Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേയത്തിന്റെ വിജയമാണ് ബോപം

bopem

ആ വരണ്ട മണ്ണിൽ, കാലം അടിച്ചേൽപ്പിച്ച ചിന്തകളുടെ കൂട്ടിക്കിഴിക്കലുകളും അസ്വസ്ഥതകളുമായി കഴിഞ്ഞ ഒരു ജന്മം. റയാൻ. ഭൂതകാലത്തിന്റെ നിഴലുകളെ പിന്തുടർന്ന് വർത്തമാന കാലത്തെ ജീവിതത്തെ തിരുത്തിക്കുറിക്കുന്ന പതിന്നാലുകാരൻ. പൂക്കൾ വിരിയുന്ന പാടത്തുകൂടി അമ്മയുടെ കൈപിടിച്ചുള്ള യാത്ര, പൂക്കളുടെ ചിത്രമുള്ള കുപ്പായമിട്ട് തലമുടി പാറി‌ച്ച് നടക്കുന്ന അവന്റെ അമ്മ, അവരുടെ വാത്സല്യം തുളുമ്പുന്ന ചേർത്തുനിർത്തലുകളും നോട്ടങ്ങളും നിറഞ്ഞതായിരുന്നു അവന്റെ കുട്ടിക്കാലം. പക്ഷേ വെറും ഒമ്പതു വയസ് മാത്രമേ ആ ആഘോഷങ്ങൾക്ക് ആയുസുണ്ടായിരുന്നുള്ളൂ. വിണ്ടുകീറിയ മണ്ണിന് സ്വപ്നങ്ങൾ സമ്മാനിക്കുന്ന കടലിലേക്ക് വിരുന്നെത്തുന്ന കപ്പലിനെ നോക്കി നിൽക്കാൻ അമ്മയെന്ന കൂട്ട് അന്നുമുതലൊരു ഓർമ്മ മാത്രമായി അവന്. ആ ഓർമകളിലൂടെ ജീവിത‌ത്തിന്റെ പടവുകൾ പിന്നിടുന്ന റയാനേയും അവനെ കസാഖിന്റെ സാമൂഹികാന്തരീക്ഷത്തേയും പകർന്നാടുന്ന ചിത്രമാണ് ബോപ്പം.

റയാന്റെ കുഞ്ഞിക്കണ്ണിനും മനസിനും ഒരിക്കലും മറക്കാനാവാത്ത ദുഷിച്ച ചിത്രങ്ങൾ സമ്മാനിച്ച മരണമായിരുന്നു അവന്റെ അമ്മയുടേത്. ജീവനുള്ളിടത്തോളം കാലം ഒരായിരം മുള്ളുകൾ മനസിലേക്ക് കുത്തിയിറക്കിക്കൊണ്ട് അവനെ നയിക്കാൻ തക്കവണ്ണം ശക്തിയുള്ള ചിത്രങ്ങൾ. അമ്മയുടെ മരണത്തിനുത്തരവാദിയായ പൊലീസുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിച്ച് മൗനം പാലിച്ച പിതാവും കുത്തഴിഞ്ഞു പോയ സാമൂഹിക ജീവിതവും പരസ്പരം കണ്ണുരുട്ടുന്ന മനുഷ്യ ബന്ധങ്ങളുമാണ് റയാനെ പരുവപ്പെടുത്ത‌ുന്നത്. ജീവന്റെ നിലനിൽപ് മൂന്നു മാസമെന്ന ചെറിയ കാലയളവിലേക്ക് ഒതുക്കിയ തലച്ചോറിനെ ബാധിച്ച അസുഖത്തിനോട് പടവെട്ടാതെ ചികിത്സയോട് മുഖംതിരിച്ച് പാപബോധമില്ലാത്ത പകരം വീട്ടലുകളിലേക്ക് ഇറങ്ങിത്തിരിക്കുന്നത് അതുകൊണ്ടാണ്. കൊന്നുതള്ളുമ്പോൾ റയാന്റെ കൈകൾ വിറക്കാത്തതും അതുകൊണ്ടു തന്നെ.

റയാന്റെ പ്രണയം പോലും നിർവികാരമാകുമ്പോൾ പ്രിയ കൂട്ടുകാരനോടുള്ള സംസാരത്തിനിടയിൽ വിടവുകൾ രൂപപ്പെടുമ്പോൾ ചെറിയ ജീവിതത്തിൽ അവൻ കണ്ട കാഴ്ചകളുടെ രൂക്ഷത വെളിവാക്കുന്നു. മനസിനുള്ളിലെ പ്രക്ഷുബ്ധത പക്ഷേ റസ്‌ലാന്റെ മുഖത്തെപ്പോഴും പടർത്തിയത് മരവിപ്പ് മാത്രമായിരുന്നു. സ്വന്തം മനസിനോടു മാത്രം എല്ലാം പങ്കിട്ടും പറഞ്ഞുമായിരുന്നു ജീവിതത്തിന്റെ അവസാന നാളുകളെ തള്ളിനീക്കിയത്. ശസ്ത്രക്രി‌യ മാത്രമായിരുന്നു അവന്റെ അസുഖത്തിനുള്ള പ്രതിവിധി. അതും ഭീമമായ തുക ചെലവാക്കി. പക്ഷേ ആ തുകയ്ക്കു വേണ്ടി തന്റെ ഒരുതുള്ളി വിയർപ്പോ ഒരു വാക്കോ അവൻ ഉപയോഗിക്കുന്നില്ല. സ്വയം തീരുമാനിച്ച വിധിക്കൊപ്പമുള്ള റയാന്റെ യാത്രയെ ആർക്കും തടയാനുമാകുമായിരുന്നില്ല. അങ്ങനെ തടയിടാൻ മാത്രം അവന്റെ ജീവിതത്തിലാരമില്ലായിരുന്നുവെന്നത‌് വേറെ കാര്യം.

