Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമസോണില്‍ വാങ്ങാന്‍ കിട്ടാത്തത്

embrace-of-the-serpent

ആമസോണിനെ ഇപ്പോൾ ഓൺ‍ലൈൻ വ്യാപാരരംഗത്തെ ഒരു കുത്തക സ്വന്തം ബ്രാന്‍ഡ്‌നെയിം ആക്കി മാറ്റിയെന്നതു യാദൃച്ഛികമല്ല. ആമസോൺ ഭൂപ്രദേശത്തെ വെള്ളക്കാരൻ ആദ്യം കവര്‍ച്ച ചെയ്തു. അവിടെത്തെ എല്ലാ തദ്ദേശീയ സംസ്‌കാരങ്ങളെയും ഇല്ലായ്മ ചെയ്തു. ഒടുവിൽ ആമസോൺ എന്ന പേരും അവർ കവര്‍ന്നെടുത്തു. എന്തും വാങ്ങാൻ കിട്ടുന്ന അമേരിക്കക്കാരന്റെ ആമസോണിൽ എത്ര പരതിയാലും കിട്ടാത്ത ചിലതുണ്ട്. അത് കോളനിവാഴ്ച തുടച്ചുനീക്കിയ ദേശസംസ്‌കൃതികളാണ്. സംസ്‌കാരിക സ്മരണകളാണ്. അതിന്റെ നിഗൂഢസൗന്ദര്യമാണ്.

തെക്കേ അമേരിക്കയിൽ കോളനിവാഴ്ചയുടെ പീഡകളേറ്റു വാങ്ങിയ യഥാര്‍ഥ ആമസോണിലൂടെയാണ് ഈ ക്യാമറ സഞ്ചരിക്കുന്നത്. സൗത്ത് അമേരിക്കയിലെ കോളനിവാഴ്ചയുടെ ഭയങ്കരമായ ചരിത്രത്തിലെ രക്തം പുരണ്ട ഒരേടു മാത്രമാണ് യുവ കൊളംബിയൻ സംവിധായകൻ സിറോ ഗുയെറേയുടെ ദ് എംബ്രേസ് ഓഫ് സര്‍പന്റ്. - ഈ സിനിമ നിങ്ങളെ ശ്വാസം മുട്ടിക്കും. ചിന്താകുലരാക്കും.

EMBRACE OF THE SERPENT

രണ്ടു തലങ്ങളിലൂടെ സമാന്തരമായ വികസിക്കുന്ന ഒരു ആഖ്യാനമാണു സിനിമയുടേത്. ആദ്യത്തേത് ഒരു യൂറോപ്യൻ സഞ്ചാരിയുടെ ആമസോൺ അന്വേഷണമാണ്. രണ്ടാമത്തേത് ആമസോൺ തടത്തിലെ ഒരു ഷമാൻ-സിദ്ധൻ-നടത്തുന്ന അന്വേഷണവും.രണ്ടുപേരും ആമസോൺ വനാന്തരത്തിലെവിടെയോ ഉണ്ടെന്നു കരുതുന്ന അദ്ഭുതകരമായ ഔഷധ ഗുണമുള്ള ഒരു സസ്യമാണു തിരയുന്നത്. യഥാര്‍ഥത്തിൽ അങ്ങനെയൊരു സസ്യമുണ്ടോ. അതിന് ദിവ്യാഷൗധ ശക്തിയുണ്ടോ.

embrace

ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ദൃഢമായ സൗന്ദര്യം വെളിപ്പെടുത്തുന്നതുകൂടിയാണ് ഈ സിനിമ. ഇതിന്റെ സൗന്ദര്യവും വിസ്മയവും വിവരിക്കാൻ വാക്കുകള്‍ക്കാവില്ലെന്ന് ഡച്ച് സഞ്ചാരിയും ഗവേഷകനുമായ തീയോഡർ മാര്‍ടിസ് കൊളംബിയൻ ആമസോണിനെപ്പറ്റി 1909ല്‍ എഴുതിയിട്ടുണ്ട്. ഈ സിനിമയിലെ മുഖ്യകഥാപാത്രം കൂടിയാണ് മാര്‍ടിസ്. ആമസോണിനെ പഠിക്കാൻ പോയി ഒടുവിൽ അവിടെത്തന്നെ രോഗബാധിതനായി മരിച്ചു. അദ്ദേഹത്തിന്റെ വഴികാട്ടിയായിരുന്ന ആദിവാസി മാര്‍ടിന്റെ ഡയറികൾ പിന്നീടു നാട്ടിലേക്ക് അയയ്ച്ചുകൊടുക്കുകയായിരുന്നു.

