Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രിയുടെ കൂട്ടൂകാരി; നീ കാമനകളുടെ തടവുകാരി

100-yen-love

മുപ്പത്തിരണ്ടാം വയസ്സിൽ ബോക്സിങ് പഠിക്കാനെത്തുന്ന യുവതി. കാഴ്ചയ്ക്കു ദുർബല. മുഖത്തേക്ക് അലക്ഷ്യമായി വീണുകിടക്കുന്ന മുടിച്ചുരുളുകൾ. 32 വയസ്സു കഴിഞ്ഞ ആരേയും ജിമ്മിൽ പരിശീലിപ്പിക്കാവില്ലെന്ന് പരിശീലകർ തീർത്തുപറഞ്ഞു. ഇച്ചികോ തീരുമാനത്തിൽ ഉറച്ചുനിന്നു. വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും പ​ഠിക്കാനെത്താൻ അവൾക്ക് അനുമതി കിട്ടി. രാത്രി 100 യെൻ സൂപ്പർമാർക്കറ്റിൽ ജോലിചെയ്തു സമ്പാദിച്ച പൈസയുമായി ഇച്ചികോ പഠനം തുടങ്ങി.വിജയിക്കണം. ജയിച്ചേ തീരു. ആഘോഷിക്കാനല്ല.

തെരുവിലേക്കു വലിച്ചെറിയപ്പെട്ടപ്പോൾ കൈനീട്ടി സഹായിച്ച യുവാവിനു വേണ്ടി. പനി പിടിച്ചു വിറച്ചുകിടന്നപ്പോൾ അടുത്തുകിടന്നു ചൂടുപിടിപ്പിച്ചു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന സുഹൃത്തിനുവേണ്ടി. ശരീരത്തിന്റെ ആഹ്ലാദവും ആവേശവും ഏറ്റുവാങ്ങി സ്നേഹം മന്ത്രിച്ച പുരുഷനുവേണ്ടി. അവനും ബോക്സർ ആയിരുന്നു. നോക്കൗട്ട് മൽസരത്തിൽ അവൻ റിങ്ങിലിറങ്ങിയപ്പോൾ ഇച്ചികോ പ്രാർഥനയുമായി അടുത്തുതന്നെയുണ്ടായിരുന്നു. ഒരു ജീവിതത്തിന്റെ പ്രയത്നമത്രയുമുണ്ടായിരുന്നെങ്കിലും അവൻ തോൽപിക്കപ്പെട്ടു. ദയനീയമായി. നീരുവന്നു വീർത്ത മുഖവും ഇടറുന്ന കാലുകലുമായി വേച്ചുനടന്ന അവനെ മുറിയിലേക്കു തിരിച്ചുകൊണ്ടുവന്ന രാത്രിയാണ് ഇച്ചികോ ബോക്സിങ് പഠിക്കാൻ തീരുമാനിച്ചത്.

100-yen-love-movie

ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച മസഹാറു താക്കേയുടെ ജാപ്പനീസ് ചിത്രം 100 യെൻ ലവ് ആവേ‌ശത്തോടെ പ്രക്ഷകർ ഏറ്റുവാങ്ങി. ഈ മേളയിലെ മികച്ച ചിത്രങ്ങളിലൊന്ന്. തീർച്ചയായും കണ്ടിരിക്കേണ്ട മഹത്തായ ചിത്രം. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ജാപ്പനീസ് പ്രഫഷണൽ മൂവി അവാർഡ്. മികച്ച നടിക്കു ബ്ലൂ റിബ്ബൺ പുരസ്കാരം. ടോക്കിയോ രാജ്യാന്തര ചലച്ചിത്രമേളയിലും പുരസ്കാരം. ഇതിലൊക്കെ കൂടുതലായി പങ്കെടുത്ത മേളകളിലൊക്കെ തിയറ്ററിൽ നിറഞ്ഞുകവിഞ്ഞ പ്രേക്ഷകരുടെ നിലയ്ക്കാത്ത കയ്യടി.

ഇച്ചികോ ഒരു സാധാരണ പെൺകുട്ടിയല്ല. അമ്മയുമായും ഭർത്താവിനോടു പിണങ്ങി വീട്ടിൽ വന്നുനിൽക്കുന്ന ജ്യേഷ്ഠത്തിയുമായുമെല്ലാം നിരന്തരം വഴക്ക്. ഒരു ദിവസം വഴക്ക് കയ്യാങ്കളിയിലെത്തി.ദേഹത്തെ മുറിവുകളുടെ വേദനയേക്കാളേറെ അമ്മയുടെ വാക്കുകൾ അവളെ വേദനിപ്പിച്ചു; ഇങ്ങനെ വീടിന്റെ സമാധാനം കളയാതെ പുറത്തേക്കിറങ്ങി തന്നെത്താൻ ജീവിച്ചുകൂടേ. പിറ്റേന്നുതന്നെ ഇച്ചികോ വീടുവിട്ടു. ഒരു സ്യൂട്ട്കേസിൽ നിറയുന്ന സാധനങ്ങളും സൈക്കിളുമായി. സൂപ്പർമാർക്കറ്റിൽ ജോലി കിട്ടി. 100 യെൻ സൂപ്പർമാർക്കറ്റിൽ. സഹായിക്കാൻ കൂടെക്കൂടിയ മധ്യവയസ്കൻ ഇച്ചികോയ്ക്കു തലവേദനയായി. എല്ലാ വൈകുന്നേരങ്ങളിലും പോക്കറ്റു നിറയെ കാശുമായി പുറത്തേക്കുപോകാൻ ക്ഷണിക്കും. ഇഷ്ടമുള്ള വിഭവങ്ങളൊക്കെ വാങ്ങിക്കൊടുക്കും. പകരം വേണ്ടത് അയാളുടെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കൽ. കഴിയുന്നത്ര ഇച്ചികോ ചെറുത്തുനിന്നു. ഒരു രാത്രി മദ്യലഹരിയിൽ അയാൾ ഇച്ചികോയെ കടന്നാക്രമിച്ചു.

