Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃതദേഹത്തെ പ്രണയിച്ച ഡോക്ടറുടെ കഥ

eva-doesn't-sleep

രാപപകലുകൾ വ്യത്യാസമില്ലാതെ ആകാശത്ത് ഉദിച്ചുനിൽക്കുന്ന നക്ഷത്രം. രക്ത നക്ഷത്രം. ഈവ പെറോൺ ഇരുട്ടിലും വെളിച്ചത്തിലും ഉദിച്ചുനിൽക്കുന്ന രക്തനക്ഷത്രമാണ്. അർജന്റീനയിലെ ജനഹൃദയങ്ങളിലെ ദിവ്യനക്ഷത്രം. അവർ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയോ മന്ത്രിപദവിയോ വഹിച്ചിട്ടില്ല. ഔദ്യോഗിക പദവികളൊന്നും വഹിക്കാതെ ഭർത്താവ് അർജന്റീനയുടെ പ്രസിഡന്റ് ജുവാൻ പെറോണിന്റെ ഭാര്യ എന്ന സ്ഥാനം കൊണ്ടുമാത്രം തൃപ്തിപ്പെട്ടു. പക്ഷേ, മരിച്ചു കാൽനൂറ്റാണ്ടിനുശേഷവും അവർ ജനമനസ്സുകളിൽ ജീവിച്ചു.

രാജ്യത്തിന്റെ ഭരണാധികാരികളേക്കാൾ അവൾ ആരാധിക്കപ്പെട്ടു. സൂരക്ഷയുടെ ചുമതലയുള്ള സൈന്യാധിപൻമാരേക്കാൾ അംഗീകരിക്കപ്പെട്ടു. ജീവിച്ചിരുന്നപ്പോഴൊത്തേക്കാൾ ഇരട്ടിയിരട്ടി ശക്തിയിൽ, സൗന്ദര്യത്തിൽ...സഹികെട്ട ഭരണാധികാരികൾ ഈവ പെറോണിനെ വെറുത്തു.

EVA NO DUERME Trailer

അവളുടെ ഓർമയെ ഭയപ്പെട്ടു. എന്നിട്ടും ഊണിലും ഉറക്കത്തിലുമെല്ലാം അവൾ അവരെ വേട്ടയാടി. ഈവ ഉറങ്ങാറില്ല എന്ന അർജന്റീനിയൻ ചിത്രം ഈവ പെറോണിന്റെ മരിച്ചിട്ടും മരിക്കാത്ത ജീവന്റെ കഥ പറയുന്നു. സംസ്കരിച്ചിട്ടും ചാരമാകാത്ത ഓർമകളുടെ കഥ പറയുന്നു. ലോകസിനിമാ വിഭാഗത്തിൽ എത്തുന്ന പാബ്ലോ അഗ്യുറോയുടെ ഈവ പരീക്ഷണ ചിത്രമാണ്. ദൈർഘ്യം 85 മിനിറ്റ്.

ഈവ പെറോൺ എന്നുമുദിച്ചു നിൽക്കുന്ന നക്ഷത്രമാകാൻ കാരണമുണ്ട്. അവൾക്കു ജനനവും ബാല്യവും കൗമാരവും യൗവ്വനവും മാത്രമേയുള്ളൂ. വാർധക്യത്തിന്റെ വിവശതകൾ സ്പർശിച്ചിട്ടില്ലാത്ത അപൂർവ്വ ജീവൻ. 33–ാം വയസ്സിൽ ഈവ ലോകത്തോടു വിടപറ‍‍‍ഞ്ഞു. മരണകാരണം മാരകമായ ക്യാൻസർ. യൗവ്വന സമൃദ്ധിയിൽ, പ്രതാപത്തിന്റയും ഐശ്വര്യത്തിന്റെയും പൂർണതയിൽ അകാലചരമം.

