Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിക്കുന്നില്ല പോരാളികൾ

dheepan

ചില ഓർമകൾക്കു മരണമില്ല; എത്ര ദൂരേക്ക് ഓടിയൊളിച്ചാലും അവ തേടിയെത്തും. പേരും വിലാസവും മാറ്റി, കുടുംബത്തെ ഉപേക്ഷിച്ച്, ജൻമഭൂമിയുടെ അതിർത്തികൾ പിന്നിലാക്കിയാലും നിഴലുപോലെ കൂടെയെത്തുന്ന ഓർമകൾ. ധീപൻ എന്ന യുവാവിന്റേത് ഒർമകളിൽനിന്നുള്ള ഒളിച്ചോട്ടമായിരുന്നില്ല. ഓർമയിൽപ്പോലും നടുക്കമുണ്ടാക്കുന്ന ജീവിതാവസ്ഥകളിൽനിന്നു രക്ഷപ്പെടാനുള്ള അവസാനത്തെ ശ്രമം. ജനിച്ചുവളർന്ന നാട്ടിൽ അയാൾക്ക് ഉറ്റവരും ഉടയവരുമില്ല; ശത്രുവെന്നോ മിത്രമെന്നോ വേർതിരിക്കാനാവാത്ത ആൾക്കൂട്ടം മാത്രം.

ആരുടേതെന്നറിയാത്ത അസ്ഥികൂടങ്ങളുണ്ട് ; അലറിയടുക്കുന്ന തിരമാലകളിൽ അവ അപ്രത്യക്ഷമാകുന്നു. ചിത കത്തിയെരിഞ്ഞ അവശിഷ്ടങ്ങളുണ്ട് ; വീശിയടിക്കുന്ന കാറ്റിൽ അത് അന്തരീക്ഷത്തിൽ ലയിച്ചുചേരുന്നു. മരണത്തിന്റെ മണമാണെങ്ങും. അഭയാർത്ഥിക്യാംപിൽ അസ്വസ്ഥനായിരിക്കുമ്പോഴും അയാളുടെ കണ്ണിൽ പ്രതീക്ഷയുടെ ചെറുതിരിനാളമുണ്ട്. ദൂരെദൂരെ ഒരു വാദ്ഗത്തഭൂമി. ശവങ്ങളുടെ ഗന്ധമില്ലാത്ത ഒരു നാട്. ചിതയിലെ മങ്ങിക്കത്തുന്ന വെളിച്ചത്തിനുപകരം സൂര്യവെളിച്ചം പ്രഭ പകരുന്ന നാട്. കപ്പലുകൾ ആടിയുലയുന്ന കടൽപ്പരപ്പിലേക്ക് അയാൾ കണ്ണും നട്ടിരുന്നു.

ഫ്രഞ്ച് സംവിധായകൻ ഴാക്ക് ഓദിയയുടെ പുതിയ ചിത്രം ധീപനിലെ ടൈറ്റിൽ റോളിലഭിനയിക്കുന്ന ചെറുപ്പക്കാരൻ നടൻ മാത്രമല്ല; ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ മുറിവുകൾ ഏറ്റുവാങ്ങിയ പോരാളിയാണ്. കവിയും നോവലിസ്റ്റുമാണ്. പേര് ആന്റണിദാസൻ യേശുദാസൻ. കലാപം നാമാവശേഷമാക്കിയ രാജ്യത്തുനിന്നു രക്ഷപ്പെടാൻ ഒരു വഴിയേ അയാളുടെ മുന്നിലുള്ളൂ. ഫ്രാൻസിലേക്കു കടക്കുക. ഒറ്റയ്ക്കൊരു യാത്രയ്ക്ക് അനുവാദം കിട്ടില്ല. കുടുംബം വേണം. അഭയാർഥിക്യാംപിൽ പരിചയപ്പെട്ട ചെറുപ്പക്കാരിയെ ഒപ്പം കൂട്ടി. അനാഥയായ ഒൻപതുവയസ്സുള്ള പെൺകുട്ടിയേയും കൂടെക്കൂട്ടി. മരണമടഞ്ഞവരുടെ മൂന്നു പാസ്പോർട്ടുകളും സ്വന്തമാക്കി ‘ഒരു കുടുംബ’മായി അവർ കടൽകടന്നു.

dheepan

പ്രോഫറ്റ്, ദ് ബിറ്റ് ദാറ്റ് മൈ ഹാർട്ട് സ്കിപ്ട് എന്നീ മുൻചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി ധീപനിൽ അതിർത്തികളിലൂടെ അലയുന്ന അഭയാർഥികളുടെ ജീവിതത്തിലേക്കാണ് ഴാക്ക് ഓദിയ ക്യാമറ തിരിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, ഫ്രാൻസ്. മൂന്നു രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ നേരിട്ടു ബാധിച്ച വംശീയ ലഹളയും രക്തച്ചൊരിച്ചിലും. സമകാലിക ചരിത്രത്തിലെ ചോരയൊലിക്കുന്ന ഏടായ ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ ഇനിയുമുണങ്ങാത്ത മുറിവുകളുടെ വേദന പകർത്തിയ ധീപൻ കാൻ ചലച്ചിത്രമേളയിൽ നേടിയത് ഉന്നത പുരസ്കാരം– പാം ദി ഓർ. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. തമിഴ്, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 114 മിനിറ്റ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ധീപൻ അംഗീകാരം നേടി; പ്രത്യേക പ്രദർശനത്തിനുള്ള ചിത്രം.

