Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണും ആണും ചുംബിച്ചാൽ...

from-afar-review

ഒരു പുരുഷന്റെ മനസ്സു പൂർണമായി മനസ്സിലാക്കുന്നതു സ്ത്രീയാണോ ? അതോ മറ്റൊരു പുരുഷനോ ? വെനീസ് ചലച്ചിത്രോൽവസത്തിൽ ഗോൾഡൻ ലയൺ പുരസ്കാരം നേടിയ ലോറൻസോ വിഗാസിന്റെ ഫ്രം അഫാർ എന്ന ചിത്രം മുന്നോട്ടു വയ്ക്കുന്നത് ഈ ചോദ്യമാണ്. അർമാൻഡോ എന്ന ധനികൻ എന്നും തേടിയത് പുരുഷൻമാരെ. ഡോളറുകൾ കാണിച്ച് അയാൾ വീട്ടിലേക്കു ആൺകുട്ടികളെ വിളിച്ചുകൊണ്ടുവരുന്നു. അവർ നോട്ടമിടുന്നതോ അയാളുടെ സമ്പത്തു മാത്രം.

സ്ഥിരമായ ബന്ധം നിഷേധിക്കപ്പെട്ട അർമാൻഡോ കാഴ്ചയുടെ സുഖത്തിൽ തന്റെ ശാരീരിക ചോദനകളെ സംതൃപ്തിപ്പെടുത്തി; യെൽദറിനെ കാണുന്നതുവരെ. തെരുവു ഗുണ്ടയാണ് യെൽദർ. അവനു സ്ത്രീകളുമായി ബന്ധവുമുണ്ട്. പക്ഷേ, യെൽദറിനെ കണ്ട ആദ്യനിമിഷത്തിൽത്തന്നെ അർമാൻഡോ ഒരു കാര്യം ഉറപ്പിച്ചു. ഇവൻ തന്നെ തന്റെ ജീവിതത്തിലെ പുരുഷൻ. ജീവിത പങ്കാളി. വിചിത്രമാണ് ആ സ്നേഹം. വിലക്കപ്പെട്ടത്. അവി‌ശ്വസനീയം. ആ ബന്ധത്തിന്റെ വിചിത്രവഴികളുടെ ദൃശ്യരുപമാണ് ലോറൻസോ വിഗാസ് എന്ന വനിതാ സംവിധായക ഫ്രം അഫാറിൽ ചിത്രീകരിക്കുന്നത്.

from-afar-movie

തുടക്കത്തിൽ അർമാൻഡോയുടെ വീട്ടിൽ പോകുമ്പോൾ യെൽദറിന്റെ നോട്ടം അയാളുടെ സമ്പത്തിൽ മാത്രം. വിലപിടിച്ച വസ്തുക്കളിലം. അർമാൻഡോയുടെ ശാരീരിക ആഹ്ലാദത്തിനു നിന്നുകൊ‌ടുത്തു തിരിച്ചുപോകുമ്പോൾ പോക്കറ്റ് നിറയെ അവനു ഡോളറുകൾ കിട്ടി. വിലയേറിയ വസ്തുക്കളും അവൻ സ്വന്തമാക്കി. അപ്രതീക്ഷിതമായി കിട്ടിയ പൈസ കൊണ്ട് യെൽദർ ജീവിതം ആഘോഷിച്ചു. ഹോട്ടലുകളിൽനിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം. ഇഷ്ടപ്പെട്ട സ്ത്രീകളെയും അവൻ സ്വന്തമാക്കി. അതധികകാലം നീണ്ടുനിന്നില്ല. ഏതോ ഒരു നിമിഷത്തിൽ യെൽദർ അർമാൻഡോയുടെ ശരീരത്തിനപ്പുറം മനസ്സു കാണാൻ തുടങ്ങി. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന മനസ്സ്. അർമാൻഡോ പോലും അതറിയുന്നില്ലായിരുന്നു. സ്ത്രീകളിൽനിന്നും യെൽദർ വിട്ടുമാറിക്കൊണ്ടിരുന്നു. കൂടുതൽ തവണ അവൻ അർമാൻഡോയെ കാണാൻ എത്തിത്തുടങ്ങി. ആദ്യം ഒന്നു വന്നുപോകുന്ന സന്ദർശകൻ മാത്രമായിരുന്നു യെൽദർ അർമാൻഡോയുടെ വീട്ടിൽ. ക്രമേണ യെൽദർ അർമാൻഡോയുടെ വീട്ടിൽ താമസിക്കാൻ തുടങ്ങി; അവരുടെ ബന്ധം ആഴമുള്ളതാകാനും.

