Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനയെ ഒളിച്ചുകടത്തുന്ന സിനിമാക്കാർ

dheepan

ചില സിനിമകൾ കണ്ടിറങ്ങുമ്പോൾ നല്ല രണ്ടു വർത്തമാനം പറയാൻ തോന്നും. ശ്രീലങ്കൻതമിഴരുടെ പലായനം വിഷയമായ ദീപൻ, മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള താജ്മഹൽ എന്നീ രണ്ടു ചിത്രങ്ങളെപ്പറ്റി തോന്നിയ ചില കാര്യങ്ങൾ പറയാം. ആദ്യം ഫ്രഞ്ച് ചലച്ചിത്രകാരനായ ദീപനെപ്പറ്റി. ഇത് ചലച്ചിത്രമേളയിൽ ജനം ആഘോഷിച്ച സിനിമയാണ്. കാൻ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അംഗീകാരവും ലഭിച്ചതാണ്. അവസാനംവരെ രസിച്ചുകാണാവുന്ന പടമാണ്. മുഖ്യധാരയിലെ വിജയിച്ച സിനിമകളിൽ നിന്നും ഭിന്നമായി ഇതിലെന്താണുള്ളതെന്ന് ഒരു നിമിഷം ഒന്നാലോചിച്ചാൽ പ്രയാസമാകും.

മണിരത്തിനത്തിന്റെ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന പടത്തിൽ ലങ്കൻ തമിഴരുടെ അതിജീവനപ്രശ്‌നം തീവ്രമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. ചില കാര്യങ്ങളിൽ നമ്മുടെ വാണിജ്യസിനിമയുണ്ടാക്കിയ മികവു ഫ്രഞ്ചുകാരൻ പടമെടുത്താലും വരില്ല. സിനിമ കണ്ടിറങ്ങുമ്പോൾ ഇത്രയെങ്കിലും തോന്നേണ്ടതാണ്.ശ്രീലങ്കയിൽ തമിഴ്ജനതയെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുകയും എൽടിടിഇ ഇല്ലാതാകുകയും ചെയ്ത ഇക്കാലത്തിരുന്ന് ഈ സിനിമ ലങ്കൻ തമിഴർ കാണുന്നതെങ്ങനെയായിരിക്കും.. അവർ ഇതാസ്വദിക്കുന്നുണ്ടാകുമോ.. ലങ്കയിൽ പലായനം ചെയ്ത ഒരു തമിഴ് യുവതിയും എൽടിടിഇ യുവപോരാളിയും അനാഥയായ ഒരു പെൺ കുട്ടിയുമാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ. ഇവർ ഒരു കുടുംബമാണെന്നു നടിച്ചാണു ഫ്രാൻസിലെത്തുന്നത്. ഫ്രഞ്ച് ഭരണകൂടം ഈ കൂടിയേറ്റക്കാരെ ഫ്രാൻസിലെ അധോലോക കേന്ദ്രമായ ഒരു സാധാരണ പട്ടണത്തിലാണു കൊണ്ടുപോയി പാർപ്പിക്കുന്നത്. പുതിയ ജീവിതം ഉണ്ടാക്കാനായി അവർ നേരിടുന്ന വെല്ലുവിളികളാണു ഇതിവൃത്തം. ഈ എൽടിടിഇ പോരാളിയുടെ ഭാര്യയും മക്കളുമടക്കം മുഴുവൻ പേരെയും സൈന്യം കൊന്നതാണ്.

dheepan-movie

ദീപൻ എന്നാൽ ആനയാണ്. ആനയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ വലിപ്പവും കരുത്തുമാണല്ലോ. സിനിമയിൽ ആവർത്തിച്ചുവരുന്ന സ്വപ്‌ന ദൃശ്യമാണത്- വൃക്ഷത്തലപ്പുകൾക്കിടയിൽ മെല്ലെ മെല്ലെ ക്യാമറയ്ക്കു നേരെ മുഖം നോക്കുന്ന കാട്ടാന. അതൊരു കൊമ്പൻ അല്ലെന്നാണ് എനിക്കു തോന്നുന്നത്. എന്തായാലും ആനയെ ഒളിപ്പിച്ചുവയ്ക്കാനാവില്ല. എന്നാൽ ദീപൻ എന്ന സിനിമയിൽ ആനയെ ഒളിപ്പിച്ചുകടത്താനാണു ശ്രമം. അതാണ് എന്റെ പരാതി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വംശഹത്യയാണു ശ്രീലങ്കയിൽ നടന്നത്. ആ ഇഷ്യൂ നേരിട്ട് അഭിമുഖീകരിക്കുന്ന ചലച്ചിത്രാന്വേഷണം ഇനി വരാനിരിക്കുന്നതേയുള്ളു. അതുവരെ ആനയെ കൂടയിലാക്കി തലയിൽ വച്ചുകൊണ്ടുപോകാമെന്നു ചിലരെങ്കിലും വിചാരിക്കും.