ചിത്രം തുടങ്ങുന്നത് അർജന്റീനയിലെ സൈന്യാധിപന്റെ ശാപവാക്കുകളോടെയാണ്. അയാൾ ക്രൂരമായ വാക്കുകൾ ഉപയോഗിച്ച് ഈവയെ ശപിക്കുന്നു. തൊഴിലാളികളെയും കർഷകരേയും അവകാശങ്ങളെക്കുറിച്ചു ബോധവാൻമാരാക്കിയതിൽ ഈവയ്ക്കു പങ്കുണ്ടത്രേ. സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങളിലും ഈവ പങ്കെടുത്തു. അർജന്റീനയുടെ തലസ്ഥാന നഗരം ഇന്നൊരു ശവപ്പറമ്പാകാൻ കാരണം ഈവ മാത്രമാണ്. മരിച്ചിട്ടും മരിക്കാത്ത അവൾ നശിക്കട്ടെ !

eva-doesn't-sleep-movie

ഓർമകളിലൂടെ പോരാടുന്ന ഈയുടെ മരണാനന്തര ജീവിതം അവസാനിപ്പിക്കാൻ സൈന്യം കർശന നടപടികൾ സ്വീകരിച്ചു. ഒരാളും ഈവയുടെ ചിത്രങ്ങൾ സൂക്ഷിക്കാൻ പാടില്ല. പൊതുസ്ഥലങ്ങളിൽ ഈവയുടെ പേരു പോലും ഉച്ചരിക്കരുത്. നിയമങ്ങൾ കർക്കശമാക്കിയെങ്കിലും ഈവയെ നാമാവശേഷമാക്കാൻ സൈന്യത്തിനു കഴിഞ്ഞില്ല. അവളുടെ മൃതദേഹം കണ്ടെടുത്ത് ഒരിക്കൽക്കൂടി സംസ്കരിക്കുക എന്നതായിരുന്നു അവസാനത്തെ പോംവഴി. രാജ്യം അതിനു തയ്യാറാകുന്നതിന്റെ കഥയുടെ അസാധാരണ ചിത്രീകരണാണ് പാബ്ലോ അഗ്യുറോയുടെ ചിത്രം പറയുന്നത്.

1955 ൽ സ്ഥാനഭ്രഷ്ടനാകുന്നതിനുമുമ്പ് ഈവയ്ക്ക് സ്മാരകം നിർമിക്കാൻ ജുവാൻ ആഗ്രഹിച്ചിരുന്നു. മോസ്കോയിൽ ലെനിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതുപോലെ എംബാം ചെയ്തു പൊതു സ്ഥലത്തു പ്രദർശിപ്പിക്കാൻ ആഗ്രഹിച്ചു. അട്ടിമറിയെത്തുടർന്ന് ജുവാൻ രാജ്യം വിട്ടോടിപ്പോയതോടെ ഈവയുടെ മൃതദേഹം എവിടെയാണെന്നോ എന്തു സംഭവിച്ചുവെന്നോ ആർക്കും അറിവില്ലാതായി. അടുത്ത 16 വർഷത്തേക്ക് ഈവയുടെ മൃതദേഹം വിസ്മൃതിയിൽ കിടന്നു.ഒടുവിൽ മിലാനിലെ ഒരു നിലവറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാശാവശേഷമായ മൃതദേഹം കണ്ടെത്തി. അപ്പോഴേക്കും അതു ദ്രവിച്ചഴുകാൻ തുടങ്ങിയിരുന്നു. മൃതദേഹത്തെ പൂർവസ്ഥിതിയിലാക്കുക എന്നതായിരുന്നു വെല്ലുവിളി.

ആ ജോലി സധൈര്യം ഏറ്റെടുത്ത ഡോക്ടറാണു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഡോ. പെഡ്രോ അറ. ഈവയുടെ ശരീരം ഡോക്ടർ ഒരു ലായനിയിൽ മുക്കിയിട്ടു. ചുവന്ന നിറത്തിലുള്ള ലായനിയിൽ ഈവ പെറോൺ അലൗകിക സൗന്ദര്യമുള്ള യുവതിയായി പുനർജനിച്ചു. അവളുടെ വശ്യമായ നോട്ടത്തിൽ ഡോക്ടർ തലതാഴ്ത്തി. മാസ്മര സൗന്ദര്യം തുളുമ്പുന്ന അവളുടെ ശരീരം അയാളിൽ വികാരങ്ങളുടെ കെട്ടഴിച്ചു. അയാൾ ജോലി മറന്നു, ജീവിതം മറന്നു. തന്നെത്തന്നെ മറന്നു. ഈവയുടെ ഉറക്കമില്ലാത്ത രാത്രികളിൽ അയാൾ കാമുകനായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.