായ ഇരുവരും അവധിക്കാല ആഘോഷത്തിന്റെ ലഹരിയിൽ. അതിലൊരാൾ ജോലിയിലേക്ക് ഇനി മടങ്ങി വരവിനില്ലെന്ന ദൃഢനിശ്ചയത്തിൽ, മറ്റൊരാൾ പുതിയ സിനിമയുടെ തിരക്കുകളിലും. ദിവസങ്ങൾ എണ്ണപ്പെട്ടതെന്ന് ഇരുവർക്കും അറിയാം, എന്നാൽപ്പിന്നെ അത് ഒരുമിച്ചു നേരിടുക.

ദ് ഐഡൽ (The Idol), പലസ്തീൻ: 100 മിനിറ്റ്, സംവിധാനം: ഹാനി അബു–അസാദ്

the-idol1

വിജയിക്കുമോയെന്നുറപ്പില്ലെങ്കിലും പോരാട്ടത്തിൽ നിന്നു പിന്മാറ്റമില്ല അവർക്ക്. പലസ്തീനിലെ സമകാലിക അവസ്ഥയിലേക്ക് ഒരു പാട്ടുകാരനെത്തുന്നു–മുഹമ്മദ് അസഫ്. പാട്ടാണ് അവന്റെ ജീവിതം. കുട്ടിക്കാലം മുതലുള്ള ആ പാട്ടുജീവിതമാണ് ‘ദ് ഐഡൽ’ ചിത്രീകരിക്കുന്നത്. കലാപങ്ങൾക്കിടയിലും കലയെ കൂട്ടുപിടിച്ച് രാജ്യത്തിനൊപ്പം നിന്ന ചെറുപ്പക്കാരന്റെ കഥ.

ടാക്സി, ഇറാൻ: 82 മിനിറ്റ്, സംവിധാനം: ജാഫർ പനാഹി

taxi

20 വർഷത്തേക്കു സംവിധാനം ചെയ്യാനോ തിരക്കഥയെഴുതാനോ നിർമിക്കാനോ പാടില്ല എന്ന് ഭരണകൂടം വിലക്കേർപ്പെടുത്തിയ ഒരു ചലച്ചിത്രകാരൻ. പക്ഷേ ‘ജീവിച്ചിരിക്കണമെങ്കിൽ എനിക്കു സിനിമയെടുത്തേ മതിയാകൂ...’ എന്നു വിശ്വസിച്ച അദ്ദേഹം ടാക്സിയുമോടിച്ച് ടെഹ്റാൻ നഗരത്തിലൂടെ യാത്ര പോവുന്നു. അതിനിടെ ഒട്ടേറെപ്പേർ ആ കാറിൽ കയറുന്നു, പല തരക്കാർ. അവരുമായി അദ്ദേഹം, ജാഫർ പനാഹി, സംസാരിക്കുന്നു. അതെല്ലാം ഡാഷ്ബോർഡിലെ ക്യാമറയിൽ പതിയുന്നു. കാഴ്ചകളെല്ലാം സിനിമയാക്കി ബെർലിൻ മേളയിലേക്ക് ആരുമറിയാതെ കടത്തിയപ്പോൾ സ്വന്തമായത് ഗോൾഡൻ ബെയർ പുരസ്കാരം. ഒരു ഭരണകൂടത്തിനും ചങ്ങലയ്ക്കിടാനാകില്ലെന്നു പ്രഖ്യാപിച്ച അതിജീവനത്തിന്റെ ചലച്ചിത്രക്കാഴ്ചയാണ് ഡോക്യു–ഫിക്ഷൻ രീതിയിലെടുത്ത ‘ടാക്സി’.

ദ് പേൾ ബട്ടൻ (El Boton De Nacar), ചിലി, ഫ്രാൻസ്, സ്പെയിൻ: 90 മിനിറ്റ്, സംവിധാനം: പട്രീഷ്യോ ഗസ്മേൻ

pearl-button

അതിർത്തികളിലേറെയും ജലം കൊണ്ട് അടയാളപ്പെടുത്തിയ ചിലി. ഒട്ടേറെ വിശ്വാസങ്ങളുണ്ട് ജലത്തെപ്പറ്റി അവിടെ. ഭൂമിയുടെ രഹസ്യം മുഴുവൻ ഒളിപ്പിച്ചു വച്ചിരിക്കുകയാണ് എന്നതൊന്ന്. ഭൂമിയ്ക്കു പുറത്തെ ബാഹ്യാകാശ ജീവിതം സംവദിക്കുന്നത് സമുദ്രത്തിലൂടെയെന്ന് മറ്റൊന്ന്. സമുദ്രത്തിനടിയിൽ രണ്ട് രഹസ്യങ്ങൾ ഒളിച്ചിരിപ്പുണ്ട്. ജലസമാധിയിലാണ്ട ആ ഓർമത്തുണ്ടുകളുടെ കഥയും ചിതറിയ കാഴ്ചകളുമാണ് ‘ദ് പേൾ ബട്ടൺ’. രാജ്യാന്തര മേളകളിലെ പുരസ്കാരങ്ങളുടെ പ്രിയ ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.