വിലക്കപ്പെട്ട സ്നേഹമാണതെന്ന് അവർക്ക് ഇരുവർക്കും അറിയമാങ്കിലും അതിൽനിന്നു വിട്ടുമാറാൻ അവർക്കായില്ല. അത്രമാത്രം അവർ അടുത്തുകഴിഞ്ഞിരുന്നു.ഓരോ ദിവസം കഴിയുന്തോറും അവർക്കു പരസ്പരം കാണാതിരിക്കാൻപോലും കഴിയാത്ത സ്ഥിതിയിലേക്ക്. യെൽദറിന്റെ ഗുണ്ടാജീവിതം അവൻ അപ്പോഴും പൂർണമായി ഉപേക്ഷിച്ചിരുന്നില്ല. വാടകയ്ക്കു നടത്തിയ അക്രമങ്ങൾ ഇടയ്ക്കൊക്കെ വേട്ടയാടുന്നുണ്ട്. കണക്കുകൾ തീർക്കാൻ അവനു പോകേണ്ടതുണ്ട്. എങ്കിലും ഇതിനെല്ലാമിടയിലും അർമാൻഡോയുമായുള്ള ബന്ധം തീക്ഷ്ണമായി തുടർന്നു. ഒടുവിൽ അവർ വളരെയെറെ അടുത്തു. തുടക്കത്തിൽ ഒരേ കിടക്കയിലെങ്കിലും ഇരുവശങ്ങ‌ളിൽ കിടന്നിരുന്ന അവർക്കിടയിലെ സ്ഥലം കുറഞ്ഞുകൊണ്ടിരുന്നു. ഒരുരാത്രി അവർ ഒന്നായി. പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിക്കാൻ വീട്ടിൽ പാലു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അൻമാൻഡോയ്ക്ക് അത് പതിവാണ്. .െയൽദറിന് എന്തെങ്കിലും കഴിക്കണം.

From Afar | offcial trailer (2015)

ബ്രെഡ് വാങ്ങിക്കാൻ അവൻ പുറത്തേക്കു പോയി. അർമാൻഡോ മുറിയിൽ അവനെ കാത്തിരുന്നു. കടയിൽ നിന്നു ബ്രെഡ് വാങ്ങി അർമാൻഡോയുടെ മുറിയിലേത്തു നടക്കാൻ തുടങ്ങുമ്പോൾ യെൽദർ കണ്ടു; തന്നെ പിന്തുടരുന്ന പൊലീസുകാരെ. ഒരു നിമിഷം ഒന്നു പകച്ചെങ്കിലും എല്ലാ ശക്തിയും സംഭരിച്ച് അവൻ ഓടി. പക്ഷേ, അവൻ സുരക്ഷാഭടൻമാരാൽ ചുറ്റപ്പെട്ടിരുന്നു. നാലുവശത്തും ആയുധധാരികളായ പൊലീസുകാർ. യെൽദറിന്റെ നിലവിളി ഉച്ചത്തിൽ, ഉച്ചത്തിൽ ഉയരുന്നു. അവനെ കീഴടക്കുന്ന പൊലീസുകാരുടെ ശബ്ദങ്ങളും കേൾക്കാം. മുറിയിൽ കാത്തിരിക്കുന്ന അർമാൻഡോയുടെ ചെവിയിൽ യെൽദറിന്റെ നിലവിളി എത്തുന്നുണ്ടോ. അതയാൾ കേൾക്കുകയാണെങ്കിൽ സമാധാനത്തോടെ അയാൾക്ക് അവിടെ ഇരിക്കാനാവില്ല. സംവിധായക അതിന്റെ ഉത്തരം തരുന്നില്ല. അർമാൻഡോയുടെയും യെൽദറിന്റെ വിലക്കപ്പെട്ട സ്നേഹത്തിന്റെ തെരുവിൽ വലിച്ചിഴക്കപ്പെടുമ്പോൾ ഫ്രം അഫാറിനു തിരശ്ശീല വീഴുന്നു.

from-afar

ന്യു തിയറ്ററിലെ ഒന്നാം സ്ക്രീനിൽ രാവിലെ ചിത്രം തീർന്നപ്പോഴും പ്രേക്ഷകർ കസേരകളിൽനിന്നു ചാടിയെണീറ്റില്ല. അർമാൻഡോയും യെൽദറും അവരുടെ സ്നേഹവും ആഴത്തിൽ ഒരു മുറിവു സൃഷ്ടിച്ചിരുന്നു, അപ്പോഴേക്കും. അത്രയെളുപ്പത്തിൽ മറക്കാനാവാത്ത സ്നേഹത്തിന്റെ ചോരയൊലിക്കുന്ന മുറിവ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.