DHEEPAN

രണ്ടാമത്തെ പടമായ നിക്കോളസ് സാദയുടെ താജ് മഹൽ കണ്ട് അന്തംവിട്ടുപോയി. ഇതെങ്ങനെ മേളയിൽ കയറിക്കൂടി എന്നോർത്തു ലജ്ജ തോന്നിപ്പോയി. എന്തിനായിരിക്കും അവർ ഈ സിനിമയെടുത്തത്. ഭാര്യയും ഭർത്താവും പതിനെട്ടുവയസുള്ള മകളും അടങ്ങിയ ഒരു ഫ്രഞ്ചു കുടുംബം ഇന്ത്യയിൽ എത്തുന്നു. അവർ മുംബൈയിലെ താജ് ഹോട്ടലിൽ താമസിക്കുന്നു. ഭീകരാക്രമണം നടക്കുമ്പോൾ പെൺ കുട്ടി ഹോട്ടലിൽ അകപ്പെട്ടുപോകുന്നു. ഇതാണു കഥ. ഇപ്പറഞ്ഞതിലും കൂടുതലൊന്നും ഈ സിനിമയിൽ സംഭവിക്കുന്നുമില്ല. വികസിതരാജ്യങ്ങളിലെ പൗരൻമാർക്കു വികസ്വരരാജ്യമായ ഇന്ത്യയിൽ ഒരു സുരക്ഷയുമില്ലെന്നു തെളിയിക്കാനോ സംവിധായകൻ ശ്രമിച്ചത്. ഭീകരാക്രമണത്തിൽ നിന്നു രക്ഷപ്പെട്ടവരായി നാം സിനിമയിൽ കാണുന്ന രണ്ടു പേരും യൂറോപ്യൻ ആണ്.

ആകെ രണ്ടു വെള്ളക്കാരികൾ മാത്രമാണോ താജിലുണ്ടായിരുന്നത്..മുംബൈയെ ഒരു തല്ലിപ്പൊളി നഗരമായിട്ടാണു താജ്മഹൽ സിനിമയിൽ എടുത്തുവച്ചിരിക്കുന്നത്. വെള്ളക്കാരൻ മറ്റു നാട്ടുകാരോടുള്ള അവജ്ഞ ഓരോ ഫ്രെയിമിലുമുണ്ട്. ഭീകരാക്രമണം പോലെ സങ്കീർണമായ പ്രശ്‌നത്തെ വളരെ സ്ഥൂലമായിട്ടാണു ഈ സിനിമ കൈകാര്യം ചെയ്തത്. ഈ സിനിമ നമ്മുടെ ചലച്ചിത്രമേളയിലേക്കു തിരഞ്ഞെടുത്തതു തന്നെ വലിയ നാണക്കേടായിപ്പോയി എന്നാണ് എനിക്കു തോന്നുന്നത്.ചലച്ചിത്രമേള സമകാലീകസിനിമലോകത്തെ പുതിയ പ്രവണതകൾക്കും പരീക്ഷണങ്ങൾക്കും അവസരമൊരുക്കാനുള്ള നല്ല അവസരമാണ്. അതു ഹോളിവുഡിന്റെ അതിഭാവുകത്വത്തിനു വേദിയാക്കാൻ അനുവദിക്കേണ്ടതില്ല. വെള്ളക്കാരന്റെ അഹന്ത കാട്ടാനായി അവൻ കാട്ടുന്ന പരാക്രമങ്ങൾക്കും ചലച്ചിതമേളയിൽ ഇടം കൊടുക്കരുത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.