Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൂരെ ദൂരെ ഒരു കൂടു കൂട്ടാൻ കരളു പങ്കിട്ടു സ്നേഹിതർ

from-afar

ആദ്യരംഗം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. പുരുഷനെ വശീകരിക്കാൻ ശ്രമിക്കുന്ന പുരുഷൻ. ചിത്രം പുരോഗമിച്ചപ്പോൾ പേക്ഷകർ കണ്ടത് വിചിത്രമായ ഒരു പ്രണയബന്ധത്തിന്റെ അസാധാരണ രംഗങ്ങൾ. ‘നായികാ– നായകൻമാർ’ ഏകനായ മധ്യവയസ്കനും പരുക്കനായ ചെറുപ്പക്കാരനും. സുഖം തേടി അലയുന്ന മധ്യവയസ്കന്റെ കണ്ണുകളും പ്രണയാഭ്യർഥനയും തിരസ്കാരവും സാന്ത്വന സാമീപ്യവുമെല്ലാം രണ്ടു പുരുഷൻമാരുടെ കഥാപാത്രങ്ങളിലൂടെ അവിസ്മരീണയമാക്കിയ വനിതാ സംവിധായക. ലൊറെൻസോ വിഗാസിന്റെ ആദ്യചിത്രം ‘ഫ്രം എഫാർ’ 72– ാം വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നേടിയതു ഗോൾഡൻ ലയൺ.

ഈ അംഗീകാരം നേടുന്ന ആദ്യത്തെ ലാറ്റിൻ അമേരിക്കൻ സിനിമ. ഡോക്യുമെന്ററികളിലൂടെ കഴിവു തെളിയിച്ച സംവിധായകയുടെ ഫീച്ചർ സിനിമയിലേക്കുള്ള പ്രതീക്ഷയുണർത്തുന്ന കടന്നുവരവ്.

from-afar-movie

കാരക്കാസ് നഗരത്തിന്റെ തെരുവുകളിൽ സിനിമ തുടങ്ങുന്നു. അർമാൻഡോ എന്ന മധ്യവയസ്കൻ കഴുകൻ കണ്ണുകളുമായി ഇരകളെത്തേടി നടക്കുന്നു. ആകർഷകത്വമുള്ള ചെറുപ്പക്കാരാണു ലക്ഷ്യം. ഇതാദ്യമല്ല അർമാൻഡോ ഇരതേടിയിറങ്ങുന്നത്. പതിവു പ്രണയസഞ്ചാരം. വർക്‌ഷോപ്പിലെ ജോലി കഴിഞ്ഞ് എല്ലാ വൈകുന്നേരങ്ങളിലും അയാൾ തെരുവുകളിൽ അലയുന്നു. ബസ് സ്റ്റോപ്പിൽ ഒരു ചെറുപ്പക്കാരൻ അർമാൻഡോയുടെ കണ്ണിൽപ്പെട്ടു. അയാൾ അവനെ പിന്തുടരുന്നു. അവൻ അയാളെ ശ്രദ്ധിക്കാതെ ബസിൽ കയറുന്നു. അർമാൻഡോ പിന്നാലെ. പോക്കറ്റിൽലെ നോട്ടുകൾ ഉയർത്തിക്കാണിച്ച് അർമാൻഡോ വശീകരണം തുടങ്ങുന്നു. നോട്ട് കണ്ടതോടെ അവൻ അയാളുടെ ക്ഷണം സ്വീകരിക്കുന്നു. മുറിയിലെ മങ്ങിയ വെളിച്ചത്തിൽ അർമാൻഡോ ചെറുപ്പക്കാരനെ ശാരീരികമായി ഉപദ്രവിക്കുന്നില്ല. ശല്യം ചെയ്യുന്നുമില്ല. സ്പർശനത്തിലോ മറ്റഗാധമായ ബന്ധങ്ങളിലോ അല്ല കാഴ്ചയിലാണയാൾ സുഖം അറിയുന്നതും അനുഭവിക്കുന്നതും. ആൺനഗ്നതയുടെ ദൃശ്യങ്ങളിൽനിന്ന് അവാച്യമായ സുഖം അനുഭവിക്കുന്ന അസാധാരണ മനുഷ്യൻ.