ആമസോണിലെ സസ്യജീവജാലങ്ങളുടെ വിസ്മയലോകം അനാവരണം ചെയ്യുന്ന ആ ഡയറി പിന്നീടു പുസ്തകമായി ഇറങ്ങി.ആമസോൺ പ്രകൃതിയുടെ മഹാസൗന്ദര്യം വെളിപ്പെടുത്തുന്ന സിനിമ, വെള്ളക്കാരന്റെ അധിനിവേശത്തിന്റെ ആര്‍ത്തിയെയും ക്രൂരതയെയും ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്നു. പ്രാകൃതമെന്നു വെള്ളക്കാർ പുച്ഛിക്കുകയും വേരോടെ പിഴുതെറിയുകയും ചെയ്ത സംസ്‌കൃതി യഥാര്‍ഥത്തിൽ എന്തായിരുന്നു.. നഷ്ടസംസ്‌കാരങ്ങള്‍ക്കു പ്രകൃതിയോടും പ്രകൃതിയുടെ രഹസ്യങ്ങളോടുമുള്ള ജൈവബന്ധത്തെ ഈ സിനിമ ആവിഷ്‌കരിക്കുന്നു.

ചെടികളും മരങ്ങളും പക്ഷികളും കാറ്റും മഴയും പാറയും ഒരിക്കൽ മനുഷ്യനോടു സംസാരിച്ചിരുന്നു. പ്രകൃതിയിലെ ഓരോന്നും മനുഷ്യന് ഓരോ അടയാളവും. ഈ വിനിമയശേഷികൾ അധിനിവേശത്തോടെ ഇല്ലാതാകുകയാണ്. എന്താണ് ആധുനിക മനുഷ്യന്റെ പ്രശ്‌നം.. ആധുനികതയുടെ വെല്ലുവിളി എന്താണ്.. അധികാരത്തോടും പണത്തോടുമുള്ള ആര്‍ത്തി. ആധുനികൻ ഒട്ടേറെ വസ്തുക്കളെ സ്വന്തമാക്കി വയ്ക്കാൻ നോക്കുന്നു. എല്ലാത്തിന്റെയും സമ്പാദ്യമുണ്ടാക്കാൻ നോക്കുന്നു. വെള്ളക്കാരന്റെ അത്യാര്‍ത്തിയോടും ക്രൂരതകളോടും തദ്ദേശീയരും ആദിവാസികളും നടത്തിയ ചെറുത്തുനില്‍പ് ഉജ്വലമായിരുന്നു.

സിനിമ കേവല വിനോദമല്ല രാഷ്ട്രീയവും സംസ്‌കാരവുമാണെന്ന ബോധ്യമാണ് എംബ്രേസ് ഓഫ് സര്‍പ്പന്റിന്റെ ശക്തി. കൊളംബിയൻ സംവിധായകനും തിരക്കഥാകൃത്തുമായ സിറോ ഗുയെറേ (38)യുടെ ആദ്യ സിനിമ ദ് വിന്‍ഡ് ജേര്‍ണീസ് 2009ലെ കാൻ മേളയിൽ വലിയ പ്രശംസ നേടിയ പടമായിരുന്നു. രണ്ടാമത്തെ പടമായ എംബ്രേസ് ഓഫ് ദ് സെര്‍പന്റ് തെക്കേ അമേരിക്കയുടെ അപാരമായ ഭൂപ്രകൃതിയുടെ ദൃശ്യവിസ്മയവും പകരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.