boepm-movie

ഭൂപ്രകൃതിയും സാധാരണ ജനതയ്ക്ക് അപ്രാപ്യമായ അധികാരക്കണ്ണികളും കെട്ടിപ്പൊക്കുന്ന സാമൂഹിക കെട്ടുപാടുകളെങ്ങനെയൊക്കെയാണ് സാധാരണ മനുഷ്യന്റെ സ്വഭാവത്തെയും ജീവിതത്തെയും അരക്ഷിതമാക്കുന്നതെന്ന് തെളിയിക്കുന്നു ബോപത്തിലെ ഓരോ കഥാപാത്രങ്ങളും.

സന്ന ഇസബയേവ ഒരുക്കിയ കസാഖിസ്ഥാൻ ചിത്രം റസ്‌ലാനെന്ന പതിനാലു വയസുകാരന്റെ ചിന്തകളെ പ്രതിഫലിപ്പിക്കുന്ന ഒന്നു മാത്രമല്ല, അരക്ഷിതമായ ഒരു സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകളെ പറയാതെ പറയുക ചെയ്യുന്നു. വെറും എഴുപത്തിയെട്ട് മിനുട്ട് മാത്രമാണ് ചിത്രത്തിന്റെ ദൈർഘ്യമെങ്കിൽ കൂടി ഇടയ്ക്കെങ്കിലുമൊരു വിരസത കണ്ടിരിക്കുന്നവരിലേക്കെത്തുന്നത് പ്രമേയത്തിന്റെ ആഴത്തിനൊത്ത് ഫ്രെയിമുകൾ കുറുക്കുവഴികളും കൂട്ടിച്ചേർക്കലുകളുമില്ലാതെ സഞ്ചരിക്കുന്നത്കൊണ്ടാണ്. യഥാർഥ്യ മനുഷ്യ ജീവിതമെപ്പോഴും അൽപം നാടകീയത നിറഞ്ഞതാണെന്ന് പറഞ്ഞു തരുന്നു ഈ ചിത്രം. ഒരു വലിയ ഭൂരിപക്ഷം ചിന്തിക്കുന്നിടത്ത് വച്ച് സിനിമയവസാനിക്കുന്നതും മനുഷ്യ പക്ഷത്തോട് ചേർന്നു നിൽക്കുന്ന പ്രമേയത്തിന്റെ വിജയമാണ്. എല്ലാത്തിനുമുപരിയായി കുഴഞ്ഞുമറി​ഞ്ഞുപോയ ജീവിതത്തെ വ്യത്യസ്മായ എന്നാൽ സങ്കീർണതകളില്ലാതെ അവതരിപ്പിക്കുവാൻ സന്ന ഇസബയേവയ്ക്ക് കഴിഞ്ഞുവെന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയും.

കസാഖിന്റെ രാഷ്ട്രീയ ചിന്താഗതിയെ അല്ല ഒരുപക്ഷേ മനുഷ്യത്വത്തിന്റെ പക്ഷത്തു നിന്ന് മാത്രം ചിന്തിക്കുന്നവന്റെ ഉള്ളിലെ രാഷ്ട്രീയവും ജീവിതത്തോടുള്ള അവന്റെ ധിക്കാരവുമാണ് കഥാന്ത്യത്തിലെ നേർച്ചിത്രമാകുന്നത്. തന്റെ ജന്മത്തിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നോണം റസ്‌ലാൻ തുന്നിക്കൂട്ടുന്ന പതാകയും കാലം തകർത്ത കപ്പലിനു മുകളിൽ കയറിയിരുന്ന് ദൂരേക്ക് അവൻ പായിക്കുന്ന കണ്ണുകളും വാക്കുകൾക്കതീതമായ മനുഷ്യ മനസിന്റെ നിലപാടുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ടുപോയ മനുഷ്യ ജന്മമാണ് അവൻ. നമുക്ക് ചുറ്റം അവനെ പോലെ എത്രയോ പേരുണ്ട്. അത്തരക്കാരെ ഈ സാമൂഹിക കാലാവസ്ഥ എത്രത്തോളം അസ്വസ്ഥനാക്കുന്നുവെന്നും കാലത്തിനോട് കണ്ണടച്ചുകൊണ്ട് ചോദ്യങ്ങളുയർത്താനും സ്വന്തം ജീവനോടു പോലും സന്ധിയിലേർപ്പെടാതെ പ്രവർത്തിക്കുവാനും അവരെ എത്രമാത്രം പ്രാപ്തരാക്കുന്നുവെന്നും പറഞ്ഞാണ് ബോപം അവസാനിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.