ആന്റണിദാസൻ യേശുദാസനൊപ്പം നായികയായി അഭിനയിക്കുന്നത് ചെന്നൈയിലെ നാടകപ്രവർത്തക കാളീശ്വരി ശ്രീനിവാസൻ. വ്യാജപ്പേരും മേൽവിലാസവും സ്വീകരിച്ചു ഫ്രാൻസിലെത്തിയ ധീപൻ പുതിയ ജീവിതം തുടങ്ങുകയാണ്. അയാൾക്കു ജോലി കിട്ടി; ഒരു താമസ സമുച്ചയത്തിലെ കെയർടേക്കർ. കൂടെയുള്ള യുവതിക്കു മറ്റൊരു വീട്ടിൽ ജോലി. പെൺകുട്ടി സ്കൂളിലേക്കും. യുദ്ധം നക്കിത്തുടച്ച ജീവിതത്തിൽ പ്രതീക്ഷയുടെ പച്ചപ്പൊടിപ്പുകൾ. അതിനുപക്ഷേ, അധിക നാളുകളുടെ ആയുസ്സുണ്ടായില്ല. ജയിൽമോചിതനായി ബ്രാഹിം എന്നൊരാൾ ധീപന്റെ തൊട്ടടുത്ത അപാർട്മെന്റിലേക്ക് എത്തുന്നതോടെ കുടുംബം അനിശ്ചിതത്ത്വം നിറഞ്ഞ ഭാവിയെ നേരിടുന്നു.

DHEEPAN (Official Trailer) Jacques Audiard Palme d'Or

വെടിയുതിർക്കുന്ന തോക്കുകളുടെ ശബ്ദം ധീപൻ മറന്നിരുന്നു. പ്രിയപ്പെട്ടവർ കത്തിമുനയിൽ ഒടുങ്ങുമ്പോൾ ഉയരുന്ന നിലവിളികൾ കാതുകളിൽ നിലച്ചിരുന്നു. കണ്ണീരിന്റെ പ്രവാഹങ്ങൾ മറന്നുതുടങ്ങിരുന്നു. ചോരച്ചാലുകളില്ലാത്ത സ്വപ്നങ്ങൾ ഉറക്കത്തിൽ അയാളെ തേടിവന്നുകൊണ്ടിരുന്നു. കാത്തിരുന്നു കിട്ടിയ സമാധാന ജീവിതം കയ്യിൽനിന്നു വഴുതിപ്പോകുകയാണ്. ജീവിതത്തിലെ സന്തോഷം അൽപായുസ്സാണോയെന്ന് അത്ഭുതപ്പെട്ട്, ആത്മഹത്യക്കും കൊലയ്ക്കുമിടയിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ധീപൻ സിനിമയിലെ കഥാപാത്രമെന്നതിലുപരി ജീവനുള്ള യഥാർഥ മനുഷ്യനെപ്പോലെ നമുക്കുനേരെ വരുന്നു. ചോദ്യങ്ങൾ ചോദിക്കുന്നു. ഉത്തരങ്ങൾ തിരയേണ്ടത് ഉൾവനങ്ങളിലോ പരിഷ്കൃത നഗരങ്ങളിലോ അല്ല, ഒരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിലാണ്. ഒരു നാടിന്റെ വേദനയെ, തലമുറകളിലൂടെ തുടരുന്ന അഭയാർത്ഥികളുടെ ദുരിതങ്ങളെ പൊള്ളുന്ന അനുഭവമാക്കി അവതരിപ്പിച്ചതിനാണ് ജാക്ക് ആഡിയാർദ് കാനിൽ പുരസ്കാരം നേടിയത്.

കേരളത്തിൽനിന്ന് അധികം ദൂരമില്ലാത്ത നാടിന്റെ ദീനരോദനം കേൾപ്പിക്കുന്ന ധീപൻ ചലച്ചിത്രമേളയിലൂടെ മലയാളികളെ തേടിയെത്തുകയാണ്. ചിത്രത്തിന്റെ പ്രേക്ഷകരാകുന്നതിലൂടെ അടുത്തുള്ള അയൽക്കാരുടെ അറിയാതെപോയ വേദനകളെ അടുത്തറിയാനുള്ള അവസരമാണു മലയാളികൾക്കു കൈവരുന്നത്. നിലവിളികൾ നിറഞ്ഞ രാത്രി അവസാനിക്കണേ എന്ന പ്രർത്ഥന. സമാധാനത്തിന്റെ സൂര്യോദയത്തിലേക്കു വേഗമെത്തണേ എന്ന ആഗ്രഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.