Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം വന്നു വിളിക്കുമ്പോൾ

bridgend-movie

2007 ഫെബ്രുവരിക്കു ശേഷം ബ്രിഡ്ജൻഡ് പ്രവിശ്യയിൽ രേഖപ്പെടുത്തപ്പെട്ടത് 79 ആത്മഹത്യകൾ. ഇരകൾ കൗമാരക്കാർ. 13-17 വയസ്സു പ്രായമുള്ളവർ. തൂങ്ങിമരണമാണു കൂടുതൽ. ആത്മഹ്യാ കുറിപ്പുകൾ പോലുമില്ല. മരണത്തിന്റെ താഴ്‍വരയിലേക്കു ക്യാമറ തിരിക്കുന്നു ജെപ്പേ റോണ്ടേ. ഡെൻമാർക്കിൽനിന്നുള്ള ഇംഗ്ലിഷ് ചിത്രം.

പൊലീസ് ഉദ്യോഗസ്‌ഥനായ ഡേവും മകൾ സാറയും ആത്മഹത്യകളുടെ താ‌ഴ്‍വരയിൽ എത്തുന്നു. ഹന്ന മുറേ സാറയുടെ വേഷത്തിൽ എത്തുന്നു. അവിസ്മരണീയമായ അഭിനയം. ആറുവർഷത്തോളം നീണ്ട ഗവേഷണത്തിനും പഠനത്തിനുംശേഷമാണ് ജെപ്പേ റോണ്ടേ ചിത്രം ഒരുക്കിയത്. യാഥാർഥ്യങ്ങളോടു പൂർണമായി നീതി പുലർത്തിയും സിനിമാറ്റിക് അനുഭവത്തെ ബലി കഴിക്കാതെയും പർത്തിയാക്കിയ ചിത്രം ഹൃദയത്തെ സ്പർശിക്കുന്നു.

"Bridgend" by Jeppe Rønde

മരണത്തിന്റെ താഴ്‍വരയിലെത്തിയ സാറ ആത്മഹത്യ ചെയ്തവരുടെ സുഹൃത്തുക്കളായ കൗമാരക്കാരിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നു.പക്ഷേ അവളും ജീവിതം അവസാനിപ്പിക്കേണ്ടവരുടെ ലിസ്റ്റിൽ അവൾ പോലുമറിയാതെ ചേർക്കപ്പെടുന്നു. പ്രവിശ്യയിലെത്തുന്ന ഓരോ പുതിയ പെൺകുട്ടിയേയും നോക്കിവക്കുന്നു വേട്ടയാടാൻ കാത്തിരിക്കുന്നവർ. അവരിലൊരാളാണ് ജാമി. അവനുമായി സാറ അടുക്കുന്നു. അടുപ്പം പ്രണയമാകുന്നു. തീവ്രമായ പ്രണയം. അപ്പോഴും അവൾ സുരക്ഷിതമായ അകലം പാലിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രണയത്തിൽ അകപ്പെട്ടുപോയ സുഹൃത്തുക്കൾക്കു സംഭവിച്ച ദുരിതം തനിക്ക് സംഭവിക്കാതിരിക്കാൻ അവൾ മുൻകരുതലെടുക്കുന്നു.

ചിത്രത്തിലെ അഭിനയത്തിനു ഹന്ന മുറേ ചലച്ചിത്രമേളകളിൽ മികച്ച നടിയുടെ പുരസ്കാരം നേടി. ഛായാഗ്രഹണത്തിനും എഡിറ്റിങ്ങിനും കൂടി പുരസ്കാരങ്ങൾ സ്വന്തമാക്കി ബ്രിഡ്ജൻഡ്. ചിത്രത്തിന്റെ തുടക്കവും ഒടുക്കവും ഒരു ബോർഡിൽ. ശ്മശാനത്തിലെ സ്മരാകശിലയെ ഓർമിപ്പിക്കുന്നു ബോർഡ്. അതിൽ പുതിയ പേരുകൾ ഒന്നൊന്നായി രേഖപ്പെടുത്തപ്പെടുന്നു. കൗമാരക്കാരുടെ ഒരു ഗ്രൂപ്പ് പ്രവി​ശ്യയിൽ സജീവമാണ്. അവർക്കു വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. യാത്ര പറഞ്ഞുപോയവരുടെ ഓർമ പുതുക്കാനെത്തുന്ന മട്ടിൽ അവർ നടത്തുന്ന ആഘോഷങ്ങൾ പുതിയ ആൾക്കാരെ ഗ്രൂപ്പിൽ ചേർക്കാനുള്ള വേദികൾ കൂടിയാണ്. സാറയും ഗ്രൂപ്പിൽ എത്തിപ്പെടുന്നു. സാറ കൂടി ഉൾപ്പെട്ട ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് അവളുടെ പിതാവായ പൊലീസ് ഓഫിസർ.

വീട്ടിൽ നിന്നും രക്ഷിതാക്കളിൽനിന്നുമകലുന്ന കൗമാരക്കാരാണ് ആത്മഹത്യയിൽ അഭയം തേടുന്നവരിലേറെയും. അവർ വന്യമായ പ്രകൃതിയിലേക്കിറങ്ങുന്നു. ആഘോഷങ്ങളിൽ ഏർപ്പെടുന്നു. ആൺകുട്ടികളും പെൺകുട്ടികളും വിവസ്ത്രരായി പുഴയിൽ നീന്തിത്തുടിക്കുന്നു. ശരീരത്തിന്റെ ആസക്തികളിൽ സുഖവും സന്തോഷവും കണ്ടെത്തുന്നു. നിലാവുള്ള രാത്രികളിൽ ആകാശത്തെ ചന്ദ്രനെ നോക്കി ഓരിയിടുന്നു. മറഞ്ഞുപോയ പ്രിയപ്പെട്ടവരെ വിളിച്ചുണർത്തുന്ന ചടങ്ങ്. സാറ ഇതിലൊക്കെ ഒരു ഭാഗമായി മാറുന്നു. അതറിയാതെ അച്ഛൻ അന്വേഷണവുമായി മുന്നോട്ടു പോകുന്നു.

bridgend

ഡോക്യുമെന്ററികളിലൂടെ കഴിവു തെളിയിച്ച ജെപ്പേ റോണ്ടേയുടെ ആദ്യ ഫീച്ചർ ചിത്രമാണ് ബ്രിഡ്ജൻഡ്. ഡോക്യുമെന്ററിയുടെ വിരസത ചിത്രത്തിലില്ല. കൊമേഴ്സ്യൽ ചിത്രത്തിന്റെ വേഗവും ചടുതലയും ഉണ്ടുതാനും. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രങ്ങളുടെ വിഭാഗത്തിലായിരുന്നു പ്രദർശനം. ഇടിച്ചുകയറിയ പ്രേക്ഷകർ നിരാശരാകാതെ തിയറ്റർ വിട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.