Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിയൊച്ച നിലയ്ക്കുന്നില്ല; മണ്ണിലും മനസ്സിലും

degrade-review

യുദ്ധത്തിന്റെ മുറിവുകൾ ഉണങ്ങാത്ത, ഉണങ്ങിത്തുടങ്ങുമ്പോഴേയ്ക്കു വീണ്ടും മുറിവേറ്റു പഴുക്കുന്ന ഗാസാ മുനമ്പിലെ ഒരു ദിവസത്തെ കഥ പറയുന്നു പലസ്തീനിയൻ സിനിമ ഡീഗ്രേഡ് പക്ഷേ, സ്ഥിരം യുദ്ധസിനിമയുടെ രീതിയല്ല ഡീഗ്രേഡിന്. ഗാസയിൽ സ്ത്രീകൾക്കായുള്ള ഒരു ഹെയർ സലൂണിലാണ് കഥ നടക്കുന്നത്.

വെടിവയ്പും സംഘർഷങ്ങളും കാരണം എല്ലാ ദിവസവും തുറക്കാൻ പറ്റാറില്ല ക്രീസ്റ്രീന്റെ ഹെയർസലൂൺ. ഇനി തുറക്കാൻ പറ്റിയാൽ തന്നെ സാധാരണ ദിവസങ്ങളിൽ വൈദ്യുതിയുമുണ്ടാവാറില്ല. എല്ലാ അനുകൂലസാഹചര്യങ്ങളുമൊുങ്ങിയ ദിവസം തുറന്നതാണ് സലൂൺ എന്നതുകൊണ്ടു തന്നെ തിരക്ക് . അവിടെയെത്തിയ സ്ത്രീകളിലൂടെയാണ് ഡീഗ്രേഡിന്റെ കഥ മുന്നോട്ടുപോകുന്നത്.

DÉGRADÉ Clip

വന്നവരെല്ലാം ഓരോ തരക്കാരാണ്. അമ്മയ്ക്കും അമ്മായിയമ്മയ്ക്കും നാത്തൂനുമൊപ്പം വിവാഹമേക്കപ്പിനായെത്തിയ യുവതി, സഹോദരിക്കൊപ്പമെത്തിയ ഗർഭിണി, മതവിശ്വാസിയായ സ്ത്രീ, ലഹരിമരുന്നിന് അടിമയായ ഒരു സ്ത്രീ, എല്ലാറ്റിനോടും വെറുപ്പും ദേഷ്യവുമായി വിവാഹമോചിതയായ മധ്യവയസ്ക തുടങ്ങിയവർക്കൊപ്പം സലൂൺ ഉടമയും അവരുടെ സഹായിയും.

degrade-movie

ഇവരെല്ലാവരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സംഘർഷത്തിന്റെ ഇരകളാണ്. അവരുടെ പ്രശ്നങ്ങളും കുടുംബത്തിന്റെ അവസ്ഥയുമെല്ലാം ഓരോരുത്തരുടെയും ഫോൺകോളിലൂടെയും സംഭാഷണങ്ങളിലൂടെയും വ്യക്തമാകുന്നു. അപ്രതീക്ഷിതമായി പുറത്തു സംഘർഷം തുടങ്ങുന്നതോടെ അവരെല്ലാം സലൂണിനുള്ളിൽ നിന്നു പുറത്തിറങ്ങാനാവാതെ പ്രയാസപ്പെടുന്നു. വീട്ടുകാർ കാത്തിരിക്കുന്നവരുടെ ആശങ്ക, ഗർഭിണിക്ക് ഇതിനിടെ തുട ങ്ങുന്ന പ്രസവവേദന, വധുവിന് കൃത്യസമയത്ത് വിവാഹത്തിന് എത്തിച്ചേരാൻ പറ്റില്ല എന്ന പ്രയാസം... പുറത്താണെങ്കിലോ, വെടിവയ്പും റോക്കറ്റ് വർഷവും ബോംബ് ആക്രമണവും.

പെട്ടെന്നുണ്ടായ ആക്രമണത്തിനു കാരണമുണ്ട്. ഗാസയിലെ മൃഗശാലയിൽ നിന്ന് ഒരു പെൺസിംഹത്തെ കടത്തിക്കൊണ്ടുപോന്നിരിക്കുകയാണ് തദ്ദേശവിമതർ. ഇത് ഒരു അവസരമായെടുത്ത ഹമാസ് സിംഹത്തെ തിരിച്ചെടുക്കാൻ എന്ന രീതിയിൽ ആക്രമണം നടത്തുകയാണ്. സലൂണിലെ സഹായിയുടെ കാമുകൻ ആണ് സിംഹത്തെ തട്ടിക്കൊണ്ടുപോന്നവരിൽ പ്രധാനി. അവരതിനെ സലൂണിന്റെ മുന്നിൽ കെട്ടിയിട്ടതോടെ ആക്രമണത്തിന്റെ കേന്ദ്രം അവിടെത്തന്നെയാകുന്നു.

യുദ്ധത്തിന്റെ കെടുതികൾ ഗാസയെ ഭൗതികമായി എങ്ങനെ ബാധിക്കുന്നു എന്നതിനെക്കാൾ സാംസ്കാരികമായും സാമൂഹികമായും അതെങ്ങനെ ഒരു പ്രദേശത്തിന്റെ ജീവിതത്തെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിലൂടെ സംവിധായകർ പറയുന്നത്. പ്രത്യേകിച്ചു സ്ത്രീകളുടെ ജീവിതത്തിൽ. എന്നും പുരുഷനും കുടുംബത്തിനും വേണ്ടിയോ, അല്ലെങ്കിൽ അവന്റെ അടിമയായോ, അതുമല്ലെങ്കിൽ അവനുവേണ്ടി കണ്ണീർ വാർക്കാനോ ഉള്ളവരായി മാറുന്നു സ്ത്രീ എന്നുള്ളതിന്റെ തെളിവുകളാകുന്നു സലൂണിലെ ഓരോ കഥാപാത്രവും.

degrade-image

അറബ് അബുനാസർ, ടാർസൻ അബുനാസർ എന്നിവരാണ് തിരക്കഥയും സംവിധാനവും. കാൻ, ടൊറന്റോ, ഷിക്കാഗോ, കാർത്തേജ് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം അതൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ളതും മെഡിറ്ററേനിയൻ ഫിലിം ഫെസ്റ്റിവലിൽ ഓഡിയൻസ് അവാർഡും നേടി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.