image

കീഴ്പ്പെടുത്തി. തളർന്ന് അവശയായി ഉറങ്ങിപ്പോയ ഇച്ചികോ ഉണർന്നപ്പോൾ ആദ്യം ചെയ്തത് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിക്കുകയായിരുന്നു. എന്നെ മാനഭംഗപ്പെടുത്തി. ആക്രമണകാരി ന്യൂയോർക്ക് ഹോട്ടലിലെ മുറിയിൽ ഉറങ്ങിക്കിടക്കുന്നു. ‌പൊലീസുകാർ എത്താൻ കാത്തിരിക്കാതെ ഇച്ചികോ വീണ്ടും തെരുവിലേക്ക്. അന്നാണ് ആ യുവ ബോക്സർ അവൾക്ക് കൂട്ടായി എത്തിയത്. രാത്രിയിൽ ജോലി. അതിരാവിലെ മുതൽ തീവ്രപരിശീലനം. ഓട്ടം. ചാട്ടം. ജിമ്മിലെ പരിശീലനം. ഇച്ചികോയ്ക്ക് ഉറപ്പായിരുന്നു വിജയം. അതിനുവേണ്ടിയല്ലേ അവൾ ജീവിക്കുന്നത്. ഭാവിയുടെ അടിസ്ഥാനം അതല്ലേ. കാമുകന്റെ സാന്നിധ്യത്തിൽ, കേട്ടറിഞ്ഞെത്തിയ ബന്ധുക്കളുടെ മുമ്പിൽ വീരനായികയുടെ പരിവേഷത്തോടെ അവൾ റിങ്ങിൽ ഇറങ്ങി.

നേരിട്ട നാലു പോരാട്ടങ്ങളിലും വിജയം നേടിയ ബോക്സറായിരുന്നു എതിരാളി. ആദ്യ ഇടിയിൽത്തന്നെ തളർന്നുപോയ ഇച്ചികോ പഠിച്ച പാഠങ്ങളൊക്കെ മറന്നു. റിങ്ങിനടുത്തുനിന്ന് ഉച്ചത്തിൽ വിളിച്ചുകൂവിയ പരിശീലകർക്കും അവളെ രക്ഷിക്കാനായില്ല. ഓരോ റൗണ്ടിലും ദയനീയ പരാജയം. തളർന്നില്ല ഇച്ചികോ. തോൽവി സമ്മതിച്ചില്ല.നിലത്തുനിന്നുമെഴുന്നേറ്റു കൊമ്പുകോർത്തു. നടക്കാൻ പോലുമാവാതെ തളർന്നുവീണു അവൾ. താങ്ങിയെഴുന്നേൽപിച്ച് പുറത്തേക്ക്. അപ്പോൾ വിജയിയുടെ ആഘോഷത്തിന്റെ കേളികൊട്ട് അവളുടെ ചെവിയിൽ ആർത്തലച്ചെത്തിക്കൊണ്ടിരുന്നു. ഇച്ചികോ...നീ തനിച്ചല്ല. മൽസരത്തിന്റെ പിറ്റേന്ന് ഒരു കുട്ടിയേപ്പോലെ കരഞ്ഞുവിളിച്ച അവളോട് പ്രിയപ്പെട്ടവൻ മന്ത്രിച്ചു. ഇച്ചികോയുടെ കരച്ചിൽ തീർന്നില്ല. കുടുതൽ ഉച്ചത്തിൽ, തേങ്ങിത്തേങ്ങി അവൾ കരഞ്ഞു. എനിക്കു ജയിക്കണം. ജയിച്ചേ തീരു. ഞാൻ ജയിക്കില്ലേ. ഇച്ചികോയുടെ തേങ്ങൾ രാത്രിയുടെ നഗരം ഏറ്റെടുത്തു. ഇരുട്ടിൽ, വിജനമായ വഴിയിൽ, കാമുകന്റെ‌ കൈ പിടിച്ചു നടക്കുമ്പോഴും അവളുടെ തേങ്ങൽ തീർന്നിരുന്നില്ല.

100 YEN LOVE English Trailer

ഇച്ചികോയോടു പറയാൻ തോന്നുന്നു: വിജയി ഏകനാണ്. പരാജയപ്പെട്ടവൾക്കോ പ്രേമ ലഭിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.