From Afar | offcial trailer (2015) Venice Film Festival

മറ്റൊരു ദിവസത്തെ പതിവു വൈകുന്നേര നടത്തത്തിനിടയിൽ അർമാൻഡോ എൽഡറിനെ കാണുന്നു. ഒരാളിൽ കണ്ണുവച്ചാൽ അയാൾ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് അർമാൻഡോ ആശങ്കപ്പെടാറില്ല. പിന്തുടരുക, വശീകരിക്കുക: പൂർണമായി വഴങ്ങുന്നതുവരെ. ഇതാണയാളുടെ നടപടിക്രമം. എൽഡറിന്റെ പ്രതികരണം പക്ഷേ, പ്രതീക്ഷിച്ചതിലും രുക്ഷമായിരുന്നു. അർമാൻഡോയെ അയാൾ തൊഴിച്ചുവീഴ്ത്തി, കൊള്ളയടിച്ചു. ഇനിയൊരിക്കലും ആ വൃത്തികെട്ട മധ്യവയസ്കൻ തന്നെ ശല്യം ചെയ്യില്ലെന്നുള്ള ഉറപ്പിൽ എൽഡർ വാസസ്ഥലത്തേക്കു പോകുന്നു. അർമാൻഡോ തളർന്നില്ല. ആഗ്രത്തിനു തീവ്രത കൂടിയതേയുള്ളൂ.

അയാൾ വീണ്ടും എൽഡറിനെ തേടിയിറങ്ങി. വ്യത്യസ്തമായ, അസ്വസ്ഥജനകമായ ദുരന്തപ്രണയത്തിന്റെ വഴികളിലേക്കാണയാൾ ഇറങ്ങുന്നത്. വ്യാപക അന്വേഷണങ്ങൾക്കൊടുവിൽ എൽഡറിന്റെ വീട് കണ്ടെത്തി. താഴ്ന്ന വരുമാനക്കാർ താമസിക്കുന്ന ഹൗസിങ്ങ് കോളനിയിൽ എൽഡറും അമ്മയും ഉൾപ്പെട്ട വീട്. പ്രദേശത്തെ ചില കൊള്ളക്കാരുമായി ഏറ്റുമുട്ടുന്നതിനിടെ എൽഡറിനു പരുക്കേൽക്കുന്നു. അമ്മയേക്കാൾ മുമ്പേ ആ ചെറുപ്പക്കാരനെ ശുശ്രൂഷിക്കാൻ ഓടിയെത്തിയത് അർമാൻഡോ. ഭാര്യയെപ്പോലെ അയാൾ എൽഡറിനു കൂട്ടിരുന്നു. അവനെ ജീവിതത്തിലേക്കു മാത്രമല്ല അർമാൻഡോ മടക്കിക്കൊണ്ടുവന്നത്, തന്റെ തീഷ്ണമായ സ്വവർഗ്ഗ പ്രണയത്തിലേക്കു കൂടിയായിരുന്നു. അസാധാരണമായ ഒരു പ്രേമബന്ധത്തിന്റെ ഉയർച്ച താഴ്ചകളിലേക്കാണു ലൊറെൻസോ വിഗാസിസിന്റെ ക്യാമറ കടന്നുചെല്ലുന്നത്. ഒരു വനിതാ സംവിധായയുടെ ധീരമായ ,സാഹസികത നിറഞ്ഞ കാവ്യാത്മക ചിത്രം.

അർമാൻഡോയ്ക്കും എൽഡറിനും പുറമെ രണ്ടു സ്ത്രീകഥാപാത്രങ്ങൾ കുടിയുണ്ട് ചിത്രത്തിൽ. അർമാൻഡോയുടെ പ്രായംചെന്ന സഹോദരിയും എൽഡറിന്റെ അമ്മയും. ആൽഫ്രഡോ കാസ്ട്രോ എന്ന പരിചയസമ്പന്നനായ അഭിനേതാവാണ് പ്രധാന കഥാപാത്രമായ അർമാൻഡോയെ അവതരിപ്പിക്കുന്നത്. ലൂയി സിൽവ എന്ന 21 വയസ്സുള്ള ചെറുപ്പക്കാരൻ എൻഡർ എന്ന യുവാവിനെയും അവതരിപ്പിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.